Archives / 

ഫില്ലീസ് ജോസഫ്
എന്റെ ധൈര്യത്തിന്റെ ഉടമ (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_19)

 പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കി, പിന്നെ ചുറ്റുപാടും നോക്കി. എന്നെ തന്നെയാണോ ഇന്നലെ വരെ എന്നോട് മിണ്ടാത്ത ഈ കുട്ടി എന്നെയിങ്ങനെ പെട്ടെന്ന് കൂട്ട് വിളിക്കാനെന്താ കാര്യമെന്നോർത്ത് നിൽക്കെ കുപ്പിവളക്കിലുക്കം പോലെ പൊട്ടിച്ചിരിച്ച് എൻ്റെ കൈ പിടിച്ച് അവൾ കാൻ്റീനിലേക്കോടി.

 ആ നേരത്തെ എൻ്റെ സന്തോഷം ഇപ്പോഴും വർണ്ണിക്കുവാൻ എനിക്ക് സാധിക്കുന്നില്ല.

എൻ്റെ പ്രീഡിഗ്രിപഠനത്തെ മാത്രമല്ല എൻ്റെ തുടർജീവിതത്തെയാകെ സ്വാധീനിച്ച ഒരു കൂട്ടുകാരിയാണ് അന്ന് ഫാത്തിമയുടെ കലാലയമുറ്റത്ത് വച്ച് എൻ്റെ കൈ പിടിച്ച് ഓടിയത്.അവൾ നവ്യ എൻ്റെ കൂട്ടുകാരി, എന്നിലുണ്ടെന്ന് എല്ലാവരും പറയുന്ന ഇത്തിരി ധൈര്യത്തിൻ്റെ ഉടമ.

അതെ, അന്നു മുതൽ പ്രീഡിഗ്രി റിസൾട്ട് വരുന്ന ദിവസം വരെ അവൾ എന്നോടൊപ്പം നടന്നു കളിതമാശകൾ പറഞ്ഞു ചിരിച്ചു.കരഞ്ഞു. ലാബിൽ ഒരുമിച്ച് പ്രാക്ടിക്കൽ ചെയ്തു റെക്കോഡുകൾ ഒപ്പിടാൻ അവൾക്കൊപ്പം ഞാൻ സയൻസ് ഡിപ്പാർട്ട്മെൻറുകളിൽ പോയി.

നവ്യ പകർന്ന സ്നേഹവും സൗഹൃദവും,നാട്ടുമ്പുറത്തെ സ്കൂളിലെ മിടുക്കിക്കുട്ടിയെ വീണ്ടും പുറത്തു വന്നു. അവഗണന കൊണ്ട് അണഞ്ഞു പോയേക്കാവുന്ന ഒരു മൺചെരാതിനെ അണയാതെ തെളിച്ചു പിടിച്ച സ്നേഹം.പിന്നീടുള്ള ഒരോ ദിവസവും തെളിമയേറിയതായിരുന്നു

കോളേജിലേയ്ക്ക് ഉത്സാഹത്തോടെ യാത്ര ചെയ്യാൻ തുടങ്ങി. വസ്ത്രത്തിലും ബാഗിലും എന്ന് വേണ്ട ഒരു മധുര പതിനേഴുകാരിയെ ഞാൻ എന്നിലേക്ക് നിറച്ചു തുടങ്ങി.നവ്യയാണ് എന്നിലേയ്ക്ക് നോക്കാൻ എന്നെ പഠിപ്പിച്ചത്.

എന്താണ് കലാലയമെന്ന് അവളാണ് എന്നോടാദ്യമായി നിർവചിച്ചത്.

അവളുടെ നിറപുഞ്ചിരികൾ സമ്മാനിച്ചത് സൗഹൃദത്തിന്റെ പൂക്കാലമായിരുന്നു.

കലാലയത്തിലെ പഞ്ചാര കല്ലിൽ നിന്നും"ബ്ലാക്ക് ആൻഡ് വൈറ്റേ" എന്ന് കമന്റടി പയ്യൻ വിളിച്ചത് 'നിന്നെയാണെന്ന്' ബസ് പിടിക്കാനുള്ള നാലുമണി ഓട്ടത്തിനിടയിലും എന്റെ വെള്ളയിൽ കറുത്ത പൂക്കളുള്ള ചുരിദാറിൽ നോക്കി അവൾ പറഞ്ഞു ചിരിച്ചതും ഞാനോർക്കാറുണ്ട്.

മറ്റേതൊരു നഗരകൗമാരക്കാരിയെ പോലെ അല്ലെങ്കിൽ അതിനും അപ്പുറമോ നീയും സുന്ദരിയാണെന്ന് പറഞ്ഞ് അവൾ പകർന്ന ആത്മവിശ്വാസം ....എന്തിനേറെ പറയണം അവളെനിക്ക് പുതുജീവൻ പകർന്നു തന്നു.

ഉച്ചയൂണ് ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. ലാബിൽ നിന്ന് എത്ര താമസിച്ചിറങ്ങിയാലും ഭക്ഷണം കഴിക്കാതെ പരസ്പരം കാത്തിരിക്കാൻ ഞങ്ങൾക്ക് ഞങ്ങളുണ്ടായിരുന്നു

റെക്കോഡ്ബുക്കിൽ ,ക്ലാസിലെ മറ്റാരേക്കാളും മുൻപേ ഒപ്പിട്ടു വാങ്ങാനുള്ള അവളുടെ മിടുക്ക് അപാരം തന്നെയായിരുന്നു. ഭാഷാ ക്ലാസുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ പരീക്ഷകളിലും ചോദ്യോത്തരവേളയിലും അവളെയും സഹായിച്ചു. അഥവാ അവൾ എന്നെ അതിന് പ്രാപ്തയാക്കി.അങ്ങനെ ഞങ്ങൾ ക്ലാസിലെ മിടുക്കികുട്ടികളായി മാറി.

സൗഹ്യദം പോലെ മനോഹരമായ മറ്റൊരു സ്നേഹബന്ധമില്ല. നമ്മളിലെ നമ്മളെ സൗഹൃദം നമുക്ക് കാണിച്ചു തരും.

വരണ്ട മണ്ണിൽ വേരാഴ്ത്തി, പടരാനാവാതെ അറച്ചു തളരുന്ന പുൽനാമ്പുകൾക്ക് തണ്ണീർ തളിക്കലാണ് ശരിയായ സൗഹൃദം.

വേരാഴ്ന്ന മണ്ണിനെക്കൂടി സ്നേഹത്താൽ നനച്ച് തളർന്നു പോവാതെ കാക്കുന്ന കരുതലാണത്!

 

Share :