Archives / july 2021

കുളക്കട പ്രസന്നൻ
കാലം മാറി ലഹരി കൂടി

ലഹരി ഉപയോഗം ചെറുക്കാൻ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം കേരളം എത്രത്തോളം ചർച്ച ചെയ്തു എന്നറിയില്ല. ആവശ്യമില്ലാത്ത എത്രയോ വിഷയങ്ങൾക്ക് അമിത പ്രാധാന്യം നൽകി ചർച്ച സംഘടിപ്പിക്കാറുണ്ട്. ടി വി ചാനലുകൾ അന്തി ചർച്ചകൾക്ക് എടുക്കുന്ന ചില വിഷയങ്ങൾ കേട്ടാൽ തോന്നും വിഷയ ദാരിദ്യം ഇത്രത്തോളം ഇന്നാട്ടിലുണ്ടോ എന്ന്. മനുഷ്യനെ നേരിട്ടു ബാധിക്കുന്ന ലഹരി പോലുള്ള വിഷയങ്ങൾ ഇക്കൂട്ടർക്ക് ഒരു വിഷയമേയല്ല. മലയാളികളുടെ ബൗദ്ധിക നിലവാരം വളരെ താഴ്ന്നതാണെന്ന് ഇവർ കരുതുന്നുണ്ടാവാം. അതോ, ആരേലും ഭയക്കുന്നതാണോ; അതുമല്ലേൽ ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാലെന്താ എന്നാവും.

ലഹരിമരുന്നുപയോഗം വ്യക്തികൾക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി എൻ.രാമചന്ദ്രൻ എഴുതിയ കത്ത് പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ ഹർജി എടുത്ത് തീർപ്പാക്കിയത്. എൻ. രാമചന്ദ്രൻ കോട്ടയം പോലീസ് മേധാവിയായിരുന്നു. അദ്ദേഹത്തിന് നാടിനോട് കടമയുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതിയത്. അതുപോലെ ഓരോ പൗരനും ചിന്തിച്ചിരുന്നുവെങ്കിൽ. കാമ്പസുകൾ ലഹരി മുക്തമായാലെ നല്ലൊരു നാളെ ഉണ്ടാവു.

 ഹൈക്കോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞാൽ  പ്രതീക്ഷയുടെ നാളുകൾ കേരളത്തിൽ ഉണ്ടാവും. ഹയർ സെക്കൻഡറി സിലബസിൽ ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ വിശദീകരിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും ലഹരി ഉപയോഗം ചെറുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നു മാസം കൂടുമ്പോൾ കോടതിക്ക് റിപ്പോർട്ട്  നൽകണമെന്നും നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. ഹൈക്കോടതിയുടെ ഈ നിർദ്ദേശങ്ങൾ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

പറഞ്ഞു പഴകിയതെങ്കിലും പറയട്ടെ, അണുകുടുംബ സംസ്കാരമാണ് കേരളത്തിൽ. മാതാപിതാക്കൾ ജോലിത്തിരക്കിൽ ആണെങ്കിലും മക്കൾ പഠിച്ച് നല്ല നിലയിൽ വരുമെന്ന പ്രതീക്ഷയിലാണ് നാളുകൾ തള്ളി നീക്കുന്നത്. അങ്ങനെ പോകവെയാകും ചില കുട്ടികളുടെ ദുസ്വഭാവം  മാതാപിതാക്കൾ ഞെട്ടലോടെ അറിയുക. അപ്പോഴേക്കും ആ കുട്ടി  ലഹരിക്ക് അടിമയായി കഴിഞ്ഞിട്ടുണ്ടാവും. ഒരു കുട്ടിയും മന:പൂർവ്വം ദുരിതവഴി തെരഞ്ഞെടുക്കുന്നതാവില്ല.

ലഹരി കടത്തുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും ഇടയിലെ കണ്ണിയായ വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാവണമെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്.  കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയതുപോലെ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്ന നിർദ്ദേശവുമുണ്ട്. തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.

കൗമാര പ്രായക്കാരെ ലഹരിക്കടിമയാക്കുക എന്ന ലക്ഷ്യമാണ് മയക്കുമരുന്ന് മാഫിയയ്ക്കുള്ളത്. ഒരു മൊട്ട് വിടരാൻ തുടങ്ങുന്നതു പോലെയാണ് കൗമാര പ്രായം. അതു തല്ലി കൊഴിക്കുന്ന മയക്കുമരുന്നു മാഫിയയെ ഒറ്റപ്പെടുത്താൻ കഴിയണം. അതിന് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ജനങ്ങളും ബാധ്യസ്ഥരാണ്.

പണ്ടൊക്കെ മുതിർന്നവരുടെ മുന്നിൽ വച്ച് ഇളയവർ പുകവലിക്കില്ല, വെറ്റ മുറുക്കില്ല, മദ്യപിക്കില്ല എന്ന രീതിയുണ്ടായിരുന്നു. ഇപ്പോഴതാണോ? മുതിർന്നവർ എന്നോ ഇളയവർ എന്നോ ഇല്ല. മദ്യപാനം ഒരാഘോഷമാണ്. വിവാഹ നിശ്ചയം, വിവാഹം, ഗൃഹപ്രവേശം, മരണം അങ്ങനെ ചടങ്ങുകൾ എന്തു തന്നെയാവട്ടെ, ആഘോഷം മദ്യപാനം തന്നെ. മദ്യപിക്കാത്തവനെ എന്തിനു കൊള്ളാം എന്നൊരു ചോദ്യത്തിൽ മനകരുത്തില്ലാത്തവൻ വീഴും. ഉറപ്പ്.

കള്ള് ഷാപ്പ്, ബാറ് ഇതൊക്കെ മാറി വീടുകളിൽ തന്നെ ചെറിയ മദ്യപാന റൂം ഉള്ളതായി പറഞ്ഞു കേൾക്കുന്നു. കൊച്ചു കുട്ടികൾ പോലും മദ്യത്തിൻ്റെ രുചി അറിയുന്നുണ്ട്. മദ്യപാനം കേമത്തരമായിട്ടാണ് പലരും കാണുന്നത്. 100 മീറ്റർ ഓട്ടത്തിൽ ജയിച്ചെന്നോ, ക്വിസ് മത്സരത്തിൽ വിജയിച്ചെന്നോ എന്നൊന്നിലുമല്ല പലരും അഭിമാനം കൊള്ളുന്നത്. അവർ കുടിച്ച ബിയറിൻ്റെയും വിസ്കിയുടെയും അളവിലാ. 

ശംഭു, പാൻപരാഗ് തുടങ്ങിയ സാധനങ്ങൾ നാക്കിനടിയിൽ തിരുകി നടക്കുന്നവരുണ്ട്. ചിലർ പറയും കക്കൂസിൽ പോകണമെങ്കിൽ ഇവ വേണമെന്ന്. 2 ക്ലാസ് ചെറുചൂടുവെള്ളം കുടിച്ചിട്ട് കക്കൂസിൽ പോയി നോക്കാൻ ഇക്കൂട്ടരോട് പറയാം. 

ഇവിടെ പ്രശ്നം മറ്റൊന്നാണ്. ലഹരി ഉപയോഗത്തിനു ഓരോ കാരണങ്ങൾ കണ്ടെത്തുന്നു എന്നു മാത്രം. നമ്മുടെ സിനിമകൾ ശ്രദ്ധിക്കു. പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവ കഥയിൽ ചേരാത്തിടത്തും  തിരുകി കയറ്റുന്നു. കഥാപ്രമേയം നന്മയാവണം എന്നു ചിന്തയില്ലാത്തതു പോലെ. ഈ ഘട്ടത്തിൽ കോടതി നിർദ്ദേശങ്ങൾ എത്ര പ്രധാനപ്പെട്ടതാണെന്ന് ഓരോ മലയാളിയും ചിന്തിക്കുക.

കമൻ്റ്: ഗുരുകുല വിദ്യാഭ്യാസത്തിൻ്റെ പ്രായോഗികത കാമ്പസുകളിൽ ഉണ്ടാവണം. ലഹരിമുക്തകാമ്പസുകൾക്ക് തുടക്കം കുറിക്കാൻ അതു പ്രയോജനപ്പെടും.
 

Share :