Archives / february 2021

പോതുപാറ മധുസൂദനൻ
ഒരു ശംഖിൻ്റെ നൊമ്പരം

ഉടഞ്ഞ ശംഖിൻ്റെ

ഉൾവിളിയ്ക്കുള്ളിൽ

ഒളിഞ്ഞിരിയ്ക്കുന്നു

ഒരു ശ്യാമവേദന

മിഴികൾ പൂട്ടി

വിതുമ്പും മനസ്സിലായ്

കനലെരിഞ്ഞ 

കിനാവിൻ്റെ വേദന

മുടിയഴിഞ്ഞൊരാ

മേഘങ്ങളിൽ ചോല

വലകൾ വീശി തൃസന്ധ്യ

നിന്നീടവെ

ശിലകൾ കൊത്തിയ

ചുറ്റമ്പലത്തിൽ

മണികൾ വാദ്യങ്ങൾ

നാമം ജപിക്കവെ

വിരൽ മുറുക്കിയാ

ശംഖിൻ്റെ വായിൽ

മുഖമമർത്തി കൊടും

കാറ്റുണരവെ

ഉള്ളുടഞ്ഞൊരാ

ശംഖിൻ്റെ വീർപ്പിൽ

നിന്നുയർന്നുള്ള

ഓംകാരം കേൾക്കെ

ഭക്തിയാലവർ

ചുറ്റമ്പലത്തിൽ

മിഴികൾ പൂട്ടി

കരംകൂപ്പിനിൽക്കെ

ദീപനാള പ്രഭാവലയത്തിൽ

ദീപാരാധന

തൊഴുതവർ പോകെ

ശംഖുറങ്ങാതെ

യമ്പലത്തിണ്ണയിൽ

നെഞ്ചുവേദന

ഭക്ഷിച്ചിരിയ്ക്കവെ

ദൈവമൊന്നിങ്ങിറങ്ങി

വന്നെങ്കിൽ

എൻ്റെ വേദന

കണ്ടിരുന്നെങ്കിൽ

കുഞ്ഞു തോളിൽ

തലോടിയിട്ടിങ്ങനെ

ഒന്നുമില്ലെന്നു

ചൊന്നിരുന്നെങ്കിൽ

ചിന്തകൾ നെയ്

വിളക്കായെരിഞ്ഞ

കുഞ്ഞു ചൂടിൽ

മനം കാഞ്ഞിരിയ്ക്കെ

പണ്ട് നെഞ്ചിൽ

കരിനിഴൽ പോലെ

വന്നുവീണ 

നിമിഷങ്ങളോർമ്മയിൽ

ഉപ്പുവെള്ളം 

പുതച്ച കയങ്ങളിൽ

മുത്തി മെല്ലെ

നടന്നു കളിച്ചതും

ഞണ്ടുകൾ വന്നു

നുള്ളാൻ ശ്രമിക്കവെ

ഉൾവലിഞ്ഞങ്ങു 

തെന്നി മറഞ്ഞതും

അച്ഛനമ്മമാർ

കണ്ണിൽപ്പെടാതെ

ഉച്ചിയിൽ പൂത്ത

നക്ഷത്ര ശോഭയെ

കണ്ടു മോഹിച്ചതിൻ്റെ

നിഴൽ തേടി

വന്നു തീര

ത്തരികിലായ് നിൽക്കവെ

കൂരിരുട്ടിൽ

പതുങ്ങിയിരുന്നൊരാ

ക്രൂര മർത്യൻ്റെ

കണ്ണിൽക്കുടുങ്ങിയോ

വൻതിരയിൽ

മറയുന്നതിൻ മുന്നേ

വന്നെടുത്തവൻ

കൈയ്യിൽപ്പിടയവെ

ശംഖുപുത്രിയെ

ചുംബിച്ചവനെൻ്റെ

ചന്ത മൊക്കെ

ചതച്ചു കളയവെ

ഉള്ളിൽ വിള്ളലായ്

ഊതാൻ കണക്കിനു

ഉള്ളുടഞ്ഞൊരു

ശംഖായി മാറി ഞാൻ

ശ്യാമ ഭാവതുലാ

മഴക്കെട്ടിലും

ഇടി മുഴങ്ങുമി

ടവക്കളത്തിലും

കുളിര്മാറുവാൻ

കൈകൾക്ക് ചുണ്ടിന്

ചൂടുനൽകുന്ന

ശംഖായി മാറി ഞാൻ

ഉൾവിളികൾ വിളിച്ചു

യാമങ്ങളിൽ

മെയ് തളരുന്ന

വേദനയാകിലും

ആർത്തിപൂണ്ട

നഗരക്കുരുക്കുകൾ

കൂരിരുട്ടിലിടവഴി

കോണുകൾ

യാത്ര ചെയ്തു

വരുന്നതിലെപ്പഴോ

നീച കൈകളിൽ 

പെട്ടുപിsഞ്ഞെൻ്റെ

ഉൾമുറിവീന്ന

പശ്രുതി കേൾക്കവെ

അമ്പലമതിൽ

ചുറ്റിന്നരികിലായ്

അൻപുകാട്ടാതവരിട്ടു

പോകയായ്

കൈകൾ കൂപ്പി ഞാൻ

ദൈവനാമങ്ങളിൽ 

ശംഖു നാദം മുഴക്കി കരയുന്നു

കൺ നിറഞ്ഞു 

കരി നിഴലോർമ്മകൾ

ഉള്ളുനീറുന്നു 

ശംഖിൻ്റെ നൊമ്പരം 

 

 

Share :