Archives / April 2018

അശോകൻ പുതുപ്പാടി


ശ്രീദേവി ചേച്ചിതന്ന സമ്മാനം
==============================
തൊണ്ണൂറുകളിലെ ഒരു ക്രിസ്മസ് കാലം. ഒരു ദിവസം ലൈബ്രറിയിലെത്തിയ എനിക്ക് സീനിയർ ലൈബ്രേറിയനായ ശ്രീദേവി ചേച്ചിയുടെ ഒരു സമ്മാനമുണ്ടായിരുന്നു. തന്റെ രണ്ടു ശീർഷകമുള്ള ദീർഘനാമം -ശ്രീദേവി പത്മാവതിയെന്ന്ആംഗല ഭാഷയിലെഴുതിയ ഒരു സ്റ്റീൽ പാത്രമായിരുന്നു ആ സമ്മാനം . എനിക്കു മാത്രമല്ല ലൈബ്രറിയിലെ എല്ലാവർക്കും ചേച്ചി സമ്മാനം നല്കി
\'\'എന്താ, വിശേഷം ശ്രീദേവി ചേച്ചി\" ?
\"ഒന്നൂല്ല.എല്ലാവർക്കും ഒരു ഗിഫ്റ്റ്
കൊടുക്കാൻ തീരുമാനിച്ചു.\"
പുഞ്ചിരിയോടെ ചേച്ചി മറുപടിനല്കി. 1994 ൽ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെത്തിയ ,അക്കാലത്തെ ഏറ്റവും ജൂനിയറായ എനിക്ക് ഈ സമ്മാനവിതരണം ഒരു പുതുമയായിരുന്നു. ബിരുദവും ലൈബ്രറി സയൻസ് ബിരുദവുമുള്ളവർ നാലാം ഗ്രേഡ് ലൈബ്രേറിയനായി കയറിയാലുംപൂ വിടരും പോലെ ഉദ്യോഗക്കയറ്റം നേടി ഉന്നത സ്ഥാനത്തെത്തുമ്പോൾ സർട്ടിഫിക്കറ്റ് കോഴ്സ് മാത്രമുള്ളവർ ഉദ്യോഗക്കയറ്റത്തിൽ അന്ന് പടിക്കു പുറത്തായിരുന്നു. നാലാംഗ്രേഡ് ലൈബ്രേറിയനായി ജോലി കിട്ടിയവർ അതേ തസ്തികയിൽ തന്ന വിരമിക്കുന്ന ഒരു ദയനീയത തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ അന്നുനിലനിന്നിരുന്നു.

സുധിരാജൻ, പാറുക്കുട്ടിയമ്മ, തുളസീധരൻപിള്ള, സുരേന്ദ്രൻ നായർ തുടങ്ങി ഒരുപാടു പേർ ശ്രീദേവി ചേച്ചിയെപ്പോലെ ജോലിക്കു കയറിയ അതേ തസ്തികയിൽ തന്നെ വിരമിച്ചവരാണ്. സ്റ്റേറ്റ്സെൻട്രൽ ലൈബ്രറി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടർ ബോർഡ് അംഗങ്ങളായി ഒരു വേളയിൽ ഞാൻ ശ്രീദേവി ചേച്ചിയോടൊപ്പം ഉണ്ടായിരുന്നു. എല്ലാ കമ്മിറ്റി യോഗങ്ങളിലെന്നപോലെ സൊസൈറ്റി മീറ്റിംഗുകളും ഭൂരിപക്ഷ തീരുമാനത്തിന്റേതായിരുന്നു. അതിലെന്നും വേറിട്ട ശബ്ദമായിരുന്നു ചേച്ചിയുടേത്. സൊസൈറ്റി ഐസ് ക്രീം പാർലർ തുടങ്ങാൻ തീരുമാനമെടുത്തപ്പോൾ ആകെ എതിർത്തത് ശ്രീദേവി ചേച്ചിയായിരുന്നു. ലൈബ്രറിക്ക് ഒരിക്കലും സ്വീകാര്യമാവില്ല എന്ന ചേച്ചിയുടെ അഭിപ്രായം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. വൻ വിജയം പ്രതീക്ഷിച്ച് തുടങ്ങിയ ഐസ് ക്രീം പാർലർ എട്ടു നിലയിൽ പൊട്ടി. ഞങ്ങളെപ്പോലെ ഒരു ചെറിയ സൊസൈറ്റിക്ക് അത് താങ്ങാവുന്നതിനപ്പുറത്തായിരുന്നു.
.ലൈബ്രറിയിൽ നിന്ന് വിരമിച്ച ശേഷം ചേച്ചിയുമായുള്ള ഇടപെടൽ സ്വാഭാവികമായി കുറഞ്ഞു. : ഒരു ദിവസം ഉച്ചയ്ക്ക് പഴയ ഒരു സ്റ്റാഫ് വന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ വന്ന റിയിച്ചു. ഞാൻ ചെന്നു നോക്കിയപ്പോൾ ഒരു വണ്ടിയും പിടിച്ച് ഞങ്ങളെ കാണാൻ വന്നത് ശ്രീദേവി ചേച്ചിയായിരുന്നു. നടക്കാൻ പറ്റാതെ അവശതയിലായിരുന്നു ചേച്ചി. ചേച്ചി ജോലി ചെയ്യുന്ന കാലത്ത് ലൈബ്രറിയിലുണ്ടായിരുന്നവർ ഞങ്ങളന്ന് നാലഞ്ചുപേർ മാത്രമായിരുന്നു. എങ്കിലും ഞങ്ങളെ കാണാൻ ചേച്ചി വണ്ടിയുമായി വന്നല്ലോയെന്നതിൽ സന്തോഷം തോന്നി. പിന്നീട് ഞാനും ക്ലീറ്റസ് സാറും ചേച്ചിയെ കാണാൻ വീട്ടിൽ പോയി. ലൈബ്രറി കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒരു പാട് നേരം ഞങ്ങൾ സംസാരിച്ചു. പ്രമേഹബാധിതയായി കാലു വയ്യാത്ത ചേച്ചി ഒരു മുറിയിൽ ഫോണും പരിചാരിക യു മാ യി കഴിയുകയായിരുന്നു.
പിന്നീട് ചേച്ചിയെ തുടരെ ഞാൻ വിളിക്കുമായിരുന്നു. ലൈബ്രറി മുൻ ജീവനക്കാരൻ സുധിരാജൻ മരിച്ചപ്പോൾ ഞങ്ങൾ കുറേ സംസാരിച്ചു. യാത്ര ചെയ്യാൻ പറ്റാത്തതിനാൽ സുധിയെ അവസാനമായി ഒന്നു കാണാൻ പറ്റാത്ത വിഷമം ചേച്ചി പങ്കു വച്ചു. പിന്നേയും ചേച്ചിയുമായുള്ള ഫോൺ വിളി മുടങ്ങി. വ്യക്തിപരമായ ചില തിരക്കുകളായിരുന്നു കാരണം. വീണ്ടും ചേച്ചിയെ ഓർമിപ്പിച്ചത് ഞങ്ങളുടെ പഴയ . ജീവനക്കാരി ജഗതയായിരുന്നു.

\" അശോകാ നമ്മുടെ ശ്രീദേവി പോയി \"
\" എപ്പോൾ \"
\" ഇപ്പോൾ \"
2018 മാർച്ച് 19ന് ഉച്ചയ്ക്കായിരുന്നു ജഗതയുടെ ഫോൺ.
സുഖമില്ലാതെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കെപ്പട്ടപ്പോഴായിരുന്നു ചേച്ചിയുടെ .വിയോഗം.
ശ്രീദേവി ചേച്ചി വിട വാങ്ങിയിട്ട് പത്തുനാളാകുന്നു. ചേച്ചി അന്നു വാങ്ങി തന്ന സമ്മാനമായ പാത്രം ഞാനിന്നുമുപയോഗിക്കുന്നുണ്ട്, മറക്കാനാകാത്ത ഓർമകളെ സമകാലികമാക്കിക്കൊണ്ട് :..........

Share :

Photo Galleries