Archives / 

കുളക്കട പ്രസന്നൻ
ആത്മഹത്യ പെരുകുന്നത് കൊവിഡാനന്തര ഭീഷണി  ഓരോ വീടിനും കുടുംബ ബജറ്റ് വേണം 

 

1970- 1990 കൾ കേരളത്തിൽ ആത്മഹത്യകൾ കൂടുതലായിരുന്നു എന്നു കരുതുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും മാറി അണുകുടുംബങ്ങളായി മാറുന്ന ഘട്ടം. സാമ്പത്തിക പരാധീനതയും ദാരിദ്ര്യവും പ്രണയനൈരാശ്യവും ജീവിതതാള പിഴകളും ഒക്കെ ആയിരുന്നു അന്നത്തെ ആത്മഹത്യകളുടെ കാരണങ്ങൾ.

കേരളത്തിലെ യുവതി യുവാക്കൾ തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ നാടുകളിലേക്കും പോയി തുടങ്ങിയതോടെ മലയാളികളിൽ പുതു പ്രതീക്ഷകളായി. ജീവിതതാളം ക്രമമായി. അത്തരമൊരു തുടക്കത്തിൽ വിസാത്തട്ടിപ്പിലും സാമ്പത്തിക നഷ്ടത്തിലും പലരുടെയും മോഹങ്ങളും ജീവനും പൊലിഞ്ഞു.

ചേരയെ തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ അതിൻ്റെ നടു തുണ്ടം തിന്നണമെന്ന പഴമൊഴിയിൽ മലയാളി വിജയിച്ചതായി കണക്കാക്കാമെന്ന നിലയിലായി. വിദേശ നാടുകളെ പറിച്ച് കേരളത്തിൽ നടാൻ തുടങ്ങി. ആഢംബര ജീവിതത്തിന് പ്രാധാന്യം നൽകി. ലോണെടുത്തു ഇരു നില വീട്, കാറ്, വില കൂടിയ മൊബൈൽ ഫോൺ, അങ്ങനെ നീണ്ടു. ആവശ്യത്തിൽ നിന്ന് അനാവശ്യത്തിലേക്കുള്ള ചെലവുകൾ. വിവാഹ ചെലവുകൾ തന്നെ പരിശോധിച്ചു നോക്കു. അതിനു പുറമെ ആവശ്യമായി വരുന്ന വിദ്യാഭ്യാസ- ആരോഗ്യ ചെലവുകൾ. പണമുള്ളവൻ ശതകോടീശ്വരനോട് മത്സരിക്കുന്നു. പണമില്ലാത്തവൻ പണമില്ലാത്തവനോട് മത്സരിക്കുന്നു. അവസാനം ഇതിൻ്റെ ഫലമോ കുടുംബ സമാധാനം തകർക്കുന്ന കടഭാരവും.

ഉപ്പു തൊട്ട് കർപ്പൂരം വരെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയാലെ ഓരോ ദിനവും കടന്നു പോകുകയുള്ളു എന്നറിയാതെയാണ് കേരളം മുന്നോട്ട് പോയത്. അവസാനം കൊവിഡ് പ്രതിസന്ധിയിലകപ്പെട്ട് വീട്ടിലിരിക്കുമ്പോളാണ് ആ യാഥാർത്ഥ്യം നമ്മൾ തിരിച്ചറിഞ്ഞത്. അപ്പോൾ നമ്മൾ അടുക്കള തോട്ടത്തെ കുറിച്ചും ടെറസിലെ കൃഷിയെ പറ്റിയും വാചാലരായി. കൊവിഡ് ലോക്ക് ഡൗൺ കഴിഞ്ഞ് പുറത്തിറങ്ങി. എത് അടുക്കളത്തോട്ടം, ഏന്ത് ടെറസിലെ കൃഷി.

മേൽ എഴുതി വന്നത് കേരളത്തിൻ്റെ പൊതു ചിത്രം ചൂണ്ടിക്കാട്ടാനാണ്. എന്തെന്നാൽ കൊവിഡാനന്തരം കേരളത്തിൽ ആത്മഹത്യ പെരുകുന്നു.

കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പ്രശ്നത്തിലകപ്പെട്ടവർ പരിഹാരം കാണാൻ കഴിയാതെ വലയുകയാണ്. പലരുടെയും കടബാദ്ധ്യതകൾ ഒരു വീട്ടിലുള്ളവർ പോലും പരസ്പരം അറിഞ്ഞിട്ടുണ്ടാവില്ല. വേണ്ടത്ര കൂടിയാലോചനയില്ലാതെ വൻ തുക ലോണെടുത്ത് വീടുവച്ചതിൻ്റെയും മറ്റു പലതിൻ്റെയും ബാദ്ധ്യതകൾ. സാമ്പത്തിക കാര്യ മാനേജ്മെൻ്റ് പല കുടുംബങ്ങളിലും ഇല്ല. എന്തായിരിക്കാം ഇവിടെ വില്ലൻ ?

കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നാണല്ലോ അണുകുടുംബങ്ങളായി മാറിയത്. കൂട്ടുകുടുംബത്തിൽ എല്ലാ കാര്യങ്ങൾക്കും ഒരു കാരണവർ ഉണ്ടായിരുന്നു. അതായത് ഭരണാധികാരി.  ആ ഭരണാധികാരി പഴഞ്ചനാണെന്ന് നമ്മൾക്ക് തോന്നിയതു കൊണ്ടാണ് നമ്മൾ വിപ്ലവകാരികളായി ആ സമ്പ്രദായം തകർത്ത് അണുകുടുംബം ആയത്. കൂട്ടുകുടുംബത്തിൻ്റെ സാമ്പത്തികകാര്യ വിദഗ്ധൻ കാരണവർ ആയിരുന്നു. ഇക്കൊല്ലം എത്ര പറ നെല്ലുണ്ട്, തേങ്ങയുണ്ട്, വാഴക്കൊലയുണ്ട് എന്നൊക്കെ കണക്കാക്കി കുടുംബത്തിലെ എല്ലാവർക്കും അതിൻ്റെ വീതം നൽകി വന്ന കാരണവരുടെ സാമ്പത്തിക ശാസ്ത്രം നമ്മൾ പഠിച്ചില്ല. വൈകിട്ട് എല്ലാവരും വീട്ടിൽ കയറണമെന്ന് കാരണവർ ശഠിച്ചപ്പോൾ നമ്മൾക്കത് അലർജിയായി. അത്തരം അലർജിക്ക് നമ്മൾ പുരട്ടിയ മരുന്നാണ് അണുകുടുംബ തൈലം. ഇപ്പോഴെന്തായി ?

വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ വീട്ടിൽ പ്രായമുള്ളവർ ടി.വി.സീരിയലിനു മുന്നിൽ, ചിലർ ബിവറേജസിനു മുന്നിലെ ക്യൂവിൽ അല്ലെങ്കിൽ ചീട്ടുകളത്തിൽ, കുട്ടികൾ മൊബൈൽ ഫോൺ തരികിടകളിൽ അങ്ങനെ പോകുന്നു. എന്നാൽ വൈകിട്ട് മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ കുടുംബത്തിൽ ഉള്ളവർക്ക് ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നം?

വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ തമ്മിൽ പരസ്പരം അറിയാൻ ചാറ്റ് ചെയ്യാറില്ലെ ? അതുപോലെ കുടുംബത്തിലുള്ളവർ ആഴ്ചയിൽ ഒരു ദിവസം വൈകിട്ട് 6 മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഒന്നിച്ചിരുന്ന് കുടുംബ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും ചർച്ച ചെയ്യു. സാമ്പത്തിക ബാദ്ധ്യതകൾ കുട്ടികൾ ഉൾപ്പെടെ അറിയണം. കുട്ടികളുടെ മാനസികാരോഗ്യം തകർക്കും വിധം ആകരുത് ചർച്ച എന്നു മാത്രം.

സർക്കാരും സ്ഥാപനങ്ങളും ഒക്കെ വാർഷിക ബജറ്റ് അവതരിപ്പിക്കും പോലെ ഒരു ബജറ്റ് വീടുകളിലും കുടുംബാംഗങ്ങൾ ചേർന്ന് അവതരിപ്പിക്കുന്നത് നല്ലതാണ്. അതായത് കുടുംബ ബജറ്റ്. ഒരു വർഷം എത്ര രൂപ വരവ്, ചെലവ് എന്നറിയാൻ അതു നല്ലതാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് ജീവിത കാഴ്ചപ്പാടുണ്ടാവാനും. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചൊട്ടയിലെ ഗൃഹപാഠം വേണം എന്നർത്ഥം. അല്ലേൽ കതിരിന്മേൽ വളം ഇടുന്നതു പോലെയാവും.

നമ്മൾ കൂട്ടുകുടുംബം വിട്ടപ്പോൾ അവിടെ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടല്ല അണുകുടുംബത്തിലേക്ക് മാറിയത്. ജീവിതം കുറ്റങ്ങൾ കണ്ടു പിടിക്കാനുള്ള അളവുകോലുമായി നടക്കുന്നതു മൂലമുണ്ടാകുന്ന അപകടമാണിത്. ഈ പറഞ്ഞു വന്നത് ആത്മഹത്യ ഒഴിവാക്കാനുള്ള പാഠം നമ്മൾ നേടേണ്ടിയിരിക്കുന്നു എന്നതു തന്നെ.

കമൻ്റ്: ജീവിതം  ആഢംബരങ്ങളും പൊങ്ങച്ചവും  മാത്രമല്ല. ആഢംബര ജീവിതം വിട്ടിറങ്ങി വന്ന ശ്രീബുദ്ധൻ നമ്മളെ പഠിപ്പിക്കുന്നത് മനുഷ്യനായി ജീവിക്കാനാണ്.
 

Share :