Archives / february 2021

ഫില്ലീസ് ജോസഫ്
കരയുന്ന കായലോരം (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_22)

കായലോരമായത് കൊണ്ടു തന്നെ  മീൻപിടുത്തം തന്നെയായിരുന്നു ഇവിടുത്തുകാരുടെ പ്രധാന തൊഴിൽ. അമ്മമാർ അത് വിൽക്കാനായി അലുമിനിയം ചരുവങ്ങളിലാണ് അക്കാലത്ത് കുണ്ടറ ചന്തയിലും പരിസര പ്രദേശങ്ങളിലും തലച്ചുമടായി കൊണ്ടുപോയിരുന്നത്.

ആകെയുള്ള ഗതാഗത മാർഗ്ഗമായ ട്രാൻസ്പോർട്ട ബസിൽ തന്നെയാണ് കൊണ്ടുപോവാറുള്ളതും. പിടക്കുന്ന കായൽമീനുകൾ നിറഞ്ഞ ചരുവങ്ങൾ ബസിൽ നിരത്തിയിട്ടുണ്ടാവും. കോളേജിൽ പഠിക്കുന്ന കുട്ടികളും  ഓഫീസുകളിലും സ്കൂളുകളിലും ജോലികൾക്കായി പോകുന്നവരും നിൽക്കാൻ പോലും സ്ഥലം ലഭിക്കാതെ ബസിൽ ഉണ്ടാവും . ചിലപ്പോഴെങ്കിലും ഞങ്ങളുടെ ഉടുപ്പിലുമൊക്കെ  മീൻ മണമുണ്ടായിരുന്നിരിക്കുമെന്ന് ഉറപ്പാണ്. എന്നാലും അന്നദാതാവിനോടുള്ള  ബഹുമാനം മാത്രമേ ആ ഗന്ധത്തോടും എല്ലാവർക്കും തോന്നാറുള്ളത്. 

ഉണ്ണുന്ന ചോറിനോടുള്ള നന്ദിയും കടപ്പാടും മറക്കാത്ത ഒരു യുവതലമുറയിൽ ഉൾപ്പെടാനായത് ഭാഗ്യമെന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്?

ഞാനിന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഇത്രയും വലിയ "ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ്" കാരാണ് ഈ അമ്മമാർ. 

നമ്മൾ അന്തം വിട്ടു നിൽക്കുമ്പോഴേക്കും അവർ "കച്ചവടക്കോള്"കിട്ടി മടങ്ങിയിട്ടുണ്ടാവും. അവരുടെ മുന്നിൽ തോറ്റവരൊക്കെ പിന്നീട്  അവരെ വല്ലാതെ പരിഹസിക്കുന്നത് സ്വാഭാവികം മാത്രം. അത്തരം പരിഹാസങ്ങൾ ഞങ്ങളുടെ ഉടുപ്പുകളിലെ മീൻമണത്തിനും, അക്കാലങ്ങളിലൊക്കെ ധാരാളം കിട്ടിയിട്ടുണ്ട്. അതെ,അവരൊക്കെയും തോറ്റിരിക്കാം .... അന്നു തന്നെയോ പിന്നീട് ജീവിതത്തിൽ എപ്പോഴെങ്കിലുമോ.... 

കാരണം ആ അമ്മമാരുടെ വിശന്ന വയറുകളെ പ്രാർത്ഥനകൾ കൊണ്ടും അതേ സമയം തന്നെ നവോത്ഥാനം കൊണ്ടുമാണ് അവർ നിറച്ചിരുന്നത്. ആർക്കും മനസിലാവാത്ത "ബിസിനസ് സ്റ്റാറ്റിസ്റ്റിക്സു"കളിൽ നിറയെ, പാതിരാവിൽ കായലിനോട് മല്ലിട്ട ജീവന്റെ പാതിയുടെ ഉറക്കച്ചടവും അടുക്കളയിലെ കാലിക്കഞ്ഞിക്കലവും പഠിക്കാൻ മിടുക്കരായ സ്വന്തം കുഞ്ഞുങ്ങളുടെ ഉത്സാഹവും തികട്ടി നിന്നിരുന്നല്ലോ!

ഒരു ജന്മം അധ്വാനം കൊണ്ട് സാർത്ഥകമാക്കിയ അത്തരം അമ്മ ജന്മങ്ങളാണ് ഇന്നത്തെ ഈ നാടിന്റെ ശില്പികളെന്ന് നിസംശയം പറയാം.

മീൻകാരുടെ നാടെന്ന് അറിയപ്പെട്ടിരുന്ന ഈ ചെറുതുരുത്തിപ്പോൾ കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരുള്ള സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്നു.

നാട്ടിലെ ഒരോ കുഞ്ഞിനെയും വേർതിരിച്ചറിയാവുന്ന അന്നത്തെ അമ്മമാർ നവ്യയുടെയും സിനോജിന്റെയും കാര്യങ്ങൾ അന്വേഷിക്കുകയും ചർച്ച ചെയ്യുകയും ചെയ്തതിൽ അത്ഭുതമൊന്നുമില്ല. അത് വെറുമൊരു യാത്രയായിരുന്നു നവ്യയ്ക്കും സിനോജിനുമെങ്കിലും ഉത്തരം നൽകി കുഴഞ്ഞ ഒരു ചോദ്യാവലിയായിരുന്നു എനിക്കവരുടെ യാത്ര സമ്മാനിച്ചത്.

ഇത്തരക്കാരികളുമായി ഇനി കൂട്ട് വേണ്ടെന്ന് വീട്ടിൽ നിന്നും വിലക്കുമെത്തി.പക്ഷേ ഒരിക്കലും അതിന്റെ  നോവ് ഞാൻ നവ്യയെ അറിയിച്ചിരുന്നില്ല . ആ കാര്യത്തെ ക്കുറിച്ച് മറക്കത്തക്കവിധം അക്കരെയപ്പച്ചന്റെ മരണമെന്നെ വേദനിപ്പിച്ചിരുന്നു എന്നതാണ് വാസ്തവമുള്ള കാരണവും.

അക്കരെവീട്ടിൽ ഞാൻ ഉണ്ടായിരുന്ന കാലത്ത് തുകൽ സഞ്ചിക്കുളിൽ ചെമ്പ് പാത്രത്തിൽ നെയ്യ് കൊണ്ട് വരുന്ന അപ്പൂപ്പൻ മാസത്തിൽ ഒരിക്കലെങ്കിലും വരാറുണ്ടായിരുന്നു. അക്കരെയപ്പച്ചൻ അത് മൊത്തമായി  വാങ്ങി കാശ് നൽകുമായിരുന്നു. രാത്രി മുഴുവൻ അപ്പച്ചനുമായി കായൽക്കരയിൽ  സംസാരിച്ചിരുന്ന് പിറ്റേ ദിവസമാണ് അപ്പൂപ്പൻ പോകാറുള്ളത്. 

അപ്പച്ചൻ മീൻപണിക്ക് പോയ് വരുന്നതും പോവാതിരിക്കുന്നതുമായ എല്ലാ വെളുപ്പാൻകാലങ്ങളിലും കലം നിറയെ ഇടാറുള്ള ചൂടു പറക്കുന്ന കട്ടൻ കാപ്പിയും അതിന്റെ മുകളിലൊഴുകി നടക്കുന്ന നെയ്യിന്റെ സ്വർണ്ണകണികകളും കാലം നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലേക്ക് മാറ്റിയത് ഉൾക്കൊള്ളാനാവാതെ എന്നിലെ കൗമാരക്കാരിയും കായലോരവും വിതുമ്പുകയായിരുന്നു.

Share :