പിന്നിൽ നിന്ന് കുത്തുന്ന സാഹിത്യ സാമൂഹ്യ നിയമങ്ങൾ.,, ..
ആദിമ കാലങ്ങളിൽ മലയാള സാഹിത്യത്തിന് ദ്രാവിഡ ഭാഷയുടെ മൂടുപടമുണ്ടായിരുന്നെങ്കിൽ ഇന്ന് ആ മൂടുപടമണിയുന്നത് രാഷ്ട്രീയ പാർട്ടികളാണ്. സാഹിത്യ ലോകത്തെന്നും ഭിന്നാഭിപ്രായങ്ങൾ കടന്നുവരാറുണ്ട്. പ്രപഞ്ചത്തിൽ നിറഞ്ഞു തുളുമ്പുന്ന ചൈതന്യമാണ് സാഹിത്യം. ഇന്നവിടെ പനിനീർപ്പുവിന്റ ദളങ്ങൾപോലെ പൂക്കൾ മൃദുവായ് വിടരുന്നില്ല. അതിലുപരി രാഷ്ട്രീയ പാർട്ടികളുടെ താല്പര്യമനുസരിച്ചു് വിതക്കുകയും കൊയ്യുകയും അവർ തന്നെ ഭക്ഷിക്കുകയും ചെയ്യുന്നു. ഈ കൂട്ടർ സാഹിത്യലോകത്തു് നടത്തുന്നത് ക്രൂരമായ ഒരു വിനോദമാണ്. അവിടെ വിരിയുന്നത് വോട്ടുകളാണ്. അത് കേരളത്തിൽ മാത്രമല്ല പ്രവാസികളെ ഒപ്പം നിർത്തി വോട്ടുപെട്ടി നിറക്കാൻ പല പേരുകളിൽ സംഘടനകളും രൂപപ്പെടുത്തിയിട്ടുണ്ട്. അവിടെയും കുത്തിനിറച്ചിരിക്കുന്നത് കോടിയുടെ നിറത്തിലാണ്. നിരവധി നൂറ്റാണ്ടുകളിലൂടെ വളർന്നുയർന്ന സാഹിത്യ രംഗത്ത് ഇന്ന് കണ്ടുവരുന്നത് ഉള്ളിലൊന്ന്, നാക്കിലൊന്ന്, കയ്യിലൊന്ന് ഇത്തരത്തിലാണ്. പ്രവാസി സാഹിത്യകാരന്മാരെയടക്കം പിന്നിൽ നിന്ന് കുത്തുന്നത് അക്കാദമി പുരസ്‌കാരങ്ങൾ മാത്രമല്ല ഇന്നുള്ള അനധികൃത നിയമനങ്ങളുമുണ്ട്. നമ്മുടെ അജ്ഞത ഇപ്പോൾ കുറെ തെളിഞ്ഞുവരുന്നില്ലേ?
1956 ആഗസ്റ്റ് പതിനഞ്ചിന് രൂപീകൃതമായ സാഹിത്യ അക്കാദമി തിരിവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ഉത്‌ഘാടനം ചെയ്തത് മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും വികസനത്തിനായിരിന്നു. അതിൽ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഗവേഷണ പഠനങ്ങൾക്ക് സഹായം ചെയ്യുക. 2021 ൽ വന്നുനിൽക്കുമ്പോൾ ആ ഗവേഷണം നടക്കുന്നത് ആനന്തരികരായ സാഹിത്യനിപുണന്മാർ തങ്ങളുടെ ജീവവായുവായ രാഷ്ട്രീയ വിശ്വാസപ്രമാണമാണ് നടപ്പാക്കുന്നത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റും റഷ്യയുടെ പിതാവുമായ ലെനിൻ
ബ്രിട്ടീഷ്‌കാരനായ കാറൽ മാർക്സ്, ഒപ്പം പുഷ്‌കിൻ, ദുർഗ്ഗനെവ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിച്ചാണ് വളർന്നത്. മോസ്‌കോയിൽ കുറെ വിദ്യാർത്ഥികൾ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തിയപ്പോൾ 15 വയസ്സുള്ള ലെനിനും അതിൽ അണിനിരന്നു. ആ രാത്രി ലെനിനെ സാർ ചക്രവർത്തിയുടെ പോലീസ് അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു. അതിനെതിരെ മഹാനായ സാഹിത്യകാരൻ ടോൾസ്റ്റോയ് രംഗത്ത് വന്നു. ഇന്ന് കേരളത്തിൽ കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ച റാങ്ക് ലിസ്റ്റിൽപ്പെട്ടവർക്ക് തൊഴിലില്ല. തൊഴിലുള്ളത് ചോദ്യപേപ്പർ അടിച്ചുമാറ്റി പരീക്ഷ എഴുതിയവനും, കൊടിപിടിച്ചവനും ബസ്സിന് കല്ലെറിഞ്ഞവനുമാണ്. ഇത് എന്ത് സാമൂഹ്യ നീതി? ഈ കോടിയുടെ നിറത്തിൽ കാലാകാലങ്ങളിലായി ചിലരൊക്കെ അക്കാദമി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ടല്ലോ. മറ്റ് ചിലർ പാർട്ടിയുടെ കോട്ടണിഞ്ഞു പദവികളിൽ ഇരിപ്പുണ്ടല്ലോ. ഇവരൊന്നും നാട്ടിൽ നടക്കുന്ന നീതിനിഷേധങ്ങൾ കാണുന്നില്ലേ? ഈ പാവം വിദ്യാർത്ഥികളുടെ ദീനരോദനങ്ങൾ കേൾക്കുന്നില്ലേ? എന്താണ് ഈ സാമൂഹ്യ അനീതിക്കെതിരെ അവരുടെ മദ്ധ്യത്തിലേക്ക് ഇറങ്ങി വരാത്തത്?
ഒരു വിദ്യാർത്ഥിയുടെ ലക്‌ഷ്യം പഠിച്ചു് അറിവ് നേടുക ഒരു തൊഴിൽ നേടുക കൂടിയാണ്. അതുപോലെ ഒരു സാഹിത്യകാരന്റെ, കവിയുടെ ലക്‌ഷ്യം ഒരു സർഗ്ഗ സൃഷ്ടിയിൽ അവസാനിക്കുന്നു. ആ സൃഷ്‌ടി സത്യങ്ങളെ, മൂല്യങ്ങളെ നിഷേധിച്ചുകൊണ്ടുള്ളതല്ല. അത് സത്യമെന്ന സൗന്ദര്യമാണ്. ആ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്നത് മനുഷ്യന്റെ ഉയർത്തെഴുനേൽപ്പിന്റ പടഹധ്വനിയാണ്. രാഷ്ട്രീയ പാർട്ടികൾ സാഹിത്യ അധികാര മേഖലകൾ അടക്കി വാഴുമ്പോൾ അതിനുള്ളിൽ അടിമകളെയും സൃഷ്ട്രിക്കുന്നു. അവർക്ക് തൻകാര്യം വൻകാര്യം. അവിടെ താത്കാലിക നിയമനം സ്ഥിര നിയമനമാകും. സാഹിത്യ രംഗത്ത് അധിക സംഭാവനകൾ ചെയ്യാത്തവർ പല വാതിലുകളിലൂടെ പുരസ്‌കാര ജേതാക്കളാകും. സർഗ്ഗധനരായ എഴുത്തുകാരെ സ്വദേശത്തും വിദേശത്തും അവഗണിക്കുമ്പോൾ അവരുടെ മൗനനൊമ്പരങ്ങൾ ആരും തിരിച്ചറിയുന്നില്ല. മലയാള ഭാഷയുടെ വികാസ ഭൂമികയിൽ രാഷ്ട്രീയം ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. കേരളത്തിൽ രാഷ്ട്രീയമുക്ത കലാസാഹിത്യം പുലരേണ്ടതുണ്ട്. കലാസാഹിത്യ രംഗത്ത് നീതിനിഷേധങ്ങൾ നടക്കുമ്പോൾ എഴുത്തുകാർക്ക് മുട്ടിലിഴയാൻ സാധിക്കില്ലല്ലോ. ലക്ഷങ്ങൾ കോഴ പണം വാങ്ങി ചില പ്രമുഖ നേതാക്കൾ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതുപോലെ ഒരു സർഗ്ഗപ്രതിഭ ഒരിക്കലും കോഴപണം കൊടുത്തു പുരസ്‌ക്കാരങ്ങൾ വാങ്ങാറില്ല. പലപ്പോഴും കണ്ടുവരുന്ന ഒരു പ്രവണത പ്രമുഖരായ ഏതാനം എഴുത്തുകാർക്ക് പുരസ്‌ക്കാരങ്ങൾ കൊടുത്തുകൊണ്ടാണ് മറ്റ് പലർക്കും പിൻവാതിൽ നിയമനംപോലെ കൊടുക്കുന്നത്. അതിന്റെ കാരണം പരാതികൾ കടന്നുവരാൻ പാടില്ല. ഇവിടെയാണ് എഴുത്തുകാരന്റെ ധാർമ്മികബോധമുണരേണ്ടത്. സാധാരണ കണ്ടുവരുന്നത് പുരസ്‌കാര നാളുകളിൽ ചില പൊട്ടലും ചീറ്റലുയുണ്ടാകുകയും അത് താനെ അണയുകയും ചെയ്യുന്നതാണ്. ഒരു സമഗ്ര അന്വഷണത്തിന് ആരും കോടതിയെ സമീപിക്കാറില്ല. അത് അധികാരികളെ കൂടുതൽ തൃപ്തിപ്പെടുത്തുന്നു.
ചില പ്രസാധകരിൽ അന്തർലീനമായികിടക്കുന്ന കാൽപ്പനിക സ്വപ്നങ്ങൾ പൂവണിയുന്നത് മറ്റാരുമറിയാറില്ല. നമ്മുടെ റാങ്ക് ലിസ്റ്റ് പരീക്ഷ പോലെ അവാർഡിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങൾ സർക്കാർ പുരസ്‌കാരങ്ങൾ വാങ്ങാത്ത ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാൽ സൂഷ്മവും മുർത്തവുമായ യാഥാർഥ്യങ്ങൾ കണ്ടെത്താൻ സാധിക്കും. അതല്ലെങ്കിൽ ചക്കരയിൽ പറ്റിയ ഈച്ചപോലെ രാഷ്ട്രീയ ചക്കരമധുരം പുസ്തകങ്ങളിൽ പറ്റിപിടിച്ചിരിക്കും. ഇതിനൊക്കെ ഓശാന പാടാൻ കുറെ മാധ്യമങ്ങളുമുണ്ട്. ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ തണലിൽ എഴുത്തുകാരായി രംഗപ്രവേശനം നടത്തുന്നവർ ധാരാളമാണ്. അതിനുള്ള എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ചാൽ 1990 -95 മുതൽ നടത്തിയിട്ടുള്ള പുരസ്‌കാര, പദവി പട്ടികകൾ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാൽ മതി. സാഹിത്യ രംഗം ഇവർ എത്രമാത്രം മലീനസമാക്കിയെന്നും കോപ്പിയടിച്ചു റാങ്ക് ലിസ്റ്റിൽപ്പെട്ടതുപോലെ എത്ര പേർ സാഹിത്യരംഗത്തു് വന്നുവെന്നും മനസ്സിലാകും. സാഹിത്യ രംഗത്ത് മറ്റൊരു പുരോഗതികൂടി കൈവന്നിട്ടുണ്ട്. മുൻകാലങ്ങളിൽ ഒരു സാഹിത്യസൃഷ്ഠി സാംസ്കാരിക സ്ഥാപനത്തിൽ കൊടുത്താൽ അത് യോഗ്യമെങ്കിൽ അവർ പ്രസിദ്ധികരിക്കും. ഇല്ലെങ്കിൽ അറിയിക്കും. മുൻകാലങ്ങളിൽ രാഷ്ട്രീയപാർട്ടികളിലുള്ളവർ സാഹിത്യ രംഗത്തുള്ളവർക്ക് സംരക്ഷകരായി വന്നിട്ടില്ല. ഇന്ന് സങ്കീർണമായിരിക്കുന്നു. അപ്പോൾ ഒരു ചോദ്യം കടന്നുവരും. ഞാൻ എന്തിന് ഈ കാക്ക ഓട്ടകലത്തിൽ നോക്കുന്നതുപോലെ നോക്കുന്നു. അതിനുള്ള മറുപടി. 2016 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്റെ "സർദാർ പട്ടേൽ" എന്ന ജീവചരിത്രം കോൺട്രാക്ട് സൈൻ ചെയ്തു. ഇന്നുവരെ അതിറങ്ങിയില്ല. അവിടെ ഒരു വിദേശ സ്ത്രീ മാസങ്ങൾക്കുള്ളിൽ പുസ്തകം പുറത്തിറക്കിയത് ഒരു രാഷ്ട്രീയക്കാരന്റെ ഒത്താശയിലെന്ന് ഞാനറിഞ്ഞു. ഇന്ന് തള്ളലിന്റ് കാലമാണല്ലോ. അദ്ദേഹം കരുതിയത് ഉന്തിനൊപ്പം ഒരു തള്ള് ഇരിക്കട്ടെ. ഇത് എന്തൊരു മറിമായം?
മുൻകാലങ്ങളിൽ ജന്മി - നാടുവാഴി ഭരണമെങ്കിൽ ഇന്നത് പേര് മാറി അധികാരമുതലാളിമാരുടെ ഏകാധിപത്യ ജനാധിപത്യമായിരിക്കുന്നു. വോട്ടുപെട്ടി നിറക്കാൻ ജാതിമതങ്ങളെ കുട്ടുപിടിച്ചു് ജനങ്ങളെ വിഭജിച്ചുനിർത്തി ചുഷണം ചെയ്യുന്ന നിലയിലേക്ക് മാത്രമല്ല അവരെ വർഗ്ഗ സമരത്തിന് പ്രേരിപ്പിക്കുന്നു. മലയാളിയുടെ സമ്പന്നമായ സാംസ്കാരിക മുഖത്താണ് ഈ കൂട്ടർ കരിവാരിത്തേച്ചിരിക്കുന്നത്. സർഗ്ഗധനരായ എഴുത്തുകാർ ഒരിക്കലും ഭീരുക്കളല്ല. ഭീരുക്കളായവർ കുമാരനാശാൻ, പൊൻകുന്നം വർക്കി, കേസരി ബാലകൃഷ്ണപിള്ള, തോപ്പിൽ ഭാസി തുടങ്ങി ധാരാളം മണ്മറഞ്ഞ നമ്മുടെ മഹാന്മാരെ കണ്ടുപഠിക്കണം. ഒരിക്കൽ വർക്കിയോട് ചോദിച്ചു. "മതമേധാവികളെ നിങ്ങൾ കരിവാരി തേക്കുന്നുവെന്ന പരാതിയുണ്ട്". അതിന് വർക്കി ധീരവും ശക്തവുമായ മറുപടി കൊടുത്തു. "ഹേയ് അത് ഞാൻ തേച്ചതല്ല. അത് അവരിലുള്ളതാണ്". ഇന്നുള്ള എത്രപേർക്ക് അതിന് കഴിയുന്നു? ഇന്ന് ഈ കരി പുരണ്ടിരിക്കുന്നത് ആരുടെ മുഖത്താണ്. സത്യം പറയുന്നവരെ അസഹിഷ്ണതയോടെ കാണുകയും സൈബർ ഗുണ്ടകളെ സോഷ്യൽ മീഡിയയിൽ ഇറക്കിവിട്ട് വ്യക്തിഹത്യ നടത്തിയാൽ ഉരുകി കിയൊലിച്ചുപോകുന്നവരോ അല്ല ശക്തരായ സർഗ്ഗ പ്രതിഭകൾ.
വഞ്ചനയും പിൻവാതിൽ നിയമനങ്ങളും സാമൂഹ്യവ്യവസ്ഥിയുടെ സമത്വം തകർക്കുന്നതാണ്. ഉദ്യോഗാര്ഥികളോടെ പ്രതികാരം ചെയ്യുന്നതുപോലെ പ്രതിഭാധനരായ എഴുത്തുകാരെ പുരസ്കാരങ്ങളിൽ നിന്ന്പോലും ഒഴുവാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. സാഹിത്യ സാംസ്കാരിക രംഗ൦ ജീർണ്ണതയുടെ പടവുകൾ ചവിട്ടാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറേയായി. ചോദിക്കേണ്ടവർ ചോദിക്കുന്നില്ല. അവരെല്ലാം മൗനികളാണ്. പി.എസ്.സി യുടെ റാങ്ക് ലിസ്റ്റുപോലെ എന്ത്‌കൊണ്ടാണ് സർക്കാർ പുരസ്‌കാരങ്ങൾ, പദവികൾ കൊടുക്കുമ്പോൾ ആ രംഗത്തുള്ളവരുടെ ഭാഷ -സാഹിത്യ സംഭാവനകൾ മുഖവിലക്ക് എടുക്കാത്തത്? രാഷ്ട്രീയ പാർട്ടികളുടെ കോട്ടയ്ക്കുള്ളിൽ പാർക്കുന്നവർ മാത്രം പുരസ്‌കാരങ്ങളും പദവികളും വാങ്ങിയാൽ മതിയോ? പ്രവാസികളോട് കാട്ടുന്ന ചിറ്റമ്മ നയം എന്തുകൊണ്ട് പ്രവാസി എഴുത്തുകാരോട് കാട്ടുന്നു? എന്തുകൊണ്ട് അവർ അർഹിക്കുന്ന പദവികൾ, പുരസ്‌കാരങ്ങൾ നൽകുന്നില്ല? മലയാള ഭാഷക്ക്, സാഹിത്യത്തിന് എന്ത് പാർട്ടി? എന്ത് മതം? ഒരു പാർട്ടിയിലുമില്ലാതെ പതിറ്റാണ്ടുകളായി സാഹിത്യ സേവനം ചെയ്യുന്ന സാഹിത്യകാരന്മാരുടെ, കവികളുടെ ഹ്ര്യദയ നൊമ്പരങ്ങൾ എന്തുകൊണ്ട് കാണുന്നില്ല? അവരുടെ ബലഹീനത, പോരായിമ പാർട്ടി മെമ്പർ ആകാത്തതാണോ? രാഷ്ട്രീയ പാർട്ടികളെ ഊട്ടിവളർത്തുന്ന സർഗ്ഗ പ്രതിഭകൾ ഭാഷ ചൈതന്യം തകരാതിരിക്കാൻ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ദുഷ് പ്രവണത തൂത്തുമാറ്റാൻ മുന്നോട്ട് വരണം. സാഹിത്യഭാഷയുടെ,
പുരസ്‌കാരങ്ങളുടെ മൂല്യം നിർണ്ണയിക്കേണ്ടത് രാഷ്ട്രീയപാർട്ടികളുടെ വക്താക്കളല്ല. ഈ വക്രതയുടെ സൗന്ദര്യം എന്നാണ് അവസാനിക്കുക? സാഹിത്യലോകത്തു് സമഗ്രമായൊരു നവോത്ഥാനം, രാഷ്ട്രീയ മുക്‌ത സാഹിത്യ൦ സാഫല്യമടയുമോ? അതോ സാഹിത്യലോകത്തുള്ളവർ നിരാലംബരായ ഉദ്യോഗാർത്ഥികളെപോലെ കോടതി കണ്ണുതുറക്കണമെന്ന് പറയണമോ? (