Archives / March 2021

രേഖ സി.ജി.
അധികാര ഗർവ്വ്

അക്ഷരങ്ങളെ, നീ എനിക്ക്
നാവാകുക
വാക്കുകളെ, നിങ്ങൾ എന്റെ
പ്രതിരോധമാകുക
പ്രജ്ഞയറ്റ ജിഹ്വയെ 
വലിച്ചെറിയാൻ
കരുത്തേകുക.
പണിയാളരുടെ പുറമേറി
തേരു തെളിക്കുന്നവർ,
നെറികെട്ട വ്യവസ്ഥയെ
പുകമറ ചൂടി മറക്കുന്ന
വെള്ളിവെളിച്ചത്തിൽ
ആറാടുന്നവർ,
അറിയുക
ഞങ്ങളും മനുഷ്യരാണ്.
ജനനത്തിന്റെയോ 
ഭാഗ്യത്തിന്റെയോ
കണക്കിൽ
കർമ്മഭാവങ്ങളിൽ നിന്ന്
മാറ്റി നിർത്തപ്പെട്ടവർ.
നിയന്ത്രണ പരിധിയിൽ
കഴിയാൻ വിധിക്കപ്പെട്ടവർ.
കാലം കഴിയുമ്പോൾ
കസേരയുടെ ബലം കുറയും.
അധികാരഗർവ്വിന്റെ
മുനയൊടിയും .
നിസ്സഹായരായി കേൾക്കുന്ന
വാക്കുകൾ മൂർച്ചയേറാതിരിക്കട്ടെ .
ഒരു നാൾ നിങ്ങളിൽ
അധികാരമേറി നിലത്തെഴുത്ത്
നിറഞ്ഞൊഴുകുമ്പോൾ
ആ പ്രളയജലത്തിൽ  
മുങ്ങി താഴാതിരിക്കാൻ 
വേണ്ടിയെങ്കിലും
നിർത്തുക നിങ്ങളുടെ
പ്രഹസനം.
കാലചക്രം തിരിഞ്ഞു വരും
ഭൂമി ഉരുണ്ടതാണ്.

Share :