Archives / february 2021

മാത്യു പണിക്കർ  
ശരിയുടെ ലോകം

അടിച്ചമർത്തപ്പെട്ടവരുടെ അട്ടഹാസമാണ് താനെന്നു മൗനം അഹങ്കരിക്കുന്നു
കണ്ണുനീർ അത് സമ്മതിക്കുന്നു

പുറകോട്ടു പായുന്നവർ മുമ്പോട്ട് ഇഴയുന്നവര്ക്കായി
ചരമഗീതം രചിക്കുന്നു

കണ്ണിൽ നിന്ന് വിയർപ്പു
നെറ്റിയിൽ നിപതിക്കുന്നു
നാവു പല്ലുകളെ കടിക്കുകയും വിരട്ടിയകററുകയും ചെയ്യുന്നു

ഭ്രാന്തില്ലെന്ന് വിളിച്ചു കൂവി കൂവി മരിക്കുന്നവർ
പുഴുക്കളായി സ്വതന്ത്രരാകുന്നു

പായുന്ന പാവം വണ്ടിയിൽ ഒരു വഴിയോരശില
മനപൂർവ്വം പോയി ഇടിക്കയും
തെറ്റ് സ്വയം സമ്മതിക്കയും
ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു

നിലാവിൽ കത്തിയുടെ കൊടും തിളക്കത്തിൽ ഉറക്കം വരാത്ത കിടാവുകൾ
അറവുകാരനോട്ഉറക്ക് പാട്ടിനായി
കെഞ്ചുകയും കൊഞ്ചുകയും ചെയ്യുന്നു

തുറന്ന കണ്ണുള്ളവർക്ക് മാത്രമായി ഇരുട്ട്
കണ്ണടച്ചവർക്കായോ
വെളിച്ചത്തിന്റെ മഹാപ്രപഞ്ചം തുറക്കപ്പെടുന്നു

Share :