
വ്യാജവാർത്താ സൃഷ്ടാക്കൾ കൊത്തിക്കൊത്തി മുറത്തിൽ കയറുന്നു
സാങ്കേതിക വിദ്യ വിരൽത്തുമ്പിൽ എത്തിയതിൻ്റെ ഭാഗമായി ആശയവിനിമയ രംഗത്ത് കൈവരിച്ച നേട്ടം ചെറുതല്ല. എന്നാൽ സാങ്കേതിക വിദ്യ വളർച്ചയുടെ പടവുകൾ കയറുന്നതിന് അനുസരിച്ച് ചില അരുതാത്തത് ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാവുമ്പോൾ അതെങ്ങനെ ഒഴിവാക്കാം എന്നത് ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയമാണ്.
നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ അവരവരുടെ അഭിരുചി അനുസരിച്ചാവും അവിടെ ഇടപെടുക. ചിലർ അവരുടെ സ്ഥാപനത്തിൻ്റെ പ്രചരണത്തിനാവും മുൻതൂക്കം നൽകുക. മറ്റു ചിലർ രാഷ്ട്രീയം, വിശ്വാസം, കല, സാഹിത്യം അങ്ങനെ പങ്കു വയ്ക്കും. അതിൽ ചിലത് മിതമാവാം ചിലത് തീവ്രമാവാം. അതിനപ്പുറം വിവരക്കേടുകളും തരികിടകളും നവമാധ്യമങ്ങളിൽ കടന്നു വരുമ്പോഴാണ് ഇവിടം അഴുക്കു ചാലാക്കരുത് എന്നു വിളിച്ചു പറയേണ്ടി വരുന്നത്.
ലോകത്തിൻ്റെ ഏതു ഭാഗത്തേക്കു പോയാലും ഒരു വ്യക്തിക്ക് സ്വദേശത്തെ ഉത്സവം തുടങ്ങി നാട്ടിലെ ഏതൊരു കാര്യവും തത്സമയം അറിയാൻ നവ മാധ്യമങ്ങൾ സഹായകരമാകുന്നു. പണ്ട് ഗൾഫിൽ ഉള്ള വ്യക്തിക്ക് ഒരു കത്ത് അയച്ച് മറുപടിക്ക് 30 ദിവസം കാത്തിരിക്കണമായിരുന്നു. ആ കാത്തിരിപ്പു ഒരനുഭവമാണ്. ജീവിതമാണ്. പുതുതലമുറയ്ക്കതറിയില്ല. ഒരു ഫോൺ കോൾ അറ്റൻ്റ് ചെയ്തില്ലെങ്കിൽ അസഹിഷ്ണുക്കളാവുന്ന വരാണ് പുതുതലമുറ. ക്ഷമയുടെ നെല്ലിപ്പലക കാണാൻ കാത്തിരിക്കാത്തവർ. ഇവിടെ സൂചിപ്പിക്കുന്ന വിഷയമതല്ലെങ്കിലും സാന്ദർഭികവശാൽ കൂട്ടിച്ചേർത്തു എന്നു മാത്രം.
ഫെയ്സ് ബുക്ക് സംവിധാനം നിലവിൽ വന്നിട്ട് പതിനഞ്ച് വർഷമായി കാണും. അതിനു ശേഷം വാട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ നവ മാധ്യമങ്ങൾ രൂപം കൊണ്ടു. ഇവിടെയാണ് പഴയ കാല സന്ദേശവാഹകരെ ഓർത്തു പോകുന്നത്. ദേവലോകത്ത് നാരദരും രാജാക്കന്മാർ സന്ദേശം കെട്ടി വച്ച പ്രാവുകളും അഞ്ചലോട്ടക്കാരും ടെലഗ്രാമും ഫോണും എന്തെല്ലാം രീതിയിൽ നിന്നാണ് സന്ദേശം നൽകാൻ ഇൻ്റർനെറ്റ് യുഗത്തിലേക്ക് കടന്നത്. എന്നാൽ അവിടെയൊക്കെ ഉണ്ടായിരുന്നതിനേക്കാൾ ബാലാരിഷ്ടത ഇൻ്റർനെറ്റ് സംവിധാനത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും നിലനിൽക്കുന്നു.
നവ മാധ്യമങ്ങളിലൂടെ ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നത് തമാശയായി കാണാൻ പറ്റുന്ന ഒന്നല്ല. പലരും ഇതു ശരിയാണോ എന്നു പരിശോധിക്കാതെ നിമിഷങ്ങൾക്കകം ഇവ ഷെയർ ചെയ്തിരിക്കും. അതു മറ്റൊന്നു കൊണ്ടുമല്ല. ഇത് ആദ്യം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള മത്സരബുദ്ധിയാണ് പലർക്കും. ഇവിടെ പലപ്പോഴും സംഭവിക്കുന്നത് ഒരു കോമാളിപ്പട്ടമാവ്യം ഏറ്റുവാങ്ങുന്നത്. അപ്പോൾ ഒന്നു ചിന്തിച്ചിട്ടു പോരെ ഈ എടുത്തുച്ചാട്ടം.
ഈ അടുത്ത ദിവസങ്ങളിൽ പലരും കോമാളികളായ ചില സന്ദർഭങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിലൊന്ന് പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതു സ്ഥലത്തു വരുന്നവരിൽ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്ന ഒരു വാർത്ത നവ മാധ്യമങ്ങളിൽ ഒഴുകി. ഇങ്ങനെയൊരു വാർത്ത പ്രധാന ന്യൂസ് ചാനലുകളിലോ, പത്രങ്ങളിലോ വന്നില്ല. ഇതിൻ്റെ നിജസ്ഥിതി അറിയാതെ ഒരു മനോരോഗി പടച്ചുവിട്ടത് മറ്റുള്ളവർ കണ്ടിടത്തേക്കെല്ലാം തള്ളി കോമാളിയായി. ഇതു കണ്ടാ മനോരോഗി രസിച്ചു. അവസാനമിത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതു മൂലം വാർത്ത അടിസ്ഥാന രഹിതമാണെന്ന് പോലിസ് മേധാവി അറിയിച്ചു.
മറ്റൊരു വ്യാജവാർത്ത പോലീസ് ലോഗോ ഉപയോഗിച്ചു കൊണ്ടായിരുന്നു. നിങ്ങളുടെ നമ്പർ സൈബൽ സെൽ നിരീക്ഷിക്കുന്നു എന്ന രീതിയിൽ വന്നത് വ്യാജവാർത്തയാണെന്ന് പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. അതായത് കൊത്തികൊത്തി മുറത്തിൽക്കയറി കൊത്തുന്നു വ്യാജവാർത്താരോഗികൾ.
പ്രളയം ആയാലും മഹാമാരി വന്നാലും ലോകം അവസാനിച്ചാലും വേണ്ടില്ല, വ്യാജവാർത്തയാണ് മനോഹരമെന്ന് കരുതുന്ന രോഗത്തിന് ചികിത്സ വേണ്ടതു തന്നെ. അതിന് എന്താണ് പരിഹാരം എന്ന് നിയമജ്ഞർ നിർദേശം വയ്ക്കുകയും അതു പൊതു സമൂഹം പഠിച്ച് അഭിപ്രായ രൂപീകരണം ഉണ്ടാവേണ്ടതുണ്ട്. കൂട്ടത്തിൽ ഇവിടെ പരിശോധിക്കപ്പെടേണ്ട മറ്റൊരു വിഷയമുണ്ട്. ഇത്തരം വ്യാജ വാർത്ത സൃഷ്ടിക്കുന്നവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒന്നുകിൽ ഈ വ്യാജ വാർത്ത പോലീസ് അധികാരികൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ മറ്റു വ്യാജവാർത്തകൾ പടച്ചുവിട്ട് സാമ്പത്തികം ഉൾപ്പെടെ കൈക്കലാക്കാനുള്ള കുബുദ്ധിയാണോ എന്ന് നിരീക്ഷിക്കേണ്ടതാണ്.
കേരളത്തിൽ ഭൂരിഭാഗം പേരും നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. വിശ്വാസ്യതയുള്ളതും അല്ലാത്തതുമായ നവമാധ്യമ ഗ്രൂപ്പുകളും ഏറെയുണ്ട്. എവിടെ ഇടപെടൽ നടത്തുക എന്ന അമിതാവേശവും കൂടിയാകുമ്പോൾ ഇത് ആരൊക്കെ കാണുന്നുവെന്നോ ഒന്നും ചിന്തിക്കാറില്ല. ചിലർക്ക് നേരം കൊല്ലിയാണ് നവ മാധ്യമം. ഇത്തരക്കാരാണ് ഏറെയും കുഴപ്പത്തിൽ ചെന്നു ചാടും. പക്വതയില്ലാത്തവരുടെ കാര്യം പറയുകയും വേണ്ട. അപ്പോൾ പിന്നെ , ഒരു ചിലന്തി ഒരുക്കുന്ന വലയിൽ വീഴാതിരിക്കുമോ ? ഒരു ചൂണ്ടുവിരലാൽ നിയന്ത്രിക്കുന്ന നവ മാധ്യമത്തിൽ സശ്രദ്ധം മുന്നോട്ടു പോയില്ലെങ്കിൽ ഒരാൾ എന്നല്ല ഒരായിരം പേർ മുഴുവനായി ശ്രമിച്ചാൽ ആ വല ഭേദിക്കാൻ കഴിയണമെന്നില്ല. വലയിൽ കുരുങ്ങിയാൽ ചിലപ്പോൾ പോകുന്നത് അഗാധ ഗർത്തിലേക്കാവും.
ഇവിടെ മറ്റൊരു കാര്യവും കൂടി സൂചിപ്പിക്കേണ്ടതായുണ്ട്. കൊച്ചു കുട്ടികളെ കാണാതാകുമ്പോഴും മറ്റും നവ മാധ്യമങ്ങളിൽ നൽകുന്ന വാർത്തകളുടെ കൂടെ തീയതി കൂടി വയ്ക്കണം. അതുപോലെ കൊച്ചു കുട്ടികളെ സുരക്ഷിതമായി കണ്ടെത്തിയാൽ തീയതി വച്ച് അതിൻ്റെ വാർത്തയും നവ മാധ്യമങ്ങളിൽ നൽകണം. ഇങ്ങനെ സൂചിപ്പിക്കാൻ കാരണം വർഷങ്ങൾ കഴിഞ്ഞും ചിലർ സദുദ്ദേശ്യത്തോടെ കുട്ടികളെ കാണാതായ വാർത്തയും മറ്റും നവ മാധ്യമങ്ങളിൽ നൽകി കൊണ്ടെയിരിക്കുന്നു. നിലവിലെ വാർത്ത എന്നു കരുതി ചെയ്യുന്നതാണ്. ഒരു പക്ഷെ, ആ കുട്ടിയെ തിരികെ കിട്ടിയിട്ടുണ്ടാവും. ഒരു പരിധി വരെ ഇത്തരം ഫോർവേഡുകൾ ഒഴിവാക്കാൻ തീയതി വയ്ക്കുന്നതും പിന്നീടുള്ള യാഥാർത്ഥ്യം അറിയിക്കുന്നതും സഹായകരമാകും.
കമൻ്റ്: . ഈ ഭൂമിയുടെ ഏതോ ഒരു മൂലയിലിരിക്കുന്ന മർത്ത്യനെന്ത് കണ്ടു എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് ഓർമ്മപ്പെടുത്താനുള്ളത് മറ്റൊന്നുമല്ല; ഇൻ്റർനെറ്റ് യുഗത്തിൽ ഒരു ചൂണ്ടുവിരലാൽ പണയപ്പെടുത്താനുള്ളതല്ല ജീവിതം.