Archives / february 2021

ഫില്ലീസ് ജോസഫ്
ഒരു ട്രാൻസ്പോർട്ട് ബസ് യാത്രയുടെ ഓർമ്മയ്ക്ക്.....( ഓർമ്മച്ചില്ലകൾ പൂത്തപ്പോ

കലാലയരാഷ്ട്രീയത്തിലെ മുന്നണിപോരാളിയും സർവ്വോപരി ലിനിചേച്ചിയുടെ സഹപാഠിയുമായ സിനോജണ്ണന്റെ പ്രണയ ദൂതുമായിട്ടാണ് അവർ നവ്യയുടെ അടുത്തേയ്ക്ക് വന്നിരുന്നത്. പറഞ്ഞും ചിരിച്ചും കത്തുകൾ കൈമാറിയും ലിനിചേച്ചിയുടെ സഹായത്തോടെ നവ്യയും സിനോജും പരസ്പരം അടുത്തു. ചിലപ്പോൾ ഒരുമിച്ച് നിൽക്കുമ്പോളാവാം നവ്യ അപ്രത്യക്ഷയാവുന്നത്. അമ്പരന്ന് ചുറ്റും തിരിഞ്ഞ് നോക്കുമ്പോൾ അവർ ചിരിച്ച് സംസാരിച്ച് നടന്നു പോവുന്നത് കാണാം.

വീണ്ടും ഞാൻ ലൈബ്രറിയിലേക്കും പ്രയർഗ്രൂപ്പിലേക്കും ശ്രദ്ധ തിരിച്ചു. ഒരിക്കലും നവ്യയുടെ സിനോജണ്ണൻ അവളെ എന്നോട് തിരഞ്ഞു വന്നിട്ടില്ല. ലിനി ചേച്ചി വഴിയാണ് എല്ലാ ആശയവിനിമയങ്ങുളും നടന്നുവന്നിരുന്നത്.

  നവ്യയുടെ ചിരിയിൽ പ്രണയത്തിന്റെ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്. അവൾ എന്നോട് സിനോജിനെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്." പാവമാണെന്ന് തോന്നുന്നു. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. വീട്ടിലൊന്നും സമ്മതിക്കില്ലെടീ. എന്നാലും അയാൾക്ക് ഒരു സന്തോഷമാവുമല്ലോ. പുറകെ നടക്കുന്ന കുറേ കോന്തൻമാരിൽ നിന്ന് ഞാൻ തല്ക്കാലം രക്ഷപ്പെടുകയും ചെയ്യും"

"ഒരുമിച്ചിങ്ങനെ നടക്കുന്നത് കാണുന്ന നിങ്ങളെ അറിയാവുന്നവർ എന്ത് പറയും നവ്യ". ഞാൻ പേടിയോടെ ചോദിച്ചു. അവൾ ചിരിച്ചു. "പറയുന്നവർ പറയട്ടെ", നീ എന്ത് പറയും"? ഞാൻ ഞെട്ടി. എന്നിട്ട് ഒന്നും പറയാതെ ഓവർ കോട്ടും കൈയ്യിലെടുത്ത് കെമിസ്ടിലാബിലേക്ക് നടന്നു. അവൾ എന്റെ പിറകെ ഓടിയെത്തി . "വിട്ടു കളയെടീ ..ഇതൊക്കെ ചുമ്മാതല്ലേ. ഒരു കൂട്ട്....അത്രേയുള്ളു." "അപ്പോ ഞാനോ" എനിക്ക് സങ്കടം വന്നു.  "നീ എന്റെ ചങ്കല്ലേ" നവ്യ എന്നെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു 

അക്കരെയപ്പച്ചന് അസുഖവും വേദനയും വല്ലാതെ കൂടിയ സമയമായിരുന്നു അത്. ഞാൻ ഇടയ്ക്കിടെ ക്ലാസ് മുടക്കി അപ്പച്ചന്റെ അടുത്തിരുന്നു.  അപ്പോഴൊക്കെ നവ്യയാണ് എനിക്ക് നോട്ട് സ് എഴുതി തന്നിരുന്നതും സയൻസ് റെക്കോഡ്സ് ഒപ്പിടുവിച്ച് സൂക്ഷിച്ചതുമെല്ലാം . പൊടുന്നനേ ഉണ്ടായ അപ്പച്ചന്റെ മരണം ഞാൻ അവളെ അറിയിച്ചതുമില്ല. ഇന്നത്തെപ്പോലെ മൊബൈൽ ഫോണുകൾ അത്ര എളുപ്പത്തിൽ കിട്ടാത്തൊരു കാലം കൂടിയായിരുന്നു അത്

പക്ഷേ മരണവാർത്ത അവളറിഞ്ഞു. അക്കരെ വീടുമായുള്ള എന്റെ തീവ്രമായ ആത്മബന്ധം അറിയാവുന്ന നവ്യ സ്ഥല മറിയില്ലെങ്കിലും പുറപ്പെടുകയായിരുന്നു അവളെ ഒറ്റയ്ക്ക് ഇത്രയും ദൂരം തനിച്ച് വിടാനാവാതെ സിനോജണ്ണനും കൂടെ കൂടി. അന്നത്തെ പ്രണയങ്ങൾക്ക് ഒരുമിച്ചൊരു യാത്രയൊക്കെ അപൂർവ്വമാണല്ലോ....

ട്രാൻസ്പോർട്ട് ബസുകൾ മാത്രമുള്ള ഒരു സ്ഥലമാണിത്.

വഴി വന്നു അവസാനിക്കുന്നത്  കായൽക്കരമുനമ്പിലും. വന്ന വഴി തിരികെ പോവുകയല്ലാതെ മറ്റു മാർഗമില്ല. അവസാന ട്രിപ്പ് വണ്ടിയും ഡ്രൈവറും കണ്ടക്ടറും  'കുതിരമുനമ്പി'ൽ തന്നെയാവും രാത്രി കഴിച്ചുകൂട്ടുക. പിറ്റേന്ന് വെളുപ്പിന് തിരികെ കുണ്ടറ മുക്കട വഴി കൊല്ലത്തേയ്ക്ക് പോവുകയും ചെയ്യും.  നല്ല തിരക്കുള്ള ബസിലാകട്ടെ ഈ നാട്ടുകാരല്ലാതെ ആരും ബസിൽ കയറുകയുമില്ല .ഈ വഴി വരികയുമില്ല. ബന്ധുത്വമൊക്കെയെടുക്കുന്നത് അടുത്ത സ്ഥലങ്ങളിൽ നിന്നായതിനാൽ പുറത്ത് നിന്ന് പരിചയമില്ലാത്തൊരാൾ ബസിലുണ്ടായാൽ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും ചെയ്യും.

നവ്യയ്ക്കും സിനോജിനും ഇതൊന്നുമറിയില്ലല്ലോ! സ്വാഭാവികമായും ഒരേ സീറ്റിൽ തൊട്ടുരുമ്മിയാവും അവർ വന്നതെന്ന് ഞാൻ ഊഹിച്ചത് അപ്പച്ചനെ പള്ളി സെമിത്തേരിയിൽ അടക്കി മടങ്ങുന്ന വഴിയിൽ നവ്യയെ നോക്കി അടക്കം പറയുന്ന താരാമ്മായിൽ നിന്നാണ്. ഇത്തരക്കാരിയാണോ നിന്റെ കൂട്ടുകാരിയെന്ന ചോദ്യത്തിന് മുന്നിൽ ഞാൻ പകച്ചു. 

അക്കരെയപ്പച്ചനെ പിരിഞ്ഞതിന്റെ വേദന തറച്ച ഹൃദയത്തെ വീണ്ടും കുത്തിനോവിക്കാൻ മാത്രമുള്ള മൂർച്ച അത്തരം ചോദ്യങ്ങൾക്ക് ഉണ്ടായിരുന്നു.

Share :