Archives / january 2021

ഫില്ലീസ് ജോസഫ്
നവ്യ,എന്റെ കൂട്ടുകാരി(ഓർമ്മചില്ലകൾ പൂത്തപ്പോൾ_18)

പത്താം ക്ലാസ് വരെ നാട്ടുമ്പുറത്തെ സ്കൂളിലും പള്ളിയിലും അഷ്ടമുടിക്കായലോരത്തും മാത്രമൊതുങ്ങിയ ഞാൻ പത്താം തരത്തിൽ സ്കൂളിൽ ഒന്നാമതെത്തിയത് റെക്കോഡ് മാർക്കോടെയായിരുന്നുകൊല്ലത്തെ അറിയപ്പെടുന്ന ആർട്ട്സ് കോളേജായ ഫാത്തിമയിൽ സെക്കന്റ് ഗ്രൂപ്പിലായിരുന്നു പിന്നീടുള്ള പഠനം

സമ്പന്നരായ കൗമാരമിടുക്കരുടെ കൂട്ടായ്മ കൂടിയായിരുന്നു അത്. നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നുള്ളവരായിരുന്നു. അവർക്കിടയിൽ തനിച്ചായതു പോലെ ഞാനും!

എന്റെ നാട്ടിലെ സ്കൂളിൽ നിന്ന് കോളേജിൽ എത്തിയവർ വിരളം. മാത്രമല്ല അവരോരോരുത്തരും വേറേ വേറേ ക്ലാസുകളിലും.

ഗ്യാലറിയിൽ നിന്ന് അധ്യാപകർ പറയുന്നത് കേൾക്കുമെന്നല്ലാതെ എനിക്കൊന്നും മനസിലായിരുന്നില്ല ആൾക്കൂട്ടത്തിലെ അനിവാര്യമായ അവഗണനകളുടെ ആദ്യപാഠം എനിക്ക് ലഭിച്ചത് ആ ക്ലാസ് മുറികളിൽ നിന്നാണ്

പക്ഷേ ഇംഗ്ലീഷിലുണ്ടായിരുന്ന ഇത്തിരി അറിവും മുടക്കാത്ത ഗൃഹപാഠവും വീട്ടിലെസാന്ത്വനവും

 എനിക്ക് ഉപകാരപ്പെട്ടു

അധ്യാപകരുടെ മിന്നൽ പരീക്ഷകളിൽ എനിക്ക് മാർക്ക് ലഭിച്ചു തുടങ്ങി

 അപ്പന്റെ അകന്ന ബന്ധുവും ബാംഗ്ളൂരിൽ താമസക്കാരിയുമായ ഒരു കണ്ണാടി പെൺകുട്ടി സിൻഡ്രല്ലയ്ക്കും എന്നെ പോലെ നല്ല നീളം ഉണ്ടായിരുന്നതിനാൽ ലാസ്റ്റ് ബെഞ്ചിൽ, എന്റെ അടുത്തായിരുന്നു ഇരിപ്പിടം

ഫീസടയ്ക്കാനും മറ്റും കോളേജിൽ സ്ഥിരം സന്ദർശകനായിരുന്ന എന്റെ അപ്പനാണ് ഒരിക്കൽ എന്നോടൊപ്പം അവളെ കണ്ടപ്പോൾ പരിചയപ്പെട്ടതും ബന്ധം പറഞ്ഞതും ,ഞങ്ങളെ കൂട്ടുകാരാക്കിയതും. അപ്പൻ പഠിച്ച കോളേജായിരുന്നു അത്.

അപ്പനറിയാമായിരുന്നിരിക്കണം എന്റെ അവസ്ഥയെന്ന് ഇപ്പോൾ മാത്രമാണ് ഊഹിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞത്

പക്ഷേ അവൾ എന്നെ പ്പോലെ ഉച്ചയ്ക്ക് സ്റ്റീൽ പാത്രത്തിൽ ചോറും കൂട്ടാനും കൊണ്ടുവരാറില്ല. ക്യാന്റീനിലേയ്ക്കോ ഹോട്ടലിലേക്കോ പോകുന്ന അവളെ കൂട്ടത്തിൽ ഉണ്ണാൻ വിളിച്ചാൽ വരാറുമില്ല

ഒറ്റയ്ക്കുള്ള ഉച്ചയൂണുകൾ, വിശ്രമങ്ങൾ, എല്ലാമെന്നെ അസ്വസ്ഥയാക്കിക്കൊണ്ടേയിരുന്നു

എങ്ങനെയോ ഒന്നാം വർഷ പരീക്ഷ കഴിഞ്ഞു. സിൻഡ്രല്ലയാണെങ്കിൽ ടി സി മേടിച്ചു പോവുകയും ചെയ്തു

തനിച്ചാവുകയെന്നാൽ വലിയൊരു പൂന്തോട്ടം ചുക്കിചുളിഞ്ഞൊരു ചിത്രമാവുന്ന പോലെയാണ്.

നമുക്ക് ചുറ്റിലും നക്ഷത്രങ്ങൾ മിന്നി നിൽക്കുമ്പോൾ  കത്തിയെരിയുന്നൊരു മഴമേഘം പോലെ!

 പക്ഷേ രണ്ടാം വർഷം തുടങ്ങിയ ദിവസം വളരെ അവിചാരിതമായി ഒരു ലാച്ചയിട്ട നീളം കുറഞ്ഞ പെൺകുട്ടി  എന്റെ കൈയ്യിൽ പിടിച്ചു ചോദിച്ചു."ഞാൻ നവ്യ ... എന്റെ കൂടെ ക്യാന്റീൻ വരെയൊന്ന് വര്യോ കൂട്ടേ"?

Share :