Archives / february 2021

ഡോ. നീസാ, കൊല്ലം 
നീറുന്ന നോവുകൾ

 

ഓര്‍മകള്‍ ഉറങ്ങുന്ന
മൂവാണ്ടന്‍ മാവിന്‍ ചുവട്ടിൽ
ഒരുവട്ടം കൂടിയൊന്നു
തളര്‍ന്നിരുന്നൂ.
മധുരിക്കും പുളിക്കും
കയ്ക്കുമാ നിമിഷങ്ങൾ
വെറുതെ ഒന്നയവിറക്കാന്‍.
അറിയാതെ പുകയുന്ന
നെരിപ്പോടിനുള്ളില്‍
ഒന്ന് ചിക്കി ചിതയാന്‍
ഏറെയായി മനം തുടിച്ചു.
പലരും പലകുറി
പറഞ്ഞൊരു കഥയായ്
പകലു പോലെ
കണ്‍മുന്നില്‍ നിറഞ്ഞത്.
ഒന്നായി നിന്നതും
രണ്ടായി പിരിഞ്ഞതും
കാലം പരിഹസിച്ചതും
ഇന്നലെയെന്ന പോല്‍
മിന്നി മായുന്നു.
കൂട്ടിയും കുറച്ചും
ഹരിച്ചുമാ ദിനങ്ങള്‍
പലവട്ടം ഉള്ളില്‍
തികട്ടി തികട്ടി.
ഒടുവില്‍ കരിഞ്ഞൊരാ
സ്വപ്നങ്ങളൊക്കെയും
ചാരമായുള്ളില്‍
കുമിഞ്ഞുകൂടിയത്
കാറ്റില്‍ പറന്നിതാ മുന്നില്‍
നിഴല്‍ ചിത്രമായാടുന്നു!

Share :