Archives / february 2021

സ്മിത ഒറ്റക്കൽ
പൊഴിയുവോളം

പൂവായിരിക്കട്ടെ ഞാൻ
കാണട്ടെ കൺനിറയെൻ
പ്രാണനാം സൂര്യനെ .....

പുല്ലു പുൽച്ചാടി ഒപ്പമുണ്ടെന്റെ
പൂവിടങ്ങളിൽ
പുണ്യമായി .....
തെല്ലുനേരം വന്നു പോകും
തെന്നലീവഴി നിശ്ചയം .....

നേർക്കു നീളുന്നൊണ്ടൊരിളം
പൈതലിൻ കൈത്തലം
ഇല്ല .... പിച്ചിയില്ല ....
മന്ദമെന്നെപ്പുണർന്നു
ചിരിച്ചവൻ.....

ചിത്രവർണ്ണങ്ങൾ കോരി - ക്കുടിച്ചവൻ തൊട്ടു നോക്കി പറന്നു കുറുമ്പൻ ....
എത്രവട്ടം തേൻ നുകർന്നെന്നിലെ
ഇറ്റു വാത്സല്യ ജ്യോതിസ്സുണർത്തി .....

കെസ്സുപാട്ടുകൾ കിന്നരി
കൊട്ടിക്കൊണ്ടുത്സവ -
ത്തിൻ വസന്ത തീരങ്ങളിൽ ഒത്തു പാടി -
ത്തുഴഞ്ഞടുക്കുമ്പോൾ
അസ്തമിക്കുവാനമ്പിളി
എത്തുന്നു....

എത്ര സുന്ദരം മനോജ്ഞ മീകാഴ്ച
സ്വർഗ്ഗവാതിൽക്കൽ നിൽക്കുന്നു ഞാൻ
ഇല്ല പോകവെ തൂക്കുവാൻ
ഇറ്റുകണ്ണീരിൻ പിൻബലമെങ്കിലും
സ്നിഗ്ദ്ധമൊരു മഞ്ഞു
തുള്ളിയെന്നിതൾ ചേർന്നുതിരുന്നു ....

ഓർത്തു വയ്ക്കട്ടെ ഞാനീ 
നിമിഷങ്ങൾ മണ്ണിലേക്ക്
ചേർത്തെഴുതും മനോഹര
തീർത്ഥമായി .....


 

Share :