Archives / january 2021

ഫില്ലീസ് ജോസഫ്
അതിജീവനം (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_17)

അക്കരെ വീട്ടിൽ കാലം തെല്ലിട നിലച്ചു നിന്നു. നിശബ്ദത മാത്രം തളം കെട്ടി നിന്ന ഇടനാഴികളിൽ ഒരോരുത്തരും ഓരോ തുരുത്തുകളായി മാറി. ആയിരം നാവുള്ള കിന്നരൻ ,ശബ്ദം ഇടറിത്തളർന്നിരുന്ന പോലെ അഷ്ടമുടിക്കായൽ ഒഴുകാതെയൊഴുകി കൊണ്ടിരുന്നു. അക്കരെയമ്മച്ചിയ്ക്ക് മുന്നിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്നത് ഞാൻ കണ്ടു. അമ്മച്ചി പ്രാർത്ഥനയിൽ ലയിച്ചു കൊണ്ടേയിരുന്നു അക്കരെവീട് മാത്രം ഈ കരയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പോലെ.... അവിടെ മാത്രം സൂര്യൻ ഉദിക്കാത്ത പോലെ .... താളം തെറ്റിയ കരക്കാറ്റ് ആഞ്ഞടിച്ച് അലങ്കോലമാക്കിയ കായൽതീരത്തിന്റെ വേദന ആരറിഞ്ഞു?

അപ്പച്ചന് തീരെ വയ്യാതെ കിടന്ന ഒരു രാത്രിയിലാണ് ജാനിയക്കയുടെ മകനെ കാണാതെയായെന്ന് പറഞ്ഞ് അവർ അലറിക്കരഞ്ഞ് കുന്നിറങ്ങി വന്നത്. ജാനിയക്ക ഇതുവരെ സമ്പാദിച്ചതെല്ലാം മകൻ കൊണ്ടുപോയിരുന്നു. 

അധ്വാനിച്ച് മെല്ലിച്ച് കാരിരുമ്പായ അവരുടെ കൈകളിലേയ്ക്ക് ഒരു ചെറിയ ഇരുമ്പുപെട്ടി അപ്പച്ചൻ കൊടുത്തു.

എന്നിട്ട് ചെറിയ ശബ്ദത്തിൽ പറഞ്ഞു. "പെങ്കുട്ടിയുടെ കാര്യത്തിന് ഇത് വച്ചോളൂ ജാനി. ഔദാര്യമല്ല. നിന്റെ അധ്വാനത്തിന്റേത് തന്നെയാണ്". ജാനിയക്ക വെറ്റില കറയുള്ള പല്ലുകാട്ടി ചിരിച്ചു. പെട്ടി വാങ്ങി സൂക്ഷിച്ചു വച്ചു.

അപ്പച്ചന്റെ മരണദിവസവും ജാനിയക്ക പതിവു പോലെ പണിയെടുത്തു. അവർ കരഞ്ഞതേയില്ല. എന്തോ വലിയ ഉത്തരവാദിത്വം നിർവഹിക്കും പോലെ അവർ എല്ലാ പണിയും ചെയ്തു കൊണ്ടേയിരുന്നു

പിന്നീട് മരവിച്ചു നിന്ന അക്കരെവീട്ടിൽ ചോറും കറികളും ഉണ്ടാക്കിയതും അമ്മച്ചിയേയും ഇളയ രണ്ടു ചിറ്റപ്പൻമാരേയും അപ്പുവിനെയും നിർബന്ധിച്ച് കഴിപ്പിച്ചത് ജാനിയക്കയായിരുന്നു

പിന്നീട് ജാനിയക്കയുടെ മകളുടെ വിവാഹം വരെ പ്രതിഫലേച്ഛ കൂടാതെ അവർ അക്കരെവീടിന്റെ കൈപിടിച്ച് നടന്നു അവരുടെ മകൾ കാഞ്ചനയുടെ കല്യാണത്തിന് ഞങ്ങളെല്ലാവരും പങ്കെടുത്തിരുന്നു

അവരവരെ കൊണ്ടാവും പോലെ ജാനിയക്കയെ സഹായിക്കുകയും ചെയ്തു

പക്ഷേ ജാനിയക്ക പിന്നീട് പൊയ്കേലെ വീട്ടിലേക്ക് വന്നില്ല. പിന്നീട് ജോലിക്കൊന്നിനും പോവാതെ മകളുടെ കൂടെയാണ് അവർ താമസിച്ചത്.

 

അക്കരെയമ്മച്ചിയ്ക്കും രണ്ട് ചിറ്റപ്പൻമാർക്കും കൂട്ടായി  തൊട്ടടുത്ത് തന്നെ താമസമാക്കിയ മൂത്തഅപ്പച്ചിയും കുടുംബവും ഉണ്ടായിരുന്നു

 

അപ്പച്ചിയുടെ ഭർത്താവ് മദ്രാസിൽ(ഇപ്പോഴത്തെ ചെന്നൈ) തന്നെ ജോലി തുടർന്നു. അക്കരെയമ്മച്ചിയുടെ കൂടെ ഉണ്ടായിരുന്നവരിൽ മൂത്തയാൾ അപ്പച്ചിയുടെ ഭർത്താവിനൊപ്പം മദിരാശിയ്ക്ക് പോയി.

ഐ.ടി.ഐയിൽ നിന്ന് വെൽഡർ സർട്ടിഫിക്കറ്റുള്ള അങ്കിൾ നെയ്വേലി ലിഗ്നൈറ്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.

Share :