Archives / february 2021

ഫില്ലീസ് ജോസഫ്
ലിനിചേച്ചിയുടെ സ്വകാര്യം (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_20)

എന്നിട്ടും ഒരിക്കൽ പോലും ഞാൻ നവ്യയോട് ചോദിക്കാൻ മറന്നു പോയ ഒരു കാര്യമുണ്ട്. "എന്തുകൊണ്ടാണെന്നോട് കൂട്ടുകൂടിയതെന്ന്"? ആദ്യ വർഷം എന്തേ മിണ്ടിയില്ലെന്നും ഞാൻ ചോദിച്ചില്ല.കാരണം അവൾ അത്രമേൽ എന്നെ സ്നേഹിച്ചു. കരുതലും സൗഹൃദവും സ്നേഹത്തിൽ ചാലിച്ച് നവ്യ എന്റെ എക്കാലത്തെയും പ്രിയ കൂട്ടുകാരിയായി.

ആൺ പെൺ വ്യത്യാസമില്ലാതെ കൂട്ടുകൂടുന്ന സ്വഭാവമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്ന ജാള്യതയോ പരിഭവമോ ഇല്ലാത്ത കൂട്ടുകെട്ടുകൾ. ആരോടും എപ്പോൾ വേണമെങ്കിലും അവൾ സംസാരിക്കും അതും വളരെ കൂളായി തന്നെ.... എനിക്ക് സാധിക്കാത്തതും അതായിരുന്നു. 

കോളേജിൽ  ആൺകുട്ടികളോട് കൂട്ടുകെട്ടില്ലാത്ത ഒരു കുട്ടിയായിരുന്നു ഞാൻ. നഗരത്തിൽ വളർന്നത് കൊണ്ടാവാം അവൾക്ക് കോളേജിലെ മിക്ക കുട്ടികളെയും അറിയാമായിരുന്നു അവരോടൊക്കെ അവൾ സംസാരിക്കുമ്പോൾ ഞാൻ മിണ്ടാതെ മാറി വരാന്തയിലോ പെൺകുട്ടികൾക്ക് മാത്രമായി അന്ന് കോളേജിൽ ഉണ്ടായിരുന്ന "ക്വാട്രാംഗിൾ" എന്ന പ്രത്യേക സ്ഥലത്തേയ്ക്ക് പോവുകയോ ചെയ്യുമായിരുന്നു.അവരിൽ ആരോടും ഒന്നും മിണ്ടാൻ അവൾ എന്നോട് ആവശ്യപ്പെട്ടതുമില്ല. എന്റെ ഇഷ്ടങ്ങളെയും ഇഷ്ടമില്ലായ്മകളെയും നവ്യ മാനിച്ചിരുന്നു

ആഴ്ചയിൽ രണ്ടു ദിവസം കോളേജിൽ ഉച്ചയൂണിന് ശേഷം കുറച്ചുപേർ കോളേജ് ഓഡിറ്റോറിയത്തിൽ വട്ടത്തിൽ കൂടിയിരുന്ന്

പ്രാർത്ഥിക്കുന്നപ്രയർ ഗ്രൂപ്പ് ഉണ്ടായിരുന്നു. യാദൃശ്ചികമായി ഞാനും ആ കൂട്ടത്തിൽ ചെന്നെത്തി. 

എന്തായാലും കണ്ണടച്ച് ദൈവസ്തുതി ചെയ്യുവാൻ എനിക്കും ഇഷ്ടമായിരുന്നു. ആ സമയങ്ങളിൽ നവ്യ എന്തു ചെയ്യുകയായിരിക്കും എന്ന് ഞാൻ ചിന്തിച്ചില്ല കാരണം അവൾ, ടീച്ചർ ക്ലാസെടുക്കുന്നിടത്ത് നിന്ന് വാചകകസർത്ത് തന്നെ പതിവായിരുന്നു.

ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസിന് ബെല്ലടിക്കുമ്പോൾ പ്രാർത്ഥനാ കൂട്ടായ്മ പിരിച്ചു വിടും. 

ക്ലാസിലെത്തിയാൽ നവ്യ ചിരിച്ച് കൊണ്ട് ഓടിയെത്തും. പറഞ്ഞാലും തീരാത്ത കളിതമാശകൾ അവൾ വാ തോരാതെ പറഞ്ഞു കൊണ്ടേയിരിക്കും

അങ്ങനെ ഒരു ദിവസം  ഉച്ച.സമയം ഒരു മുതിർന്ന ചേച്ചി അവളെ തിരഞ്ഞു വന്നു. ചെവിയിൽ എന്തോ രഹസ്യം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. രണ്ടാംവർഷ ഡിഗ്രി ക്ലാസിലെ ലിനിച്ചേച്ചിയായിരുന്നു അത്.പിന്നീടത് പതിവായി. ദിവസം കഴിയും തോറും സംസാര സമയം കൂടിക്കൂടി വന്നു

Share :