വാക്കും വാപ്പയും / 

മാങ്ങാട് രത്നാകരൻ .

  മാങ്കാച്ചി ( വാക്കും വാപ്പയും 15 )

പണ്ട്, കർക്കിടകത്തിൽ ഇരുട്ടുകെട്ടി മഴ പെയ്യുമ്പോൾ ,പുറത്തങ്ങും ഇറങ്ങാനാവത്തിനാൽ എറയ (ഇറയം ) കാടി (മഞ്ചാടിക്കുരു കുഴികളുള്ള പലകയിലിട്ടു ,കൊണ്ടുള്ള ഒരു കളി ) കളിച്ചു സമയം പോക്കുമ്പോൾ തണുപ്പു മാറ്റാൻ ,ചവച്ചു കൊണ്ടിരുന്ന മാങ്കാച്ചിയെക്കുറിച്ചെഴുതുമ്പോൾ ,നാവിൽ വെള്ളമൂറുന്നു. അതിൻ്റെയൊരു പുളിപ്പും മധുരവും! ഒരു ഉപമ പറഞ്ഞാൽ ആശാൻ കവിത പോലെ.

...... മാങ്കാച്ചി കാൺകിൽ കൊതിയാമാർക്കും.
    കപ്പായി മാങ്ങയാണ് മാങ്കാച്ചിക്ക് പഥ്യം.  പഴുപഴുത്ത കപ്പായി മാങ്ങ അണ്ടിയും തോലും കളഞ്ഞ് അരകല്ലിൽ എള്ളും ജീരകവും ചേർത്ത് കടഞ്ഞ് കുഴമ്പ് പരുവമാക്കി ,കഴുകിവെടിപ്പാക്കിയ പായിയിൽ (കൈതപ്പായ) നേർപ്പിച്ചൊഴിച്ച് പടർത്തി വെയിലത്തു വയ്ക്കും. വെയിലാറുമ്പോൾ പായയുടെ  രണ്ടറ്റങ്ങളും പിടിച്ച് വീടിനകത്ത് വയ്ക്കും. പിറ്റേന്നാൾ അതു വെയിലത്തുവെച്ച് വീണ്ടും ഒഴിച്ചു പുരട്ടും. ഇങ്ങനെ ആറ് ദിവസം ആവർത്തിക്കുമ്പോൾ, അരയിഞ്ച് കനത്തിൽ മാങ്കാച്ചി കിട്ടും.
     പായിൽ നിന്നടർത്തിമാറ്റിയെടുത്ത് മുറിച്ച് ചീനഭരണയിൽ സൂക്ഷിക്കും.
ചിലയിടങ്ങളിൽ ഇതിന് മാങ്ങാത്തെര എന്നു പറയും.
നാവിൽ വെള്ളമുറുന്നു. രുചികളിൽ രുചിയായി മാങ്കാച്ചി .

Share :