ഒറ്റപ്പെടുന്ന കൂടുകൾ
ലോക്ഡൗണിൽപെട്ട ആദ്യ ദിവസം തന്നെ വീട്ടിൽ നിന്ന് വിളിയെത്തി. 'മോനേ മരുന്ന് കിട്ടിയോടാ'. അമ്മയുടെ ശബ്ദം കാതുകളെ അസ്വസ്ഥമാക്കി.
തലേദിവസം കാസർഗോഡ് നിന്ന് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ ആയിരിക്കുന്ന അമ്മയ്ക്ക് മരുന്നുവാങ്ങാനായി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. വഴി മധ്യേ സുഹൃത്തിന്റെ വീട്ടിൽ കയറി രാത്രിയായതിനാൽ പിറ്റേന്ന് രാവിലെ മരുന്നു വാങ്ങാൻ പോകാം എന്ന് അവർ നിർബന്ധിച്ചപ്പോൾ അവിടെകൂടി. ടി.വിയിൽ ചൈനയിൽ നിന്നെത്തിയ ആദ്യരോഗിയുടെ സഞ്ചാരവഴി പ്രദർശിപ്പിക്കുന്നു. ഇറ്റലിക്കാരൻ വൃദ്ധമാതാപിതാക്കൾക്ക് രോഗം പകർത്തിയ വാർത്ത മറ്റൊരു ചാനലിൽ കൊറോണ എന്ന സുന്ദരിയെപറ്റി ഞങ്ങൾ പറഞ്ഞു രസിക്കുമ്പോഴാണ് ഇടിത്തീപോലെ ലോക്ഡൗൺ പ്രഖ്യാപനവുമായ് പ്രധാനമന്ത്രിയെത്തുന്നത്.
സുഹൃത്ത് സമാധാനിപ്പിച്ചു: 'മരുന്ന് വാങ്ങാൻപോകുന്നതിന് വലിക്കുണ്ടാവില്ല'
എന്നാൽ ഒറ്റയ്ക്ക് കഴിയുന്ന അമ്മ ആ മകനെ കൂടുതൽ അസ്വസ്ഥനാക്കി. അയാൾ പിറ്റേന്ന് പുലർച്ചെതന്നെ യാത്ര തുടർന്നു. കാരുണ്യയുടെ കവാടത്തിലെത്തി. മരുന്നു വാങ്ങാൻ ആദ്യം എത്തിയതും അവൻ തന്നെ ആയിരുന്നു. പക്ഷേ വാഹനഗതാഗതം നിലച്ചതിനാൽ ഏറെ വൈകിയാണ് തുറന്നത്.
ഇടയ്ക്ക് അമ്മവിളിച്ചു. കഴിക്കാൻ മരുന്നില്ല. ലോക്ഡൗൺ അമ്മയെ ആകെ സങ്കടത്തിലാക്കി. അമ്മയുടെ വാക്കുകൾ ഇടറുന്നു. പക്ഷേ അവന്റെ വാക്കുകൾ അമ്മയ്ക്ക് ഏറെ ആശ്വാസമായി.
ഉച്ചയോടെ ഒരു ജീവനക്കാരനെത്തി തുറന്നപ്പോഴേക്കും മരുന്നുവാങ്ങാൻ എത്തിയവർ പിറുപിറുക്കാൻ തുടങ്ങി. ഇടയ്ക്ക് അത് ആക്രോശമായി. സെക്യൂരിറ്റി ജീവനക്കാർ ടോക്കൺ ക്രമപ്പെടുത്തിയതിനാൽ അവനുതന്നെ ആദ്യം മരുന്നുവാങ്ങാനായി. ഭക്ഷണത്തിനായി കടകൾ തിരഞ്ഞെങ്കിലും ആശുപത്രി പരിസരത്ത് ജീവന്റെ വിളക്കുകളായ മെഡിക്കൽ സ്റ്റോറുകൾ മാത്രം തുറന്നിരുപ്പുണ്ട്. മരുന്ന് കയ്യിൽ കിട്ടിയപ്പോഴാണ് രാവിലെ ചായപോലും കുടിച്ചിട്ടില്ല എന്നവെളിപാട് അവന്റെ ഉദരത്തിൽനിന്ന് പുറപ്പെട്ടത്.
കാർ മുന്നോട്ട് പായുമ്പോൾ അവന്റെ കണ്ണുകൾ ഹോട്ടലുകൾ എന്ന ബോർഡ് പരതി. പക്ഷേ തുറന്നവാതിലുള്ളവയൊന്നും കണ്ടെത്താനായില്ല. തിരുവനന്തപുരത്ത് സർജറി കഴിഞ്ഞതിനാൽ മരുന്നുകളൊന്നും നാട്ടിൽകിട്ടില്ല. ഒരുമാസത്തേക്കുള്ള മരുന്നുകിട്ടി. ലോക്ഡൗൺ തീരുംവരെ അമ്മയ്ക്ക് ആശ്വസിക്കാം. ഒരുദിവസവും മുടങ്ങരുത് എന്നാണ് ഡോക്ടർ പറഞ്ഞത്.
വഴിക്ക് ഒരു പലചരക്കുകട പകുതി തുറന്നിരിക്കുന്നു. ഷട്ടർ പകുതിയോളം ഉയർത്തിവെച്ചിട്ടുണ്ട്. അവൻ കാർ അരികുചേർത്തുനിർത്തി. കാർ മുന്നിൽനിന്നതും അകത്തുനിന്നൊരാൾ തലയിട്ടുനോക്കി.
'എന്തുവേണം?'
'കഴിക്കാൻ എന്തെങ്കിലും കിട്ടുമോ?'
'ബ്രെഡുണ്ട് മതിയോ?'
'അതുമതി. കുപ്പിവെള്ളം?'
'അതുമുണ്ട്'.
പണംകൊടുത്ത് അവരണ്ടും വാങ്ങി കാറിലിരുന്ന് പകുതിയോളം ബ്രെഡ് കഴിച്ചു.വീണ്ടും ഒരുകുപ്പി വെള്ളംകൂടി വാങ്ങി. കാറിൽ കയറുമ്പോൾ അമ്മ വിളിച്ചു.
'മോനേ നീ എവിടെയെത്തി? അമ്മയക്ക് വല്ലാതെ ശ്വാസംമുട്ടുന്നു''. അമ്മയുടെ വാക്കുകൾ അവനെ ഏറെ സങ്കടത്തിലാഴ്ത്തി.
'അമ്മ കിടന്നോളൂ, ഞാനുടനെത്തും''. ഉടനെത്തില്ലെന്നറിയാമായിരുന്നിട്ടും അവൻ നുണപറഞ്ഞു. തനിക്കുവേണ്ടിമാത്രം ജീവിച്ച അമ്മ. അച്ഛൻ ഉപേക്ഷിച്ചുപോകുമ്പോൾ തനിക്ക് രണ്ട് വയസ്സ്. ആ മുഖം ഓർമയില്ല.
അവന്റെ കാൽ ആക്‌സിലേറ്ററിലമർന്നു. ലോക്ഡൗൺ വിജയമാക്കിയ കറുത്തപാത ഒരു രാക്ഷസന്റെ കറുത്തനാവുപോലെ നീണ്ടുനിവർന്നുകിടന്നു.
മണിക്കൂറുകളുടെ പ്രയാണം. എറണാകുളത്തെ നീണ്ട പാലങ്ങൾപോലും വിജനം. ഇടയ്ക്ക് തന്നെപ്പോലെ വഴിയിൽ പെട്ടുപോയവർ വാഹനങ്ങളുമായി പായുന്നു. ഇടയ്ക്ക് പോലീസ് തടഞ്ഞു. മരുന്ന് കണ്ടതോടെ യാത്രാനുമതി. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും കടന്നുപോകുന്നത് അവന്റെ മനസ്സിനെ ഉറക്കത്തിൽ നിന്നകറ്റി.
അമ്മയുടെ ഫോൺ വീണ്ടുമെത്തി. സ്പീക്കർ ഓണാക്കാനായവൻ കൈനീട്ടി. പിന്നീട് അവനും വാഹനവും വന്നവഴിയേ കുറേദൂരം തകിടംമറിഞ്ഞ് റോഡിലെ ഡിവൈഡറിൽ തട്ടി റോഡുവക്കത്തെ കുത്തനെയുള്ള ചരിവിലൂടെ താഴേക്ക്. അവനെ തട്ടിത്തെറിപ്പിച്ച പാഴ്‌സൽ ലോറി റോഡുംകടന്ന് മറുവശത്തെ കടമുറി തകർത്തു.
ആളെ തിരിച്ചറിഞ്ഞ മൂന്നാംദിവസം വിവരംപറയാൻ കേരളപോലീസ് ഓഫീസർ വാർഡ് കൗൺസിലറുമായി ആ വീട്ടിലെത്തി. വാതിൽ തുറന്ന് ആരെങ്കിലും പുറത്തുവരുമെന്ന് കരുതി കൗൺസിലർ അമ്മയെ വിളിച്ചു. പ്രതികരണമില്ലാഞ്ഞ് അവർ അകത്ത് കയറി. ലോക്ഡൗൺ വാർത്തകൾ വിളമ്പി ടിവി പ്രവർത്തിക്കുന്നു. അതിനുമുന്നിലെ ചാരുകസേരയിൽ തല ഒരുവശത്തേക്ക് ചായ്ച്ച് അമ്മയിരിക്കുന്നു. ആ മുഖത്ത് ഈച്ചകൾ ചുറ്റിപ്പറക്കുന്നതുകണ്ട് കൗൺസിലർ പുറത്തേക്കോടി.