Archives / january 2021

വിനോദ്.വി.ദേവ്.
ഊന്നുവടി .

ബാപ്പുജിയ്ക്ക്

ഊന്നുവടി ഇല്ലാതിരിക്കുന്നതാണ്

എനിക്കിഷ്ടം.

ആകാശത്തിന് തൂണില്ലല്ലോ !

ഞാൻ ബാപ്പുവിനോട്

അത് തുറന്നുപറഞ്ഞിട്ടുണ്ട്.

അദ്ദേഹം പല്ലില്ലാത്ത മോണകാട്ടി

നിഷ്ക്കളങ്കമായി ചിരിച്ചു..!

എന്നിട്ട് പറഞ്ഞു ..!

ഈ വടിയില്ലെങ്കിൽ

ഞാൻ കാലിടറിവീഴില്ലേ ?

എന്റെ കാലുകൾ

അത്രയ്ക്ക് ദുർബലമാണ്.

അത് തേഞ്ഞുതേഞ്ഞുതീർന്നിരിക്കുന്നു.

ഞാൻ ആകാശമല്ലല്ലോ !

മണ്ണുമല്ല ...!

ജലവുമല്ല ...!

വായുവുമല്ല...!

പിന്നെയാരെന്ന് ഞാൻ ചോദിച്ചില്ല.

മെലിഞ്ഞ ഒരു നിശബ്ദത

ധ്യാനാത്മകമായ മനസ്സോടെ

വടിയൂന്നി

വേച്ചുവേച്ചു നടന്നുപോയി.

 

 

Share :