Archives / july 2021

എം.കെ.ഹരികുമാർ
റിൽക്കേ ,രോഗം ,ജ്ഞാനം

കൊറോണക്കാലത്ത് ഓസ്ട്രിയൻ കവി റെയ്നർ മരിയാ റിൽക്കേ (1875-1926) യുടെ രചനകളുടെ  പുനർവായന ഉപകരിച്ചു. ഏകാന്തതയിൽ സ്വയം രൂപപ്പെട്ടതും തന്നിലേക്ക് തന്നെ ഒഴുകിയതുമായ കവിയാണല്ലോ അദ്ദേഹം.

റിൽക്കേ കത്തുകളുടെ ആളായിരുന്നു. ധാരാളം സ്ത്രീ സുഹൃത്തുക്കൾക്കും മറ്റ് മിത്രങ്ങൾക്കും അദ്ദേഹം എഴുതുമായിരുന്നു. ജീവിതത്തിൽ കവിതകൾക്കും മറ്റ് രചനകൾക്കുമൊപ്പം കത്തുകളും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു, ഒരു ജ്വരബാധിതനെപ്പോലെ. റിൽക്കേയുടെ കത്തുകൾ ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് ഓർക്കുമ്പോൾ സംവാദാത്മകതയിൽ ഈ കവി എത്രമാത്രം ആഴ്ന്നിറങ്ങിയിരുന്നുവെന്ന് ബോധ്യപ്പെടും.

എന്തിനാണ് ഇത്രയും കത്തുകൾ ഒരാൾ എഴുതുന്നത് ?മലയാളസാഹിത്യത്തിൽ ഇങ്ങനെയാരെങ്കിലും എഴുതുമോ ? സ്വന്തം കാര്യങ്ങൾ സാധിക്കാൻ എഴുതുന്നപോലെയല്ല ഇത്. ഒരു കാലഘട്ടത്തിലെ മഹാപ്രതിഭയായ ഒരാൾ ഇങ്ങനെ കത്തെഴുതുമ്പോൾ എത്ര സമയം നഷ്ടപ്പെടും ! അതിൻ്റെയർത്ഥം റിൽക്കേ അസാധാരണ മനുഷ്യനും തീവ്രമായ വികാരങ്ങളുള്ളവനുമായിരുന്നു എന്നാണ്.ഒരു പിടയുന്ന മനസ്സ് നമുക്ക് കാണാം.ചില വ്യക്തികളുമായി ആശയവിനിമയം ചെയ്യുന്നത് ,അവരോട് തുറന്നു സംസാരിക്കുന്നത് റിൽക്കേക്ക് ജൈവപ്രക്രിയയായിരുന്നു .ജീവിച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നു അത് .

അദ്ദേഹം ഓരോ വ്യക്തിയിലേക്കുമുള്ള സംസാരം ജീവിതത്തിൻ്റെ ഏകാന്തതുരങ്കമായി അനുഭവിച്ചു;അതൊരു പ്രാർത്ഥന പോലെ വിശുദ്ധമായിരുന്നു. നമ്മൾ ആകെ നേടുന്നത് സംഘർഷാത്ക തയാണെന്ന് അദ്ദേഹം ഒരു കവിതയിൽ എഴുതിയതിനു കാരണം ഇതാണ്. പ്രണയവും സ്നേഹവും സംഘർഷമായിരുന്നു. സമാനമനസ്കരെന്ന് കരുതപ്പെടുന്നവരുമായുള്ള സംവാദങ്ങൾ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിൻ്റെ ഭാഗമായിരുന്നു.മനസ്സിലെ സംഘർഷങ്ങൾ ഇല്ലാതാവാൻ ,മനസ്സിനെ തുറന്നു വിടുകയാണ് ചെയ്തത്.

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ പ്രത്യക്ഷപ്പെട്ട പ്ലേഗ് ,യുദ്ധങ്ങൾ ,പട്ടിണി തുടങ്ങിയ ദുരിതങ്ങൾ അപാര സെൻസിറ്റീവായ ഒരു കവിയെ ആന്തരികവും ഭാവനാപരവുമായ സന്നിപാതത്തിലേക്ക് നയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അദ്ദേഹം ദൈവത്തിൻ്റെയും പ്രകൃതിയുടെയും ലോകത്ത് നിന്ന് സ്വയം പുറത്താവുകയായിരുന്നു. കാരണം മനുഷ്യബന്ധങ്ങൾ ഉണ്ടാക്കുന്ന സങ്കീർണമായ ഭൗതിക സാഹചര്യങ്ങൾ ഒരു വലിയ വ്യവഹാരമേഖലയായി വികസിക്കുകയായിരുന്നു. രണ്ടു വ്യക്തികൾക്കിടയിൽ പലതുമുണ്ട്. അവർക്കിടയിൽ പരസ്പരം ബോധ്യപ്പെടുത്താനാവാത്ത സമസ്യകളുണ്ട്. അത് എപ്പോഴുമില്ല.എന്നാൽ അങ്ങനെയൊരു സാധ്യത എപ്പോഴുമുണ്ട്. ചിലപ്പോൾ സംവദിക്കുന്തോറും അർത്ഥ തലങ്ങൾ ദുരൂഹമായി മാറും.

വ്യക്തികളെ പുസ്തകങ്ങൾ എന്ന പോലെ പുനർവായിക്കേണ്ടതുണ്ടെന്ന് റിൽക്കേയുടെ കത്തുകൾ വായിച്ചാൽ വ്യക്തമാവും.എഫ്.എക്സ് .കപ്പൂസ് എന്ന യുവാവിനു റിൽക്കേ പത്തു വലിയ കത്തുകൾ എഴുതി. അത് 'ലെറ്റേഴ്സ് ടു എ യംഗ് പോയറ്റ് ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു സാഹിത്യകൃതി പോലെയാണ് ഇതിനെ വായനക്കാർ പരിഗണിക്കുന്നത്.കപ്പൂസിനു ഉപദേശം കൊടുക്കുകയായിരുന്നില്ല .സ്വയം അറിയാനും കണ്ടെത്താനും സഹായിക്കുകയായിരുന്നു. ഒരിടത്ത് റിൽക്കേ എഴുതുന്നത് ഇങ്ങനെയാണ്: 'നിങ്ങളുടെ അടുത്തുള്ളവർ വളരെ ദൂരെയാണെന്ന് അറിയുക. നിങ്ങൾക്ക് ചുറ്റിനുമുള്ള ഇടം വലുതാകുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ആരുടെയും ഒപ്പം പോകാൻ കഴിയില്ല.'

ഈ വാക്യങ്ങൾ സ്വതന്ത്രനായ ഒരു എഴുത്തുകാരന്  ശരിക്കും അനുഭവപ്പെടുന്നതാണ്.സാഹിത്യമേഖലയിൽ ഇത് സംഭവിക്കുന്നു. എന്നാൽ കൊറോണക്കാലത്തിനും ഇത് ഇണങ്ങും. മഹാമാരിയുടെ കാലത്ത് നമ്മുടെ ഒപ്പം ആരെങ്കിലും ഉണ്ടാകുമോ ?

ദാരിദ്ര്യം കവിയുടെ പ്രതിഭയെ തളർത്താൻ പാടില്ല. ദാരിദ്ര്യത്തിൻ്റെ അനുഭവത്തിൽ നിന്ന് ഒരു യഥാർത്ഥ കവി മഹത്തായ കവിതയാണ് ഉല്പാദിപ്പിക്കേണ്ടത് - ഇതാണ് റിൽക്കേയുടെ മതം.ഇത് നമുക്ക് ഇങ്ങനെ വികസിപ്പിക്കാം. രോഗിയായ എഴുത്തുകാരൻ രോഗത്തിൽ നിന്ന് സൗന്ദര്യമാണ് ജനിപ്പിക്കേണ്ടത്.

പന്ത്രണ്ട് വാല്യങ്ങളിലായി റിൽക്കേയുടെ കവിതകൾ പടർന്നു കിടക്കുന്നു. ഈ കവിതകളെ ,ചുരുക്കത്തിൽ ,കവിയുടെ ആത്മപരിശോധന എന്നു വിളിക്കാം. ദൗർഭാഗ്യങ്ങളെ ,പരിമിതികളെ ,എതിർപ്പുകളെ നേരിട്ടാണ്  ഒരെഴുത്തുകാരൻ വളരുന്നത്. അവൻ എപ്പോഴും കാണുന്നത് അവനെ പുകഴ്ത്താൻ നില്ക്കുന്നവരെയല്ല ,തളർത്താൻ നോക്കുന്നവരെയാണ്. അവൻ്റെ ഓരോ വാക്കിനെയും അർത്ഥരഹിതമാക്കാൻ ,സാമാന്യവത്ക്കരിക്കാൻ കുറേപ്പേർ കരുതിയിരിക്കുന്നുണ്ടാവും. ഒരാൾ നിശിതമായി ,സ്വയം വിചാരണ ചെയ്ത് എഴുതുമ്പോൾ അതുവരെ സുഹൃത്തുക്കളായിരുന്നവർ പോലും ശത്രുക്കളെപ്പോലെ പെരുമാറുമെന്ന് അമെരിക്കൻ കഥാകൃത്ത് ഹെമിംഗ് വേ പറഞ്ഞത് ശരിയാണ്. എഴുത്തുകാരനെ ചുമ്മാതൊന്ന് ചവിട്ടാനാണ് പലരും നോക്കുന്നത്. എന്നാൽ ഒരു സിനിമാനടനോട് ഈ ചവിട്ടില്ല .ഇതാണ് നവീന വിദ്യാഭ്യാസത്തിൻ്റെ പ്രത്യേകത. താൻ എഴുതുന്നത് മരിക്കാതിരിക്കാനാണെന്ന് റിൽക്കേ പറഞ്ഞതിൽ ഈ അന്ത:സംഘർഷമുണ്ട്.മരണത്തെപ്പോലും കൊല്ലുകയാണ് അദ്ദേഹം ചെയ്തത്.ജീവിതം എന്നാൽ മരിക്കാതിരിക്കലാണെന്ന് അദ്ദേഹം അർത്ഥമാക്കുന്നു. അവനവനിലേക്കുള്ള ഒരു ചുഴിയാണ് ഇത് സൃഷ്ടിക്കുന്നത്. സ്വയം തിരയുകയാണ് ,വേറൊരു പോംവഴിയുമില്ലാതെ ,കവി.

Share :