Archives / february 2021

മാത്യു പണിക്കർ
നഗ്നതയുടെ കനിവിൽ

നഗ്നത ഒരു പുതപ്പാണ്

ഒളിഞ്ഞിരിക്കാൻ ദാഹിക്കുന്ന വേശ്യക്ക്

അത് പുതപ്പു തന്നെയാണ്

 

അതിന്റെ ഇഴയടുക്കിൽ

പട്ടുനൂൽ പുഴുവിന്റെ കാഷ്ഠം  ഉണങ്ങിയിരിക്കുന്നു

ക്ഷണം മറ്റൊരുച്ഛിഷ്ടമാകാൻ പോകുന്ന അവളുടെ നിസംഗത പോലെ.

 

അതിന്റെ ചുളിവുകളിൽ നിഴലുകൾ

കിതക്കുകയും കിതപ്പിക്കുകയും ചെയ്യുന്നു

ഉപഭോക്താവിന് അഗോചരമായ

അവളുടെ ജീവിതത്തിന്റെ ഇരുളലകൾ പോലെ

 

അപരിചിതമായ നഖങ്ങളുടെ പാരുഷ്യം

പുതപ്പിൽ ആഴ്ന്നിറങ്ങുന്നു

കുഞ്ഞിന്റെ ആദ്യ പല്ലിന്റെ ആക്രാന്തം പോലെ

 

 

വിയർപ്പു ലാവയിൽ അത് നനയുന്നു

ഇടനിലക്കാരൻ വിറ്റു കളഞ്ഞ

അവളുടെ പിഞ്ചോമനയുടെ കിടക്ക പോലെ

 

 

ഒടുവിൽ..

 

സംതൃപ്തനായ ക്രേതാവിന്റെ

നിരർത്ഥകമായ അന്യേഷണത്തിനും വിടവാങ്ങലിനും

ചെവി കൊടുക്കാതെ

 

നഗ്നതയുടെ  പുതപ്പിനുള്ളിൽ

അതിന്റെ കനിവിൽ

അല്പം കൂടി ഒതുങ്ങി കൂടാൻ

അവൾ ആഗ്രഹിച്ചു പോകുന്നു.

Share :