Archives / february 2021

സുഷമ.കെ.ജി
ഇഷ്ടം

എന്തിലുമേതിലുമാർദ്രമാകുന്നൊരീ

ഹൃദയം എനിക്കേറെയിഷ്ടം

മിഴികളിലൊതുങ്ങുന്ന സാഗരത്തിൽ സ്നേഹത്തിരമാലകൾ അതും ഇഷ്ടം

അതിൽ നനയുവാനതിലേറെയിഷ്ടം

(എന്തിലുമേതിലും............ ഹൃദയം എനിക്കേറെയിഷ്ടം...)

 

കനവിലെത്തി എന്നെ ഉണർത്തിടും നിന്നുടെ

കുറുമ്പുകളും എനിക്കിഷ്ടം

നിനവിലും കനവിലും കൂടെയെന്നും നിൻ്റെ

നിഴലായ്... നടക്കുവാനിഷ്ടം..

 

നിന്നെ അത്രമേലത്രമേൽ ഇഷ്ടം...

എനിക്കത്രമേലത്രമേൽ ....ഇഷ്ടം

(എന്തിലു..... അതിലേറെയിഷ്ടം)

ഉയരുന്ന സാഗരത്തിരമാലകൾ പോലെ

ഉതിരും നിലാവിൻ്റെ ശോഭ പോലെ

ഉണരുന്നു തനുവിലെ ഓരോ കണത്തിലും

ഉയിരായെന്നുയിരായ് നീ എൻ പ്രിയനേ...

ഉയിരായെന്നുയിരായ് നീ എൻ പ്രിയനേ..

വിരിയും മലരിൻ്റെ പടരും സുഗന്ധം പോൽ

വിരൽ തൊട്ടാൽ ശ്രുതി മീട്ടും വീണ പോലെ

വിരസമാം ജീവിത വാടിയിൽ നിറയുന്ന 

വസന്തത്തിൻ ചാരുത പോലെ....

നീ....വസന്തത്തിൻ ചാരുത പോലെ...

പ്രണയത്തിൻ അറിയാ മധുരം പകർന്നു നീ

പ്രിയതരമാക്കിയെൻ സ്വപ്നങ്ങളെ..

പറയാത്ത വാക്കുകൾ പോലും നിറച്ചെൻ്റെ

മനസ്സിൽ സ്നേഹത്തിൻ മധുകണങ്ങൾ ..

മനസ്സിൽ സ്നേഹത്തിൻ മധുകണങ്ങൾ..

പുലരിയിൽ പുൽക്കൊടിത്തുമ്പിനെ

ചുംബിച്ച് അടരാൻ മടിക്കുന്ന  നീർത്തുള്ളിപോൽ..

ഹൃദയത്തിലാകെ മധുരിമ നിറയ്ക്കുണ

 മൊഴികളായ്  മൗനമായ് കൂട്ടു വന്നു

മൊഴികളായ്..... മൗനമായ്....കൂട്ടുവന്നു..

(എന്തിലുമേതിലും............ ഇഷ്ടം മിഴികളിലൊതുങ്ങുന്ന ...... നനയുവാൻ....

.......അതിലേറെയിഷ്ടം)

 

 

Share :