Archives / April 2018

കവിത മനോഹര്‍
സെക്സി ദുര്‍ഗ - ആസ്വാദനം

ആ ദുര്‍ഗ മറ്റാരുമല്ല നമ്മള്‍ തന്നെയാണ്...

ദേവി ദുര്‍ഗ്ഗയുമായി സിനിമക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ്.ദുര്‍ഗയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കിയതാണ്. പക്ഷേ ദുര്‍ഗയോടൊപ്പം ചേര്‍ത്ത സെക്സി എന്ന നാമവിശേഷണത്തിന് സിനിമയുമായി യാതൊരു ബന്ധവും തോന്നിയില്ല കണ്ടതിനുശേഷം. നാമവിശേഷത്തിന്റെ ഔചിത്യമെന്താണ് എന്ന് കൃത്യമായി മനസ്സിലാകുന്നുമില്ല. എങ്കിലും ഒരു സംവിധായകന് തന്റെ സിനിമക്ക് എന്തു പേരിടണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തെ അംഗീകരിച്ചേ മതിയാകൂ. അതില്‍ സെന്‍സര്‍ബോഡിന് കൈകടത്തേണ്ടയാവശ്യവുമില്ല.

സെക്സി എന്ന വാക്കിന് സ്വാധീനശക്തിയുള്ള,ആകര്‍ഷണീയമായ എന്നീ അര്‍ഥങ്ങളുണ്ടായിട്ടും ലൈംഗികതയുമായി ചേര്‍ത്തുമാത്രം ആ നാമവിശേഷണത്തെ കാണാനുള്ള വ്യഗ്രത നമ്മിലുള്ളതുകൊണ്ടുമാകാം അനാവശ്യമായ വിവാദങ്ങളിലേക്ക് ഈ സിനിമയുടെ പേരെത്തിയത്.ഇനി ലൈംഗികത എന്നാണെങ്കില്‍പ്പോലും അത് പൊതുമധ്യത്തില്‍ അസന്മാര്‍ഗികമായ എന്തോ ആണെന്ന തോന്നലാണ് ഇക്കണ്ട പ്രശ്നങ്ങള്‍ക്കൊക്കെ കാരണമായി നില്‍ക്കുന്നത്. എന്തൊക്കെയാണെങ്കിലും വിശേഷണൊമൊന്നുമില്ലാതെ ദുര്‍ഗ എന്ന് സിനിമയെ വിളിക്കാനിഷ്ടപ്പെടുന്നു.

സിനിമയുടെ അന്തസത്ത ചര്‍ച്ചചെയ്യപ്പെടാതെ വിവാദം പേരിലേക്കൊതുങ്ങിപ്പോയെന്ന വാദം ശരിയായിരിക്കാം. എന്നിരിക്കലും സിനിമ ചര്‍ച്ച ചെയ്യുന്ന ചിന്തകള്‍ വിലപ്പെട്ടതാണ്. ശാരീരികമായ അക്രമത്തേക്കാളും ഭീകരമായ മാനസിക പീഡനത്തിന്റെ കാഠിന്യം സിനിമയിലുടനീളം കാണാം.അശക്തരും നിരാലംബരുമായ മനുഷ്യരുടെ ദുരിതപര്‍വത്തിലൂടെ (ദുര്‍ഗയും ദുര്‍ഗയിലൂടെ കബീറും) സിനിമ മുന്നോട്ട് പോകുമ്പോള്‍ മറുവശത്ത് ശക്തിസ്വരൂപിണിയും ആശ്രിതവത്സലയുമായ ദുര്‍ഗ പൂജിക്കുകയും ആരാധിക്കുകയും ചെയ്യപ്പെടുന്നു. ആരാധിക്കപ്പെടുന്ന ദൈവവും ആക്രമിക്കപ്പെടുന്ന ദൈവനാമത്തിലെ യുവതിയും സ്ക്രീനില്‍ ഒരേ സമയം പ്രത്യക്ഷപ്പെടുമ്പോള്‍ പ്രകടമാക്കുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പാണ് സിനിമയുടെ മുഖ്യപ്രമേയമായി തോന്നിയത്.

കബീറിന്റെയും ദുര്‍ഗയുടെയും യാത്രയുടെ കാരണമോ,കബീറും ദുര്‍ഗയും തമ്മിലുള്ള ബന്ധമോ ഒന്നും വ്യക്തമാക്കാനുള്ള ശ്രമം സംവിധായകനില്ല. ഒരു യുവാവും ( മലയാളി മുസ്ലീം യുവാവും) ഒരു യുവതിയും (മലയാളിയല്ലാത്ത ഹിന്ദു യുവതയും ) ഒരുമിച്ച് രാത്രി നടക്കുമ്പോള്‍ നേരിടുന്ന പ്രതിബന്ധങ്ങളെ ഒട്ടും ക്രിത്രിമത്വമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട് ദുര്‍ഗയില്‍.

അനാവശ്യവും,മനുഷ്യത്വ വിരുദ്ധവുമായ മത ആചാരങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകത പ്രകടമാക്കാനുള്ള ശ്രമമായി കാണാം തീക്കാവടി, ശൂലം കുത്ത് തുടങ്ങിയവയുടെ പൂര്‍ണമായ ദൃശ്യവിഷ്കാരം. ഏതെങ്കിലും ക്ഷേത്രത്തിലെ ശെരിക്കും നടന്ന ഉത്സവത്തെ ചിത്രീകരിച്ചതാവാനാണ് വഴി. നാട്ടുകാരും,ശൂലം കുത്തുകാരും,കുത്തപ്പെട്ടവരും എല്ലാം നാം കണ്ടിട്ടുള്ളവര്‍ തന്നെ.

സിനിമക്ക് ഇടവേളയില്ല ഒന്നരമണിക്കൂറിലത് തുടങ്ങിയവസാനിക്കുന്നു. യാത്രില്‍ തുടങ്ങി യാത്രയിലൂടെ (അവസാനിക്കാതെ) തുടരുന്ന സിനിമയുടെ ഛായാഗ്രഹണം ഏറെ മികച്ചതായി തോന്നി. പ്രതാപ് ജോസഫ് ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലാഗിങ്ങ് ഫീല്‍ ചെയ്തില്ല. പക്ഷേ ദുര്‍ഗയും കബീറും രക്ഷപെടുന്നില്ലല്ലോ, അനന്തമായി ആ യാത്ര തുടരുകയാണല്ലോ എന്ന സങ്കടവും ദുഃഖവുമാണ് തീയേറ്റര്‍ വിടുമ്പോഴും മനസ്സിലുള്ളത്.ഒരു സ്ത്രീക്ക് സുരക്ഷിതമായ രാത്രിയാത്രകള്‍ സ്വപ്നങ്ങളിലൊതുങ്ങുന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണീ സിനിമ.

തൊണ്ടിമുതലില്‍ നാം കണ്ട പോലീസുകാരോട് സാദൃശ്യമുള്ള പോലീസുകാരാണ് ഇതിലുമുള്ളത്. പോലീസുകാര്‍ നമ്മളെക്കാള്‍ കൂറകളാണെന്ന ഗുണ്ടകളുടെ ന്യായീകരണം,മാനസികമായി ഉപദ്രവിക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ആനന്ദം, സ്വതന്ത്രമായി നടക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും ഹനിച്ചുകൊണ്ടുള്ള ചില സദാചാര ഇടപടലുകള്‍, ആക്രമത്തിന്റെ എല്ലാ സാധ്യതകളും കണ്‍മുന്നില്‍ കാണുമ്പോഴും അതിലിടപെടാതെ സ്വന്തം മുറിയിലെ സുരക്ഷയിലേക്കൊതുങ്ങുന്ന മതില്‍ക്കെട്ടിനുള്ളിലെ മനസ്സുകള്‍, വഴക്കിലും പഴിക്കലിലും പലവുരു നഷ്ടമാകുന്ന ട്രെയിന്‍ യാത്രകള്‍, എത്ര കുതറിപ്പാഞ്ഞാലും പിന്നെയും പിന്നെയും പെട്ടുപോകുന്ന സങ്കീര്‍ണമായ വലക്കണ്ണികള്‍, അകന്നകന്നുപോകുന്ന ലക്ഷ്യസ്ഥാനം, ഒക്കെയും നടമാടുന്ന മാനവവികസന സൂചികയില്‍ ഒന്നാമതുള്ള സംസ്ഥാനം... അങ്ങനെ അനന്തമായ യാത്രയില്‍ കബീറിനെയും ദുര്‍ഗയയെും ബാക്കിയാക്കി നാം ദുഃഖാര്‍ത്തമായി തീയേറ്റര്‍ വിടുന്നു...

Share :

Photo Galleries