കൊവിഡിനെതിരെയുള്ള യുദ്ധം വിജയത്തിലേക്ക്....
അപ്രതീക്ഷിതമായി ശരവേഗത്തിൽ കടന്നു വന്ന ശത്രുവാണ് നോവൽ കൊറോണ വൈറസ് സീരിസിലെ കൊവിഡ്- 19. മനുഷൻ മനുഷനെ പേടിച്ച കാലം. ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാം തൊട്ടരുകിലുണ്ടായിട്ടും കൈ പിടിച്ചുകുലുക്കി സ്നേഹ ബന്ധങ്ങൾ പങ്കുവയ്ക്കാൻ കഴിയാതെ അകന്നിരിക്കേണ്ടി വന്ന ദിനങ്ങൾ എങ്ങനെ തള്ളി നീക്കി എന്നത് ഓരോരുത്തരും വിവരിച്ചാലെ 2020 എന്ന വർഷം പൂർണ്ണമാകുകയുള്ളു. എന്നാലും 2021 എല്ലാം ഭംഗിയായി എന്നു പറയാറായോ ? അതു വരും ദിനങ്ങൾ തെളിയിക്കേണ്ടതാണ്.
ഈ അവസരത്തിൽ നമ്മൾ നന്ദി അറിയിക്കേണ്ടത് ആർക്കൊക്കെ എന്ന പ്രധാന ചോദ്യം ഉയരുന്നുണ്ട്. കൊവിഡ് 19 മാനവരാശിക്കു ഭീഷണി ഉയർത്തിയപ്പോൾ രക്ഷാ കവചമായത് ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, നിയമപാലകർ എന്നിവരെ വിസ്മരിക്കാൻ കഴിയുമോ ? ഒരു വീട്ടിൽ ഒരു കൊവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്താൽ ആ വീട്ടുകാരെ ഒറ്റപ്പെടുത്തുന്ന വാർത്ത നമ്മൾ കേട്ടതാണ്. അയൽ ജില്ലയിൽ നിന്നോ, ഇതര സംസ്ഥാനത്തു നിന്നോ, വിദേശത്തു നിന്നോ ആളുകൾ എത്തിയാൽ എന്തായിരുന്നു മറ്റുള്ളവരുടെ സമീപനം. വിഷയങ്ങളെ കാര്യബോധത്തോടു കൂടി കണ്ടിടപ്പെടാൻ കഴിയാത്ത സമൂഹം ആണെന്ന് ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാക്ഷരത എന്നത് ഫലപ്രാപ്തിയിൽ ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. സൂര്യനെ പാമ്പു വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്നു നൂറ്റാണ്ടുകളോളം വിശ്വസിച്ച ജനതയാണ് എന്നതുകൊണ്ട് കൊവിഡ് കാല തെറ്റിദ്ധാരണകളെ നമ്മൾക്ക് വിട്ടേക്കാം.
ലോകത്താകെ കൊവിഡ് 19 ൻ്റെ വ്യാപനം ഉണ്ടായതിൻ്റെ നാൾ പരിശോധിച്ചാൽ ഒരു വർഷമാകും മുമ്പെ അതിനു വാക്സിൻ കണ്ടെത്തി എന്നത് ശാസ്ത്രലോകത്തിൻ്റെ നേട്ടമാണ്. ഒരു പക്ഷെ, മുൻ കാലങ്ങളിൽ വന്നിട്ടുള്ള പല മഹാമാരിക്കും വാക്സിൻ കണ്ടെത്തിയത് വർഷങ്ങൾക്കു ശേഷമാണ്. മാനവരാശിയൊന്നാകെ ഭീഷണി നേരിട്ടപ്പോൾ ശാസ്ത്രലോകം തീവ്രയജ്ഞത്തിൽ പങ്കുകൊണ്ടു. അതിനു ശാസ്ത്രലോകത്തിന് മാനവരാശി ഒന്നടങ്കം കയ്യടി നൽകേണ്ടുന്നതാണ്. ചിലപ്പോൾ ഈ വിഷയത്തെ നെഗറ്റീവായി കാണുന്നവർ ഒരു ചോദ്യം ഉന്നയിച്ചേക്കാം ശാസ്ത്രലോകം എന്നത് മനുഷ്യർ ഉൾപ്പെടുന്ന സംവിധാനം അല്ലെ എന്ന്. ആ ചോദ്യം ചോദ്യമായി നിൽക്കട്ട്.
ലോകത്ത് കൊവിഡ് ബാധിച്ച് ഇതിനോടകം 20 ലക്ഷം പേർ മരിച്ചു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ മരണസംഖ്യ ഒന്നര ലക്ഷം കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാര ചടങ്ങുകൾ അതത് വിഭാഗങ്ങളുടെ ആചാരങ്ങളോടു കൂടി നടത്താൻ കഴിഞ്ഞില്ല. ബന്ധുമിത്രാദികൾക്ക് അവസാനമായി ഒരു നോക്കു കാണാൻ അവസരം ലഭിച്ചിട്ടുണ്ടാവില്ല. പലർക്കും ഈ സന്ദർഭത്തിൽ അടുത്തുണ്ടായിരുന്നിട്ടും നുറുങ്ങുന്ന ഹൃദയവുമായി മാറി നിന്ന് കണ്ണീർ വീഴ്ത്താനെ കഴിഞ്ഞിട്ടുള്ളു.
പരസ്പരം വാശിയും പകയും ഊട്ടി വളർത്തിയവർക്കും അവരുടെ കെണിയിൽ വീണവർക്കും ജീവിതത്തെ കുറിച്ച് താത്വികമായി അവലോകനം നടത്താൻ ലഭിച്ച വേളയാണ് കൊവിഡ് കാലം നൽകിയത്. അന്ധവിശ്വാസവും അനാചാരവും വളമിട്ട് വളർത്തിയവർക്ക് നേരെ സമൂഹം വിരൽ ചൂണ്ടിയവർഷമാണ് 2020.
ഇന്ത്യയിൽ കഴിഞ്ഞ ശനിയാഴ്ച കൊവിഡ് പ്രതിരോധ കുത്തിവെപ്പിനു തുടക്കമായി. കേരളത്തിൽ ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകി. ഇതോടെ കൊവിഡ് മൂലമുണ്ടായ വീർപ്പുമുട്ടലിൽ നിന്നും ആശ്വാസത്തിൻ്റെ വെളിച്ചമാണ് എവിടെയും പ്രതിഫലിച്ചത്.
കൊവിഡ് വാക്സിൻ ഒന്നാം കുത്തിവയ്പ്പ് എടുത്തവർ രണ്ടാം ഡോസും സ്വീകരിക്കേണ്ടതുണ്ട്. അതിൻ്റെ സമയം മൂന്നാഴ്ചക്കുള്ളിലാണ് . ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് രണ്ടാമത്തെ കുത്തിവെപ്പിനു ശേഷം നാല് ആഴ്ച കഴിഞ്ഞെ പൂർണ്ണ പ്രതിരോധശേഷി ലഭിക്കു. അതിനാൽ വാക്സിൻ എടുത്തവർ ജാഗ്രത പുലർത്തണം എന്നത് മറക്കരുത്.
കമൻ്റ്: മാസ്ക് മാറ്റാൻ സമയമായില്ല. കൈ കഴുകൽ തുടരട്ടെ. സാമൂഹിക അകലം കുറയ്ക്കണ്ട. കൊവിഡ് എന്ന ശത്രു ഇവിടം വിട്ടു പോകാൻ കുറച്ചു കൂടി സമയമെടുക്കുമെന്ന് ചുരുക്കം.
നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നായകൻ
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളിൽ വേറിട്ട വ്യക്തിത്വമായിരുന്നു നേതാജിയുടേത്. അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തോടെ ബ്രിട്ടനു നേരെ പോരിനിറങ്ങിയ കേസരി എന്നും ഇന്ത്യൻ ജനതയുടെ ആവേശമാണ്. അറിയുന്തോറും ശോഭയേറുന്ന രക്തനക്ഷത്രം.
1897 ജനുവരി 23 ന് സുഭാഷ് ചന്ദ്ര ബോസ് ജനിച്ചു. പിതാവ് ജാനകി നാഥ് . മാതാവ് പ്രഭാവതി ബോസ്. പഠനത്തിൽ സമർത്ഥനായ അദ്ദേഹം മെട്രിക്കുലേഷൻ പരീക്ഷയിൽ റാങ്കോടെ വിജയിച്ചു. ഇൻ്റർമീഡിയേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി. ബിഎ ഫിലോസഫി ഓണേഴ്സ് ഒന്നാം ക്ലാസിൽ വിജയിച്ച സുഭാഷ് ചന്ദ്ര ബോസ് 1919 സെപ്റ്റംബർ 15ന് ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ നാലാം സ്ഥാനത്തിനർഹനായി.
ഇംഗ്ലണ്ടിലെ പഠനത്തിനു ശേഷം 1921 ജൂലൈ 10 ന് ഇന്ത്യയിലെത്തിയ സുഭാഷ് ചന്ദ്ര ബോസിന് സുഖകരമായ ജീവിതത്തിനു വേണ്ട ജോലി ലഭിക്കുമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാകാൻ കല്ലും മുള്ളും നിറഞ്ഞ വഴി അദ്ദേഹം സ്വയം തെരഞ്ഞെടുത്തു. അധികം താമസിയാതെ തന്നെ സുഭാഷ് ചന്ദ്ര ബോസ് മഹാത്മാഗാന്ധിയുടെ ഭവനത്തിലെത്തി അദ്ദേഹത്തെ കണ്ടു. സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച തൻ്റെ സംശയങ്ങൾക്ക് മഹാത്മാഗാന്ധിയിൽ നിന്നും ഉത്തരം തേടുകയായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
1921 ഡിസംബർ 10-ാം തീയതി സ്വാതന്ത്ര്യ സമര പ്രവർത്തനത്തിൻ്റെ ഫലമായി നേതാജിയെ ആദ്യമായി ജയിലിടച്ചു. 1938 ൽ ഹരിപുരയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 51-ാം സമ്മേളനത്തിൽ അദ്ധ്യക്ഷനായി നേതാജിയെ തെരഞ്ഞെടുത്തു. താൻ തുടങ്ങി വച്ച പ്രവർത്തനങ്ങൾ പൂർണ്ണമാക്കുവാൻ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റ് ആകണമെന്ന ആഗ്രഹത്തെ ഗാന്ധിജി പിന്തുണച്ചില്ല. തെരഞ്ഞെടുപ്പ് നടക്കുകയും ഗാന്ധിജിയുടെ നോമിനിയായ പട്ടാഭിസീതാരാമയ്യരെ നേതാജിയും തോൽപ്പിക്കുകയും തുടർന്ന് ഗാന്ധിജിയുടെ നോമിനിയായ പട്ടാഭി സീതാരാമയ്യരെ നേതാജി തോൽപ്പിക്കുകയും തുടർന്ന് ഗാന്ധിജിയുടെ നിസഹകരണത്തിന് വഴി വെക്കുകയും ചെയ്തു. അതുകൊണ്ട് നേതാജി പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് ഫോർവേഡ് ബ്ലോക്ക് രൂപീകിച്ച് ബ്രിട്ടീഷുകാർക്ക് എതിരെ രാജ്യവ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
1940 ജൂലൈയിൽ നേതാജിയേയും സഹപ്രവർത്തകരെയും ജയിലിടച്ചു. മരണം വരെ നിരാഹാര സത്യാഗ്രഹമെന്ന നേതാജിയുടെ സമരത്തെ തുടർന്ന് അദ്ദേഹത്തെ മോചിപ്പിച്ചു. എങ്കിലും പോലീസ് നിരീക്ഷണത്തിലായിരുന്നു. 40 ദിവസത്തിനു ശേഷം വേഷപ്രച്ഛന്നനായി നേതാജി ജർമ്മനിയിലേക്ക് കടന്നു. നേതാജിയുടെ സാഹസിക യാത്ര തുടർന്ന് 1943 ജനുവരിയിൽ ജപ്പാനിലെത്തി ഐൻഎയുടെ നായകസ്ഥാനം ഏറ്റെടുത്തു. ഐ എൻ എ യുടെ പോരാട്ടങ്ങൾ ബ്രിട്ടനെ ആശങ്കപ്പെടുത്തി. ആൻ്റമാൻ നിക്കോബാർ ദ്വീപ സമൂഹത്തിൽ ഇന്ത്യൻ പതാക ഉയത്തി. ജപ്പാൻ്റെ കീഴടങ്ങൽ ഐഎൻഎയുടെ കുതിച്ചുച്ചാട്ടങ്ങളെ തളർത്തി.ഐ എൻ എ പരാജയം സമ്മതിച്ച് പിൻ വാങ്ങി.
1945 ആഗസ്റ്റ് 18 ന് തെയ്ഹോക്കുവിൽ ഉണ്ടായ വിമാനപകടത്തിൽ നേതാജി വീരമൃത്യു വരിച്ചുവെന്ന് കരുതപ്പെടുന്നു. ഇതു ഇന്ത്യൻ സമൂഹം പൂർണ്ണമായി വിശ്വസിക്കുന്നില്ല.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് വരുന്ന ആഗസ്റ്റ് 15 ന് 74 വർഷമാകും. 2021 ജനുവരി 23 ന് നേതാജിയുടെ 124-ാം ജന്മദിനവും. ഓരോ വർഷവും പിന്നിടുന്തോറും നേതാജിയെ ജനങ്ങൾ കൂടുതൽ അറിയുകയാണ്. ഇഷ്ടപ്പെടുകയാണ്. ആ മാജിക് നേതാജിക്ക് സ്വന്തം. നേതാജിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹതയും നേതാജിക്ക് ഓരോ വർഷവും വർദ്ധിതമാകുന്ന ജനപ്രിയതയ്ക്കു മുന്നിൽ അധിക നാൾ മറച്ചു വെയ്ക്കാൻ കഴിയുമോ ?
നേതാജിയെ പുതുതലമുറ കൂടുതൽ പഠിക്കുന്നു. ചർച്ച ചെയ്യുന്നു. അത് പ്രതീക്ഷയാണ്.....