Archives / january 2021

ഡോ. ഉഷാറാണി .പി
താഴുകൾ

സ്വപ്നത്തിൻ്റെ കാണാച്ചുഴിയിൽ നിന്നും
അമ്മയെന്നെ വിളിച്ചുണർത്തി
പുലരിയെ നോക്കി ഞാൻ പരിഭവിച്ചു.
കിഴക്കു തുടുത്തില്ല,
എൻ്റെ കൺതടങ്ങളിലെ
തടിപ്പകന്നു തുടങ്ങി
ഉണർവ്വിൻ്റെ പുതിയ വെളിച്ചത്തിൽ
ഉൻമേഷമണിയാതണിഞ്ഞു
പുലരിയെ ശ്വസിച്ചു.
തീപൂട്ടിയിട്ടുണ്ടെന്ന് സൂര്യനായച്ഛൻ.
ജീവിതം പോലെ പിടഞ്ഞടുപ്പിലെ തീജ്വാലകൾ
വേവുന്ന പ്രാണൻ്റെ നിശബ്ദ ഞരക്കങ്ങൾ
തീയാണകത്തും പുറത്തും
വിശ്വം മുഴുവനെരിക്കുന്ന തീ
താഴിട്ട വാതിലുകൾക്കുള്ളിലെ
താഴിട്ട ജീവനും ജീവിതവും.
മോക്ഷമുണ്ടാവും...
വിശ്വാസം ദീർഘനിശ്വാസമായി
ഞാനും കിഴക്കും മിഴിച്ചു
മിഴിപ്പാടു ശൂന്യം,
അടുപ്പകം നിർജ്ജീവം.
എങ്കിലും തീയാളി ചുറ്റും
എൻ്റെ പകലത്തെ സ്വപ്നം ഫലിക്കില്ല,
എങ്കിൽ ജനിക്കണം
മരിച്ചവർ ജനിക്കില്ല.
എൻറച്ഛനുമമ്മയും എന്നേ മരിച്ചവർ.
എൻ്റെ മോക്ഷത്തിൻ്റെ വാതിലിലും താഴ്.



 

Share :