Archives / july 2021

കുളക്കട പ്രസന്നൻ
ദേ എത്തിപ്പോയി ജനാധിപത്യയുത്സവം

കേരളം, പശ്ചിമ ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നീ 5 ഇടങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നതിൻ്റെ കാഹളം മുഴങ്ങി കഴിഞ്ഞു.  ആസാമിൽ മൂന്നു ഘട്ടവും പശ്ചിമ ബംഗാളിൽ എട്ട് ഘട്ടവും കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരു ഘട്ടവുമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് . പശ്ചിമ ബംഗാളിൽ 294 സീറ്റിലേക്കും പുതുച്ചേരിയിൽ 30 സീറ്റിലേക്കും തമിഴ്നാട്ടിൽ 234 സീറ്റിലേക്കും കേരളത്തിൽ 140 സീറ്റിലേക്കും ആസാമിൽ 126 സീറ്റിലേക്കും മത്സരം നടക്കുമ്പോൾ ആര് ഇവിടങ്ങളിൽ അധികാരത്തിൽ എത്തും എന്ന് വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനറിയാം. അതാണ് ജനാധിപത്യ ഉത്സവത്തിൻ്റെ പ്രത്യേകത.

 കേരളത്തിൽ എൽ ഡി എഫ് സർക്കാരും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണവും തമിഴ്നാട്ടിൽ എഐഡിഎംകെ ഭരണകൂടവും ആസാമിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുമാണ് നിലവിലുള്ളത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഭരണകക്ഷിയായ കോൺഗ്രസിൻ്റെ  എം എൽ എ മാരെ  രാജി വയ്പിച്ച് സർക്കാരിനുള്ള ഭൂരിപക്ഷം ഇല്ലാതാക്കി. കൂറുമാറ്റത്തിന്  നേതൃത്വം കൊടുത്തത് ബി ജെ പിയാണ്. ഇതൊക്കെ നടന്നത് ഈ അടുത്ത സമയത്താണ്. പുതുച്ചേരിയിൽ ഇപ്പോൾ രാഷ്ട്രപതി ഭരണമാണ്.

 കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. കേരളത്തിൽ യുഡിഎഫ് , എൽ ഡി എഫ് , എൻ ഡി എ മുന്നണിയും തമിഴ്നാട്ടിൽ ഡിഎംകെ സഖ്യവും എ ഐ ഡി എം കെ സഖ്യവും കമലഹാസൻ്റെ പാർട്ടിയും പശ്ചിമ ബംഗാളിൽ ഇടതും കോൺഗ്രസും ചേർന്നും തൃണമൂൽ കോൺഗ്രസും ബിജെപിയും മത്സര രംഗത്ത് വാശിയോടെ നിലയുറപ്പിക്കുമ്പോൾ മത്സരം തീപാറുമെന്നതിൽ സംശയമില്ല.

തെരഞ്ഞെടുപ്പ് രംഗം നിയന്ത്രിക്കാൻ സ്വതന്ത്രമായ ഭരണഘടനാവകാശങ്ങളോടെ 1950 ജനുവരി 25ന്നിലവിൽ വന്ന കമ്മീഷനുണ്ട്. ഇന്ത്യയിലെ മുഖ്യ തെരഞ്ഞെറായി ആദ്യം നിയമിക്കപ്പെട്ടത് സുകുമാർ സെന്നിനെയാണ്. 1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെ അദ്ദേഹം ആ പദവിയിലുണ്ടായിരുന്നു. പിൽക്കാലത്ത് കാണുന്ന തെരഞ്ഞെടുപ്പ് രീതികൾ സുകുമാർ സെന്നിൻ്റെ സംഭാവനയാണ്.  നാളിതുവരെയായി 23 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചുമതലയേറ്റിട്ടുണ്ട്. ആ പേരുകൾ കൂടി ഇവിടെ ചേർക്കുന്നു. കെ.വി.കെ. സുന്ദരം, എസ് പി സെൻവർമ, നാഗേന്ദ്ര സിങ്, ടി സ്വാമിനാഥൻ, എസ് എൽ ശക്ധർ, ആർകെ ത്രിവേദി, ആർ വി എസ് പെരിശാസ്ത്രി, വി എസ് രമാദേവി, ടി.എൻ ശേഷൻ, ഡോ.എം.എസ് ഗിൽ, ജെഎം ലിങ്ദോ, ടി.എസ്.കൃഷ്ണമൂർത്തി , ബിബി oണ്ടൻ, എൻ. ഗോപാലസ്വാമി, നവീൻ ബി ചൗള, എസ് വൈ ഖുറേഷി, വി എസ് സമ്പത്ത്, എച്ച് എസ് ബ്രഹ്മ , നസിം സെയ്ദി, എ.കെ.ജോതി, ഒ.പി. റാവത്ത്, സുനിൽ അറോറ . നിലവിൽ സുനിൽ അറോറയാണ് കേന്ദ്ര മുഖ്യ ഇലക്ഷൻ കമ്മീഷണർ.

ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന കാലഘട്ടം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏതൊരാളും ഓർക്കും. തെരഞ്ഞെടുപ്പ് ചെലവുൾപ്പെടെ കർക്കശ നിലപാടായിരുന്നു ടി.എൻ.ശേഷന്. 
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നാൽ ഭരണകൂടത്തിൻ്റെ നിഴലല്ലായെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയ മേധാവിയായിരുന്നു ആ കർമ്മനിരതൻ.

കേരളത്തിലേക്ക് വരാം. ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം പതിനഞ്ചാം നിയമസഭ തെരഞ്ഞെടുപ്പാണ് 2021 ഏപ്രിൽ 6 ന് നടക്കുന്നത്. 1957ലെ തെരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി. പിന്നീട് പട്ടം താണുപിള്ള, ആർ.ശങ്കർ, സി.അച്യുതമേനോൻ , കെ.കരുണാകരൻ, എ.കെ. ആൻ്റണി, പി.കെ.വാസുദേവൻ നായർ , സി.എച്ച്.മുഹമ്മദ് കോയ,  ഇ.കെ.നായനാർ, ഉമ്മൻ ചാണ്ടി, വി.എസ്.അച്യുതാനന്ദൻ , പിണറായി വിജയൻ എന്നിവർ മുഖ്യമന്ത്രിമാരായി. 1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി  സ്വതന്ത്രരുടെ പിന്തുണയോടെയാണ് അധികാരത്തിൽ വന്നത്. അതിനു ശേഷവും സഖ്യകക്ഷികൾ ഭരണത്തിൽ ഉണ്ടായിരുന്നു. 1967 ഓടെ  മുന്നണി സംവിധാനം രൂപപ്പെട്ടു. 1980 ഓടെ കേരളം ഇടതു, വലതു മുന്നണികളായി രാഷ്ട്രീയം മാറി. ഇപ്പോളത്  മൂന്നു മുന്നണി എന്ന നിലയിൽ കേരള രാഷ്ട്രീയം കാതോർക്കുന്നു. എങ്കിലും എൻ ഡി എ മുന്നണിക്ക് അനുകൂലമായ ഒരു സാഹചര്യം കേരള രാഷ്ട്രീയത്തിൽ പാകപ്പെട്ടിട്ടില്ല.

കേരളത്തിൽ 40,771 ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ വോട്ടു ചെയ്യാം. 80 വയസ്സിനു മുകളിൽ ഉള്ളവർക്ക് തപാൽ വോട്ടും ചെയ്യാം. പണ്ട് ഇലക്ഷൻ ഡ്യൂട്ടി ഉള്ളവർക്കായിരുന്നു തപാൽ വോട്ട്. കൊറോണക്കാലത്ത് 80 കഴിഞ്ഞ വയോജനങ്ങൾക്ക് ലഭിച്ച ഒരാനുകൂല്യം. 

ജനാധിപത്യം ശക്തമായി നിൽക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്. അതിനുള്ള ജനാധിപത്യ ഉത്സവത്തിൽ നമ്മൾ കടന്നു പോകുന്ന ഈ കാലം ശ്രദ്ധ വേണ്ടതാണ് എന്ന് ഓരോ പൗരനും ബോധം വേണം . കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്സിൻ എത്തി എന്നു കരുതി എല്ലാപേർക്കും നൽകാനുള്ള ഡോസ് എത്തിയിട്ടില്ല. അതോർമ്മ വേണം. 

കമൻ്റ്: ഏതൊരു ഉത്സവും വിജയിക്കുന്നത് നല്ലൊരു നാളേയ്ക്കുള്ള പ്രതീക്ഷകൾ പുലർത്തുമ്പോഴാണ്. ആ പ്രതീക്ഷ നാമ്പെടുക്കുന്നത് നല്ല ആശയങ്ങളിലൂടെയാണ്.

,

Share :