Archives / february 2021

രാധിക ശരത് 
മനസ്സ് പൂക്കുന്നിടം 

എല്ലാകൊല്ലവും പതിവുള്ളതാണ് ഈ യാത്ര. സ്വന്തം വീട്ടിലേക്ക് പോകുന്നതിന്റെ ഒരു സന്തോഷം പറഞ്ഞറിയിക്കാനുണ്ടോ? ട്രെയിനിൽ ഇരിക്കുമ്പോഴും വീടും പറമ്പും വയലും അച്ഛനും അമ്മയും മനസ്സിൽ നിറഞ്ഞു നിന്നു. വർഷത്തിൽ ഒരു തവണ ഇങ്ങനെ കെട്ടിയോൻറെയും കുട്ടികളുടെയും അകമ്പടിയില്ലാതെ വീട്ടിൽ വന്ന് ഒരാഴ്ച കൂടാറുണ്ട്. അതൊരു ത്രില്ല് തന്നെയാണ്. ബാംഗ്ലൂർ ജീവിതം മടുത്തു തുടങ്ങിയിട്ട് നാളുകളേറെയായി. അവിടുത്ത ഒന്നും അച്ഛനും അമ്മയ്ക്കും വേണ്ട. അതുകൊണ്ട് തന്നെ വലിയ ബാഗുകളും തൂക്കിപിടിച്ചുള്ള യാത്ര എന്നേ ഒഴിവാക്കി. അവർക്കുവേണ്ടത് എന്റെ സാമിപ്യം ആണെന്നും അതുകൊടുക്കാൻ എനിക്കുമാത്രേ കഴിയു എന്നും എനിക്കല്ലേ അറിയൂ. വണ്ടിയിറങ്ങി റോഡും കടന്നു വീട്ടിലേക്കുള്ള കല്പടവ് കയറുമ്പോൾ ഉച്ചത്തിൽ വിളിച്ചു കൂവാൻ തോന്നി. അമ്മേ ഞാൻ വന്നൂ എന്നു. പണ്ട് സ്കൂളിൽ പോയിവരുമ്പോൾ ഈ പടവുകൾ ചവിട്ടുമ്പോൾ തുടങ്ങും അമ്മേ വിശക്കുന്നു വിളി. അതുപോലെ ഒരു പാവാടക്കാരിയാകാൻ മനസു വെറുതെ കൊതിച്ചു. പടവ് കടന്നു മുറ്റത്തെത്തുമ്പോൾ അച്ഛൻ ചാരുകസാരയിൽ വഴിയിലേക്ക് കണ്ണും നട്ട് ഇരിപ്പുണ്ട്. അമ്മ വാതില്പടിയിൽ ചാരി താടിക്ക് കയ്യും കൊടുത്തിരിക്കുന്നു. എന്നേ കണ്ടതോടെ അവരുടെ മുഖം തെളിഞ്ഞു. പതിവു കുശലങ്ങൾ, കുളികഴിഞ്ഞു അടുക്കളയിൽ ഓരോ പാത്രങ്ങൾ പൊക്കി നോക്കി. ചക്ക വേവിച്ചതും ചാളക്കറിയും മാമ്പഴപ്പുളിശ്ശേരിയും. ഇത്രേം നാൾ പട്ടിണികിടന്നപോലെ ആവേശത്തിൽ വാരിക്കഴിക്കുമ്പോൾ അമ്മ നോക്കി നിൽക്കുന്നു. 

പിന്നീടയമ്മയുടെ പുന്നാരങ്ങളും നാട്ടുവർത്തമാനം പറച്ചിലും കഴിഞ്ഞപ്പോൾ തന്നെ നേരം കുറെയായി. "താത്രിക്കുട്ടി നിനക്ക് കുട്യോളെ കൂടി കൊണ്ട് വരാരുന്നില്ലേ "

"അവരെക്കൊണ്ട് പിന്നീടൊരിക്കൽ വരാമമ്മേ "

ഉറങ്ങാൻ കിടന്നപ്പോൾ വീട്ടിലേക്കൊന്നു വിളിച്ചു. 

"ശിവേട്ടാ വല്ലതും കഴിച്ചോ "

രാവിലെ തേവരുടെ നടയിൽ പോയി തൊഴണമെന്ന് കരുതി നേരത്തെ എണീറ്റു അതിനേക്കാൾ ഈ നാട്ടിടവഴിയിൽ കൂടി ഒറ്റയ്ക്കു പോകാനുള്ള കൊതിയായിരുന്നു കൂടുതൽ. നാട്ടിൽ വന്ന് കുളിച്ചു പുളിയിലക്കരയുള്ള മുണ്ടിലേക്കു മാറുമ്പോൾ കിട്ടുന്ന അനുഭൂതി വേറെങ്ങും കിട്ടില്ല. മുടിചൂരിളിലൊരു തുളസിക്കതിർ കൂടി തിരുകി ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് ഇഴുകി ചേർന്നു. പടിക്കെട്ടിറങ്ങി ഇടവഴി കടന്നു വയൽവരമ്പിലേക്ക് കടന്നപ്പോൾ കണ്ടു വിളഞ്ഞു പഴുത്ത നെൽക്കതിര്, കണ്ണെടുക്കാൻ കഴിയാത്തത്ര സുന്ദരമായ കാഴ്ച്ച. കണ്ണുനിറയെ കണ്ടു. മനസ്സിൽ പഴയ ഓർമകളുമായി നടന്നു തുടങ്ങിയപ്പോൾ പിന്നിൽനിന്നൊരു വിളി. "സാവിത്രിക്കൊച്ചു എപ്പോ വന്നു "

വേണുവേട്ടൻ. അമ്മയുടെ അമ്മാവന്റെ മകൻ. 

"ഇന്നലെ എത്തി "

"എന്നാ മടക്കം "

"ഒരാഴ്ച്ച ഉണ്ടാകും. കുട്ടികളൊക്കെ സുഖായിരിക്കുന്നോ "

"ഉവ്വ്. നിന്റെയോ. കൂടെയാരും വന്നിലെ "

"എല്ലാർക്കും സുഖം. കുട്ടികൾക്കു ക്ലാസ്സുണ്ട്. ഞാൻ തനിച്ചേ എത്തിയുള്ളു "

"നാരായണേട്ടൻ വരാറുണ്ടോ "

എന്റെ ചോദ്യം വേണുവേട്ടനെ നിരാശപ്പെടുത്തിയപോലെ തോന്നി. "വല്ലപ്പോഴും വരും, എവടാണെന്നോ എന്താണെന്നോ ഒന്നും പറയാറില്ല. ചോദിക്കുന്നതും ഇഷ്ടമല്ല. അമ്മേ കണ്ട് ഭക്ഷണം കഴിച്ച് പോകും " 

ഇടവഴിയേത്തിയപ്പോൾ യാത്ര പറഞ്ഞു പിരിഞ്ഞു. മനസിൽ നാരായണേട്ടൻ ഒരു മിന്നായം പോലെ കടന്നുപോയി. 

അമ്പലത്തിലെത്താറായപ്പോൾ കൂട്ടുകാരി സുഭദ്രയെ കണ്ടു. 

തൊഴുതു മടങ്ങുമ്പോൾ ഓർത്തു എല്ലാർക്കും കുട്യോളെയും കെട്യോനെയും ചുറ്റിപ്പറ്റിയുള്ള ആവലാധിയാണ്. തൊടുന്നതും പിടിക്കുന്നതും കയ്യെത്തുന്നിടത് എത്തിക്കാൻ വേണ്ടിയുള്ള സ്നേഹമാണ് കുട്യോൾക്കും കെട്യോനും. അതിലപ്പുറം അവർക്കെന്താണ് അമ്മ. ഭാര്യ യാത്ര തിരിച്ചപ്പോഴേ കെട്ടിയോൻ കൂട്ടുകാരോടൊത്ത് തിമാർക്കാൻ തുടങ്ങിയിട്ടുണ്ടാവും, എല്ലാ ഭർത്താക്കന്മാരെയും പോലെ. അവിടുന്നൊരു രക്ഷപെടീൽ ആണ് ഈ ഒരാഴ്ച. അത് നാട്ടുകാർക്ക് മനസിലാകുവോ ആവോ.. ഉള്ളിൽ ചിരി വന്നു. തിരികെ വീട്ടിലെത്തിയപ്പോൾ അമ്മയോടൊപ്പം അടുക്കളയിൽ കൂടി. 

"കുട്യോള് പാചകത്തിനൊക്കെ സഹായിക്കുവോടി. വല്ലോം വെക്കാനറിയാവോ "

എനിക്കു ചിരി വന്നു. "അവിടെ സമത്വവും സ്ത്രീശാക്തീകരണവുമൊക്കെ ഉള്ളോണ്ട് പെൺകുട്ടികൾക്കു അടുക്കളയിൽ കേറണ്ട അമ്മേ "

"അതെന്തോന്ന് "അമ്മയ്‌ക്കൊന്നും പിടികിട്ടിയില്ല. 

"അത് അവിടെ ഉള്ളൂ. ഇവിടെ അതൊന്നുമില്ല. അതോണ്ട് അമ്മയ്ക്ക് പറഞ്ഞാൽ മനസിലാകൂല "

ഉള്ളിൽ വന്ന വികാരമത്രയും കടിച്ചിറക്കി അമ്മയോടൊപ്പം പരദൂഷണത്തിൽ മുഴുകി. ഇവിടെ വരുമ്പോൾ ഇതൊരു നേരമ്പോക്കാണ്. 

സന്ധ്യ മയങ്ങിയപ്പോ കേട്ടു തൊടിയുടെ അപ്പുറത്തെ പുഷ്കരണ്ണനും ലതച്ചേച്ചിയും തമ്മിൽ പൂരത്തെറി. 

ഇതിപ്പോഴും തീർന്നില്ലെ. 

എന്റെ ചോദ്യത്തിന് അമ്മയുടെ മറുപടിയാണ് കസറിയത്.  "വെള്ളമസിക്കുന്നത് പുഷ്കരനും ഫിറ്റാകുന്നത് ലതയും "

ചിരിച്ചു ചിരിച്ചു കണ്ണുനീരുവരെ വന്നു. സത്യം രണ്ടും കൂടി തല്ലുകൂടുന്ന കണ്ടാൽ ആർക്കും തോന്നിപ്പോകും. 

പോകാനുള്ള ദിവസങ്ങൾ അടുക്കും തോറും വിഷമം തോന്നി. 

അമ്മ അച്ചാറും അടമാങ്ങയും ഒക്കെ പൊതിയാക്കി തന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ പതിവുപോലെ അച്ഛന്റെ മുഖത്ത് ഗൗരവം. അമ്മ ചെലത്തുമ്പിനാൽ കണ്ണു തുടച്ചു. തിരിഞ്ഞു നോക്കാതെ നടക്കുമ്പോഴും ട്രെയിനിൽ ഇരിക്കുമ്പോഴും അറിയാതെ നാരായണേട്ടന്റെ മുഖം ഓർത്തു. കല്യാണതലേന്ന് എന്നേ വിളിച്ചു മാറ്റി നിർത്തി നാരായണേട്ടൻ പറഞ്ഞത്. "ഭാസ്കരമ്മാവനോട് ഞാൻ ചോദിച്ചു. പുള്ളിക്ക് ഒട്ടും ഇഷ്ടമല്ല. അതുകൊണ്ടാ നേരിട്ടു ഒന്നും പറയാഞ്ഞത്. പക്ഷേ താത്രിക്കുട്ടി നീയല്ലാതെ എന്റെ മനസ്സിലും ജീവിതത്തിലും മറ്റൊരു പെണ്ണില്ല "

പറഞ്ഞു തീർത്ത് നാരായണേട്ടൻ ഇരുട്ടിൽ മറഞ്ഞു. പിന്നീട് ഇതുവരെ കണ്ടിട്ടില്ല. ഞാൻ പോലും അറിയാതെ എന്നെ പ്രണയിച്ച നാരായണേട്ടൻ. ആർക്കുമറിയാത്ത രഹസ്യവും പേറി നടക്കുമ്പോൾ പലപ്പോഴും ആലോചിക്കും. നാരായണേട്ടൻ എപ്പോഴേലും  തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ ഗ്രാമത്തിന്റെ വിശുദ്ധി എനിക്കു അന്യമാകില്ലായിരുന്നു. കണ്ണുകൾക്ക് അറിയില്ലല്ലോ കഥനം മറയ്ക്കാൻ. അതാ വേദനയിൽ ഒരു നിമിഷം മഞ്ഞുപൊഴിച്ചു. ആരും കാണാതെ മിഴി തുടച്ചു ചിന്തകളെ തന്റെ അടുക്കളയിൽ തളച്ചുകൊണ്ടവൾ യാത്ര തുടർന്നു.

 

 

 

Share :