Archives / february 2021

ഡോ. നീസ, കൊല്ലം
കഥയുടെ മറവിൽ

അവധി ദിവസമായതു കൊണ്ട്,
 ഇന്നത്തേക്ക് മാറ്റിവെച്ച കുറെയേറെ  ജോലികൾ തീർക്കാനുണ്ടായിരുന്നു. പക്ഷേ മടി കാരണം ഉച്ചയൂണ് കഴിഞ്ഞ് ഒരു കവിതയും വായിച്ച്  ഇടക്കിടെ ഉറക്കെ ചൊല്ലിയും കിടക്കുകയായിരുന്നു. എപ്പോഴാണ് മയങ്ങിയതെന്നറിയില്ല.
മൊബൈൽ ബെല്ല് കേട്ടാണുണർന്നത്.
"ഹലോ "
" ഡോക്ടറല്ലേ"
   "അതേ"
"മലയാള സാഹിത്യ സമിതിയിലേക്ക് ഒരു കഥ അയച്ചിരുന്നില്ലെ, അത് തിരഞ്ഞെടുത്തിട്ടുണ്ട്. ആകെ ഇരുന്നൂറ്റി ഇരുപത്തേഴ് കഥകളുണ്ടായിരുന്നു. അതിൽ മികച്ച എൺപത്തേഴെണ്ണം തിരഞ്ഞെടുത്ത് ഒരു കഥാ സമാഹാരം ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ട്.അതിലൊന്നു ഡോക്ടറുടെ കഥയാണ്"
" നല്ല കാര്യം"
"ഒരു ബുക്കിനു ഇരുനൂറു രൂപയാണ് വില. ഇതിലുൾപ്പെടുത്തണമെങ്കിൽ ഇരുപത്തഞ്ചു ബുക്ക് വാങ്ങണം"
മയക്കത്തിനിടയിലായതു കൊണ്ട് കേട്ടതു ശരിയാണോയെന്നൊരു സംശയം.
" അപ്പോൾ ഇരുന്നൂറ് രൂപ അയക്കണോ"
തിരിച്ചു ചോദിച്ചു.
"അല്ല ഇരുപത്തഞ്ചു ബുക്കിന്റെ വില"
എന്ത് അയ്യായിരം രൂപയോ, നാലു പേജ് കഥ, സമാഹാരത്തിൽ ചേർക്കാൻ.
"വേണ്ട. എന്റെ കഥ സമാഹാരത്തിൽ ഉള്‍പ്പെടുത്തണ്ട."
മറുപടിയങ്ങനെ കൊടുത്തപ്പോൾ ആകെ ഉഷാറായി.  മാറ്റി വെച്ച ഓരോ ജോലികളായി തീർക്കാൻ തുടങ്ങി.
     അലങ്കാരവും  വൃത്തവും ചേര്‍ത്ത്  പ്രാസത്തിൽ മലയാളക്ഷരം കോർത്ത് നിരനിരയായി കവിതകളും കഥകളും മെനഞ്ഞെടുക്കുന്നത് ഒരപാര കഴിവ് തന്നെ. ഓരോ മഹത്തായ രചന വായിക്കുമ്പോഴും ഒരു കുഞ്ഞിനെ പോലെ അത്ഭുതത്തോടെ അത് ശ്രദ്ധിക്കാറുണ്ട്
വെറുതെ ഇരിക്കുന്ന സമയത്ത് മനസ്സിൽ തോന്നുന്നതെല്ലാം കുത്തിക്കുറിക്കാൻ തുടങ്ങിയത് അങ്ങനെ ആയിരുന്നു. നല്ലതെന്നു തോന്നുന്നത് എഫ് ബിയിലുമിടുമായിരുന്നു. നല്ല പ്രതികരണം കിട്ടിയപ്പോൾ മത്സരത്തിനുമയക്കാനുള്ള ധൈര്യമായി. അതാണിപ്പോഴിങ്ങനെ ആയത്.
എന്നിട്ടും മനസ്സിൽ കഥാസമാഹാരത്തിന്റെ വിഷയം പതഞ്ഞു പൊങ്ങിക്കൊണ്ടേയിരുന്നു.
 "മലയാളഭാഷ നമ്മുടെ ഭാഷ" എന്നത് പ്രോത്സാഹിപ്പിക്കാൻ കാര്യാലയങ്ങളിലെല്ലാം എഴുത്തുകുത്തുകളെല്ലാം മലയാളത്തിൽ തന്നെ വേണമെന്ന് നിർബന്ധമാക്കി. ആംഗലേയഭാഷക്ക് വെള്ള തടുക്ക് ഇട്ടിരുന്ന നമ്മുടെ നാട്ടിൽ ഇപ്പോൾ കുറച്ചു നാളായി മാതൃഭാഷക്കും പ്രാതിനിധ്യം കൊടുത്ത് വരുന്നുണ്ട്. കേരളം നമ്മുടെ നാട്, മലയാളം നമ്മുടെ ഭാഷ എന്ന ചിന്താഗതി നല്ലതാണ്. എന്നാലും ഒരു മലയാളം കഥ അച്ചടിച്ചു വരാൻ അയ്യായിരം രൂപയോ?
 കഥാസമാഹാരത്തിൽ കഥ ചേർക്കണ്ടയെന്നു തന്നെ തീരുമാനിച്ചു.
ഇപ്പോൾ ഓൺലൈൻ മീഡിയകൾ വഴി കവിതക്കും ചെറുകഥകൾക്കും വളരെയേറെ വായനക്കാറുണ്ട്, പ്രോത്സാഹനവുണ്ട്. പിന്നെന്തിന് ഇല്ലാത്ത കാശു മുടക്കണം?
      സ്വയം ന്യായീകരണങ്ങൾ നിരത്തി   സമാധാനിക്കാനുള്ള ശ്രമം രാത്രി കിടക്കുന്നതുവരെ തുടർന്നു. ഷീറ്റിൽ പതിക്കുന്ന  മഴത്തുള്ളികളുടെ താളം ശ്രവിച്ചു കൊണ്ട് ചിന്തകൾ കൂടു മാറി സമാധാനത്തിന്റ കൂടണഞ്ഞു.

.

Share :