Archives / february 2021

ഫില്ലീസ് ജോസഫ്
അപ്പന്റെ യാത്രകൾ (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ _23)

ഞാനും അനിയനും മാത്രമായി അക്കരെ വീട്ടിൽ അധികമങ്ങനെ പോകാറില്ലായിരുന്നു. അക്കാലം മുതലിങ്ങോട്ട്,ആളൊഴിഞ്ഞ പൂരപ്പറമ്പ് നോക്കി അഷ്ടമുടിപ്പെണ്ണ് കരയും പോലെ തോന്നുമായിരുന്നു.

കോളേജ് പഠനകാലമായതിനാൽ അപ്പനും അമ്മയോടുമൊപ്പം വല്ലപ്പോഴും മാത്രം അക്കരെ വീട്ടിലേയ്ക്ക് പോയി വന്നു. മാത്രമല്ല അക്കരെഅമ്മച്ചി മിക്കപ്പോഴും ഞങ്ങളുടെ വീട്ടിൽ വന്ന് താമസിക്കാറുണ്ടായിരുന്നു. പള്ളിയിൽ പോവാനും മറ്റും കുന്ന് കയറാൻ അക്കരെയമ്മച്ചിക്ക് പഴയ പോലെ സാധിച്ചിരുന്നില്ല. എങ്കിലും സ്ഥിരമായി ഒരു മക്കളുടെ വീട്ടിലും അമ്മച്ചി താമസിച്ചില്ല.

കല്യാണം കഴിക്കാനുള്ള ഇളയ രണ്ട് ചിറ്റപ്പൻമാരും അപ്പോൾ തറവാട്ടിൽ ഉണ്ടായിരുന്നില്ല.

ഒരാൾ നെയ്വേലി ലിഗ്നൈറ്റ് കമ്പനിയിലും ഇളയചിറ്റപ്പൻ ബാംഗ്ളൂരിലും ആയിരുന്നു

അപ്പച്ചന്റെ മരണശേഷം ഇളയ ചിറ്റപ്പൻ കൂട്ടുകാരനോടൊപ്പം ബാംഗ്ളൂരിലേയ്ക്ക് ജോലി അന്വേഷിച്ചു പോവുകയാണ് ചെയ്തത്. 

പക്ഷേ ടെയിനിൽ വച്ച് അങ്കിളിന്റെ ബാഗ് മോഷ്ടിക്കപ്പെട്ടു

പത്താം ക്ലാസിന്റെത് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട അങ്കിൾ അപ്പനെ ഫോണിൽ വിളിച്ചു കരഞ്ഞു.. 

പത്താം ക്ലാസിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് എടുത്തു തരാതെ ഇനി നാട്ടിലേയ്ക്ക് അങ്കിൾ തിരികെ വരില്ലെന്ന് പറഞ്ഞത് അപ്പന് വല്ലാത്ത വേദനയുണ്ടാക്കി

പിന്നീട് കൂട്ടുകാരോടൊക്കെ പപ്പ ഇതേ പറ്റി ആരാഞ്ഞു. എന്റെ ഓർമ്മയിൽ ഏറ്റവും കുറഞ്ഞത് ഇരുപത് വട്ടമെങ്കിലും അപ്പൻ അതിനായി തിരുവനന്തപുരത്ത് പോയി വന്നു.

എന്തായാലും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് കിട്ടിയെന്ന് അപ്പൻ ആങ്കിളിനെ ഫോൺ വിളിച്ചു. ഉടൻ അങ്കിൾ അവിടെ നിന്ന് തിരികെ വണ്ടി കയറി. അഞ്ച് വർഷങ്ങൾക്കിപ്പുറം അങ്കിളിനൊപ്പം ഞങ്ങൾ തമാശകൾ പറഞ്ഞ് ആർത്തു ചിരിക്കുകയും ചീട്ടും ചെസ്സും കളിക്കുകയു ചെയ്തു. കൈമോശം വന്ന ചില നിമിഷങ്ങളുടെ അസ്ഥിപഞ്ജരങ്ങളെങ്കിലും തിരികെ കിട്ടിയെന്ന തോന്നൽ വല്ലാത്തൊരു ബലമായി എന്നിൽ സന്നിവേശിച്ചു.

ഇന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിനിലും ബസിലും കാറിലുമൊക്കെയായി യാത്ര

ചെയ്യുമ്പോൾ ഓർത്തു പോകുന്നത് എന്റെ അപ്പൻ "ഒറ്റക്കയ്യന്റെ"

ഇത്തരത്തിലുള്ള ദൂരയാത്രകളാണ്. 

വികാസ് ഭവനിലേക്കുള്ള ട്രെയിൻ യാത്രകളും മറ്റും പപ്പ എങ്ങനെയാണ് അനായാസേന യാത്ര ചെയ്തിരുന്നതെന്നോർക്കുമ്പോൾ മാത്രമാണ്, കുടുംബത്തിന്റെ സാമ്പത്തീകഭദ്രത ഉറപ്പിക്കുന്നതിനായി അംഗവൈകല്യങ്ങൾ മറന്ന് യാത്ര ചെയ്യുകയും പണിയെടുക്കുകയും ചെയ്യുന്ന അപ്പന്റെ മനസ് ഞാനറിയുന്നത്.

യാത്രകൾ അപ്പന് കൂടുതൽ കരുത്തേകിയിരുന്നിരിക്കാം. 

മറ്റുള്ളവർക്കൊപ്പം കൈലേസ് കൊണ്ട് മറച്ച ഒരു കൈ കൊണ്ട് യാത്ര ചെയ്യുമ്പോൾ താൻ വിരലില്ലാത്തവനാണെന്ന പരിഗണന അപ്പൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. 

മാത്രമല്ല യാത്രകൾക്കിടയിൽ പപ്പ നേടിയെടുത്ത സഹോദര തുല്യമായ പല സുഹൃത്തുക്കൾക്കും അപ്പന്റെ ഇടതു കൈയ്യിൽ വിരലുകൾ ഇല്ലെന്ന് അറിയില്ലായിരുന്നു എന്നതും പിന്നീടവർ വർഷങ്ങൾക്കിപ്പുറം തിരിച്ചറിഞ്ഞ് ആശ്ചര്യപ്പെട്ടതിനും ഞാനും ദ്യക്സാക്ഷിയായിരുന്നു.

പരിഗണനകളല്ല വളർച്ചയുടെ, അതിജീവനത്തിന്റെ ആധാരമെന്ന് ഞാനെന്റെ ജീവനിൽ കോറിയിട്ടതും അതുകൊണ്ട് തന്നെയാവാം.

Share :