Archives / july 2021

സി അശോകന്‍  റിട്ട.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍
ആധിക്യങ്ങളെ ചെറുത്ത്  സൂക്ഷ്മതകളിലേയ്ക്ക് ചരിക്കുന്ന കവിത...


 

മലയാള കവിത ബഹുസ്വരതയുടെ വലിയ പുസ്തകമായി മാറിയ സന്ദര്‍ഭത്തിലാണ് ഏകദേശം പതിനഞ്ചു വര്‍ഷത്തെ നെടിയ മൗനത്തിനു ശേഷം അസീം താന്നിമൂട് എന്ന കവി വീണ്ടും എഴുതിത്തുടങ്ങുന്നത്. 
അസീമിന്‍റെ കവിതകള്‍ പരിചയമുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ മൗനം ഒരു ശൂന്യമായ കടലാസുപോലെ അനുഭവപ്പെട്ടിട്ടുണ്ട്.അസാന്നിധ്യം കൊണ്ട് സാന്നിധ്യപ്പെടുന്നപോലെ ഒരു മൗനം പല വായനക്കാരെയും ബാധിക്കുക തന്നെ ചെയ്തു.കവിതയുടെ,കവിയുടെ വഴി അതി ദീര്‍ഘമാണ്.തനതായ ഒരടയാളം കവിതാ പുസ്തകത്തില്‍ പതിപ്പിക്കാന്‍ വലിയ കാലയളവിലെ പരിശ്രമം തന്നെ വേണം.ചിലരുടെ തിരോധാനം നമ്മെ വേദനിപ്പിക്കും.അവരെഴുതാതെ പോയ കവിതകളുടെ അസാന്നിധ്യം വലിയ നിരാശയുമുണ്ടാക്കും.അസീം തന്‍റെ മൗനത്തിന്‍റെ ഭാഷാരഹിതമായ ശൂന്യതയില്‍ നിന്നും വീണ്ടും കവിതയുടെ ലോകത്തേക്കു വന്നത് എന്നെപ്പോലുള്ള വായനക്കാരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മലയാള കവിതയുടെ നിറഞ്ഞ പുസ്തകത്തില്‍ ഒരൊഴിഞ്ഞ പുറം കണ്ടെത്താനുള്ള ശ്രമമായി കെ സച്ചിദാനന്ദന്‍ അസീമിന്‍റെ കവിതകളെ കാണുമ്പോള്‍ അതു നിഷേധിക്കാതെ തന്നെ കവിതയുടെ ബഹുസ്വരലോകത്ത് ഇയാള്‍ ഒരു സാന്നിധ്യമറിയിക്കലോ തന്‍റെ പേരില്‍ ഒരെഴുതിത്തീര്‍ക്കലോ മാത്രമാണോ ലക്ഷ്യമിടുന്നത് എന്ന ചോദ്യം  എന്നെ വന്നു കുത്തിനോവിക്കാറുണ്ടായിരുന്നു.
അതിനാല്‍ അസീമിന്‍റെ കവിത വീണ്ടും വീണ്ടും വായിച്ചു നോക്കിക്കൊണ്ടു മാത്രമേ അതിനുള്ള തീര്‍പ്പ് എനിക്കു കണ്ടെത്താന്‍ കഴിയുമായിരുന്നുള്ളൂ.അതിനാല്‍ അതു ചെയ്തു.ഗാഢമായ പാരായണം ആവശ്യപ്പെടുന്നതും ആധിക്യത്തിന്‍റെ ധാരാളിത്തത്തിന്‍റെ കെട്ടുകാഴ്ചകള്‍ക്ക് അകമ്പടിയാകുന്ന വാചാടോപങ്ങളുടെ നിഷേധത്തിന്‍റെ ഭാഷാ സാമ്പത്തിക ശാസ്ത്രമാണ് അസീമിന്‍റെ വാക്കുകളുടെ ലോകത്തെ രൂപപ്പെടുത്തുന്നത് എന്നും എനിക്കു മനസ്സിലാക്കാനായി.ഒരു വാക്കും അധികമാകാതെ,സ്ഥൂലതയുടെ പരപ്പിനെ ഒരുതരത്തിലും ലാളിക്കാതെ മിതത്വത്തിന്‍റേതായ ഒരുതരം ഗാന്ധിയന്‍ ഭാഷാശാസ്ത്രമാണ് അസീമിന്‍റെ കവിത പരുവപ്പെടുത്തി വെച്ചിരിക്കുന്നത് എന്നുതന്നെ തിരിച്ചറിയുന്നു.സ്വാഭാവികമായി മാര്‍ക്സിസ്റ്റു പാരമ്പര്യവുമായുളള ഇടതു രാഷ്ട്രീയ പ്രയോഗവുമായുള്ള കവിയുടെ ജീവിതബന്ധം കവിതയുടെ ദാര്‍ശനികാടിത്തറയെ നിര്‍ണ്ണയിക്കുന്നില്ലേ എന്ന ചോദ്യം ഉയര്‍ന്നു വരുന്നതും ഞാന്‍ കാണുന്നുണ്ട്.അതിന്‍റെ ഉത്തരം അയാളുടെ കവിത അതിവര്‍ത്തിക്കുവാന്‍ യത്നിക്കുന്നത്,മാറിനില്‍ക്കുവാന്‍ ഇച്ഛിക്കുന്നത് അര്‍ത്ഥത്തിന്‍റേയും ലോഭത്തിന്‍റേയും മുതലാളിത്ത വാഞ്ഛകളില്‍ നിന്നാണ് എന്ന ഉത്തരമാണ് 
എനിക്കു നല്‍കാനുള്ളത്.മാര്‍ക്സിസ്റ്റ് ലക്ഷ്യത്തിലേക്കുള്ള ഗാന്ധിയന്‍ വഴിയായി എഴുത്തു മാറുന്നത് നാം അറിയുന്നു.അത് സൂക്ഷ്മത്തിലേക്കുള്ള യാത്രയാണ്.സ്ഥൂലമായ അനുഭവ പരിസരങ്ങളുടെ ബിംബ സമുച്ചയങ്ങള്‍ നമ്മുടെ ബോധത്തെ മറയ്ക്കുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്ന സൂക്ഷ്മാനുഭവങ്ങളെ പ്രത്യക്ഷീകരിക്കാന്‍,സാക്ഷാല്‍ക്കരിക്കാന്‍ കൂടിയാണ് അസീം കവിതകള്‍ ശ്രമിക്കുന്നത്.അത് 'മണല്‍ത്തരി ശില്പം'എന്ന കവിത വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്.
``വേര്‍തിരിച്ചെടുക്കണം/കടല്‍ത്തീര മണലില്‍ നിന്നും/അനുയോജ്യമായ 
ഒരു തരി/കൊത്തണമതില്‍ 
കടലിന്‍റെ മനോഹരമായ 
ഒരു ശില്പം'...ഒരു മണല്‍ത്തരിയുടെ സൂക്ഷ്മ വിതാനത്തില്‍ കടലെന്ന മഹാപ്രതിഭാസത്തെ കൊത്തുകയെന്ന അസാധ്യതയെ സാധ്യമാക്കാനുള്ള യത്നമാണ് അസീമിനു കവിത.ഉത്തരാധുനികമായ വര്‍ത്തമാനകാലത്ത് കെട്ടുകാഴ്ചകളുടെ വര്‍ണ്ണപ്പൊലിമകള്‍ സ്ഥൂലവും പ്രതീതിപരവുമായ കാഴ്ചകള്‍ കൊണ്ട് മനസ്സിനെ മത്തുപിടിപ്പിക്കുന്ന കാലമാണിത്.ഹിന്ദുത്വ ഫാസിസത്തിന്‍റെയും മതതീവ്രവാദങ്ങളുടേയും പോസ്റ്റ്ട്രൂത്ത് ലോകത്തില്‍ വാസ്തവങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഭാഷയ്ക്ക് അപ്രാപ്യമായി മാറുന്ന കാലമാണല്ലോ ഇത്.എല്ലാം വെറും ആഖ്യാനങ്ങള്‍ അഥവാ നരേറ്റീവ് മാത്രമാകുന്ന അവസ്ഥ.ഭാഷയ്ക്ക് യാഥാര്‍ത്ഥ്യത്തെ പ്രത്യക്ഷീകരിക്കാനാവില്ല എന്നും ഭാഷാകേളികള്‍ ചെലുത്തുന്ന പ്രതീതികളില്‍ മാത്രമാണ് നമുക്കു ജീവിതമെന്നും വിധിക്കപ്പെടുന്ന അവസ്ഥയോടുള്ള കലാപമായി അസീമിന്‍റെ കവിതകള്‍ മാറുന്നുണ്ട്.ആ കവിതകള്‍ ഒച്ചവെച്ചു പ്രതിഷേധിക്കുന്നില്ല.കാരണം എല്ലാത്തരം ഒച്ചകളേയും വിഴുങ്ങുവാന്‍ ആര്‍ത്തിയുടേയും ദുരയുടേയും ശബ്ദങ്ങള്‍ക്കു കഴിയും.കവിതകള്‍ പിറുപിറുക്കലുകളാണ്;മന്ത്രണങ്ങളാണ്;ധ്വനിസാന്ദ്രമായ പറച്ചിലുകളാണ്.അതുകൊണ്ടാണ് തന്നെത്താന്‍ എഴുതുന്ന കവിതകളെന്ന് സജയ് കെ വി അസീമിന്‍റെ കവിതകളെ വിശേഷിപ്പിച്ചത്.തന്നെത്താന്‍ എഴുതുമ്പോലെ ബോധത്തിന്‍റെ കൗശലപൂര്‍വമുള്ള ഇടപെടലുകളെ നിരാകരിച്ച് അബോധത്തിന്‍റെ സ്വാഭാവികമായ വാര്‍ന്നു വീഴലായി കവിത മാറുന്നത് നമ്മള്‍ അറിയുന്നു.മലയാള കവിതയിലെ വ്യത്യസ്തമായ ഒരെഴുത്തു രീതിയിലൂടെ തന്‍റെ മൗലികമായ ശബ്ദം അസീം തന്‍റെ കാവ്യാവിഷ്കാരങ്ങളിലൂടെ അടയാളപ്പെടുത്തുന്നു.ആ എഴുത്തുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്.അത് നമ്മുടെ ബോധത്തെ പിളര്‍ന്ന് അബോധത്തിന്‍റെ അനുഭവവും അനുഭൂതികളുമായി മാറുന്നു.
``എന്തെന്നാല്‍/തൊട്ടാല്‍ കൂമ്പിപ്പോകുന്ന/ഹൃദയങ്ങള്‍ക്കിടക്കാണ്/പാര്‍പ്പ്./ആ വിങ്ങലുകളാണ്/ഈ കൂര്‍പ്പ്.''(തൊട്ടാവാടി മുള്ള്)ഭാഷകൊണ്ടു നടത്തുന്ന കലാപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയാഹ്വാനങ്ങളോ മുദ്രാവാക്യം വിളികളോ അല്ല;മറിച്ച് ഭാഷയുടെ ധാരാളിത്തങ്ങളെ, ഉപയോഗിച്ച് അര്‍ത്ഥവും ധ്വനിയും നഷ്ടപ്പെട്ട ബിംബങ്ങളേയും പ്രതീകങ്ങളേയും കയ്യൊഴിഞ്ഞ് സൂക്ഷ്മമായ കാഴ്ചകളിലേയ്ക്ക് നീങ്ങുന്ന വാക്കുകളുടെ സ്പര്‍ശിനികളെ കണ്ടെടുക്കലാണ്.അര്‍ത്ഥങ്ങളുടെ മിച്ചമൂല്യങ്ങളെ,ആധിക്യങ്ങളെ അസീമിന്‍റെ പദസമ്പത്ത് വ്യവസ്ഥ കയ്യൊഴിയുന്നു.`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'എന്ന കവിതയിലും അതിന്‍റെ ആകെമൂല്യമുണ്ട്.``വിരിഞ്ഞിറങ്ങിയതൊന്നിനും/മടങ്ങിപ്പോകാനാവില്ല''എന്ന തിരിച്ചറിവ് പങ്കിട്ടുകൊണ്ടു തന്നെ തിരിച്ചുപോക്ക് അതായത് മൂലത്തിലേയ്ക്ക്,സ്രോതസ്സിലേക്ക്,തുടക്കത്തിലേക്ക്,വിത്തിലേക്ക്,ആദിമ ബിന്ദുവിലേക്ക് മടങ്ങിപ്പോക്ക് അസാധ്യമാണ് എന്നറിയുമ്പോള്‍ ഉണ്ടാകുന്ന അങ്കലാപ്പില്‍ നിന്നാണ് അസീമിന്‍റെ കവിതയുടെ മൂന്നാം കണ്ണ് തുറക്കുന്നത്.
``നോക്കൂ,/തിരിച്ചു പോകുക/പ്രയാസം തന്നെ.../വിരിഞ്ഞിറങ്ങിയതൊന്നിനും 
മടങ്ങിപ്പോകാനാകില്ല./അന്നേരത്തെ 
സര്‍വ ജീവജാലങ്ങളുടേയും/അങ്കലാപ്പാണ്/നിനക്കു മുന്നിലിപ്പോള്‍ 
എനിക്ക്...''(മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്). തീര്‍ച്ചയായും അര്‍ത്ഥങ്ങളുടെ ധാരാളിത്തമായി മാറുന്ന,ഭാഷാകേളികള്‍ മാത്രമാകുന്ന,ആഖ്യാനകങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന ഭാഷാവ്യവഹാരങ്ങളുടെ കാലത്ത് കവിതയെ പ്രസ്താവങ്ങളുടെ ചുരുക്കെഴുത്ത് എന്ന രൂപത്തിലല്ലാതെ സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ ഒരു പ്രവൃത്തിയായി മാറ്റിയെടുക്കുക അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് അസീമിന്‍റെ കവിത പങ്കുവെയ്ക്കുന്നുണ്ട്.`പക്ഷിയെ വരയ്ക്കല്‍,'കാടുവരയ്ക്കല്‍' തുടങ്ങിയ കവിതകള്‍ രചനയുടെ സങ്കീര്‍ണ്ണ സമരങ്ങളാണ് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.സ്ഥൂലതകളെ,ബാഹുല്യങ്ങളെ,പരപ്പിനെ,ആധിക്യതകളെ വരയ്ക്കുക എളുപ്പമാണ്.``ഒരു ജനക്കൂട്ടത്തെ വരയ്ക്കാനും/ഇന്നെളുപ്പമാണ്./ഈ കൊടും കാടിനെയൊരു/കാറ്റുലയ്ക്കും വിധം/മാറ്റിയൊന്നു/ വരച്ചെടുത്താല്‍ മതി..''(കാടുവരയ്ക്കല്‍).ഇത്തരം സ്ഥൂലതയെ കാമിക്കുന്ന,ആശിക്കുന്ന തൃഷ്ണയുടെ ഇരിപ്പിടമായി നമ്മുടെ ബോധതലം മാറിക്കഴിഞ്ഞിരിക്കുന്നു.
മുതലാളിത്തലോകം തൃഷ്ണകളെ പൊലിപ്പിച്ചെടുത്താണ് മനുഷ്യരെ ഉപഭോക്താക്കള്‍ മാത്രമാക്കി മാറ്റുന്നത്.നമ്മുടെ ജൈവമായ ചോദനകള്‍ക്ക് പകരം,ശരീരത്തിന്‍റെ സ്വാഭാവികമായ തൃഷ്ണകള്‍ക്ക് പകരം കൃത്രിമ തൃഷ്ണകള്‍ ഉല്പാദിപ്പിക്കുന്ന യന്ത്രങ്ങളാക്കി നമ്മുടെ മനസ്സിനെ മാറ്റുകയും ആ തൃഷ്ണകളുടെ ശമനത്തിനായുള്ള നെട്ടോട്ടമായി ജീവിതം മാറുന്നതും നാമറിയുന്നുണ്ട്.രുചികളുടെ ബാഹുല്യങ്ങളാണ് എങ്ങും:``ചതച്ചു രസിച്ചീമ്പി/ത്തുപ്പുവാനൊരു കൊതി/യെപ്പോഴുമുറഞ്ഞിരി/പ്പുണ്ടേതു മനസ്സിലും''(ച്യൂയിങ്ഗം).ചതച്ചു തുപ്പുവാനുള്ളതാണ് നമ്മുടെ സുഖവസ്തുക്കള്‍.നമ്മുടെ ആഹ്ലാദാനുഭവങ്ങളെ ഉപഭോഗാനുഭവങ്ങള്‍ മാത്രമാക്കി മാറ്റുക മാത്രമല്ല നമ്മുടെ അനുഭവ ലോകത്തെ പ്രതീതിയാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തിലേക്ക് വരിഞ്ഞിടുകയും ചെയ്യുന്നുണ്ട്.മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ നേര്‍ത്തില്ലാതായിരിക്കുന്നു.`അധികപ്പേടി'എന്ന കവിത ഈ പ്രതീതികളുടെ അനുഭവ സാന്നിധ്യങ്ങളെ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്.സ്റ്റെപ്പുകള്‍ കയറുമ്പോള്‍ ഒരില്ലാപ്പടവ് പ്രത്യക്ഷമാകുന്നു.ഇല്ലാത്ത പടവിലേയ്ക്ക് എടുത്തുവെയ്ക്കുന്ന തോന്നല്‍ച്ചുവട് എല്ലായ്പ്പോഴും ഇടറുന്നു.ഈ ഇടര്‍ച്ചകളെ തെളിച്ചു കാട്ടുന്നിടത്താണ് അസീമിന്‍റെ കവിത നവയാഥാര്‍ത്ഥ്യത്തിന്‍റെ കവിതയായി മാറുന്നത്.`മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി'എന്ന കവിത പരിചിതമായ ഇരുട്ടിനെ അപ്രസക്തമാക്കിക്കൊണ്ട് എത്തുന്ന വെളിച്ചത്തിന്‍റെ ആധിക്യത്തില്‍ വ്യക്തമാകുന്ന ജീവിതത്തിന്‍റെ ഇടുങ്ങിയ ഒറ്റമുറി വീടും അനുഭവ രഹിതമായ അവസ്ഥയും തെളിച്ചു കാട്ടുന്നിടത്ത് തന്‍റെ ഒക്കത്തു നിന്നെന്തോ ഊര്‍ന്നു പോയതായി മണിച്ചി അറിയുന്നു.കാവിന്‍റെ പിന്നീന്നൊരു ഊത്തുകേള്‍ക്കുകയും വെളിച്ചം കെട്ടുപോകുകയും ചെയ്യുമ്പോള്‍ ഇരുട്ട്  ഓടിയെത്തുന്നു.അപ്പോള്‍ അവള്‍ക്ക് നഷ്ടപ്പെട്ടത് എന്തെന്ന് മണിച്ചി അറിയുന്നു.കുഞ്ഞു നിലാവൊന്ന് ആ ഇരുട്ടില്‍ മിന്നുന്നു.പിന്നെ വെളിച്ചം വരുമ്പോള്‍ വീര്‍പ്പുമുട്ടലോടെ മണിച്ചി സ്വിച്ച് അണച്ച് ഇരുട്ടിനോട് ഒട്ടിനിന്ന് കുഞ്ഞു നിലാവിന് അമ്മിഞ്ഞ നല്‍കുന്നു.ഇവിടെ വെളിച്ചത്തെ ദുഃഖമായല്ല കവി കാണുന്നത്.അസഹ്യമായ അനിവാര്യതയായിത്തന്നെയാണ്.വെളിച്ചത്തിന്‍റെ ആധിക്യത്തെമാത്രമാണ് മണിച്ചി നിഷേധിക്കുന്നത്.നിലാവിന്‍റെ ഇത്തിരി വെട്ടത്തിനാണ് ജീവിതത്തിന്‍റെ ആഴക്കാഴ്ചകളെ കാട്ടിത്തരുവാന്‍ കഴിയുന്നതെന്ന് ധ്വനിപ്പിക്കുകയാണ് കവി.ഇതേപോലെ തന്നെ മനുഷ്യ ബന്ധങ്ങളില്‍ ഭാഷയുടെ ധാരാളിത്തം മനസ്സിലാകായ്കയും
തെറ്റിദ്ധാരണയും പടര്‍ത്തുമ്പോള്‍ ഒരു ശബ്ദം കൊണ്ടുമാത്രം വിനിമയം സാധ്യമാകുന്ന ബന്ധത്തിന്‍റെ ദൃഢത വ്യക്തമാക്കുന്ന  കവിതയാണ്`കേട്ടുപതിഞ്ഞ ശബ്ദത്തില്‍'.ഭ്ശൂ...ഭ്ശൂ...എന്ന ശബ്ദത്തിലൂടെയാണ് മകന്‍ വാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം അറിയുന്നത്;ആരോഗ്യസ്ഥിതിയും.അദ്ദേഹം വീടിനകത്താണോ,വിളയിലാണോ,അടുക്കളത്തോട്ടത്തിലാണോ എന്ന് മകന്‍ അറിയുന്നത് അദ്ദേഹത്തില്‍ നിന്നും പുറപ്പെടുന്ന ഭ്ശൂ എന്ന ആ കേട്ടുപതിഞ്ഞ ശബ്ദത്തില്‍ നിന്നാണ്.അവര്‍ അധികം മിണ്ടിപ്പറയാറില്ല.``ഉശിരുള്ളൊരൊച്ചയില്‍/ഒന്നോ രണ്ടോ ഉരിയാടി/വാപ്പയെന്നെ മടക്കി അയക്കും./ഞാന്‍ മടങ്ങിയെന്ന് ഉറപ്പാകുംവരെ/പിന്നെയാ ഒച്ച/കേള്‍ക്കത്തേയില്ല''(കേട്ടു പതിഞ്ഞ ശബ്ദത്തില്‍).വാക്കുകളുടെ ആധിക്യം മനുഷ്യ ബന്ധങ്ങളെ ആഴമുള്ളതാക്കുന്നില്ല.പരസ്പരം തിരിച്ചറിയുന്നതാക്കുന്നില്ല.മിതത്വമുള്ള ഭാഷയാകട്ടെ ഒരാളിലേയ്ക്ക് മറ്റൊരാളിനെ സാന്നിധ്യപ്പെടുത്തുന്നു.ഇതുപോലെ സൂക്ഷ്മമായ ഒരു അനുഭവലോകത്തെ വെളിപ്പെടുത്തുന്ന കവിതയാണ് `ജലമരം'.ഒരു കിണറിന്‍റെ വൃത്താകൃതിയിലുള്ള ഇരുണ്ട തടവറയിലെ ജീവിതത്തില്‍ നിന്നും ഭാവനകൊണ്ടു വളര്‍ന്നു കയറുന്ന,ജലമരമായി മാറുന്ന ജലത്തുടിപ്പിനെയാണ് കവിത ആവിഷ്കരിക്കുന്നത്.തൊടിയിലെ ആഴത്തണുവിലായി ഒരു നനഞ്ഞ വിത്തിന്‍റെ മനസ്സു കാണുന്ന ജലത്തുള്ളി ഒരു വിത്തിന്‍റെ ആഗ്രഹപ്പെരുക്കത്തിനൊപ്പം കിളിര്‍ത്തു വളര്‍ന്ന് കിണര്‍ കടന്ന് പുറത്തെ കാഴ്ചകള്‍ കാണുന്നു.ദൃശ്യസമൃദ്ധികള്‍ ആവോളം ആസ്വദിക്കുന്നു.പന്നെ 'ജലമരം'കടപുഴകി വീഴുന്നു.ജലദൃശ്യങ്ങളപ്പാടെ
 അപ്രത്യക്ഷമാകുന്നു.ജീവി
തത്തിന്‍റെ ക്ഷണികതയില്‍ തെളിയുന്ന മാന്ത്രിക കാഴ്ചകളിലേയ്ക്ക് ഭാവനയുടെ,തൃഷ്ണയുടെ ജലത്തുള്ളി വളര്‍ന്നു കയറുന്ന നൈമിഷിക യാഥാര്‍ത്ഥ്യത്തെയാണ് ഈ കവിത അനുഭവിപ്പിക്കുന്നത്.ജീവിതത്തിന്‍റെ ക്ഷണികതയെ കുറിച്ചുള്ള ബോധ്യത്തില്‍ നിന്നും ആകണം ചെറു കവിതകള്‍ അസീമിന്‍റെ ആദ്യ സമാഹാരമായ`കാണാതായ വാക്കുക'ളിലും പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പിറന്ന കവിതകള്‍ സമാഹരിച്ച `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി'ലും കുറച്ചധികമുള്ളത്.ബൃഹദാഖ്യാനങ്ങളെക്കാള്‍ ഹ്രസ്വമായതും ധ്വനിസാന്ദ്രമായതുമായ ചെറുകവിതകള്‍ ചെറുകാഴ്ചകളുടെ,നൈമിഷികാനുഭൂതികളുടെ പ്രസക്തിയും പ്രാധാന്യവും വായനയിലേക്കു പകരുകയാണ്.ജീവിത
ത്തിന്‍റെ നൈരന്തര്യത്തെ ക്ഷണിക ജീവിതങ്ങളുടെ തുടര്‍ച്ചയായി മരണമെന്ന വിരാമത്തിന്‍റെ നേരിയ അകലത്തോടൊപ്പം അനുഭവപ്പെടുത്തുന്നതും ചെറിയ കാര്യങ്ങളുടെ കവിതകള്‍ക്ക് രൂപം നല്‍കുന്നതിലൂടെയാണ്.ഭാഷയില്‍ അതിക്രമമോ അക്രമമോ സൃഷ്ടിച്ചു കൊണ്ടല്ല അസീം ഇതു സാധിക്കുന്നത്; മറിച്ച് ഹിംസാ രഹിതവും എന്നാല്‍ വിച്ഛേദം എന്നു തോന്നിപ്പിക്കുന്നതുമായ രൂപങ്ങളെ വിന്യസിച്ചു കൊണ്ടാണ്.ഉടല്‍ പിളര്‍ന്ന് ആത്മാവ് ഒരു ചിരവയില്‍ കയന്നും മിക്സിയില്‍ പൊടിഞ്ഞും എണ്ണയില്‍ മൊരിഞ്ഞും വേവുന്ന കാഴ്ച മേശമേല്‍ കുഴഞ്ഞിരിക്കുന്ന എരിവുകൂടിയ കറികള്‍ക്കു പിന്നിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ആദ്യ സമാഹാരത്തില്‍ തന്നെയുണ്ട്.ഭാഷയുടെ നങ്കൂരം അര്‍ത്ഥത്തില്‍ ആഴ്ന്നു കിടക്കുന്നുവെന്ന പഴയ റിയലിസ്റ്റിക് കാഴ്ചപ്പാടുകള്‍ അപ്രസക്തമാകുന്നതും അസീം ആദ്യമേ കണ്ടറിഞ്ഞിരുന്നു.അതുകൊണ്ടാണ് `കമ്പിപൊട്ടിയ വീണപോലാശയ-/ത്തന്ത്രിയില്‍ നിന്നു പൊങ്ങുന്നപശ്രുതി'എന്ന് കാണാതായ വാക്കുകള്‍ എന്ന കവിതയില്‍ നിലവിളിയായി ഉയര്‍ന്നു കേട്ടത്.ശൂന്യതയാണ് സത്തയ്ക്കു മുന്നിലും പിന്നിലുമെന്ന് തിരിച്ചറിഞ്ഞതും മനസ്സ് മറ്റൊരു ദുരൂഹമാം ഗ്രഹം എന്നു നിര്‍വചിച്ചതും മഴത്തേറ്റ കുത്തിയും വെയില്‍പ്പുലി മാന്തിയും മഴത്തിളപ്പില്‍ വെന്താഴുന്ന മരമായി ജീവിതത്തെ വരച്ചുവെച്ചതും അതുകൊണ്ടൊക്കെ തന്നെയാണ്.ബിംബങ്ങളോ പ്രതീകങ്ങളോ ചിഹ്നങ്ങളോ കൊണ്ട് ഹിംസാത്മകമായ,മുറിപ്പെടുത്തുന്ന,ബോധത്തെ ആക്രമിക്കുന്ന കവിതകളല്ല അസീം സൃഷ്ടിക്കുന്നത്.അക്രമരാഹിത്യത്തിന്‍റെ ബിംബാവലികള്‍ കൊണ്ട് തന്‍റെ മന്ത്രണങ്ങളെ നമ്മുടെ അബോധവുമായി ബന്ധിപ്പിക്കുകയാണ്.ഉത്തരാധുനികത ഏറെ വാചാലമായ ഭാഷയിലെ അതിക്രമങ്ങളും അക്രമങ്ങളും അയാള്‍ കൊണ്ടാടുന്നില്ല.അവയെ നിരാകരിച്ചുകൊണ്ട് സൗന്ദര്യത്തിന്‍റെ ജനാധിപത്യത്തിലേക്കാണ് വളര്‍ന്നു പന്തലിക്കുന്നത്.അതുകൊണ്ടു തന്നെ സൂക്ഷ്മരാഷ്ട്രീയത്തിന്‍റെ ധ്വന്യാത്മകമായ അനുഭവങ്ങള്‍ പകരുന്ന കവിതകളും നമ്മുടെ വായനക്കായി അയാള്‍ കാത്തുവെയ്ക്കുന്നുണ്ട്.പരിചിതമായ കാഴ്ചാനുഭവങ്ങള്‍ക്കു പകരം കാണാതെ പോകുന്ന കാഴ്ചകളിലേയ്ക്ക് അന്തര്‍ നേത്രങ്ങള്‍ തുറന്നു വെയ്ക്കുന്ന കവിതകള്‍ അസീം രചിക്കുന്നത് സൂക്ഷ്മമായ രാഷ്ട്രീയ സൗന്ദര്യത്തെ അനുഭവിപ്പിക്കുന്നതിനും കൂടിയാണ്.`അശാന്തമായ അസാന്നിധ്യം'എന്ന കവിതയില്‍ നമ്മുടെയെല്ലാം കണ്ണുകളില്‍ കോമ്പല്ലു നീര്‍ത്തിയ ഒരു പുലി പരതി നടക്കുന്നത് അയാള്‍ കാട്ടിത്തരുന്നു.ഭക്തരുടെ കണ്ണില്‍പ്പെടാത്തൊരു വിശ്വാസം പുല്ലില്‍ പതിഞ്ഞു കിടക്കും പോലെ തീര്‍ത്തും ശാന്തമായിരിക്കും പുലി പതിയിരിക്കുന്ന ഇടമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.നമ്മുടെ സമൂഹത്തിലും ജീവിതത്തില്‍ ഹിന്ദുത്വ ഫാഷിസത്തിന്‍റേയും മത തീവ്രവാദത്തിന്‍റേയും അക്രമാത്മകമായ കടന്നു കയറ്റം സംഭവിക്കുന്ന കാലമാണല്ലോ ഇത്.വര്‍ഗ്ഗീയ കലാപങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ചേര്‍ന്ന് അത്യന്തം ഹിംസാത്മകമായിത്തീരുന്ന വര്‍ത്തമാനകാല ജീവിതത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം മനുഷ്യന്‍ യുദ്ധം ചെയ്യുന്നത്,അക്രമം കാട്ടുന്നത് സ്വന്തം പ്രതിബിംബത്തോട് തന്നെയാണ് എന്ന തിരിച്ചറിവു നല്‍കുന്ന 'പക' എന്ന കവിത പരാമര്‍ശിക്കാതെ വയ്യ.പരസ്പരം കീഴ്പ്പെടുത്താന്‍ അടരാടുന്ന രണ്ടു കിളികളെയാണ് ഈ കവിത അവതരിപ്പിക്കുന്നത്.ഒടുവില്‍ സ്ഫടിക ഭിത്തിയിലെ കോറലുകള്‍ മാത്രം അവശേഷിച്ച് ഇരുണ്ടു പോകുന്ന ഒരു ജീവിത ലോകത്തെ തുറന്നു കാട്ടുകയും ചെയ്യുന്നു. സ്വന്തം പ്രതിബിംബവുമായാണ് കിളി യുദ്ധം ചെയ്ത(ചെയ്യുന്ന)തെന്ന ജീവിതയാഥാര്‍ത്ഥ്യം ആവര്‍ത്തന വായനയില്‍ ഒരു ഞെട്ടലോടെ വെളിപ്പെടുകയും ചെയ്യും.ഭാഷയുടെ കൂര്‍പ്പ് ഈ കവിതയിലൂടെ  നാം ശക്തമായി അനുഭവിക്കുകയും ചെയ്യുന്നു.ഒരു ബിന്ദുവിലേയ്ക്ക്,തിരിച്ചറിവിലേയ്ക്ക്,ബോധ്യപ്പെടലിലേയ്ക്ക് തുളഞ്ഞു കയറുന്ന ഭാഷയുടെ കൂര്‍പ്പ് 'തൊട്ടാവാടി മുള്ള്'പോലുള്ള കവിതകളിലുമുണ്ട്.
            ഹിംസാത്മകമായ ഭാഷാ വ്യവഹാരങ്ങളും കെട്ടുകാഴ്ചകളുടെ സമൃദ്ധികളും കൊണ്ട് മറയ്ക്കപ്പെടുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഒക്കെ നമ്മുടെ സംസ്കാരത്തേയും സാമൂഹിക ജീവിതത്തേയും കലുഷമാക്കുമ്പോള്‍ അഹിംസാത്മകമായ രചനാ വഴിയിലൂടെ തന്‍റെ കവിതയുടെ വിളക്കുമായി അസീം താന്നിമൂട് നടക്കുകയാണ്.ഉദ്ബോധനത്തിന്‍റേയോ ഉദീരണങ്ങളുടേയോ ശബ്ദഘോഷങ്ങളായി തന്‍റെ കവിത മാറാതിരിക്കുവാന്‍ അയാള്‍ ബദ്ധശ്രദ്ധനാണ്.ഇടുങ്ങിയതും അര്‍ത്ഥശൂന്യവുമായ ഭാഷാ വ്യവഹാരങ്ങള്‍ ചേര്‍ന്ന് നമ്മുടെ കാലത്ത് ജനാധിപത്യം ശിഥിലീകരിക്കപ്പെടുകയും ഫാഷിസ്റ്റ് അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ തന്‍റെ കവിതയിലേയ്ക്കയാള്‍`പ്രളയ'ത്തെ ആവാഹിക്കുന്നു.സൃഷ്ടിയുടെ മാന്ത്രികാനുഭവത്തെ അയാള്‍ സാധിച്ചെടുക്കുവാന്‍ യത്നിക്കുന്നത് അപൂര്‍വ ചാരുതയാര്‍ന്ന കല്പനകളിലൂടെയും ബിംബ സന്നിവേശത്തിലൂടെയുമാണ് 'പ്രളയ'മെന്ന കവിതയില്‍.പ്രകൃതിയുടെ വിവിധ ശക്തികളെ പറിച്ചെടുത്ത് ഓരോ അവയവും രൂപപ്പെടുത്തുകയാണ് ആ 
കവിതയില്‍ അസീം.മേഘംകൊണ്ട് ശിരസ്സും മുഖവും മഴനാരുകള്‍ കൊണ്ട് ഞരമ്പുകളും നാഡികളും കുടല്‍മാലകളും, മിന്നല്‍ കൊണ്ട് നട്ടെല്ലും
മഴക്കൂരാപ്പുകള്‍ കൊണ്ട് വാരിയെല്ലുകളും ഇടിയുടെ ആഘാതങ്ങള്‍ കൊണ്ട് നെഞ്ചും അഴിമുഖത്തെ അഗാധ മൗനസംഗമം കൊണ്ട് കരളും,രണ്ടു പുഴകളെ വേരോടെ പിഴുതെടുത്ത് ഭുജങ്ങളും രണ്ടു കുന്നുകള്‍ കൊണ്ട് കാലുകളും പണിത് ഒരുടലിനെ വാര്‍ത്തെടുക്കുന്നു.ഒരുശിരന്‍ കാറ്റിനെ ചുഴറ്റിയെടുത്ത് നാസികയിലൂടെ കടത്തിവിട്ട് ജീവനും നല്‍കുന്നു.മാജിക്കല്‍ റിയലിസത്തിന്‍റെ വിസ്തൃതമായ ഭാവനാ രൂപത്തെ വരച്ചുവെച്ച് നമ്മെ വിസ്മയിപ്പിച്ചു കൊണ്ട് അയാള്‍ ഒരു മനുഷ്യ രൂപത്തിന്‍റെ തൊട്ടടുത്ത പ്രവൃത്തിയിലേയ്ക്ക് ഭാഷയുടെ കാമറ തിരിക്കുന്നു.നിര്‍മ്മിച്ചെടുത്ത ആ രൂപത്തിന്‍റെ തെക്കോട്ടു നോക്കി കുന്തിച്ചിരുന്നുള്ള പെറ്റുകൂട്ടുന്ന കാഴ്ച റിയലിസ്റ്റിക് ആഖ്യാനത്തിന്‍റെ  പതിവു രീതിയെ ബഹിഷ്കരിച്ചു കൊണ്ട് സൃഷ്ടിക്കുന്ന വാങ്മയമായി പ്രളയമെന്ന കവിത മാറുന്നു.കവിത പ്രകൃതിയുടെ പ്രഭവ കേന്ദ്രത്തിലേക്ക് തിരിഞ്ഞ് ഭാഷാനുഭവങ്ങളുടെ,അനുഭൂതികളുടെ പുതിയ അടരുകൾ കണ്ടെടുക്കുന്നു. കവിതയിലെ സത്യാന്വേഷണ പരീക്ഷകൾ എന്ന് വിളിക്കാവുന്ന രണ്ടു പുസ്തകങ്ങളാണ് അസീം താന്നിമൂട് ഇതുവരെ നമുക്ക് സമ്മാനിച്ചിട്ടുള്ളത്. നീണ്ട മൗനത്തിന്റെ ഇടവേള രണ്ടു പുസ്തകങ്ങൾക്കിടയിലെ കവിതകൾക്ക് ഉണ്ടുതാനും.അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും ഇടവേളയിൽ ഈ ലോകം കൂടുതൽ ഹിംസാത്മകവും വിദ്വേഷം നിറഞ്ഞതും ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾ കൊണ്ട് കലുഷിതമായിത്തീരുന്നതും നമുക്കറിയാം. വിത്തുകൾ വിളയിക്കുന്ന കർഷക ജനതയുടെ അഹിംസാത്മകവും യാതനാ ഭരിതവുമായ വലിയ പ്രക്ഷോഭത്തിന്റെ കാലവുമാണിത്. ഭരണകൂടം എത്ര മനുഷ്യത്വ രഹിതവും ഹിംസാത്മകവും ആണ് എന്ന് ഈ സമരത്തോടുള്ള സമീപനത്തിൽ നിന്നും നാം ബോധ്യപ്പെടുന്നു. അവരുടെ ഭാഷയുടെ ജനാധിപത്യ മനോഭാവവും കൗശലവും കാരുണ്യ രാഹിത്യവും നമ്മുടെ നെഞ്ചുലയ്ക്കുന്ന ഘട്ടത്തിലാണ് 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ' സാന്നിധ്യപ്പെടുന്നത്. നമ്മൾ തെരഞ്ഞെടുത്ത ഫാഷിസത്തിന്റെ രാഷ്ട്രീയ മരത്തെ നമ്മുടെ മനസ്സുകൾ തിരിച്ചു വിളിക്കാൻ വെമ്പുന്ന കാലത്ത് അസീം താന്നിമൂട് സൂക്ഷ്മാനുഭവങ്ങളുടെ ,അനുഭൂതികളുടെ കവിതകൾ കൊണ്ട് അഹിംസാത്മകമായ സൗന്ദര്യത്തിന്റെ ഭാഷാ ചിത്രങ്ങൾ കോറിയിടുന്നു. സ്ഥലകാലത്തിന്റെ കലുഷിതവും കലങ്ങുന്നതുമായ അവസ്ഥയിൽ നിന്നും സൂക്ഷ്മത്തിന്റെ ഉറവിടങ്ങളിലേയ്ക്ക് കവിതയുടെ സ്പർശിനികളെ നീട്ടി നമ്മുടെ ആന്തരിക ജീവിതത്തെ പുനർ ക്രമീകരിക്കുവാൻ സ്വാതന്ത്ര്യത്തിന്റെ പുതിയ ജീവിത പ്രയോഗങ്ങൾ കണ്ടെടുക്കുവാനും വികസിപ്പിക്കാനുമുളള ഊർജ്ജ സ്രോതസ്സുകളെ പകര്‍ന്നു തരുന്നു.
.കവിത ജീവിതത്തിന്റെ വെളിപ്പെടൽ മാത്രമല്ല ജീവിതത്തിന്റെ പുതിയ നടപ്പാത സൃഷ്ടിക്കൽ കൂടിയാണ്.വിത്തിലേക്ക് മടങ്ങുന്ന മരം വീണ്ടും കിളിർക്കുക തന്നെ ചെയ്യും.പുതിയ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേയ്ക്ക് എന്ന പ്രതീക്ഷയാണ് അസീം താന്നിമൂടിന്റെ കവിതാ ലോകം പങ്കു വയ്ക്കുന്നത്.
 

Share :