Archives / july 2021

അനിത എസ് മരുത്തടി:
ലോക നാടകദിനമാണ് മാർച്ച് 27 .....

ലോക നാടകദിനമാണ് മാർച്ച് 27 .....

കുളക്കട പ്രസന്നനോട് അനിത എസ്. മരുത്തടി നടത്തിയ അഭിമുഖം:

 അനിത എസ് മരുത്തടി : നാടകത്തെ കൂടുതൽ അറിയാൻ തുടങ്ങിയത് എങ്ങനെ ?

കുളക്കട പ്രസന്നൻ : ഉത്വ പറമ്പുകളിലെ നാടകങ്ങളെ മാത്രം മനസ്സിലാക്കിയിരുന്ന വേളയിലാണ് നാടകാചാര്യൻ ഡോ.വയലാ വാസുദേവൻ പിള്ള സാറിൻ്റെ ശിഷ്യനാവാൻ ഭാഗ്യം ലഭിച്ചത്. നാടകരചന , സംവിധാനം, ലൈറ്റ്, സംഗീതം തുടങ്ങിയ നാടകത്തിൻ്റെ എല്ലാ മേഖലകളെയും സംബന്ധിച്ച് അവഗാഹമായ അറിവുള്ള വാസുദേവൻ പിള്ള സർ തൻ്റെ ക്ലാസ്സുകളിലൂടെ ശിഷ്യർക്ക് പകർന്നു നൽകുന്ന വിജ്ഞാനം നാടക പഠിതാവിൻ്റെ അതുവരെയുള്ള നാടക ധാരണകളെ മാറ്റിമറിച്ചു കൊണ്ട് അവിടെ ഒരുക്കുന്ന തലം വ്യത്യസ്തമായിരിക്കും.

അനിത എസ് മരുത്തടി: അതിനു ശേഷം നാടകത്തെ എത്രത്തോളം ഗൗരവമായി കാണാൻ സാധിച്ചു ?

കുളക്കട പ്രസന്നൻ: നാടകങ്ങൾ കാണുകയും ക്ലബ്ബുകളുടെ വാർഷിക വേളകളിൽ സംഘടിപ്പിക്കുന്ന നാടകങ്ങളിൽ അഭിനയിക്കുകയും നാടകമെഴുതുകയും ചെയ്തിരുന്നതു കൊണ്ടുതന്നെ നാടകത്തെ സംബന്ധിച്ച് കൂടുതൽ അറിയുക എന്ന ലക്ഷ്യത്തിലാണ് ഡോ.വയലാ വാസുദേവൻ പിള്ള സർ ഡയറക്ടറായിരിക്കെ കേരള യൂണിവേഴ്സിറ്റിയിൽ സെൻ്റർ ഫോർ പെർഫോമിങ് ആൻ്റ് വിഷ്വൽ കോഴ്സിൽ ചേർന്നത്. വാസുദേവൻ പിള്ള സാറിൻ്റെ ക്ലാസ്സുകൾ തത്വചിന്തയുടെയും അച്ചടക്കത്തിൻ്റെയും കൃത്യതയുടെയും ചട്ടക്കൂടിൽ നിന്നു കൊണ്ട് നടകത്തെ ഗൗരവമായി കാണാനും ആസ്വദിക്കാനും ശിഷ്യരെ പ്രാപ്തരാക്കുന്നതായിരുന്നു.

അനിത എസ് മരുത്തടി:  നാടക സംസ്കാരം ആധുനിക കാലഘട്ടത്തിൽ  എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെ നോക്കി കാണുന്നു ?

കുളക്കട പ്രസന്നൻ: കാർഷിക വിളവെടുപ്പിൻ്റെ സന്തോഷം പങ്കിടലായി തുടങ്ങിയ അനുഷ്ഠാന കലയുടെ വികസിത രൂപമാണ് നാടകം.  അതിനുദാഹരണമാണ് യവന നാടകവും വെള്ളരി നാടകവും. പ്രകൃതി ദേവതയായ ഡയനീഷ്യസിനെ പ്രീതിപ്പെടുത്താൻ യവനർ ഡയനീഷ്യസിൻ്റെ ബലിപീഠത്തിനു ചുറ്റും വിളവെടുപ്പിനു ശേഷം നടത്തിയ കലാ അവതരണമാണ് യവന നാടകമായി പിൽക്കാലത്തു രൂപം കൊള്ളുന്നത്.

മകര കൊയ്ത്തിനു ശേഷം പാടം ഉഴുതുമറിച്ച് വെള്ളരി വിത്തിട്ട് വിത്തുകൾ മുള പൊട്ടി അതു വളർന്ന് പൂവിട്ട് വെള്ളരിയായി അതു പാകമാകുമ്പോൾ അതു സംരക്ഷിക്കാനും ആരും മോഷ്ടിക്കാതിരിക്കാനും കാവലുണ്ടാവും. ഈ സമയം രസകരമാക്കുന്നതിനു രൂപപ്പെടുത്തിയതാണ് വെള്ളരി നാടകം. വെള്ളരി നാടകത്തിനു വേദിയൊരുക്കിയിരുന്നതു വയലുകളിലാണ്. വിഷുക്കാലത്തു അരങ്ങേറുന്ന ഈ നാടകം നമ്മുടെ മലയാളക്കരയുടെ സ്വന്തം കാർഷിക സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു. 

ഇപ്പോൾ നാടകം പരീക്ഷണങ്ങളുടെയും ബുദ്ധിജീവികളുടെയും കലയാക്കി മാറ്റുന്നു. ഇതു നാടകത്തിനു ഉചിതമാണെന്ന്  കരുതുന്നില്ല. വിളവെടുപ്പിൻ്റെയും വിളവിറക്കിൻ്റെയും ആഘോഷം കർഷകരുടേതായി മാറണം. 

അനിത എസ് മരുത്തടി: കുളക്കട പ്രസന്നൻ എഴുതിയ ഏകാങ്കനാടക എത്രയുണ്ട് . ആ നാടകങ്ങളി പ്രസിദ്ധീകരിച്ചു.

കുളക്കട പ്രസന്നൻ: 19 ഏകാങ്ക നാടകങ്ങൾ എഴുതി. അതിൽ 5 വീതം മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നാടക സംവിധായകനായ സഫ്ദർ ഹശ്മിയെ കുറിച്ച് ഞാനെഴുതിയ ഒരു പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനിത എസ് മരുത്തടി: നാടക ദിനത്തിൽ നൽകാനുദ്ദേശിക്കുന്ന സന്ദേശം ?

കുളക്കട പ്രസന്നൻ: ഒരു നാടകമെന്നത് ജീവിതപാഠമാണ്. അതിനാൽ നമ്മുടെ ഗ്രാമങ്ങളിലും കുട്ടികളിലും നാടക പച്ചയുണ്ടാവണം. അതാണി നാടക ദിനത്തോടനുബന്ധിച്ച് നൽകാനുള്ള സന്ദേശം.

Share :