Archives / March 2021

മാത്യു പണിക്കർ
നേരാണോ?


ചോദിച്ചു വാങ്ങിയ ഭിക്ഷയിൽ നിന്ന്
ഏറ്റവും ചെറിയ നാണയങ്ങൾ മാത്രം
സൂഷ്മമായി തിരഞ്ഞെടുത്തു കൊണ്ട്
അയാൾ ആരോടെന്നപോലെ
പിറുപിറുത്തു:
ഭൂമിക്കുള്ളിൽ ഭൂമിയെക്കാൾ വലിപ്പമുള്ള
മറ്റൊരു ഭൂമി ഉണ്ട്..
അവിടെ കടലിൽ വെള്ളമല്ല
നിറയെ പനിനീർ പൂക്കൾ മാത്രം.
സുഗന്ധത്തിന്റെ തിരമാലകൾക്ക് മേൽ
ബഹുസ്വരങ്ങളുമായി
ആത്മാക്കൾ ചിറകടിച്ചു പറന്നു കളിക്കും
മറ്റെല്ലാ വർണ്ണങ്ങളേയും പിൻതള്ളി
കറുപ്പ് കറുപ്പ് മാത്രം
ഏറ്റവും തേജസുള്ളതായി അവിടെ
അടക്കിവാഴുന്നു .
നേരാണോ? ഞാൻ ചോദിച്ചു.
ആ ചെറിയ നാണയങ്ങളും കൂടി എന്റെ
വെളുത്ത കയ്യിലേക്ക് മടക്കിത്തന്ന്
നിഴലിന്റെ തുണ്ടു പോലെ
അയാൾ നടന്നു നടന്നപ്രത്യക്ഷനായി

Share :