Archives / March 2021

കെ. അശോക് കുമാർ
കണ്ടൽ കാട്ടിലെ ഞണ്ടു പാറയിൽ ......

സുകേശന്, മാതാപിതാക്കൾ അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ,ആ പേരിട്ടത്. നുറുക്കിയാൽ ഉടൻ ഇരട്ടി കിളിർക്കുന്ന മുടി.

' കാടൻ' എന്നാണ് നാട്ടിൽ എല്ലാ പേരും വിളിക്കുന്നത്. സ്വഭാവം കൊണ്ടു മാത്രമല്ല; രൂപം കൊണ്ടും. ഉറക്കമുണർന്നാൽ ഉടൻ കുറച്ച് 'റം' ഉള്ളിൽ ചെന്നില്ലെങ്കിൽ കാടത്തമൊക്കെ കുടുതൽ പുറത്തുവരും.

ഇതൊന്നുമിഷ്ടപ്പെടാത്തതുകൊണ്ടാകാം , ഭാര്യ കല്യാണി പറയും :

"നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെയോർത്തെങ്കിലും ഇതൊക്കെ നിർത്തണേ "

'നിർത്തണേ ' എന്ന പ്രാർത്ഥനാ പ്രകാരത്തിൽ മനം നിറഞ്ഞു സുകേശൻ 

പറയും: ' നിന്റെ ആഗ്രഹം അങ്ങനെയെങ്കിൽ അങ്ങനെ തന്നെ".

വെള്ളത്തിലോ അന്തരീക്ഷത്തിലോ വരച്ച വര പോലെ ആ വാക്കുകൾ വിലയം കൊണ്ടേയിരുന്നു.

പക്ഷേ, ഭാവി കാലത്തെ പ്രതീക്ഷാനിർഭരമായ പ്രശാന്തതയോർത്ത് അവർ , പെട്ടെന്ന് ആലിംഗനബദ്ധരാകും. സുകശന്റെ കൈയിളക്കി

അടുക്കളയിലേക്ക് കുതറിയോടിയ കാല്യാണിയുടെ പിന്നാലെ ചെന്ന് സുകേശൻ ചോദിക്കും :

" നമുക്ക് ഒരു പത്രം വരുത്തിയാലോ ?"

"ആരാ വായിക്കുന്നേ ?''- കല്യാണിയുടെ ചോദ്യം.

"നിനക്ക് വായിക്കാനറിയാമല്ലോ "

സുകേശൻ ഓർമിപ്പിച്ചു.

"ഞാനതൊക്കെയെന്നേ മറന്നു. പിള്ളാര് ജനിച്ചതിൽ പിന്നെ ഞാനതൊന്നും നോക്കിയട്ടില്ല."- ഭാര്യ പറഞ്ഞു.

"അയൽപക്കത്തിലൊക്കെ രാവിലെ പത്രം വീഴുമ്പോൾ നമുക്കുമൊരു പൂതി. പത്രമെടുത്ത് റോഡരുകിൽ നിന്ന് നിവർത്തിയൊന്ന് വായിക്കണം."- സുകേശന്റെ ആഗ്രഹം.

 

"നിങ്ങൾ ചാനലുകൾ കാണൂ; എല്ലാ മതിലുണ്ട്."

കല്യാണി ഉദേശിച്ചു.

 

" അതല്ല; വായിക്കുമ്പോഴാണ് , അത് മറ്റുള്ളവർ കാണുമ്പോഴാണ് നമുക്കു മൊരു ഇതൊക്കെ വരുന്നത്."_ സുകേശന്റെ താത്ത്വിക വാചകമടി.

"തല്ക്കാലം നിങ്ങളൊന്നു പോയി പല്ലു തേക്കൂ... അത്രയും നല്ല കാര്യം ഞങ്ങൾക്ക് ചെയ്യു . "

കല്യാണിയുടെ അപേക്ഷ.

 

സുകേശനോട് അപേക്ഷയേപറ്റു . അതിനപ്പുറത്തേക്ക് പോയാൽ അയാൾ അലറും.

"നിന്റെ തന്തയാണോ നിനക്കും കൊച്ചുങ്ങൾക്കും ചെലവിന് തരുന്നത്"- ഈ വാചകം ചെവിയിൽ മുഴങ്ങുമെന്ന് കല്യാണിക്കറിയാം.

സുകേശൻ കാടുമൂടിയിൽ വിരൽ തഴുകി, മത്ത് പിടിപ്പിച്ച റമ്മിന്റെ തിമിർപ്പിൽ സ്വയം അശ്ലേഷിതനായി പറഞ്ഞു കൊണ്ടിരുന്നു :

" കല്യാണി , നീ ഭയങ്കര സുന്ദരിയാണ്. എങ്ങനെയാണ് നീ എന്നെ ഇഷ്ടപ്പെട്ടത് ?"

 

"ങ്‌ഹാ, നമ്മൾ ഒരുമിച്ച് അങ്ങ് ഇഷ്ടമായിപ്പോയതല്ലേ !

അന്ന് നിങ്ങൾ എനിക്ക് കാട്ടിത്തന്ന സ്വർണത്തിൽ ഉണ്ടാക്കിയ സർപ്പഫണത്താലി വല്ലാതെ ഞാനങ്ങ് മോഹിച്ചു പോയി. ഓർക്കുന്നുണ്ടോ ആ ദിനം ? 

പള്ളിപ്പിരിശം അഷ്ടമുടിക്കായലിലൂടെ ഒരു നക്ഷത്ര തുരുത്തു പോലെ ഒഴുകിപ്പോയ രാവ് ......

പെട്രോമാക്സ് ലൈറ്റിന്റെ വെളിച്ചത്തിൽ , തോരണവും തൊങ്ങലുകളും ചാർത്തി, ബാന്റ് മേളത്തിന്റെ അകമ്പടിയോടു കൂടി കൊച്ചു വളളങ്ങളുടെ നീണ്ട നിര ഘോഷയാത്രയായിപ്പോയ ആ രാവ്.

ആഘോഷ യാത്രയുടെ നടുവിൽ പ്രത്യേകം അലങ്കൃതമാക്കിയ മട്ടുപ്പാവിന്റെ മുകളിൽ ഉണ്ണിയേശു രൂപം.

മനോഹരമായ കാഴ്ച .

മനസ്സു തുടിക്കുന്ന താളമേളങ്ങൾ, എന്റെ കണ്ണിലും കാതിലും നിറയുന്നു. "

 

" നിനക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാനാകന്നൂ, കല്യണി?'' - അതിശയം കൂതി കാടൻ ചോദിച്ചു.

കല്യാണി ആവശത്തോടെ തുടർന്നു

" ഞാൻ കാത്തിരുന്നു , ആ, കണ്ടൽക്കാട്ടിലെ ഞണ്ടു പാറയിൽ . നിങ്ങൾ , ആ ഇരുണ്ട പടർപ്പുകൾക്കിടയിൽ വളരെ അബോധനായി എന്റെ അടുത്തെത്തി.

നിങ്ങൾ നിങ്ങളുടെ കാടു പോലുള്ള മുടി കുടഞ്ഞ് ആ സർപ്പ ഫണത്താലി ചരടിൽ കോർത്ത് എന്നെ അണിയിച്ചു. 

സ്വർണത്തിൽ തീർത്ത മനോഹരമായ താലി .

ആദ്യമായി സ്വർണം സ്വന്തമാക്കിയ നിമിഷം.

സർപ്പ ഫണത്താലിയായി.

കാടു പോലുളള മുടി കോതിയൊതുക്കി ചിരി വിടർന്ന മുഖവുമായി നിങ്ങൾ എന്നിൽ നിറഞ്ഞു . 

സർപ്പമുദ്ര കുത്തിയ താലിയിൽ ഞാനൊന്ന് ചുംബിച്ചു. നിങ്ങൾ എന്നെയും.

കണ്ടൽക്കാട്ടിലെ ഒരു ഞണ്ട് എന്റെ കാലിലെ കിണ്ണി വിരലിൽ കടിച്ചപ്പോഴാണ് ഞാൻ ഞ്ഞെട്ടിയുണർന്നത്.

 

പള്ളിപ്പിരിശവും ദൂരെപ്പോയി മറഞ്ഞിരുന്നു....

നിങ്ങളെ ഉണർത്താൻ ഞാൻ ഒരുപാട് പാടുപെട്ടിരുന്നു.

പക്ഷേ, എന്റെ കഴുത്തിലെ സർപ്പ ഫണത്താലി നിങ്ങളുടെ ഹൃദയമായിരുന്നു ; എന്റേയും . നിങ്ങൾ എന്നെ ഉപേക്ഷിച്ചില്ല. നമുക്ക് ജനിച്ച കുഞ്ഞിനു നിങ്ങൾ ജീസസ് എന്നു പേരിട്ടു."..... കല്യാണി പറഞ്ഞത്

കേട്ടുകൊണ്ടിരുന്ന സുകേശൻ, പക്ഷേ, ഉറക്കത്തിലേക്ക് സാവകാശം ലയിച്ചു കൊണ്ടിരുന്നു.

കപ്പ പുഴുക്കും എരിച്ചമ്മന്തിയും കട്ടൻ കാപ്പിയുമായി കല്യാണി സുകേശനെ ഉണർത്താൻ വന്നു. പക്ഷേ, അയാൾ വലിയ ഉറക്കത്തിലായി.

വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ അയാളുടെ ചുണ്ടുകൾ ചലിക്കുന്നുണ്ടായിരുന്നു.

"നിന്റെ അപ്പനു കൊണ്ടു കൊടുക്കു നിന്റെ കപ്പയും കാപ്പിയും " എന്നാണോ പറഞ്ഞതെന്ന് കല്യാണിക്ക് തോന്നി.

അയാൾ ഉടൻ ഉണർന്നില്ല. പക്ഷേ, അയാൾ ഉണർന്നത് ഇടയ്ക്കിടെ അഴിഞ്ഞാടാറുള്ള സുകേശനായിട്ടായിരുന്നു.

അയാൾ തെറി പറഞ്ഞു കൊണ്ടേയിരുന്നു. അയൽവാസികളായ , പത്രം വായിക്കുന്നവരെ, ഉറക്കെ ആക്ഷേപിച്ചു കൊണ്ടിരുന്നു, വെറുതേ.

ഇടയ്ക്കിടയ്ക്ക് തല കുത്തി നിന്ന് നിലവിളിച്ചു കൊണ്ട് എല്ലാറ്റിനോടുമുള്ള വെറുപ്പ് വ്യക്തമാക്കി ക്കൊണ്ടിരുന്നു.

" കൂടിച്ചാൽ വയറ്റിൽ കിടക്കണം" അയൽവാസി ദേഷ്യം മൂത്ത് വിളിച്ചു പറഞ്ഞു. 

 "വയറിനെക്കുറിച്ചെന്തെങ്കിലും അറിയുന്നവരോടല്ലേ 

പറയേണ്ടു"

അയൽവാസിയുടെ മുമ്പിൽ വച്ച് തനിക്കൊന്നുമറിയാത്തവനാണെന്ന് കല്യാണി പ്രഖ്യാപിച്ചത് ചില്ലറയൊന്നുമല്ല , സുകേശനിൽ കലിപ്പുണ്ടാക്കിയത്. അതും പത്രം വായിക്കാൻ അറിയാവുന്ന അയൽവാസിയുടെ മുന്നിൽ വച്ച് ....

 

അന്ന് കുടി വീണ്ടും കൂടി.

അയാളുടെ കാടൻ മുടിയെല്ലാം എഴുന്നേറ്റു നിന്നു . മൂക്കിൻ തുമ്പിലെ ബാക്കി ശുണ്ഠി കൂടി പുറത്തുവരും മുൻപ് അയാൾ ഉറക്കത്തിന്റെ ലഹരിയിൽ മുങ്ങിക്കഴിഞ്ഞിരുന്നു.

 

അയൽപക്കത്ത് പെട്ടെന്നൊരു ബഹളം . തുടരെ തുടരെ ശബ്ദ ചലനങ്ങൾ ... കല്യാണി ശ്രദ്ധിച്ചു.

പത്രം വായിക്കാൻ അറിയാവുന്ന ദമ്പതികളിൽ ലാത്തിചാർജു പോലൊരു ബഹളം .....

ശബ്ദ സാഗരത്തിനിടയിൽ വിലാസിനി അവളുടെ ഭർത്താവിനോട് ഉച്ചത്തിൽ

ചോദിക്കുന്നത് കല്യാണി കേട്ടു:

 

" നിങ്ങൾ , എന്റെ കഴുത്തിൽ ചാർത്തിയിരുന്നത് മുക്കു താലിയായിരുന്നൂ, അല്ലേ ?

വെറും മുക്ക് പണ്ടം !!!"

 

തറയിൽ പായ് പോലുമില്ലാതെ വാ തുറന്നുറങ്ങുന്ന സുകേശന്റെ കാടൻമുടി തഴുകിക്കൊണ്ടിരുന്ന കല്യാണി, പണ്ട് കണ്ടൽക്കാടിലെ ഞണ്ടു പാറയിൽ വച്ച് സുകേശൻ തനിക്കണിഞ്ഞ സ്വർണ സർപ്പ ഫണത്താലി തടവിക്കൊണ്ട് പറഞ്ഞു:

 

"എന്റെ കാടൻ

എത്ര സുന്ദരൻ!"

Share :