Archives / july 2021

കുളക്കട പ്രസന്നൻ
കൗമാരക്കലി

കൊവിഡ്ക്കാലം കേരളത്തെ നന്നായി ഉലച്ചിട്ടുണ്ട്. കുട്ടികളുടെ പഠനം, കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സാർത്ഥമുള്ള യാത്രകൾ, സാമ്പത്തികം ഇവയെല്ലാം പ്രതിസന്ധികളായി നിലനിൽക്കുന്നു. വീടുവിട്ടിറങ്ങാതിരുന്ന കുട്ടികളും മുതിർന്നവരും നേരിടുന്ന മാനസ്സിക സമ്മർദ്ദങ്ങൾ മറ്റൊരു വശത്ത് ഭീഷണിയായി മാറി. വീടുകളിൽ കുത്തിയിരുന്ന കുട്ടികൾ ആധുനിക സാങ്കേതിക വിദ്യയായ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിച്ചതിൻ്റെ അപകടങ്ങളും തലപൊക്കി തുടങ്ങി. 

ലോക്ക് ഡൗൺവേളയിൽ നിരവധി കുട്ടികൾ ആത്മഹത്യ ചെയ്തു. കുട്ടികൾ അവരുടെ കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ വന്നതു മൂലമുണ്ടായ അസ്വസ്തതകളും അതിനൊരു കാരണമാവാം.

കൗമാരക്കാർ വലിയ ദേഷ്യ പ്രകൃതക്കാരാവുന്നു. സഹപാഠിയെ ക്രൂരമായി മർദ്ദിച്ച് രസിക്കുന്നു . എന്നിട്ടത് വീഡിയോയിൽ പകർത്തി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നു. എന്ത് മാനസ്സികാവസ്ഥയാണിത്.  ഇതാണോ കേരളത്തിൻ്റെ മാതൃക. സഹപ്രവർത്തകനു ഒരാവശ്യം വന്നാൽ ഓടിയെത്തുന്ന സൗഹൃദത്തുരുത്തുകളെ കുറിച്ചാണ് നമ്മൾ കേട്ടിട്ടുള്ളത്. കഥകളും നാടകങ്ങളും സിനിമകളും സൗഹൃദ ആഴങ്ങളുടെ പ്രമേയമായിട്ടുണ്ട്. ഇപ്പോഴിതാ ഭയപ്പെടുത്തും വിധം കുണ്ടറയിൽ നിന്നും കളമശ്ശേരിയിൽ നിന്നും കൂട്ടുകാരനെ തല്ലിച്ചതച്ച സംഭവങ്ങൾ വാർത്തയാവുന്നു.
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്നാരോപിച്ചാണ് കളമശ്ശേരിയിൽ 17 കാരനെ ഏഴു സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി തല്ലിച്ചതക്കുകയും ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തത്. 17 കാരനെ ക്രൂരമായി മർദ്ദിച്ച സംഘത്തിലെ ഒരു കുട്ടി പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. 

മറ്റൊന്ന് കുണ്ടറയിൽ നടന്ന സംഭവമാണ്. ഫോണിൽ കൂടി അസഭ്യം പറഞ്ഞു എന്ന കാരണത്താൽ വിദ്യാർത്ഥികളെ വിളിച്ചു വരുത്തി കൂട്ടുകാർ തല്ലിച്ചതച്ച സംഭവത്തിലും മർദ്ദന സമയത്ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പത്തിലും എട്ടിലും പഠിക്കുന്നവർക്കാണ് ക്രൂര മർദ്ദനമേറ്റത്.  

ഇവിടെ നടന്ന ഈ രണ്ട് സംഭവങ്ങളും ഗൗരവമേറിയതാണ്. കൗമാരക്കാർക്ക് ക്ഷമ നഷ്ടപ്പെട്ടുവോ ? അവരെ നയിക്കുന്നത് എന്തു വികാരമാണ്. കുണ്ടറയിലും കളമശ്ശേരിയിലും രണ്ട് വിഷയങ്ങളാണ്. ലഹരി ഉപയോഗം വീട്ടിൽ പറഞ്ഞു എന്നതാണ് കളമശ്ശേരിയിലെ സംഭവത്തിനു കാരണം. കുണ്ടറയിൽ നടന്നത് മൊബൈൽ ഫോണിലൂടെ ചീത്ത വിളിച്ചു എന്നതാണ്.  എന്നിട്ടും രണ്ടു കുറ്റകൃത്യത്തിനു സമാന സ്വഭാവം .  എറണാകുളം ജില്ലയിൽ കളമശ്ശേരിയിലും കൊല്ലം ജില്ലയിൽ കുണ്ടറയിലും കിലോ മീറ്റർ ദൂര വ്യത്യാസമുണ്ടായിട്ടും കൂട്ടുകാരനെയാണ് മർദ്ദിച്ചത് എന്നതും മർദ്ദനം മൊബൈൽ ഫോണിൽ ചിത്രീകരിച്ചു എന്നതും ഒരേ രീതി . ഇതു ചർച്ച ചെയ്യപ്പെടേണ്ടതല്ലെ ?

മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാർ ഗെയിമിനിടയിൽ പറയുന്ന വാക്കുകൾ കേട്ടാൽ മൊബൈൽ ഫോണിലെ ഗെയിമിനെ കുറിച്ചറിയാത്ത ഒരാൾ പേടിക്കും എന്നതിൽ സംശയമില്ല. വെട്ടെടാ, കുത്തെടാ, അടിച്ചിടെടാ, വെടി വെക്കെടാ ഇങ്ങനെ ശ്വാസോച്ഛ്വാസം ചെയ്തു കൊണ്ട് പറയുന്നത് കേട്ടാൽ ആരായാലും ഒന്നമാന്തിക്കും. രാത്രിയിലാണേൽ പറയുകയും വേണ്ട.

പറഞ്ഞു വന്നത് മറ്റൊന്നുമല്ല. കുട്ടികളിൽ അക്രമവാസനയുള്ള ഗെയിമുകളാണ് മൊബൈൽ ഫോണിലുള്ളത്. ഇതു കൊവിഡ് കാലമായതുകൊണ്ട് വീട്ടുകാരും വലിയ ശ്രദ്ധ കൊടുക്കാറില്ല. പക്ഷെ, പതിയെ പതിയെ കുട്ടികളിൽ അക്രമവാസന കൂടുകയാണ് എന്ന വിപത്ത് പലരും തിരിച്ചറിയാതെ പോകുന്നു. 

ലോകത്തെ ആയുധ കമ്പോളം വിസ്തൃതമാക്കുക എന്ന കെണിയാണ് മൊബൈൽ ഫോണിലെ നിരുപദ്രവം എന്നു തോന്നുന്ന ഗെയിമിനു പിന്നിലെ ലക്ഷ്യം. സംഘർഷം നിറഞ്ഞ സമൂഹത്തെ രൂപപ്പെടുത്തുന്ന ഇത്തരം ഗെയിമുകൾ നിരോധിക്കേണ്ടതാണ്. അതില്ലേൽ സമാധാന പ്രിയരായ കേരളത്തിൽ പോലും കുട്ടികളിൽ പ്രകടമാകുന്ന സ്വഭാവ സവിശേഷതകൾ വലിയ വിപത്തിൻ്റെ സൂചനയാവും.

കമൻ്റ്: വിശന്നു വലഞ്ഞ ആദിവാസി യുവാവ് മധു ഒരു പിടി അരിയെടുത്തു എന്ന കാരണത്താൽ ക്രൂരമായി മർദ്ദിച്ചു കൊന്നത് ആൾക്കൂട്ട ആക്രമണത്തിൻ്റെ ദു:സൂചനയായിരുന്നു. കൊല്ലം ജില്ലയിൽ കൊട്ടിയത്ത് ബൈക്ക് മോഷ്ടാവെന്നു കരുതി ഒരു യുവാവിനെ ഒരു കൂട്ടം ആളുകൾ ക്രൂരമായി മർദ്ദിച്ചു. നിയമം കയ്യിലെടുക്കുന്ന ആൾക്കൂട്ടം ആഭാസമായി മാറാൻ മലയാളികൾക്ക് എങ്ങനെ കഴിയുന്നു എന്നു വീണ്ടും വീണ്ടും ചോദിക്കാം.
 

Share :