Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
വീണുടഞ്ഞ മൗനാക്ഷരങ്ങൾ

കിനാക്കളുടെ പൗർണ്ണമിത്തേരിൽ

സ്വർഗ്ഗവാതിൽ തേടി ഞാൻ പോവുകയാണ്,

അവിടെ ചിന്തകൾക്കുമേൽ ചങ്ങലകൾ മുറുകില്ലത്രേ,

അവിടെ സത്യമറിയുന്ന ഹൃദയം മൗനമനുഷ്ഠിക്കേണ്ടത്രേ,

അവിടെ സദാചാരവാദികളുടെ വാൾപയറ്റിനു നേരെ പ്രാണരക്ഷാർത്ഥം 

നിസ്സഹായമുഖിയായ അരാഷ്ട്രീയപരിചയുയർത്തേണ്ടത്രേ,

അവിടെ യുക്തി, വ്യവസ്ഥകൾക്കു മുന്നിൽ മുട്ടുകൾകുത്താറുമില്ലത്രേ,

അവിടുത്തെ തെരുവുകളിൽ കവിതകൾ കത്തിയൊടുങ്ങാറില്ലത്രേ,

അവിടെ പൂക്കളെ കൊന്ന വണ്ടുകൾ

തേനിന്റെ പരിശുദ്ധിചർച്ചയിൽ കയ്യടിപ്രസംഗം നടത്താറില്ലത്രേ,

ചിറകിന്റെ അഹന്തയിൽ കണ്ണുപൊട്ടിയവൾക്ക് മുന്നിൽ നിന്നും പറന്നുയരാറില്ലത്രേ ,

അവിടെ പകലിരവുകളുടെ മറവിൽ തെളിവുകൾ കത്തിയമരാറില്ലത്രേ,

അവിടെ വേരുണങ്ങിയ മൗനങ്ങൾ സമ്മതപ്പൂക്കൾ പൊഴിക്കാറില്ലത്രേ,

അവിടെ കള്ളനും പോലീസും കളിയുമില്ലത്രേ,

അവിടെ രാജാക്കൾ ദാസിക്കയ്യിലെ ചാമരക്കാറ്റ് കൊള്ളാറില്ലത്രേ,

അവിടെ കുരുന്നുംചെന്നായുമൊന്നിച്ച് എച്ചിലൂട്ട് മത്സരമില്ലത്രേ,

അവിടെ പെൺച്ചോര അയിത്തപ്പുരകളിൽ മുങ്ങിച്ചാവാറുമില്ലത്രേ,

അവിടെ ചിറകുകൾ മുറിയാറില്ലത്രേ 

അവിടെ കിളിക്കൂട് പണിയാറുമില്ലത്രേ. 

 

അവിടെയെന്റെ മൗനാക്ഷരങ്ങൾ വീണുടയും

ഞാനും സ്വാതന്ത്ര്യത്തിന്റെയൊരു കവിത രചിക്കും 

അതിജീവനത്തിന്റെ ഗാഥകൾ പാടും,

സമത്വത്തിന്റെ ചടുലതാളങ്ങൾ ചവിട്ടും,

അവിടെയെന്റെ മൗനാക്ഷരങ്ങൾ വീണുടയും

തകർച്ചയൊച്ചയിൽ വസന്തം ചിരിക്കും, വർഷം തുടിക്കും.

ഇരകൾ വിലങ്ങുകൾ അപരാധികൾക്ക് കൈമാറും,

കതിര് കൊയ്തവർ പതിരുകൊണ്ട് നിറച്ച പാതിവയറുകൾ ചരിത്രമ്യൂസിയത്തിലേയ്ക്കയക്കും

അവിടെയജ്ഞതതമസ്സുകത്തി വിവേകനാളങ്ങൾ തെളിയും

അവിടെ ബോധിമരച്ചോട്ടിൽ കാക്കകൾ

വർണ്ണവിവേചനത്തോട് വിമോചനസമരക്കൊടികാട്ടി

യാഥാസ്തികമിത്തുകൾ തൻ എച്ചിൽ തൂക്കും,

അവിടെ മൗനങ്ങൾ തുടൽ പൊട്ടിച്ചെറിഞ്ഞോടി വാചാലഭ്രാന്തരാവും,

അവിടെയെൻ മൗനങ്ങൾ വീണുടയും,

നവോത്ഥാനമുത്തുകൾ പൊഴിയും ചിതറി വീഴും

ദൂരങ്ങൾ കാലങ്ങൾ ഹൃദയങ്ങൾ താണ്ടിയുരുണ്ട് നീങ്ങും,

അവിടെ കിളികൾ പുത്തനാകാശം തേടും,

അവിടെയശ്രുനദികൾ വരൾമരുഭൂവിൽ ധ്യാനിക്കും,

അവിടെ കാലങ്ങളായടച്ചിട്ട വാതിൽ തള്ളിതുറന്നടിമശബ്ദങ്ങൾ ചുവടിനായ് ചിലമ്പണിയും,

സ്വാതന്ത്ര്യധ്വനികളുറക്കെ മുഴങ്ങും.

അവിടെ മൗനാക്ഷരങ്ങൾ വീണുടഞ്ഞ്

ഭൂതകാലത്തേക്ക് വഞ്ചി കേറും,

അവിടെയെൻ വാക്കുകൾ കൊത്തിവയ്ക്കും,

അവിടെയെൻ സ്വാതന്ത്ര്യം വീണ്ടെടുക്കും.

 

 

Share :