Archives / july 2021

കുളക്കട പ്രസന്നൻ
നാടൻ കളികൾ വിസ്മൃതിയിലാകരുത് 

കൊവിഡിനെ അതിജീവിക്കാൻ സാമൂഹിക അകലം പാലിക്കേണ്ടുന്ന സന്ദർഭത്തിൽ നാടൻ കളികളെ സംബന്ധിച്ച് ഉന്നയിക്കുന്നത് ഔചിത്യമാണോ എന്ന് ആരേലും ചോദിച്ചേക്കാം. ആ ചോദ്യത്തിന് ഉത്തരമായി കൊവിഡ് വാക്സിൻ എത്തി എന്നു പറയുന്നില്ല. അതിനു പകരം  പ്രകൃതിയുമായി അടുപ്പമുള്ള നാടൻ കളികൾ വീണ്ടെടുക്കാൻ കഴിയേണ്ടതല്ലെ എന്ന മറുചോദ്യം ഉന്നയിക്കുന്നു. എന്തെന്നാൽ കൊവിഡിനെ അതിജീവിക്കുമ്പോൾ നമ്മൾ പ്രകൃതിയെ അറിയേണ്ടത് അവശ്യമാണ് എന്നതു കൊണ്ട് .ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാറ്റ്മിൻ്റൻ, ടെന്നീസ് തുടങ്ങിയ വൈദേശിക നാമത്തിലുള്ള കളികൾക്ക് നമ്മുടെ നാട്ടിൽ സ്വീകാര്യതയേറിയപ്പോൾ നാടൻ കളികൾക്ക് മങ്ങലേറ്റു. നാടൻ കളികൾ അപരിഷ്കൃതമെന്ന തോന്നൽ ഉടലെടുത്തു. കമ്പോള സംസ്കാരത്തിൽ അവഗണിക്കപ്പെട്ട നാടൻ കളികൾ ഒരു കാലത്ത്   ആരെയും മാറ്റി നിർത്തപ്പെടാത്ത സൗഹൃദ കളികളായിരുന്നു.

സമ്പന്നർക്കു മാത്രമുള്ള ഇന്നിൻ്റെ കളിയിൽ നിന്നും വ്യത്യസ്തമായി സമത്വഭാവനയുടേതായിരുന്നു നാടൻ കളികൾ. നടൻ കളികളിലൊന്നാണ് ഈർക്കിൽ കളി. ഇപ്പോൾ കേൾക്കുമ്പോൾ ചിലർക്ക് ചിരി വരാം. ഈർക്കിൽ കളിയോ എന്ന് പരിഹാസത്തോടെ ചോദിച്ചേക്കാം. എന്നാൽ ബുദ്ധിയും കഴിവും മാത്രം മൂലധനമായി വേണ്ടുന്ന ഈർക്കിൽ കളിക്ക് തെങ്ങിൽ നിന്നുള്ള ഈർക്കിൽ  മതി. കളിക്കാർ ഈർക്കിൽ കളിതേടുമ്പോൾ തെങ്ങിനെ കുറിച്ചും മനസ്സിലാക്കുന്നു. ഇവിടെയാണ് കുട്ടികളുടെ പരിസ്ഥിതി ബോധത്തിന് സഹായകമാകുന്നത്. അതുകൊണ്ട് പരിസ്ഥിതി ബോധന കളികളെ പ്രോത്സാഹിപ്പിക്കാൻ കഴിയണം.

ഇവിടെ ഈർക്കിൽ കളിയെ കുറിച്ചും സൂചിപ്പിക്കട്ടെ. രണ്ടോ അതിൽ കൂടുതൽ പേർക്കോ പങ്കെടുക്കാം. നാലിഞ്ച് നീളത്തിൽ പത്തെണ്ണം, ആറിഞ്ച് നീളത്തിൽ രണ്ടെണ്ണം , പത്തിഞ്ച് നീളത്തിൽ ഒരെണ്ണം എന്നീ മൂന്നു തരത്തിൽ ഈർക്കി ലുകൾ വേണം. ഇതിൽ ക്രമമനുസരിച്ച് പത്തും അമ്പതും നൂറും വീതമാണ് ഈർക്കിലു കളിയിൽ വില കല്പിക്കുന്നത്. ഈ ഈർക്കിലുകൾ ചേർത്തു പിടിച്ചു താഴെയിടുമ്പോൾ പത്തിഞ്ച് നീളമുള്ള ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും ഉണ്ടെങ്കിൽ മാത്രമെ കളി തുടരാൻ കഴിയു. കളത്തിലിട്ട ഒരു ഈർക്കിലെടുത്തു മറ്റു ഈർക്കിൽ അനങ്ങാതെ ഓരോ ഈർക്കിലായി എടുക്കണം. വളരെ ശ്രദ്ധയോടെ ഈ കളി തുടരാനാകു.

ഈർക്കിൽ കളി പോലെ നിരവധി നാടൻ കളികളുണ്ട്. പറങ്ങാണ്ടിയേറ് കളി, തലപ്പന്തുകളി (തെങ്ങോല ഉപയോഗിച്ചുള്ള പന്ത് ) , കുഴിപ്പന്തുകളി ഇവ നാടൻ കളിയിൽപ്പെടുന്നു.

നാടൻ കളികൾ പൂർവ്വകാല ശൈലിയിൽ തിരിച്ചു വരുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും കേരളിയൻ്റെ സ്വന്തമായിരുന്ന നാടൻ കളികൾ പുതു തലമുറ അറിയേണ്ടതല്ലെ. പരിസ്ഥിതി, ഓണം തുടങ്ങിയ ദിനങ്ങളിൽ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയോടെ നാടൻ കളികൾക്ക് വേദിയൊരുക്കാൻ പ്രാദേശിക സർക്കാരുകൾക്ക് ( തദ്ദേശ സ്ഥാപനങ്ങൾ ) കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു.

കമൻ്റ്: നാടൻ കളികൾ വീണ്ടെടുത്താൻ രണ്ടുണ്ട് നേട്ടം. ഒന്ന്,  നമ്മുടെ പ്രകൃതിയെ അറിയാം. രണ്ട്, പ്ലാസ്റ്റിക് തുടങ്ങിയവയാൽ നിർമ്മിത കളിക്കോപ്പുകൾ ആവശ്യം കഴിഞ്ഞ് ഭൂമിയിലേക്ക് വലിച്ചെറിയുന്നത് കഴിവതും ഒഴിവാക്കാം.
 

Share :