Archives / july 2021

പി.ആർ. വന്ദന
നല്ലയൊരാൾ

ശ്രീ. ടി.എൻ.ഗോപകുമാർ  നമ്മെ വിട്ട്പിരിഞ്ഞിട്ട് ഇന്ന് (30 - 1 - 2021 ) അഞ്ച് വർഷം പിന്നിടുന്നു. ....

മുഖ്യമന്ത്രി ,പ്രതിപക്ഷനേതാവ്, മന്ത്രിമാർ ,വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ,മാധ്യമസ്ഥാപനങ്ങളുടെ മേധാവികൾ ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ , മാധ്യമ പ്രവർത്തകർ , സഹപ്രവർത്തകർ, സുഹൃത്തുക്കൾ .....ഒപ്പം ഉറ്റവരും , ഉടയവരും .
,ടിഎൻജിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ നീണ്ട നിരയിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.  പേരറിയാത്ത ഒരു മീൻ വില്പനക്കാരി. മരണവർത്ത കേട്ടു ശംഖുമുഖത്തേക്കു പോകുന്ന ബസ്സിൽനിന്നിറങ്ങി പാറ്റൂർ നാലുംമുക്കിലെ ഫ്ലാറ്റിലേക്കു വന്നതാണ്. ആരും കാണാതെ പോകുന്ന കാഴ്ചകളും കേൾക്കാതെ പോകുന്ന ശബ്ദവും അറിയാതെ പോകുന്ന വേദനകളും നേർമുന്നിലെത്തിച്ച കണ്ണാടി പിടിച്ച കൈകൾക്കു മുന്നിൽ അന്ത്യനമസ്കാരം നൽകാൻ വന്ന ആ മീൻ കാരിയുടെ രണ്ടു തുള്ളി കണ്ണുനീരാണ് ടി.എൻ. ഗോപകുമാർ എന്ന  മാദ്ധ്യമപ്രവർത്തകനു കിട്ടിയ ഏറ്റവും വലിയ യാത്രാമൊഴി.

      ടിഎൻജിയുടെെ മാധ്യമ ലോകവും മാധ്യമജീവിതവും മാധ്യമ സങ്കല്പവും  വളരെ വലുതാണ്. ദൽഹിയിലെ വിശാലസാധ്യതകളിൽ നിന്നു കേരളത്തിലേക്കു മാറ്റിനട്ട വേരുകൾ അത്രയും ആഴമേറിയതാണ് . ശുചീന്ദ്രത്തിൽ തുടങ്ങി നാഗർകോവിലും തിരുവനന്തപുരം വഴി ദൽഹിയിലെത്തി. തിരിച്ച് വീണ്ടും തിരുവനന്തപുരത്തു എത്തിയ അക്ഷരങ്ങളുടെ യാത്രാവഴി. ആ പലായനത്തിന്നിടെ കിട്ടിയ അംഗീകാരങ്ങൾ ,
എഴുതിത്തീർത്ത കൃതികൾ ,ഇതെല്ലാം ടി.എൻ.ഗോപകുമാർ എന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ മരണക്കുറുപ്പിലെ വ്യക്തിഗത വിവരങ്ങളായി എല്ലാ മലയാളികളും ചരമവാർത്തകളിൽ വായിച്ചു. കറതീർന്ന ജനാധിപത്യവാദിയും മതേതരമൂല്യങ്ങളടെ വക്താവുമായ ആ കാരണവരുടെ വിടവ് മാധ്യമലോകത്തു നികത്തപ്പെടാനാവാത്ത ശൂന്യതയായി തുടരുകയും ചെയ്യും.

    ടിഎൻജിയുടെ മരണത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ എല്ലാ ജീവനക്കാരും വലിപ്പചെറുപ്പമില്ലാതെ ഓരോരുത്തരുടെയും വ്യക്തിപരമായ നഷ്ടം എന്ന നിലക്ക് വിതുമ്പിയതും സ്ഥാപനം വിട്ടു മറ്റിടങ്ങളിൽ ചേക്കേറിയവർ ഓടിയെത്തിയതും ആ നേട്ടങ്ങളുടെ അനന്യത കൊണ്ടു മാത്രമായിരുന്നില്ല. 
ടിഎൻജി എന്ന മൂന്നക്ഷരം എല്ലാവർക്കും കാണിച്ചു തന്ന പാoങ്ങൾ വേറെ ചിലതായിരുന്നതുകൊണ്ടാണ് 
        നിസ്സാരതകൾ ടിഎൻജിയെ സ്പർശിച്ചിരുന്നില്ല. വ്യക്തിപരമായി ആളുകളോടുള്ള ഇഷ്ടാനിഷ്ടങ്ങൾ തീരുമാനങ്ങളെ ബാധിക്കാത്തവിധം പ്രൊഫഷണൽ . മാധ്യമ പ്രവർത്തനവും ,വിപണിയുടെ താല്പര്യങ്ങളും കൊമ്പു കോർക്കാതിരിക്കാൻ ശ്രദ്ധിച്ചു. അതേ സമയം വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്ത ജാഗരുകൻ .പദവിയുടെ മൂപ്പിളമകൾ പെരുമാറ്റത്തെ ബാധിക്കാതിരിക്കാനും ഔപചാരികതകൾ ബന്ധങ്ങൾക്കും വാക്കുകൾക്കും വിലങ്ങാവാതിരിക്കാനും സദാ ശ്രദ്ധിച്ച വഴികാട്ടി .
: ടി എൻ ജി എല്ലാവർക്കും ഒരേ സമയം മേലധികാരിയായിരുന്നു.  സുഹൃത്തായിരുന്നു. ഗുരുവായാരുന്നു. സഹോദരനായിരുന്നു.

       തൻ്റെ കഴിവുകൾ എന്തെന്നും എന്തെല്ലാമെന്നും  തികഞ്ഞ ബോധ്യമുണ്ടായിരുന്ന ടി എൻ ജി മത്സരബുദ്ധി ആരേയും തോല്പിക്കാനായിരുന്നില്ല. ആരെയെങ്കിലും ഒഴിവാക്കാനോ എന്തെങ്കിലും തെളിയിക്കാനോ ആയിരുന്നില്ല. മറിച്ച് സ്വയം ഊതിത്തെളിയുന്നതിനായിരുന്നു. സ്വന്തം ഇടം എന്തെന്നു കൃത്യമായി അറിയുന്നവൻ്റെ ആത്മവിശ്വാസം. ആരു വന്നാലും പോയാലും തെളിഞ്ഞ മനസ്സോടെ സ്വീകരിക്കാനായതും അതുകൊണ്ട് തന്നെ.

       പലർക്കും കേൾക്കുമ്പോൾ തന്നെ ഭയം ജനിപ്പിച്ചിരുന്ന ഞണ്ടിൻ്റെ കാലുകൾ തന്നെയും വരിഞ്ഞുമുറുക്കാനെത്തി എന്നറിഞ്ഞപ്പോൾ ചിരിച്ചു കൊണ്ടു തന്നെ നേരിട്ട 
ടിഎൻജി  ജീവിതത്തെ സ്നേഹം കൊണ്ട്, ധൈര്യം കൊണ്ട്, തമാശകൊണ്ട് , യുക്തി കൊണ്ട് ഞണ്ടുകളെ വലിച്ചെറിഞ്ഞ് തിരിച്ചെത്തിയ ടി എൻ ജി .   ഒന്നിലധികം തവണ മരണത്തിൻ്റെ കരിനിഴൽ വീണിട്ടും തിരിച്ചു വന്ന
ടിഎൻ ജി ഒടുവിൽ നക്ഷത്രങ്ങളുടെ  ലോകത്തേക്കു 
കൊണ്ടുപോകാനുറച്ചെത്തിയ മരണത്തെ കൈ പിടിച്ചതും മന്ദഹാസത്തോടെ.

      ഫലപ്രാപ്തിയുടെ വലിപ്പച്ചെറുപ്പം ലക്ഷ്യം വെക്കാതെ അവനവൻ്റെ ജോലി നന്നായി ചെയ്തു മറ്റുള്ളവരെ വേദനിപ്പിക്കാതെ നല്ല മനുഷ്യനായി ജീവിച്ചു. പറ്റുംപോലെയെല്ലാം മറ്റുള്ളവരെ സഹായിച്ചു. പ്രണയവും സൗഹൃദയവും പിതൃത്വവും  മുത്തച്ഛനായതുമെല്ലാം ആസ്വദിച്ചു. സ്വന്തം ജീവിതത്തെ സ്നേഹിച്ച  
ടിഎൻജി അസുഖത്തെയും മരണത്തെയും മുഖാമുഖം കണ്ടതും നേരിടരും പോയതും  അന്തസ്സോടെ . 

        ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും  പുലർത്തിയ അന്തസ്സാണു ടിഎൻജി യെ എല്ലാവർക്കും  പ്രിയങ്കരനാക്കിയത് , വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും കാണിച്ച സ്നേഹവും അന്യജീവി കരുതലും അദ്ദേഹത്തെ വേറിട്ടു നിർത്തി. 

    പ്രസരിപ്പും ഊർജ്ജവും സൗന്ദര്യവും അന്തസ്സും എല്ലാമുള്ള ഫോട്ടോ തന്നെ നൽകണം തന്നെക്കുറിച്ചുള്ള അവസാനവാർത്തയ്ക്ക്  എന്ന അച്ഛൻ്റെ  വാക്കുകൾ കേട്ടു ഗായത്രിയും കാവേരിയും ടിഎൻജിയുടെ വിയോഗവാർത്ത മനോഹര ഫോട്ടോയ്ക്കൊപ്പമാണ്  മുഖ്യധാര മാധ്യമങ്ങൾക്കെല്ലാം നൽകിയത്. പോയത് ഒരു ഭർത്താവും ഒരഛനും സഹോദരനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനും മാത്രമല്ല, നല്ലയൊരാളാണ്. നല്ല ഒരാൾ.

Share :