Archives / february 2021

 ദിവ്യ സി ആർ
മൗനമേഘങ്ങൾ പെയ്തൊഴിയുമ്പോൾ...

 മഴ !

അതിന്റെ പൂർണ്ണതയിലേക്കെത്തിയ ദിവസം തന്നെ ഒരു യാത്രയ്ക്കായി തിരഞ്ഞെടുത്തതും ചിലപ്പോൾ നിയോഗം മാത്രമാകാം. മഴയെ പ്രണയിച്ചവൾ പ്രണയിച്ചവനെ തേടിയിറങ്ങുമ്പോൾ മഴയ്ക്ക് കൂട്ടുവരാതെ തരമില്ലല്ലോ..

  നിന്നെത്തേടി ഒരിക്കലും വരില്ലെന്ന് ഞാനുറപ്പ് നൽകിയിട്ടും, ആദ്യമായി ജീവിതത്തിൽ വാക്ക് തെറ്റിക്കുന്നതിൻെറ ആത്മവേദന മുള്ളുകളായി കുത്തിയിറങ്ങുമ്പോഴും നിന്നെ തിരഞ്ഞുവരാൻ എന്നെ പ്രേരിപ്പിച്ച സ്നേഹത്തിൻെറ ആഴം ഒരു പക്ഷേ നിനക്ക് മനസിലാവില്ല.

അപ്രതീക്ഷിതമായൊരു പരിചയപ്പെടൽ. നവമാധ്യമങ്ങളിലെ സൗഹൃദങ്ങളിൽ ആരോ പങ്കുവച്ച എൻെറ കവിതയുടെ ചുവടുകൾ തേടിയുള്ള നിൻെറ യാത്ര അവസാനിച്ചത് എൻെറ സൗഹൃദപ്പട്ടികയിലായിരുന്നു. നീ ക്ഷണിച്ച നിമിഷം നിന്നെ അവഗണിക്കുമ്പോൾ നിൻെറ കണ്ണുകളിലെ അഭൗമമായ വെളിച്ചം, തിരസ്ക്കരിക്കാനനുവദിക്കാതെ എന്നോടു ചേർത്തു. 

നിൻെറ വാക്കുകൾക്കായി കാത്തിരുന്ന നിമിഷങ്ങൾ..

എന്നിൽ ജന്മജന്മാന്തരബന്ധം പോലെ നിറഞ്ഞൊഴുകിയ നിൻെറ വാക്കുകൾ..

നീ നിറച്ചു വച്ച സ്വപ്നങ്ങൾ..

സൗഹൃദത്തിൻെറ വേലിക്കല്ലുകൾ പൊട്ടിച്ച് പ്രണയത്തിലേക്ക് കടന്നത്  ആരാണ്..

ഏകാകിനിയായി കൗമാരം താണ്ടിടുമ്പോൾ ദൂരെ വയൽക്കാറ്റിൽ നിന്നും പ്രണയാർദ്രമായി തഴുകി വന്ന കാറ്റിന് പോലും നിൻെറ ശബ്ദമായിരുന്നു. എന്നെ പിടിച്ചു നിർത്തി നനയ്ച്ചുപൊയ്ത പുതുമഴയ്ക്ക് നിൻെറ ഗന്ധമായിരുന്നു..!

    പൂക്കളോടും ശലഭങ്ങളോടും ഋതുക്കളോടും എനിക്കുണ്ടായിരുന്നത് വെറും ഇഷ്ടങ്ങൾ മാത്രമായിരുന്നുവെന്നും മനുഷ്യന് മനുഷ്യനോട് തോന്നുന്ന, ഒരേ സമയം രണ്ടുപേർക്ക് തോന്നുന്ന അനിർവചനീയമായ സ്നേഹവികാരവായ്പാണ് പ്രണയമെന്നും ഞാൻ പഠിച്ചത് നിന്നിൽ നിന്നായിരുന്നു. സ്നേഹത്തിന് മാത്രം നീ യാതൊരു പിശുക്കും കാണിച്ചില്ല. എങ്കിലും രണ്ട് ദേശങ്ങളിലിരുന്ന് അഗാധമായി പ്രണയിച്ച നമ്മളിൽ എനിക്ക് മാത്രമാണ് നിന്നെ നേരിട്ട് കാണണമെന്ന് തോന്നിയത്. നിനക്കും തോന്നിയിട്ടുണ്ടാവാം..

സദാചാര കാരമുള്ളുകൾ ഭയന്ന് നീ മറച്ചതാണെന്നുതന്നെ ഞാനിന്നും വിശ്വസിക്കുന്നു. നിന്നെ കാണണമെന്ന എൻെറ വാശിയിൽ മൗനത്തിന്റെ നിഗൂഢതകൾ സമ്മാനിച്ച് നീ പടിയിറങ്ങുമ്പോൾ എൻെറ ഹൃദയം ആഴത്തിലാഴത്തിൽ മുറിവേൽക്കപ്പെടുകയായിരുന്നു. എങ്കിലും നിന്നെ തിരഞ്ഞു വരുവാനും എന്തിനേറെ ഒന്ന് മിണ്ടുവാൻ പോലും ആത്മാഭിമാനം സമ്മതിച്ചില്ല. 

    വർഷങ്ങൾക്ക് ശേഷമുള്ള ഈ വരവ് നിനക്ക് അത്ഭുതവും ആശ്ചര്യവും ഒരുപോലെ സമ്മാനിച്ചേക്കാം. മറന്നു വെന്ന് പറഞ്ഞ് പരസ്പരം പറ്റിക്കുകയായിരുന്നില്ലേ നമ്മൾ. മറന്നു വെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ച് അകലങ്ങളിലേക്ക് മറയുവാൻ ബദ്ധപ്പെട്ടവർ. ദൂരേയ്ക്ക് ദൂരേക്ക് പോകുന്തോറും എന്നെ നിന്നിലേക്ക് വലിച്ചടിപ്പിക്കുന്ന ആവേശത്തെ പ്രണയമെന്നല്ലാതെ മറ്റെന്താണ് ഞാൻ വിളിക്കേണ്ടത്..?

         നീണ്ട യാത്ര അവസാനിച്ച് ഞാൻ നിനക്കരുകിലേക്കെത്തുകയാണ്. നിൻെറ ഓഫീസിലെ വിസിറ്റേഴ്സ് റൂമിലിരിക്കുമ്പോൾ അകാരണമായൊരു വിറയൽ എന്നെയും കടന്നു പോകുന്നുണ്ട്. നിശബ്ദമായ ഭംഗിയായി അലങ്കരിച്ച മുറിയിലേക്ക് ശാന്തമായി അവൻ കടന്നു വന്നു. ഞാനിരുന്ന ടേബിളിൻെറ എതിർവശത്തെ കസേരയിൽ എനിക്ക് അഭിമുഖമായി അവനിരുന്നു. എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്തോറും ചുണ്ടുകൾ വാക്കുകൾ കിട്ടാതെ പിന്മാറി. എങ്കിലും കണ്ണുകൾ രണ്ട് മൗനമേഘങ്ങൾ പെയ്തൊഴിയാനൊരുങ്ങും പോലെ .. 

"ഞാൻ കാത്തിരിക്കുകയായിരുന്നു."

"എന്തേ നീ വൈകി ?"

നിനക്കും വരാമായിരുന്നില്ലേ.."

"നീയും നിൻെറ കുടുംബവും എനിക്കത്രമേൽ പ്രീയപ്പെട്ടതാണ്."

മൗനം നിറഞ്ഞ ഹൃദയങ്ങൾ ശബ്ദമില്ലാതെ വാക്കുകൾ കൈമാറി. 

അവനെന്നും യാഥാർത്ഥ്യങ്ങളിൽ ജീവിച്ചു. ജീവിക്കുന്നു. 

താനോ..?

എന്നെന്നും ഭാവനകളിലും. 

തിരിച്ചു വരവ് വൈകിയാൽ മുളപൊട്ടുന്ന ആയിരം ചോദ്യങ്ങൾക്ക് നേരെ മനസ്സ് ഉണർന്നപ്പോൾ ഞാൻ എഴുന്നേറ്റു. യാത്ര പറയാതെ , തിരിഞ്ഞു നോക്കാതെ നടന്നകന്നു.

പിൻവിളിയുണ്ടാവില്ലെന്നറിയാം..!

 എങ്കിലും ഹൃദയം കനപ്പിച്ച ഭാരം പുറത്ത് പെയ്യുന്ന മഴയിൽ നനഞ്ഞൊഴുകുന്നതുപോലെ...

Share :