Archives / july 2021

കുളക്കട പ്രസന്നൻ
എങ്ങനെ ജീവിക്കും

ലോകമിന്ന് വലിയ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധി കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായതാണ്. അതുമൂലം ജനം ദാരിദ്ര്യത്തിലേക്ക്  തള്ളപ്പെട്ടു. അത് ഭരണാധികാരികൾ ശ്രദ്ധിക്കുന്നുണ്ടോ ? ഉണ്ടാവണമെന്നില്ല എന്നാണ് പല രാജ്യങ്ങളിലും നടക്കുന്ന സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്. യുദ്ധം, ഭരണകൂട അട്ടിമറികൾ എല്ലാം പഴയതുപോലെ തുടരുന്നു. അതു മറ്റ് രാജ്യങ്ങളിലെ പ്രശ്നങ്ങൾ എങ്കിൽ ഇന്ത്യയിൽ സംഭവിക്കുന്നത് എന്താണ്. കൊവിഡ് മഹാമാരിയുടെ മറവിൽ തൊഴിൽ നിയമങ്ങൾ, കാർഷിക നിയമങ്ങൾ ഒക്കെ കോർപ്പറേറ്റുകൾക്ക് പൂർണ്ണമായി അനുകൂലമാക്കുന്നു. അതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ വിഭജനവാദത്തിലൂടെ മതേതരത്വം എന്ന ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നു. ഇതിൻ്റെ മറ്റൊരു ദുരന്തം കൂടി നമ്മൾ കാണേണ്ടതുണ്ട്.

കാർഷിക ബില്ലിനെതിരെ ഇന്ത്യയിലെ കർഷകർ മൂന്നു മാസത്തോളമായി രാജ്യ തലസ്ഥാനത്തും മറ്റു കേന്ദ്രങ്ങളിലും പ്രക്ഷോഭത്തിലാണ്. ഇന്ത്യയുടെ നട്ടെല്ലായ കാർഷിക മേഖലയെ ചൂഷണം ചെയ്യാൻ കണ്ണും നട്ടിരിക്കുന്ന കോർപ്പറേറ്റുകൾക്ക് ഇതൊരു അവസരമാക്കി കൊടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കർഷക പ്രക്ഷോഭവുമായി കർഷകർ നിലക്കൊള്ളുമ്പോൾ കാർഷികവൃത്തിയിൽ കാലതാമസം വരും. ആ സാഹചര്യത്തിൽ രാജ്യത്ത് ഭക്ഷ്യ ദാരിദ്ര്യം വരും. അപ്പോൾ രക്ഷരുടെ വേഷത്തിൽ കോർപ്പറേറ്റുകൾ ശേഖരിച്ചു വയ്ക്കുന്ന ഭക്ഷ്യ വിഭവവുമായി രംഗ പ്രവേശം ചെയ്യും. ഇത്തരമൊരു കുതന്ത്രത്തിലൂടെ ജനങ്ങളെ കോർപ്പറേറ്റുകൾക്ക് അനുകൂലമാക്കുകയും പിന്നീട് കോർപ്പറേറ്റുകൾ ഭക്ഷ്യസാധനങ്ങളുടെ വിലക്കൂട്ടി മുതലെടുപ്പ് നടത്തുകയും ചെയ്യും. ഭൂമി കർഷകന് എന്നുള്ളത് കോർപ്പറേറ്റുകൾക്ക് എന്ന സ്ഥിതി ഇതോടെ വരും എന്ന് കോർപ്പറേറ്റുകളും കേന്ദ്ര സർക്കാരും കണക്കുകൂട്ടുന്നു. ഇതൊക്കെ വിലയിരുത്തുമ്പോൾ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ രണ്ടാം വരവ് ആണോയെന്ന് തോന്നിപോകും. 

മറ്റൊരു വിഷയവും ഇവിടെ കൂട്ടിച്ചേർക്കേണ്ടതുണ്ട്. അത് കഴിഞ്ഞ ഒരു വർഷമായി ആളുകൾ ശ്രദ്ധിക്കുന്ന ഒരു വിഷയമാണ്. ആ വിഷയം കൊവിഡ് ബാധിതരുടെ ദിനേനയുള്ള എണ്ണമാണ്. ഇപ്പോൾ അതിനേക്കാൾ ശ്രദ്ധിക്കുന്ന ഒന്നാണ് ഇന്ധന വിലവർദ്ധനവ്  . ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില സിലിൻഡർ ഒന്നിന് 50 രൂപ വർദ്ധിപ്പിച്ചു.ഒരു സിലിണ്ടറിൻ്റെ വില 719 രൂപ ഉണ്ടായിരുന്നിടത്ത് നിന്ന് 769 രൂപയായി. പെട്രോളിന് 100 രൂപയും ഡീസലിനു 90 രൂപയും .  വില ദിവസവും 34 പൈസ, 40 പൈസ വച്ച് കൂട്ടുകയാണ്.പലതുള്ളി പെരുവെള്ളം എന്ന സിദ്ധാന്തമാണ് എണ്ണക്കമ്പനികൾ സ്വീകരിച്ചു വരുന്നത്. ഇത്തരത്തിൽ ഇന്ധന  വില കൂട്ടുമ്പോൾ അതിന് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല. അല്ല, കേന്ദ്ര സർക്കാരിൻ്റെ കടിഞ്ഞാൺ കോർപ്പറേറ്റുകളുടെ കൈകളിലാണല്ലോ.

നമുക്കിങ്ങ് കൊച്ചു കേരളത്തിൻ്റെ കാര്യം നോക്കാം. ഇവിടം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. വിദേശത്തു തൊഴിൽ തേടിപ്പോയിരുന്നവർ നാട്ടിലേക്ക് അയച്ചിരുന്ന പണ തുട്ടുകൾ കൊണ്ടാണ് ലക്ഷകണക്കിന് ജീവിതങ്ങൾ രണ്ടറ്റം കൂട്ടിമുട്ടിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് 8 ലക്ഷത്തോളം പേർ കേരളത്തിൽ തിരിച്ചെത്തി. ജീവിത പ്രയാസങ്ങൾ ഏറിവരുന്ന ഒരു നാട്ടിൽ ഇന്ധന വിലവർദ്ധനവ് കാരണം നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുമ്പോൾ ജനം അന്തം വിട്ടു നിൽക്കുകയാണ്.   ഓരോ ദിവസവും തള്ളി നീക്കാൻ ബുദ്ധിമുട്ടുന്നു. 1980 കൾക്ക് മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് കേരള ജനത എത്തപ്പെടുമോ ? കൊവിഡ് വിതച്ച ദുരന്തത്തിനു മേൽ ഇന്ധന വിലവർദ്ധനവും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷിക വൃത്തിയിൽ ഉണ്ടാകുന്ന താഴ്ചയും ഭയാനകമാണ്. ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടി തെരഞ്ഞെടുത്ത കേന്ദ്ര സർക്കാർ എന്ന ചിന്ത കേന്ദ്ര ഭരണകൂടത്തിനു ഉണ്ടായാലെ രാജ്യത്തിൻ്റെ പുരോഗതി സാധ്യമാകു. ആ ചിന്ത കേന്ദ്ര സർക്കാരിന് ഉണ്ടാകുമോ എന്നറിയില്ല. എന്നാലും നമ്മൾ എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിന് ഉത്തരം തേടാം.

കമൻ്റ്: കുത്തകകളെ ആശ്ലേഷിക്കുകയും മറ്റുള്ളവരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുക എന്നത്  മഹാന്മാരുടെ പാതയല്ല. ഇവിടം ശുദ്ധീകരിക്കാൻ ലാഭേച്ഛയില്ലാതെ ഇറങ്ങുന്നവരാണ് മഹാന്മാരുടെ പാത പിന്തുടരുന്നത്.
 

Share :