Archives / july 2021

എം.കെ.ഹരികുമാർ
ഇവരല്ല അധുനികർ

1964ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ഷാങ് പോൾ സാർത്രി(Jean Paul Sartre,1905-1980) നായിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത് .ആയിരക്കണക്കിനു എഴുത്തുകാർ ആഗ്രഹിക്കുന്ന ഇത്രയും വലിയ ഒരു അവാർഡ് നിരസിക്കുന്നത് ഭോഷ്ക്കല്ലേ  എന്ന് ചിന്തിക്കുന്നവരുണ്ടാകാം.  കാരണം നോബൽ സമ്മാനം  ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള പുരസ്കാരമാണ്. അത് നല്കുന്ന പ്രശസ്തി മറ്റെന്തിനും മീതെയാണ്.എന്നിട്ടും സാർത് അത് നിഷേധിച്ചു .അദ്ദേഹം അതിനു പറഞ്ഞ കാരണങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം :ഇതിനു മുമ്പും അദ്ദേഹം ഔദ്യോഗിക ബഹുമതികൾ സ്വീകരിച്ചിരുന്നില്ല. ഫ്രാൻസിലെ പരമോന്നത ബഹുമതിയായ Legion of honour ഉം ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ദ് കോളാഴ്  ദി  ഫ്രാൻസി (The coll`ege de France ) ലേക്കുള്ള  പ്രവേശനവും അദ്ദേഹം നിരാകരിച്ചിരുന്നു. ഇങ്ങനെ ഒരു അവാർഡ് സ്വീകരിക്കുക വഴി തൻ്റെ  വ്യക്തിപരമായ പ്രതിബദ്ധതകൾ സ്ഥാപനവൽക്കരിക്കപ്പെടുമോ എന്ന പ്രശ്നമാണ് അദ്ദേഹത്തെ അലട്ടിയത്‌. ഒരെഴുത്തുകാരൻ സ്വയം ഒരു സ്ഥാപനമാകുന്നതിനോട്  അദ്ദേഹത്തിനു യോജിപ്പില്ലായിരുന്നു. മാത്രമല്ല ,പാശ്ചാത്യ-പൗരസ്ത്യ ആശയവിനിമയങ്ങളും ചിന്താപരമായ സമന്വയവും ഉണ്ടാകേണ്ടത് സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ ആയിരിക്കരുതെന്ന് സാർത്ര് ചിന്തിച്ചു. കഴിഞ്ഞ കാലങ്ങളിലെ നോബൽ സമ്മാനങ്ങൾ വിവിധ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന വരെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയും തുല്യതയോടെ പരിഗണിച്ചില്ലെന്ന് അദ്ദേഹം സ്വീഡിഷ് കമ്മിറ്റിക്ക്  സമ്മാനം നിരസിച്ചുകൊണ്ട് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ താൻ അത് സ്വീകരിക്കുന്നത് അനഭിലഷണീയവും  അനീതി നിറഞ്ഞതുമായ ഒരു പ്രവൃത്തിയായി വ്യാഖ്യാനിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം വിലയിരുത്തി ". 

ചരിത്രത്തിൻ്റെ സ്വത്ത് 

സാർത്രിൻ്റ ഈ ചിന്തകൾ മാനവരാശിയുടെ  സാംസ്കാരിക ജീവിതത്തിൽ തന്നെ വിലമതിക്കാനാവാത്തതാണ്. ചരിത്രത്തിൻ്റെ സ്വത്താണത്.സാർത്ര് നോബൽ സമ്മാനം നിരസിച്ചത് ചരിത്രത്തിലെ ഒരു മുതൽക്കൂട്ടാണ്. ചരിത്രത്തിൽ ഇങ്ങനെയൊരു ഉദാഹരണം വേണം. കാരണം ഒരാളെങ്കിലും ഈ പൊങ്ങച്ചത്തെ തള്ളിപ്പറഞ്ഞു എന്ന് സമാധാനിക്കാൻ മനുഷ്യരാശിക്ക് ഭാഗ്യമുണ്ടായല്ലോ. സാർക്ക് അത്  നിഷേധിച്ചില്ലായിരുന്നെങ്കിൽ പിന്നാലെ വരുന്ന സകല ബുദ്ധിജീവികളായ എഴുത്തുകാരും തല ഉയർത്താനാകാതെ ക്ലേശിക്കുമായിരുന്നു .

സാർത്ര് പുരസ്കാരങ്ങൾ  നൽകുന്ന രീതിയെ , അതിൻ്റെ  അധികാരവ്യവസ്ഥയെ, അത് സ്ഥാപിക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താൽപര്യങ്ങളെ ,അർത്ഥശൂന്യതകളെ ആ തീരുമാനത്തിലൂടെ ചോദ്യം ചെയ്തു. ഒരു പുരസ്കാരത്തെ  മൂല്യബോധത്തിൻ്റെ തന്നെ സമസ്യയാക്കി മാറ്റാനും ആ നിലയിൽ  ചർച്ചചെയ്യാനും അത്  ഉപകരിച്ചു. സാഹിത്യമൂല്യത്തെക്കുറിച്ച് സാഹിത്യരംഗത്ത് നിന്നുതന്നെ ഉയർന്നുവരുന്ന വിമർശനപരമായ  നിർണ്ണയങ്ങളെ റദ്ദ്‌ ചെയ്യാനാണ്  പണത്തിൻ്റെ ആധിപത്യവുമായി പുരസ്കാര വ്യവസ്ഥാപിതത്വം  മുന്നോട്ടുവരുന്നത്. അത്  സമാന്തരമായ അധികാര വ്യവസ്ഥയാണ്. മാധ്യമ ,മുതലാളിത്ത, മൂലധനശക്തികളുടെ മൂല്യങ്ങളെ സാഹിത്യബാഹ്യമായി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സ്വന്തം ചിന്തയുടെയും സർഗാത്മകതയുടെയും ഉടമസ്ഥതയും ആധികാരികതയും മറ്റൊരു ഏജൻസിക്കും വിട്ടുകൊടുക്കാത്ത എഴുത്തുകാർ അത് വേണ്ട എന്ന് പറയുന്നത്.

വേറെ ആര് ?

എഴുത്തുകാർ ഒരിക്കലും  അവാർഡ്‌  സ്വീകരിക്കരുതെന്ന് പറയുന്നില്ല. എന്നാൽ അതിൻ്റെ പിന്നിലുള്ള സമസ്യയെക്കുറിച്ച് ആലോചിക്കേണ്ടതാണ്. അമിതമായ അധികാരവ്യവസ്ഥ രൂപപ്പെടുന്നതിനെ എഴുത്തുകാരൻ  വ്യാഖ്യാനിച്ചില്ലെങ്കിൽ വേറെ ആര് ആ  ചുമതല ഏറ്റെടുക്കും ?. മലയാളസാഹിത്യത്തിൽ  അറുപതുകളുടെ ഒടുവിൽ പ്രത്യക്ഷപ്പെട്ട നവതരംഗ (Avant-garde ) ,സർവസ്വതന്ത്ര (Nihilism) എഴുത്തുകാരിൽ ഭൂരിപക്ഷവും ഇപ്പോൾ വ്യവസ്ഥാപിത അവാർഡ് വാങ്ങി ഷോ കേസിൽ വച്ചു കഴിഞ്ഞു. അർഹതയുള്ള പലർക്കും കിട്ടാത്തതിനെക്കുറിച്ച് സാർത്ര് പ്രകടിപ്പിച്ച ഉത്ക്കണ്ഠ നമ്മുടെ വിപ്ലവകാരികളായ എഴുത്തുകാർക്കില്ല .എല്ലാം അവർക്ക് മാത്രം കിട്ടിക്കൊണ്ടിരുന്നാൽ സന്തോഷമായിരിക്കും! .അർഹതയുള്ളവർ സ്ഥിരമായി അവഗണിക്കപ്പെടുമ്പോൾ അവർക്ക് വേണ്ടി വേദനയനുഭവിക്കാൻ കഴിയുന്നനവനാണ് യഥാർത്ഥ എഴുുത്തുകാരൻ.

എഴുത്തച്ഛൻ പുരസ്കാരം പോലെ സർവ്വത്ര അധികാരവ്യവസ്ഥയാൽ ചുറ്റപ്പെട്ട  പുരസ്കാരങ്ങൾ  ആനന്ദ്, മുകുന്ദൻ, സക്കറിയ തുടങ്ങിയവരെല്ലാം  വാങ്ങിക്കഴിഞ്ഞു. ഇവരെല്ലാം കൃതികളിലൂടെയും അല്ലാതെയും  ഉയർത്തിക്കൊണ്ടുവന്ന പ്രതിഷേധ പ്രതിഛായകൾ  നിർവീര്യമാക്കപ്പെടുകയാണ്. സക്കറിയ സമീപകാലത്ത് നടത്തിയ മാധ്യമ, രാഷ്ട്രീയ വിമർശനങ്ങൾ ഇപ്പോൾ അർത്ഥരഹിതമായി പരിണമിച്ചിരിക്കുകയാണ്. ജനപ്രതിനിധികളെ ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗം വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു നേതാവിനെ കണ്ടാൽ മാനിക്കേണ്ട ആവശ്യമില്ലെന്നു വരെ അതിൽ പറയുന്നുണ്ട് .അപ്പോൾ എങ്ങനെയാണ് എഴുത്തച്ഛൻ പുരസ്കാരം സ്വീകരിക്കുന്നത് ?രാഷ്ട്രീയക്കാർ നൽകുന്ന പുരസ്കാരമല്ലേ അത് ? രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലാണ്  ആ പുരസ്കാരത്തിൻ്റെ അസ്തിത്വം . അത് സ്വീകരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ രചനകളെയാകെ ആ  സംവിധാനം നിർവീര്യമാക്കുകയാണ്. എഴുത്തുകാരൻ ആരെയാണോ വിമർശിക്കുന്നത് ,അയാൾ തന്നെ വന്ന് പുരസ്കാരം നല്കുന്നതിലെ വൈരുദ്ധ്യം പ്രകടമാണ്. പുരസ്കാരം ലഭിക്കാത്ത കാലത്ത് അദ്ദേഹം സ്വരൂപിച്ച നിഷേധവാസനയും പ്രതിരോധവും അഭിപ്രായസ്വാതന്ത്ര്യവും പുരസ്കാര ശേഷം അപ്രസക്തമാവുകയാണ് .ആ  പ്രതിഷേധ വാസന പുരസക്യതമാകുന്നതിൽ ഒരു അസംബന്ധമുണ്ട്. മാത്രമല്ല ആധുനികരായ മിക്ക  എഴുത്തുകാരെയും പോലെ  സക്കറിയയും പുരസ്കാരലബ്ധി ആസ്വദിക്കുന്നു. അദ്ദേഹം അതിൻ്റെ  പേരിൽ  മാഗസിനുകൾക്ക് ഇൻറർവ്യൂ കൊടുക്കുന്നു. എന്തോ വലിയ കാര്യം സംഭവിച്ചു എന്ന മട്ടിൽ പോസ് ചെയ്യുന്നു.എല്ലാ വിഗ്രഹങ്ങളെയും എതിർക്കുന്ന എഴുത്തുകാരിൽ നല്ലൊരു പങ്കും ക്രമേണ ,ഇതേ രീതിയിൽ ആശയരഹിത്യത്തിൻ്റെ  വിഗ്രഹമായി തീരാനാണ് ശ്രമിക്കുന്നത്. ഇത്  വൈരുധ്യമാണ്.ഒരു കാലത്ത് വിഗ്രഹങ്ങളെ എതിർക്കുന്നു;പിന്നീട് സ്വയമൊരു വിഗ്രഹമാകാൻ താൻ എതിർത്തവരുടെ ഔദാര്യം തേടുന്നു - ഇതിനെയാണ് സാർത്ര് നോബൽ സമ്മാനം നിഷേധിച്ചു കൊണ്ട് ചോദ്യം ചെയ്തത്. 

ഉപനിഷത്തിനെക്കുറിച്ച് നിന്ദ്യമായ ചിന്തകളുള്ള  സക്കറിയ ,ശാരീരികവും സാമ്പത്തികവുമായ അവശതകളിൽപ്പെട്ട് നട്ടം തിരിഞ്ഞ ഒ.വി. വിജയന് തപസ്യ ഒരു അവാർഡ് കൊടുത്തതിനെ ദുർവ്യാഖ്യാനം ചെയ്യുകയുണ്ടായി.അവാർഡു തുക വിജയൻ്റെ അന്നത്തെ സാഹചര്യത്തിൽ ആശ്വാസമായിരുന്നു. ഈ  സംഭവത്തെ മുൻനിർത്തി വിജയനെ ഹിന്ദു വർഗീയവാദിയെന്ന് വിളിച്ച് സക്കറിയ ആക്ഷേപിച്ചുനടന്നത് ഒരു ദശാബ്ദത്തിലേറെ കാലമാണ്. ഇതിൻ്റെ  അടിയിലുള്ള മതവിരുദ്ധതയും  സ്പർദ്ധയും എത്ര ഭയാനകമാണ്! .ഉപനിഷത് ദർശനം പിന്തുടർന്ന എഴുത്തച്ഛൻ്റെ പേരിലുള്ള  പുരസ്കാരം ഉപനിഷത്തിനോടു മതിപ്പില്ലാത്ത ഒരാൾ സ്വീകരിക്കുമ്പോൾ വീണ്ടും അലങ്കോലമാണ് സംഭവിക്കുന്നത്. സക്കറിയയുടെ  എഴുത്തുകാരൻ എന്ന റിബൽ സങ്കൽപ്പം അതിൻ്റെ ആന്തരിക വൈരുദ്ധ്യത്താൽ ടൈറ്റാനിക്കു  പോലെ തകരുകയാണ്

Share :