ചരിത്രവീഥിയിലെ ഉണങ്ങാത്ത മുറിവുകൾ
ചരിത്രം ഇഷ്ടമുള്ള വിഷയമാണ്. അതുകൊണ്ട് തന്നെ യാത്രയിൽ എപ്പോഴും ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദർശിക്കുവാൻ പ്രത്യേക താല്പര്യം കാണിക്കാറുമുണ്ട്. ദില്ലി ചരിത്ര സ്മാരകങ്ങളുടെ ഒരു സമുച്ചയം തന്നെയാണല്ലോ! ഇത്രയുമധികം ചരിത്ര സ്മാരകങ്ങളുള്ള മറ്റൊരു പട്ടണവും ഇന്ത്യയിൽ വേറെ കാണില്ല.
നാട്ടിൽ നിന്നും ദില്ലിയിലേക്കു തിരിക്കുമ്പോൾ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇല്ലാതിരുന്ന സ്ഥലമായിരുന്നു ദില്ലിയിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയാൽ മ്യൂസിയം.
വളരെ ആകസ്മികമായാണ് ഞങ്ങൾ ഇവിടം സന്ദർശിച്ചത്. ലാൽകിലയിൽ നിന്നിറങ്ങി ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോളാണ് ഒരു പഞ്ചാബി വൃദ്ധനോട് സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സംസാരിച്ചത്. കലാപത്തെ കുറിച്ച് സംസാരിച്ചപ്പോൾ അയാളുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചതല്ലാതെ അദ്ദേഹം അതിനെ കുറിച്ച് ഒന്നും സംസാരിക്കാൻ താല്പര്യം കാണിച്ചില്ല. അങ്ങനെ ഇന്ദിരാ ഗാന്ധിയും സിഖു വിരുദ്ധ കലാപവും സംസാരമായപ്പോഴാണ് ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മ്യൂസിയത്തിലേക്ക് പോകുവാൻ ഞങ്ങൾ തീരുമാനിക്കുന്നത്. സഫ്‌ദർ ജംഗ് റോഡിലെ പടർന്നു പന്തലിച്ച തണൽ മരങ്ങൾക്കിടയിലെ കവാടം കടന്ന് മെമ്മോറിയൽ ഹാളിൽ എത്തുമ്പോൾ അവിടെ ഭാരതത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരിയുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും.
മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ വസതിയായിരുന്നു പിന്നീട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയമാക്കി മാറ്റിയത്. ന്യൂഡൽഹിയിലെ
സഫ്‌ദർ ജംഗ് റോഡിൽ നിലകൊള്ളുന്ന
ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം ദില്ലിയിലെ ചരിത്ര പ്രധാനമായ സ്ഥാപനമാണ്.
1984 ഒക്ടോബർ 31-ന് സ്വന്തം അംഗരക്ഷകരാൽ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെടുന്നത് ഇവിടെ വച്ചാണ്. കൊലപാതകത്തിന് ശേഷം വീട് ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു.
ദേശീയ പ്രസ്ഥാനത്തെയും നെഹ്‌റു-ഗാന്ധി കുടുംബത്തെയും രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ഉണ്ട്.
വളരെ ലളിതമായ ഒരു കെട്ടിടമാണിത്. കുട്ടിക്കാലം മുതൽ മഹാൻമാരുമൊത്തുള്ള ഇന്ദിരാ ഗാന്ധിയുടെ ജീവിതം വിവരിക്കുന്ന ഫോട്ടോഗ്രാഫുകൾ ചുമരുകളിൽ കാണാം. കൊച്ചുമക്കളായ രാഹുൽ, പ്രിയങ്ക, വരുൺ എന്നിവരോടൊപ്പമുള്ള ഫോട്ടോകളും ഡ്യൂട്ടിക്കിടയിൽ വിശ്രമം കൊള്ളുന്ന അപൂർവ ചിത്രങ്ങളും കൗതുകം കൊള്ളിക്കുന്നതാണ്. മനോഹരമായ പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഇവിടുത്തെ ഉദ്യാനത്തിൽ മറഞ്ഞിരുന്നായിരുന്നു സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിക്ക് നേരെ വെടിയുതിർത്തത്.
1964 ൽ പിതാവ് ജവഹർലാൽ നെഹ്‌റുവിന്റെ മരണശേഷമാണ് ഇന്ദിരാഗാന്ധി ഈ വീട്ടിലേക്ക് മാറിയത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന അവർ. പതിനഞ്ചു വർഷക്കാലത്തിനിടയിൽ രണ്ടുതവണ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ സേവനമനുഷ്ഠിച്ചു. ബാങ്കുകളെ ദേശസാൽക്കരിക്കുക,രാജക്കന്മാർക്ക് നൽകിയിരുന്ന "ചെല്ല പണം " നിറുത്തലാക്കി .... ബംഗ്ളാദേശിനെ ഭൂപടത്തിൽ എത്തിച്ചത്....പാകിസ്ഥാനുമായ യുദ്ധത്തിലെ വിജയം. ...ഗരീബി ഹടാവോ പ്രോഗ്രാം,1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം,1977ലെ തിരഞ്ഞെടുപ്പ് പിൻവലിക്കാനുള്ള തീരുമാനം എന്നിങ്ങനെയുള്ള പല ചരിത്രപ്രധാനമായ തീരുമാനങ്ങളിലും ഇന്ദിരാഗാന്ധിയുടെ പങ്ക് നിർണായകമായിരുന്നു.
മ്യൂസിയത്തിനകത്ത്
മാതൃഭൂമി, മനോരമ തുടങ്ങിയ മലയാളപത്രങ്ങൾ മുതൽ ടൈംസ് മാഗസിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങളും വാർത്തകളും ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. കൂടാതെ അവരുടെ സ്വകാര്യ വസ്‌തുക്കൾ, മക്കൾക്കുള്ള കത്തുകൾ, ഡയറി എന്നിവയും ഇന്ദിരാഗാന്ധി സന്ദർശിച്ച നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങളും നെഹ്‌റു കുടുംബത്തിന്റെ അപൂർവമായ ഫോട്ടോകളും, ഭാരതരത്നവും മ്യൂസിയത്തിലെ ചുവരുകളെ അലങ്കരിക്കുന്നു.
ഇന്ദിരാ ഗാന്ധി ഉപയോഗിച്ചിരുന്ന ബാഗ്,ചപ്പലുകൾ,ടൈപ് റൈറ്റിങ് മിഷ്യൻ, കൊലചെയ്യപ്പെട്ടപ്പോൾ ധരിച്ചിരുന്ന അവരുടെ രക്തം പുരണ്ട സാരി എന്നിവയും മ്യൂസിയത്തിൽ കാണാം. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ ഇന്ദിരാഗാന്ധിക്ക് സമ്മാനിച്ച ഗിഫ്റ്റുകളും മറ്റും ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. കുവൈറ്റിലെയും ഖത്തറിലെയും ഗവണ്മെന്റ് നൽകിയ സ്വർണ്ണവാളുകൾ ആകർഷണീയമാണ്. ഇന്ദിരാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്റ്റഡി റൂം മുഴുവൻ പുസ്തകങ്ങളാണ്. പൂജാമുറി, ബെഡ് റൂം, കിച്ചൻ, ഡ്രോയിങ് റൂം എല്ലാം അവർ ജീവിച്ചിക്കുമ്പോൾ ഉണ്ടായതുപോലെ ഇപ്പോഴും അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും കുട്ടികാലത്തെ ഫോട്ടോകളും വസ്ത്രങ്ങളും രാജീവിന്റെ ക്യാമറയിൽ എടുത്ത ഫോട്ടോകളും അദ്ദേഹം പൈലറ്റ് ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുമെല്ലാം മെമ്മോറിയലിലെ ആകർഷക വസ്തുക്കളാണ്. വിഘടനവാദിയായ ജർനൈൽ സിംഗ് ഭിന്ദ്രൻവാലെയെയും സായുധ അനുയായികളെയും ഉന്മൂലനം ചെയ്യാൻ സൈനികർക്ക് അമൃത് സറിലെ സുവർണ്ണക്ഷേത്രത്തിനുള്ളിൽ കടക്കുവാനും വെടിവയ്ക്കുവാനും പ്രത്യേക അധികാരം നൽകിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ഉത്തരവിട്ട ഇന്ദിരാ ഗാന്ധിയോടുള്ള സിഖ് തീവ്രവാദികളുടെ പ്രതികാരമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു കാരണമായത്. അതേ തുടർന്നുണ്ടായ വംശീയ കലാപത്തിൽ ആയിരക്കണക്കിനു നിരപരാധികളായ സിഖുകാർ കൊലചെയ്യപ്പെടുകയുണ്ടായി.
1984-ഒക്ടോബര്‍ 31നു രാവിലെ ഒന്‍പതു മണി. തലസ്ഥാനത്തെ സഫ്ദര്‍ ജംഗ് റോഡിലെ പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നിൽ ബ്രിട്ടീഷ് നടനായ പീറ്റര്‍ ഉസ്റ്റി നോവിനു ഒരു അഭിമുഖം നല്‍കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വസതി വളപ്പിലെ പൂന്തോട്ടത്തിന് ചേര്‍ന്നുള്ള വഴിയിലൂടെ നടന്നുപോകുമ്പോൾ അംഗരക്ഷകരായ സത്വന്ത് സിംഗ്, ബിയാന്ത്
സിംഗ് എന്നിവര്‍ ഗേറ്റിനടുത്തു നില്‍ക്കുകയായിരുന്നു. യാതൊരു ഭാവചലനവും കൂടാതെ പൊടുന്നനെ അവർ യന്ത്ര തോക്കുകള്‍ ഉപയോഗിച്ച് തുരു തുരാ വെടിയുണ്ടകള്‍ ഇന്ദിരാഗാന്ധിയുടെ ശരീരത്തിലേക്ക് പായിച്ചു. ശേഷം ആയുധം വലിച്ചെറിഞ്ഞു ദൃക്സാക്ഷികള്‍ക്ക് മുന്‍പാകെ ബിയാന്ത് സിംഗ് അലറിക്കൊണ്ട് പറഞ്ഞു. എനിക്ക് ചെയ്യാനുള്ളത് ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം.
ഇന്ത്യയുടെ മനസ്സിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വന്‍കോളിളക്കം തന്നെ സൃഷ്ടിച്ചു. ഒപ്പം പ്രധാന മന്ത്രിയുടെ വധത്തെത്തുടര്‍ന്നുണ്ടായ പൈശാചികമായ വംശീയ കലാപവുമെല്ലാം ലോകമനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
ഏതു കലാപവും മനുഷ്യരാശിക്ക് വേദനയും നഷ്ടവും മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. എപ്പോഴും ഇത്തരം കലാപങ്ങൾക്ക് ഇരകളാക്കപ്പെടുന്നത് ഒന്നുമറിയാത്ത സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരപരാധികളായിരിക്കും. മതവും, രാഷ്ട്രീയവും എന്താണെന്നു പോലും അറിയാത്ത കുറെ പാവം മനുഷ്യ ജന്മങ്ങളായിരിക്കും എല്ലാറ്റിനും ഇരകളാക്കപ്പെടുന്നത്.
ഒരു വൻമരം വീഴുമ്പോൾ സമീപപ്രദേശത്തെ ചെറുചെടികളെ അത് ബാധിക്കും എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന അന്ന് തന്നെ ഏറെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ കലാപം നടന്നത് എന്നതിനുള്ള തെളിവായിവേണം ആ പ്രസ്താവനയെ മനസിലാക്കുവാൻ. ക്രമസമാധാന പാലനം പാടെ നിലച്ച അവസ്ഥയിൽ അക്രമികൾ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും സിഖ് സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും കുടിലുകൾ തീവെച്ച് നശിപ്പിക്കുകയും ദില്ലിയിലും സമീപപ്രദേശങ്ങളിലുമുള്ള മുഴുവൻ സിഖുകാരെയും കടന്നാക്രമിക്കുകയും ചെയ്യുകയുണ്ടായി. സിഖ് വിരുദ്ധ കലാപത്തിൽ ഏതാണ്ട് മൂവായിരത്തി ഒരുന്നൂറ് പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.
ഏകദേശം ഇരുപതിനായിരത്തോളം സിഖുകാർ ദില്ലി വിട്ട് ഓടിപ്പോവുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. വ്യക്തമായ പദ്ധതിപ്രകാരം അന്നത്തെ ഭരണകക്ഷി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കലാപമായിരുന്നു ഇതെന്ന് മാധ്യമങ്ങളും, മനുഷ്യാവകാശ സംഘടനകളും പറയുന്നു. 1984 ലെ കലാപം അക്ഷരാർത്ഥത്തിൽ സിഖ് വംശത്തിനുനേരെ നടന്ന ഒരു നരഹത്യതന്നെയായിരുന്നു.
സ്വതന്ത്ര ഭാരതം കണ്ടിട്ടുള്ള ഏറ്റവും വലിയ വംശീയ നരനായാട്ടായിരുന്നു സിഖ് വിരുദ്ധ കലാപം.
1984 ഒക്ടോബർ 31-ന് അക്ബർ റോഡിലേക്ക് ഇന്ദിരാ ഗാന്ധി അവസാനമായി നടന്ന ഏതാനും മീറ്ററുകൾ ക്രിസ്റ്റൽ ഗ്ലാസ് കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ട്. വെടിയേറ്റ് ഇന്ദിരാ ഗാന്ധി പിടഞ്ഞു വീണ സ്ഥലവും ഗ്ലാസ് കൊണ്ട് മൂടിയിരിക്കുന്നതായി കാണാം. ഇപ്പോഴും അവിടെ രക്തക്കറകൾ കാണാം. ഭാരതം കണ്ടിട്ടുള്ളു ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ഓർമ്മകുടീരത്തിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങുമ്പോൾ നേരം സായാഹ്നമായിരുന്നു. കാലങ്ങളോളം ഭാരതത്തിന്റെ ഭരണ ചക്രം നിയന്ത്രിച്ചിരുന്ന ഭരണാധികാരികളുടെ കാലടികൾ പതിഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ വെളുപ്പും കറുപ്പുമായ ഒട്ടേറെ ചരിത്രങ്ങൾ മനസിലൂടെ കടന്നുപോയി. സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഇനിയും ഉണങ്ങാത്ത മുറിവുകളാണ് ഇന്ദിരാഗാന്ധിയുടെ വധവും സിഖ് വിരുദ്ധ കലാപവും.