Archives / April 2018

എം.കെ. ഹരികുമാര്‍
പ്രതിധ്വനികളും ചിന്താസങ്കലനങ്ങളും


പ്രതിധ്വനികളും ചിന്താസങ്കലനങ്ങളും
വായിക്കുന്നവന്‍റെ മനസ് പ്രതിധ്വനി ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഒരു കൃതിയുടെ ഭാഷ പ്രവര്‍ത്തനസജ്ജമാവുന്നുള്ളൂ. വായിക്കുന്നവനാണ് വിധാതാവ്. അവന്‍റെ ലോകമാണ് ഉണ്ടാകേണ്ടത്. അതിലാണ് അവന്‍ ഊളിയിടുന്നത്. വായിക്കുന്നവന്‍റെ മനസിന്‍റെ പ്രതിധ്വനികളാണ് വായനയുടെ വിഹാരരംഗങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് കമ്പോടുകമ്പ് വായിച്ചുകൊണ്ടിരിക്കണമെന്നല്ല; ജ്ഞാനപാതകളെ സ്വാഭാവികമായി മനസിലേക്ക് ആവാഹിക്കാന്‍ കഴിയേണ്ടതുണ്ട്. വിവിധ കോണുകളിലേക്ക് പദാര്‍ത്ഥവുമായി, പദത്തിന്‍റെ അര്‍ത്ഥവുമായി പോകുന്ന മാസികചോദനകളാണ് ഉണ്ടാകേണ്ടത്. അനുരണനങ്ങളാണ് മനസിന്‍റെ കാതല്‍. വായനയില്‍ ഈ അനുരണനങ്ങള്‍ പ്രവര്‍ത്തിക്കണം.
വേദവും ഉപനിഷത്തും മുഴുവന്‍ ഹൃദിസ്ഥമാക്കിയതുകൊണ്ട്, അതിന്‍റെ അനുഭൂതി വാക്കുകളില്‍ പകരുന്ന ഒരു വാചകമെഴുതാന്‍ കഴിയണമെന്നില്ല. കാരണം മനസിന്‍റെ പ്രതിധ്വനി പഠനത്തിന്‍റെ ഭാഗമല്ല. അനുഭവിച്ചത് മനസിന്‍റെ അഗാധതകളിലേക്ക് ഇറങ്ങി ലയിക്കുമ്പോഴാണ് അനുരണനങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. എത്രമാത്രം നമ്മുടെ മനസ് അപരലോകങ്ങളെയും ചിന്തകളെയും സ്പര്‍ശിച്ചിട്ടുണ്ടോ അത്രത്തോളം മനസ് പ്രതിധ്വനിയായി രൂപാന്തരപ്പെടും. എന്താണ് ഉപനിഷത്തിന്‍റെ ആകെത്തുകയെന്ന് ഒരു വികാരമായി ഗ്രഹിക്കാന്‍ കഴിയണം. വെറുതെ ഉരുവിട്ടു പഠിച്ചാല്‍ ഇതു ലഭിക്കുകയില്ല. അനുഭവിച്ചുകൊണ്ട് വീണ്ടും ജനിക്കണം. അപ്പോഴാണ് ഒരു പുതിയ വെളിപാടുണ്ടാകുന്നത്. ഉപനിഷത്ത് ഓരോ നിമിഷത്തിന്‍റെയും മാറ്റമാണ്. എന്തിന്‍റെ മാറ്റം? നാം എന്താണോ അതല്ല എന്ന് സ്ഥാപിക്കുന്ന മാറ്റം. എന്നാല്‍ നാമെന്തെങ്കിലും ആയിത്തീരുമോ? ഇല്ല. ഒരിക്കലും നമ്മള്‍ എന്താണെന്ന് വെളിവാകയില്ല.
എന്തെങ്കിലുമുണ്ടെങ്കിലല്ലേ വെളിപ്പെടുകയുള്ളൂ. ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചാല്‍ നിശ്ശബ്ദതയുണ്ടാകും. തര്‍ക്കങ്ങള്‍ അകന്നാല്‍ ശാന്തിയുമുണ്ടാകും. എന്തെങ്കിലും ഒരു വസ്തുവാണ് നമ്മള്‍ എന്ന് പറയുന്നത് ശരിയല്ല. എങ്കില്‍ ആ വസ്തുവിനെ കാണണമല്ലോ. നമ്മള്‍ സ്വയം നിരസിച്ച് മറ്റൊന്നായി വീണ്ടും നിരസിച്ച് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു; ഒരിക്കലും എന്താണെന്ന് വെളിപ്പെട്ടു കിട്ടാതെ. ഇതാണ് ശാശ്വതത്വം. ശാശ്വതത്വം ഒരു ശൂന്യതയാണെന്ന് മറക്കരുത്. ഒന്നുമായിത്തീരുന്നില്ല, ഒന്നുമായിരിക്കുന്നില്ല, ഒന്നിലും അവശേഷിക്കുന്നില്ല എന്ന് പറയുന്നത് ശാശ്വതത്വമാണെന്ന് പറഞ്ഞാല്‍, അതൊരു അസ്തിത്വമല്ലല്ലോ. അസ്തിത്വരാഹിത്യമാണ് ശാശ്വതത്വം. അതുകൊണ്ട് ശാശ്വതത്വമെന്നത് ഒന്നുമില്ലാത്ത അവസ്ഥയായി മാറുന്നു. ഇങ്ങനെ തത്ത്വത്തെ അതിസൂക്ഷ്മമായി പരാവര്‍ത്തനം ചെയ്താണ് ദാര്‍ശനികമേഖലകള്‍ കണ്ടെത്തേണ്ടത്.
ഇത് മനസിലുള്ളയാള്‍ക്ക് ഇതുമായി ബന്ധമുള്ള ഏത് വാക്യവും പെട്ടെന്ന് തിരിച്ചറിയാനാകും. ഉപനിഷത് മന്ത്രമല്ല, അതിന്‍റെ അതീതമായ വിവക്ഷകളാണ് മനസിനെ പ്രതിധ്വനിയാക്കുന്നത്.
എവിടെനിന്നോ ചില ത്വരകള്‍ വന്നണയുന്നു. ഏതോ വസ്തുക്കളുമായി വിനിമയമുണ്ടാകുകയാണ്. ഓരോ നിമിഷവും ജീവിക്കുന്നവന്‍റെ അനിവാര്യമായ ചിന്താസങ്കലനങ്ങളാണ് മാറ്റത്തിന്‍റെ ഒഴുക്കില്‍ ലയിപ്പിക്കുന്നത്. കടന്നുപോകുന്നതിനിടയിലുള്ള ജീവിതമാണിത്. അതുകൊണ്ടുതന്നെ ഒരു നിമിഷത്തിലെ ജീവിതം സ്ഥിരമോ ശാശ്വതമോ അല്ല. ഒരു വേഗമാര്‍ന്ന ചലനമാണ്. അതില്‍ കാണുന്നതെന്തോ അത് നമ്മെ അവിശ്വസിക്കുന്നപോലെ തോന്നുന്നു
. വായനക്കാരന് ഈ ആത്മീയമായ ചോദനകള്‍ ഉണ്ടെങ്കില്‍, വായനയില്‍ മറ്റൊരു ചംക്രമണമാണ് ഉണ്ടാകുക.

Share :