Archives / february 2021

കെ.ജി.സുഷമ
തിരികെയെത്തും നേരം

തിരിച്ചൊന്നു പോകണം

ബാല്യത്തിൻ കാലം കഴിച്ചൊരാ

നാട്ടിലേക്കൊരു യാത്ര കൂടി

തണൽ വിരിച്ചിടതൂർന്നു നിന്നൊരാ

തണലിന്റെ തണലിലൊരിത്തിരി നേരമിരിക്കണം.

 

കിളിച്ചുണ്ടൻമാവിൻ്റെ ചാഞ്ഞൊരാ കൊമ്പിലെ മുക്കാത്ത മാങ്ങയൊരെണ്ണമടർത്തണം

വയലിൻ്റെ നടുവിലൂടൊഴുകുന്ന തോടിൻ്റെ

വക്കിലൊരിത്തിരി നേരമിരിക്കണം .

 

ആറിൻ്റെയോരത്തെൻ പള്ളിക്കൂടമുണ്ടാ മുറ്റത്തെൻ ഓർമ്മകളൊത്തു നടക്കണം

മഴനൂലു തിരശ്ശീല തീർത്തൊരാ ജൂണിലെ

മഴയൊന്നു കൂടെ നിന്നൊപ്പം നനയണം 

 

പറയുവാനറിയാതെ പരിഭ്രമത്തോടന്നു

പറയാതെ പോയവയൊക്കെയും പറയണം

മിഴികൾ തുളുമ്പാനനുവദിച്ചീടാതെ

ചിരികളിൽ സ്മൃതികളെയോമനിച്ചീടേണം

 

വെയിലാറി സന്ധ്യയിങ്ങണയുന്ന നേരത്ത്...

വെയിൽ ചായും ജീവിതപ്പടവിലിരുന്ന്,

അകലെയങ്ങാകാശച്ചരിവിലായ് സൂര്യൻ്റെ

ചെന്നിറം പടരുന്ന കാഴ്ചയും കാണണം

 തിരികെയെത്താത്തൊരാക്കാലത്തിലേക്കൊന്നു തിരികെ നടക്കണം.

തിരിച്ചൊന്നു പോകണം...

നിഴലും നിലാവും പിണഞ്ഞുകിടക്കുന്ന

ഭൂതകാലത്തിൻ്റെ കരിയില വഴികളിൽ.

 

ചെമ്പകപ്പൂഗന്ധം നിറയുമാ

 ക്ഷേത്രത്തിന്നങ്കണത്തിൽ,

കൽമണ്ഡപത്തിലെ കെടാവിളക്കിൻ മുന്നിൽ

 നിറശോഭയോടെ മേവുമാ ദേവൻ്റെ ശ്രീകോവിലിൻ മുന്നിൽ തിരികെടാമിഴികളിൽ

നനവോടെ ഗതകാല സ്മൃതികളെ ചുറ്റും

 ചുറ്റമ്പലത്തിലും..

ഒരു മാത്ര കൂടി തിരികെയെത്തീടണം...

ഒരു യാത്ര പോകണം...

ഓർമ്മ തൻചെപ്പിൽ മായാതെ സൂക്ഷിക്കും

മിഴിവുറ്റ കാഴ്ചകൾ

കണ്ടു മടങ്ങണം

കാണാതെ പോയതും, കേൾക്കാതെ പോയതും, നല്കാതെ, നേടാതെ പോയവയൊക്കെയും...

ജീവിച്ചു പോരണം.. 

തിരികെയെത്തീടണം..

ഖേദങ്ങളില്ലാതെ... തിരികെ മടങ്ങണം..!

 

 

 

 

 

 

Share :