Archives / july 2021

കുളക്കട പ്രസന്നൻ
തിരിച്ചറിവുകൾ ഉണ്ടാവണം

ഹീറോയിസം എന്താണ് ? പുഴയിൽ വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞാൽ അതു ഹീറോയിസമാണ്. ആ സംഭവ സമയത്ത് അലസത പ്രകടിപ്പിക്കുന്നവൻ ഉണ്ടെങ്കിൽ ആ വ്യക്തി ഹീറോ ആവില്ല. നമ്മുടെ മലയാളി മനസ്സുകൾക്ക് ഹീറോയിസത്തെപ്പറ്റി  ഒരു ധാരണ ഉണ്ടാവാൻ വേണ്ടി പറഞ്ഞതാണിത്.

കേരളത്തിൽ മഹാപ്രളയമുണ്ടായപ്പോൾ അനേകം ജീവനുകൾ രക്ഷിക്കാൻ സ്വജീവൻ പണയം വച്ച് ഇറങ്ങി തിരിച്ചവരുണ്ട്. എന്നാൽ ഈ നിർണ്ണായക ഘട്ടത്തിൽ നവ മാധ്യമങ്ങളിലൂടെ ഇല്ലാ കഥകൾ പ്രചരിപ്പിച്ച് രസിച്ചവരുണ്ട്. ഇക്കൂട്ടർ പൊതു സമൂഹത്തിനു മുന്നിൽ സീറോകളാണ്.

കൊവിഡ് - 19 ൻ്റെ കാലഘട്ടവും നന്മയും തിന്മയും സമൂഹം തിരിച്ചറിഞ്ഞു. ഇവിടെ എഴുതുവാൻ പോകുന്നത് മറ്റൊരു വിഷയമാണ്. മലയാളികൾ കഠിനാദ്ധ്വാനികൾ എന്നു പറയാറുണ്ട്. അത്തരത്തിൽ ശാസ്ത്രലോകത്ത് നമ്മുടെ കയ്യൊപ്പ് ചാർത്തപ്പെട്ടവരുണ്ട്. ഒരു മലയാളി ശാസ്ത്രജ്ഞൻ്റെ പേര് ഗ്രഹത്തിനു നൽകപ്പെട്ടിട്ടുണ്ട്. ആ ശാസ്ത്രജ്ഞൻ സൈനുദ്ദീൻ പട്ടാഴിയെ നമ്മൾക്കറിയാം. ഇത്തരം ഘട്ടങ്ങളിലാണ് മലയാളികളുടെ യശസ്സുയരുന്നത്. ഇവിടെ മറ്റൊരു വിഷയം ചൂണ്ടിക്കാട്ടുകയാണ്. കൊവിഡിനെതിരെയുള്ള പ്രതിരോധത്തിൽ ശാസ്ത്രലോകം വാക്സിൻ പരീക്ഷണം ആരംഭിച്ചപ്പോൾ അതിൽ മലയാളിയുമുണ്ടായിരുന്നു എന്നത് നമ്മുടെ അഭിമാനമാണ്. കോവാക്സിൻ വികസിപ്പിച്ച പരീക്ഷണ സംഘത്തിൽ തിരുവനന്തപുരം സ്വദേശിയായ ഡോ. എച്ച് ഹരിപ്രിയയും ഉണ്ടായിരുന്നു. ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഫോർ ബയോടെക്കും ചേർന്ന് കൊവിഡിനെതിരായ വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണം ആരംഭിച്ചത് 2020 ജൂലൈയിൽ പട്ന എയിംസിലാണ്. ഒന്നാം ഘട്ടത്തിൽ കോ വാക്സിൻ സ്വീകരിച്ചതും ഡോ.ഹരിപ്രിയ ഉൾപ്പെടെയുള്ളവരാണ്.

ഡോ. ഹരിപ്രിയയെപ്പോലുള്ളവരാണ് മലയാളികളുടെ അഭിമാനം. തൻ്റേതായ മേഖലകളിൽ കഴിവു തെളിയിച്ച് മുന്നേറുക എന്നത് കഠിനാദ്ധ്വാനത്തിലൂടെ സാധിക്കു. അതിനു കുറുക്കുവഴികളില്ല.

എന്നാൽ ചിലർ കഴിവു തെളിയിക്കുന്നത് നുണ ഫാക്ടറികളായും സദാചാര പോലീസ് ചമഞ്ഞും അമിത മദ്യപാന കിരീടം നേടിയും മറ്റുമാണ്. ഇതു കൊണ്ട് എന്തു നേട്ടം. മറ്റുള്ളവരുടെ ചാരിത്ര്യ പരിശോധനയ്ക്ക് ഇറങ്ങുന്നവരുണ്ട്. സഹോദരനും സഹോദരിയും കൂടി ഒരുമിച്ച് യാത്ര ചെയ്യണമെങ്കിൽ പോലും സഹോദരനും സഹോദരിയും ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണ്ടി വരുമോ എന്ന് സമൂഹം ആശങ്കപ്പെട്ടേക്കാം. ഹീറോയിസത്തിൻ്റെ ഭാഗമാണോ സദാചാര പോലീസ് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു.  എന്നു കരുതി പൊതുയിടങ്ങളിൽ അരുതാത്തത് കണ്ടാൽ ഇടപെടുക തന്നെ വേണം. അതു നിയമ പരിധിക്കുള്ളിൽ നിന്നു വേണമെന്നു മാത്രം.

എന്തേ മലയാളിക്കിങ്ങനെ മദ്യപാനാസക്തി എന്നുകൂടി ചർച്ച ചർച്ച ചെയ്യേണ്ടതുണ്ട്. ഒറ്റയിരുപ്പിൽ: കഴിക്കുന്ന പെഗുകളുടെ എണ്ണം കൂടുന്നതു ഹീറോയിസമാണോ ? അങ്ങനെ കരുതുന്നവർ ഉണ്ട്. കൊവിഡ് കാലത്തും മലയാളികളുടെ മദ്യപാനം ഒട്ടും പിന്നിലായില്ല എന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2019- 20 ൽ 14700 കോടി രൂപയുടെ മദ്യമാണ് മലയാളികൾ ഉപയോഗിച്ചത്. 2020- 21 ജനുവരിയുള്ള കണക്കു പ്രകാരം 10, 340 കോടി രൂപയുടെ മദ്യം ഉപയോഗിച്ചു. 2021 ഫെബ്രുവരി, മാർച്ച് 31 വരെയുള്ള കണക്ക് ലഭ്യമാകുന്നതോടെ ഈ സാമ്പത്തിക വർഷത്തെ കണക്ക് പൂർണ്ണമാകു.  ബാറുകളും ബിവറേജസും അടഞ്ഞുകിടന്ന കുറെ നാളുകൾ ഉണ്ടായിട്ടും മദ്യപാന ഉപയോഗത്തിലെ  കുതിപ്പ് പിടിച്ചുകെട്ടാനായില്ല. 

ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും എത്തി പെരുമാറ്റത്തിലും കഠിനാദ്ധ്വാനത്തിലും  പരക്കെ പ്രശംസ നേടുന്ന മലയാളി സ്വന്തം നാട്ടിൽ നിരാശ ബോധത്തോടെയും  അലസതയോടെയും മദ്യപാനയിടങ്ങളിലേക്ക് ഒതുങ്ങുന്നത് എന്തുകൊണ്ട് . പഠനം വേണ്ട വിഷയമാണിത്.

മാനവശേഷി കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാൽ ഏറെ മുന്നേറാവുന്ന ഒരു സംസ്ഥാനമാണ് കേരളം. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിൽ കഴിവുള്ളവർ , പരമ്പരാഗത വ്യവസായത്തിൽ പകരം വയ്ക്കാനില്ലാത്തവർ, കാർഷിക വൃത്തിയെ അറിയുന്നവർ അങ്ങനെഹീറോയിസം തെളിയിക്കാൻ കഴിവുള്ളവരാണ് മലയാളികൾ . ആ തിരിച്ചറിവാണ് കേരളത്തിനു വേണ്ടത്.

കമൻ്റ്: തച്ചനിൽ കേമനായ പെരുന്തച്ചൻ എക്കാലവും നമ്മുടെ ഹീറോയാണ്. ബുദ്ധിയും കഴിവുമാണ് ഇത്തരം ഹീറോകളെ സൃഷ്ടിക്കുന്നത്.
 

Share :