Archives / january 2021

രാഹുൽ കൈമല
അ ക ലം 

രാഹുൽ കൈമലയുടെ 'അകലം'' എന്ന ഈ ക്കഥ 2020 മേയ് മാസത്തിൽ "കണ്ണാടിയിൽ പ്രസിദ്ധീകരിച്ചിരുന്നു.   

സർക്കാരിൽ നിന്നും  ഈ കഥയ്ക്ക് സമ്മാനം ലഭിച്ചത് കൊണ്ട് വീണ്ടും പുനഃപ്രിദ്ധീകരിക്കുന്നു. ..

 

 

വര : മനു കള്ളിക്കാട്. (അഞ്ചിലധികം തവണ ലിംക വേൾഡ് റെക്കോർഡ് വിന്നർ)

ആകാശവാണിയുടെ ആരംഭ ഗീതത്തെ തുടർന്ന് ആകാശ നിലയത്തിൽ നിന്നും മുഴങ്ങുന്ന ശബ്ദം. ആകാശത്തിന്റെ നീലിമയെ സ്പർശിക്കുന്ന വൃക്ഷങ്ങളുടെ  നരക്കാത്ത ശിരസ്സുകൾ. മഴതുള്ളികളെ ഗർഭം ധരിക്കുന്ന മേഘ തുണ്ടുകൾ. പ്രകൃതി കനിഞ്ഞു നൽകിയ അനന്തമായ ജലസ്രോതസ്സുകൾ. പ്രകൃതിയുടെ പരമമായ വൃത ശുദ്ധി ഒരനുഷ്ഠാനം പോലെ കാത്തു സൂക്ഷിച്ച്  അനുഗ്രഹിച്ചിരുന്ന ഋതുഭേദങ്ങൾ. ഉർവ്വരതയാർന്ന മണ്ണിലെ ഓരോ ഇല ചാർത്തുകളിലും പ്രകൃതി മാതാവിന് സ്വയം കാണിക്കയർപ്പിച്ച് ഉണർന്നിരുന്ന നൈസർഗിക ലാവണ്യത്തിന്റെ ഊഷ്മളമായ പ്രഭാതങ്ങൾ. ഒക്കെ ഇന്നലകളുടെ  ഓർമ്മകളാവുന്നു. നാളെയുടെ പ്രതീക്ഷകളാവുന്നു. ഇന്ന് ഊഷരഭൂമിയിൽ ഉർവ്വരമായ പാടശേഖരങ്ങൾ ബിജാവാപം ചെയ്യാതെ നിഷ്പ്രയോജനമാവുകയാണ്. മുറിച്ചു മാറ്റപ്പെട്ട മരങ്ങളും വറ്റിവരണ്ട് വന്ധ്യമായ പുഴകളും കാലം തെറ്റി വന്ന വേനലുമെല്ലാം പ്രകൃതിയുടെ നിയതമായ താളം തെറ്റിച്ചിരിക്കുന്നു. മനം മടുത്ത പ്രകൃതി പ്രളയമായും മഹാമാരിയായും മനുഷ്യനെ പാഠം പഠിപ്പിക്കുന്നു. അതെ ഇന്നലകൾ ഓർമ്മകളാവുന്നു. നാളകൾ പ്രതീക്ഷകളും. നമ്മൾ ജീവിക്കുന്നത് ഇന്നിലല്ലേ. ഇന്നെന്തെങ്കിലും ചെയ്യണം. റേഡിയോയിലൂടെ മുമ്പ് കേട്ട ഖാൻ കാവിലിന്റെ ഖന ഗംഭീരമായ ശബ്ദം ഇടമുറിയാതെ ചില കൂട്ടി ചേർക്കലും ഇഴചേർത്ത് മനസ്സങ്ങനെ സ്വമേധാ സംപ്രേഷണം ചെയ്യുകയാണ്. ആകെയുണ്ടായിരുന്ന നേരമ്പോക്ക് റേഡിയോ മാത്രമായിരുന്നല്ലോ.. മാത്രമല്ല താൻ കൃഷി പണിക്കിടയിൽ മാനസികായാസത്തിൽ റേഡിയോയിൽ കേട്ടതൊക്കെ മനസ്സിലുരുവിട്ട് മനപാഠമാക്കുമായിരുന്നു. അതിന്റെ ദോഷമാണിന്ന് അനുഭവിക്കുന്നത്. മനസ്സ് പിന്നേയും ചിതറി ഓടി. റേഡിയോയെ പോലെ അങ്ങോട്ട് പറയുന്നതൊന്നും കേൾക്കാതെ. ആ ഓട്ടത്തിൽ ലക്ഷ്മിയും  മക്കളുമുണ്ട്. കൃഷിയാപ്പീസർമാരും കച്ചവടക്കാരുമുണ്ട്. തന്നോടൊപ്പം അദ്ധ്വാനിച്ച ഓരോരുത്തരുമുണ്ട്. കുട്ട്യാലിയും കുടുംബവും മുന്നിലുണ്ട്. എന്തിനേറെ എനിക്കറിയാവുന്ന എല്ലാവരുമുണ്ട്. എന്താണിങ്ങനെ. വയസ്സ് എൺപത്തഞ്ച് കഴിഞ്ഞിട്ടും ഓർമ്മകൾക്കും വാക്കുകൾക്കും മനസ്സിലെന്ത് തെളിച്ചം. എന്നിട്ടെന്ത് കാര്യം. വെറുതെ മനസ്സ് വഴി തെറ്റ്യാന്നല്ലാതെ. ഏതായാലും ഓടി തളർന്ന മനസ്സിന്ന് ഇരുവഴി പിരിയുന്നിടത്ത് നിന്നു. ഇന്നാണ് സത്യം. ഇന്നിങ്ങനെ കിടക്കുന്നതാണ് സത്യം. മറ്റുള്ളതെല്ലാം മിഥ്യയാണ്. ഇന്നെന്തെങ്കിലും തീരുമാനിക്കണം. വർത്തമാനകാലത്ത് നിന്ന് രാഘവൻ നായർ വർത്തമാനം പറഞ്ഞു തുടങ്ങി.. 
' ഈ കൊറോണ കാലം കടന്നു കിട്ട്യോ കുട്ട്യാല്യേ .. ന്റെ നാളേക്കിനി നീളണ്ടാവ്യോ .. ഒരു നിശ്ചയോല്യാത്ത കെടപ്പല്ലേ .. ഒക്കെയൊന്ന് വ്യവസ്ഥയാക്കണ്ടെ .. 'കൊറോണക്കു മുമ്പേ ലോക്ഡൗണിലായതാണ് രാഘവൻ നായർ. കൃത്യമായി പറഞ്ഞാൽ ഇടവം പിറന്നാൽ ഒരാണ്ടാവും. കിടന്ന കിടപ്പിൽ രാഘവൻ നായർ തുടർന്നു. 'കേട്ടെഴുതാൻ പറ്റ്വോ .. കണ്ണ് പിടിക്ക്യോ' .. സന്തത സഹചാരിയായ കുട്ട്യാലി, രാഘവൻ നായരുടെ ആവശ്യം വല്ല വിധേനയും നിവർത്തിച്ചു കൊടുക്കാനുള്ള സാഹസത്തിനൊരുങ്ങി. അയാൾ പ്രയാസപ്പെട്ട് കണ്ണു കൂർപ്പിച്ച്, വിറക്കുന്ന വലത്തെ കൈത്തണ്ടയിൽ ഇടത്തെ കൈയ്യമർത്തി എഴുതാൻ തുടങ്ങി. കൃഷിയാപ്പീസർക്ക് അപേക്ഷ അയക്കുന്നതു പോലെ രാഘവൻ നായർ പറഞ്ഞു തുടങ്ങി. 'എത്രയും ബഹുമാനപ്പെട്ട എസ് ഐ അദ്ദേഹത്തിന് കളപ്പുരക്കൽ രാഘവൻ നായർ സമർപ്പിക്കുന്നത് ' എഴുത്ത് നിർത്തി കുട്ട്യാലി പറഞ്ഞു.' ത് നേര്യാവും ന്ന് തോന്ന്ന്നില്ല '. ഹതാശനായി നായരൊന്നു മൂളി. അകന്നു കൊണ്ട് അടുപ്പിക്കുന്ന കാലമല്ലേ കാത്തിരിക്കേണ്ടി വരും. മനസ്സ് തന്നിഷ്ടം പറഞ്ഞു. നായർക്കുള്ള കഞ്ഞിയുമായി കുട്ട്യാലിയുടെ ബീടര് ആയിഷുമ്മയെത്തി. കഞ്ഞി കോരിക്കൊടുത്ത് ആയിഷുമ്മ പറഞ്ഞു .. ' ആലോയിക്കാനൊന്നൂല്ലാ  കഞ്ഞി മുയ്മൻ കുടിച്ചോളി , ഇങ്ങക്കായിട്ട്ണ്ടാക്കിയതാ ഞങ്ങൾക്കിന്ന് നോമ്പു തൊടങ്ങീലേ ' കഞ്ഞി ഒരു കവിളിറക്കി നായര് പറഞ്ഞു .. ' ആ ഒക്കെയൊന്ന് വ്യവസ്ഥയാക്കണം' അള്ളാ ഞമ്മക്കയിന് എയ്ത്ത് തിരിയൂല , പിന്നൊരു ബയിണ്ട്. ന്റെ രണ്ടാമത്തോള് നബീസ കൊണ്ടോന്നന്ന മൊബൈല്ണ്ടാടെ. അയ്ല് ങ്ങ്ളെ ഒച്ചൊക്കെ പിടിക്യാ. ന്നിട്ട് ആര്ക്കാച്ചാ കേപ്പിച്ചൊട്ത്തോളി. പക്ഷെ ഇങ്ങള് സമ്മയ്ക്കണം '. ജീവിതത്തിൽ നിന്നും അകലുന്ന കാലത്ത് തനിക്കിനിയെന്ത് ഇഷ്ടവും അനിഷ്ടവും. അല്ലെങ്കിൽ തന്നെ എല്ലാവരുടെയും ഇഷ്ടവും അനിഷ്ടവുമൊക്കെ തീരുമാനിക്കുന്നതിപ്പൊ കൊറോണയല്ലേ. പ്രളയം എല്ലാവരേയും അടുപ്പിച്ചപ്പോ മഹാമാരി എല്ലാവരേയും അകലത്തിലാക്കി. അങ്ങനെയെങ്കിൽ അങ്ങനെയാവട്ടെ. നായരുടെ സമ്മതം കേട്ട് കുട്ട്യാലിയും ആയിഷുമ്മയും അൽഭുതപ്പെട്ടു. ആ വക പരിഷ്ക്കാരങ്ങളൊന്നും പരിചയച്ചിട്ടില്ല രാഘവൻ നായർ. കുപ്പായവും ചെരിപ്പും ധരിക്കാതെ, മുണ്ടും തോളത്തൊരു തോർത്തുമായി, ഇക്കഴിഞ്ഞ കൊല്ലം വരെ ഇന്നാട്ടിലൂടെ നടന്ന ഒരേ ഒരാൾ. ആ നാട്ടിൽ ഏറ്റവും കൂടുതൽ പണമുള്ളയാൾ. നാൽപ്പത് സെന്റും അതിലൊരു കൊച്ചു വീടുമായിരുന്നു നായർക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത്. അവിടെ നിന്നാണ് പണിയെടുക്കാനായ പ്രായം തൊട്ട് കന്നു പൂട്ടിയും കൃഷിയിറക്കിയും കഠിനാദ്ധ്വാനം ചെയ്തും ഇന്നു കാണുന്ന നാലേക്കർ സ്ഥലവും കളപ്പുരവീടും പിന്നെ നാട്ടുകാർ പറയുന്ന കണ്ടമാനം കായും രാഘവൻ നായർ സമ്പാദിച്ചത്. മണ്ണ് ചതിക്കില്ല മനുഷ്യൻ ചതിക്കും. നായരുടെ തത്വശാസ്ത്രമതായിരുന്നു .. ജീവിതവും .. അയാൾ മണ്ണിന്റെ മനസ്സറിഞ്ഞ് ജീവിച്ചു .. മണ്ണിലായിരുന്നു ജീവിച്ചതത്രയും .. അവസാനം ചെന്നു ചേരേണ്ടതും മണ്ണിലേക്ക് തന്നെയല്ലേ ..  
'കമ്മ്യൂണിസ്റ്റുകാരനാണല്ലേ' .. പൂമുഖത്തു തൂക്കിയ നായനാരുടെ ഫോട്ടോയിൽ നോക്കി മുഖാവരണവും കയ്യുറയും ധരിച്ചു നിൽക്കുന്ന പുതിയ എസ് ഐ കുട്ട്യാലിയോട് ചോദിച്ചു. 'അങ്ങനെ പറഞ്ഞൂടാ .. നായനാരെ ബല്യ ഇഷ്ടായിനി.. കർഷക സംഘത്തിന്റൊക്കെ ആളേന്യല്ലോ.. തിരഞ്ഞെടുപ്പ് കാലത്ത് മൂപ്പരീടെ ബന്ന് വിശ്രമിക്കേം ഊണു കഴിക്കേം ഒക്കെ ണ്ടായിനി .. നായനാര് മരിച്ചപ്പഴാ  ജീവിതത്തിലാദ്യായിട്ട്  കരഞ്ഞ് കണ്ടത് .. പിന്നിതേ വരെ വോട്ടിയ്യാൻ പോയിട്ടൂല്ല കരഞ്ഞിട്ടൂല്ല ... ഭാര്യേം മക്കളും കൂടി മരിച്ചിട്ടും' ...  'ഓ .. ഇയാൾടെ ഭാര്യേം മക്കളൊന്നും ജീവിച്ചിരിപ്പില്ലല്ലേ'... 'ഇല്ല .. ലക്ഷ്മി .. നായരുടെ ഭാര്യ .. രണ്ടു മക്കളായിരുന്നു. അരവിന്ദനും മുകുന്ദനും'... അവർ കുട്ടികളായപ്പോഴുള്ള ചുമരിലെ കുടുംബചിത്രം നോക്കി കുട്ട്യാലി തന്നത്താൻ പറഞ്ഞു. ആ കുടുംബത്തെ കുറിച്ച് പറയുമ്പോഴൊക്കെ  കുട്ട്യാലിയുടെ കണ്ണ് നിറയും തൊണ്ടയിടറും. മുണ്ടും നേര്യേതുമുടുത്ത് ഭസ്മത്തിന്റെ ഗന്ധം പരത്തി പകലന്തിയോളം പണിക്കാർക്ക് വേണ്ടി വെച്ചു വിളമ്പിയിരുന്ന കളപ്പുര വീടിന്റെ  ഐശ്വര്യമായിരുന്നു ലക്ഷ്മി. ഊർച്ചയും ഞാറുനടലും കൊയ്ത്തും  മെതിയും നെല്ല് പുഴുങ്ങലും കുത്തലും തേങ്ങ വെട്ടലും ഒണക്കലും ആട്ടലും അടക്ക പൊളിക്കലും അങ്ങനെ പലവിധ കൃഷിപണികളാൽ  നായരുണ്ടാക്കിയ  സമൃദ്ധമായൊരു വിളവെടുപ്പ് കാലം. അന്ന് സൂര്യനുദിക്കും മുമ്പ് പണിക്കിറങ്ങി സൂര്യനസ്തമിച്ചിട്ടേ പണിയവസാനിപ്പിക്കൂ. അതിനിടയിൽ മൂന്നു നേരം ലക്ഷ്മി  വെച്ചു വിളമ്പുന്ന സ്വാദിഷ്ടമായ ഭക്ഷണം.  ഭക്ഷണത്തിന്റെ സമയത്ത് മാത്രമേ നായർക്കൊരു ഒഴിവുള്ളൂ. എല്ലാവരും ഭക്ഷണത്തിനു ശേഷം അൽപ്പം വിശ്രമിക്കുമ്പോഴും നായര് വിയർപ്പൊഴുക്കുന്നുണ്ടാവും. സന്ധ്യക്ക് എല്ലാവരും പോയ ശേഷം കുട്ട്യാലിയുമൊത്ത് ചാലിയാറിൽ എണ്ണതേച്ചൊരു കുളി, അതാണ് പതിവ്. 'താനിയാൾടെ ആരാ '... എസ് ഐയുടെ ചോദ്യം ..  തനിക്ക് നായര് ആരായിരുന്നെന്ന് ഒറ്റവാക്കിൽ പറയാനാൻ കുട്ട്യാലിക്കാവില്ല .. ഏതോ മുൻ ജൻമ ബന്ധം പോലെ കർമ്മം കൊണ്ട് കൂട്ടായവർ ... എഴുപത് കൊല്ലമായി നായരുടെ നിഴൽ പോലെ ആ പത്ത് വയസ്സ്കാരൻ നടക്കുന്നു. നാടുവിട്ട് ഇന്നാട്ടിലെത്തിയ കുട്ട്യാലിയെ നായര്  ജീവിതത്തിലൊപ്പം കൂട്ടി. ആയിഷുമ്മയെ നിക്കാഹ് കഴിപ്പിച്ചു. പാരമ്പര്യമായി കിട്ടിയ നാൽപ്പത് സെന്റിൽ സാമാന്യം വലിയ വീടുണ്ടാക്കി കൊടുത്തു. നാലു പെൺമക്കളേയും നല്ല രീതിയിൽ കെട്ടിച്ചയപ്പിച്ചു.  'അങ്ങനെ  ഞമ്മളെയൊക്കെ നോക്കി നേര്യാക്കിയ നായരെ നോക്കാനായിട്ടൊരു നേരം പടച്ചോനിപ്പം തന്ന്. അത്രയെങ്കിലും കടം ബീടട്ടെ സാറെ'.. ' ഓന്റെ പായ്യാരം കേൾക്കാനല്ലാട്ടോ .. ന്റെ കൊറച്ച് കാര്യത്തിനാ കൺണന്ന് പറഞ്ഞത് '... മയക്കത്തിൽ നിന്നുണർന്ന നായര് പറഞ്ഞു. 'ഞാൻ വന്നപ്പോ നല്ല ഉറക്കായിരുന്നു അതാ'... പറഞ്ഞോളൂ എസ് ഐ പറഞ്ഞു'. 'പറഞ്ഞത് കേട്ടാ മതി. പത്ത് വരെ പഠിപ്പിച്ചില്ലേ. നാളെ മുതല് പാടത്ത് പണിക്കിറങ്ങ്യാ' ... അമ്മയുടെ പിറകിൽ തുടർന്നു പഠിക്കാൻ അനുവാദം ചോദിച്ചു നിന്ന അരവിന്ദനോട് നായര് തീർത്തു പറഞ്ഞു. അവൻ അമ്മയെ ദയനീയമായൊന്ന് നോക്കി. ലക്ഷ്മിയാവട്ടെ , വർഷങ്ങളായി മൗനത്തിലൊളിപ്പിച്ച , മറ്റാരുമായും പങ്കുവെക്കാത്ത , പരാതികളും പരിഭവങ്ങളുമായി അടുക്കളയിലേക്ക് പോയി. സാധാരണ ഗതിയിൽ വീടിനോട് ചേർന്നൊരു കളപ്പുരയാണല്ലോ പതിവ് . ഇത് കളപ്പുരയിൽ ഒരു വീടാണെന്ന് പറയേണ്ടി വരും. കാർഷിക വൃത്തിക്കായി പ്രത്യേകം പണി കഴിപ്പിച്ചതാണ് കളപ്പുര വീട്. ചുറ്റും വൃക്ഷങ്ങളുടെ പച്ചമരത്തണൽ . ആ പച്ചവിരിച്ച മേലാപ്പിൽ ചേക്കേറിയ പക്ഷികളുടെ പാട്ട്. ആ പാട്ടിന്റെ ഈണത്തിൽ വായ്ത്താരിയും ചേർത്താണ് നിത്യേന നടുമുറ്റത്തും അകത്തളങ്ങളിലും കളപ്പുരയിൽ കാർഷിക പ്രവൃത്തികൾ നടക്കാറ്. പറമ്പിന്റെ വടക്കേ അതിരിനു താഴെ പാറക്കെട്ടുകളിൽ തൊട്ടുരുമ്മി എപ്പോഴും ശബ്ദമുണ്ടാക്കിയൊഴ കുന്ന ചാലിയാറിൽ നിന്നാണ് കൃഷിയാവശ്യങ്ങൾക്കുള്ള വെള്ളമെടുക്കാറ്. ഉറങ്ങാൻ കിടന്നാലും നായരുടെ മനസ്സ് പാടത്തും പറമ്പിലുമായി ഉണർന്നിരിക്കും. പാടത്തെ നെൽചെടികൾ പുഷ്പിച്ച് പരാഗണം നടത്തുമ്പോഴും കതിരു മൂടുമ്പോഴും നേരത്തിനും കാലത്തിനും  വേണ്ടയളവിൽ ഊഷ്മാവും മഴയും  ലഭിക്കുന്നുണ്ടോ. ലഭിക്കുന്നത് അളവിൽ കൂടുതലാണോ. പറമ്പിലെ വിളയിൽ പുഴുക്കടിയുണ്ടോ. തുടങ്ങിയ വ്യാകുലതകളിൽ വ്യാപരിച്ച് നായര് നേരം വെളുപ്പിക്കും. കാലം കർഷശ്രീ അടക്കം അനവധി പുരസ്കാരങ്ങൾ സമ്മാനിച്ചു. കാർഷിക സർവ്വകലാശാലയിൽ നിന്നും പഠിതാക്കളുടെ സന്ദർശനങ്ങൾ പതിവായി. അങ്ങനെ മണ്ണിൽ പല പരീക്ഷണങ്ങളും നടത്തി നായര് വലിയ പേരെടുത്ത്  നിൽക്കുമ്പോഴാണ് അരവിന്ദൻ തന്നിഷ്ടപ്രകാരം പട്ടാളത്തിൽ ചേരുന്നത്. കളപ്പുരക്കലെ മണ്ണിന് കാവലു നിൽക്കുന്നതിലും വലുതാണ് സ്വന്തം രാജ്യത്തിന് കാവലു നിൽക്കുന്നതെന്ന് എഴുതി വെച്ചാണ് അരവിന്ദൻ പോയത്. പിന്നെയവനെ നായരോ അവന്റെമ്മയോ കണ്ടിട്ടില്ല. രണ്ടാമത്തവൻ മുകുന്ദനും തുടർന്നു പഠിക്കാനായിരുന്നു താൽപര്യം. അച്ഛന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ അവൻ ആഗ്രഹിച്ചപ്പോലെ ഏട്ടന്റെ സഹായത്തോടെ പഠിച്ച് എം ഡിയെടുത്ത് ഡോക്ടറായി. മണ്ണിനെ സ്നേഹിക്കാത്തവരെയൊന്നും നായര് കളപ്പുരയിലേക്ക് കയറ്റിയില്ല. അരവിന്ദൻ അവിവാഹിതനായി തന്നെ പട്ടാളത്തിൽ തുടർന്നു. പിന്നെ പിരിയാനിരിക്കെയാണ് രാജ്യത്തിനു വേണ്ടി കൊല്ലപ്പെട്ടെന്ന വാർത്ത വന്നത്. വൈകാതെ മുകുന്ദനും രാജ്യം വിട്ട് അമേരിക്കയിലേക്ക് പോകാൻ തയ്യാറെടുത്തു. നായരില്ലാത്ത നേരം നോക്കി അമ്മയെ വന്ന് കണ്ട് അനുഗ്രഹം വാങ്ങി മുകുന്ദനും യാത്രയായി. അതോടെ ലക്ഷ്മിയുടെ മനസ്സിൽ തളം കെട്ടിക്കിടന്ന വിഷാദം വിഷാദപർവ്വമായി ശരീരത്തിലേക്ക് വളർന്ന് കാൻസറായി. നാട്ടു വൈദ്യം ചികിൽസിച്ച് രോഗം മൂർച്ചിച്ചു. വിവരമറിഞ്ഞ് മുകുന്ദൻ വന്ന് അമ്മയെ അമേരിക്കയിലേക്ക് കൊണ്ടു പോയി. രണ്ടു വർഷത്തെ ചികിൽസക്കു ശേഷം ലക്ഷ്മിയും മരിച്ചു. 'മരിക്കാനാണെങ്കി അവടെ വരെ പോണായിര്ന്നോ. ഈ മണ്ണിൽ കിടന്നൂടായിരുന്നോ' .. ലക്ഷ്മിയുടെ മരണ വാർത്തയറിഞ്ഞ് നായര് കുട്ട്യാലിയോട് പറഞ്ഞതിങ്ങനെയാണ്. അതോർക്കുമ്പോൾ കുട്ട്യാലിയുടെ ഉള്ളിപ്പഴും ഉലയും. മുകുന്ദനവടെ അമേരിക്കക്കാരിയായ ഒരു ഡോക്ടറോടൊപ്പം ജീവിതം തുടങ്ങി.  കൊറോണ പിടിപ്പെട്ടവരെ ചികിൽസിക്കുന്ന ഡോക്ടർമാരുടെ  കൂട്ടത്തിൽ കഴിഞ്ഞ മാസം മരിച്ചവരിൽ അയാളും പെട്ടു. 'ഓക്കെ ... ഒക്കെ ക്ലിയറായി. നിയമത്തിന്റെ നൂലാമാലയൊന്നുമില്ല' എസ് ഐ ഏർപ്പാടാക്കിയ വക്കീല് കുട്ട്യാലിയോട് പറഞ്ഞു. നായരുടെ വിരലടയാളം പതിപ്പിക്കുന്നതിനിടയിൽ വക്കീല് വീണ്ടും ചോദിച്ചു 'വിസ്തരിച്ച് വായിച്ച് കേക്കണോ'. വേണ്ടെന്ന്  നായര് വീണ്ടും തലയാട്ടി. എന്നാലും വക്കീലൊന്ന് ചുരുക്കി പറഞ്ഞു .. 'ബാങ്കുകളിലുള്ള തുകയുടെ മുക്കാലും മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക്. ബാക്കി കളപ്പുര വീടിന്റെ ഭാവി പ്രവർത്തനങ്ങൾക്ക്. കളപ്പുര വീടും നാലേക്കറും കാലശേഷം സർക്കാരിലേക്ക് പോവും. അവരിവിടെ കാർഷിക കോളേജ് സ്ഥാപിക്കണം. കൃഷി നടത്തടത്തം. അല്ലാത്തൊരു ഇടപാടുകളും പാടുള്ളതല്ല. കോളേജ് നടത്തിപ്പിനുള്ള പണം ബാങ്കിൽ പ്രത്യേകമായി നിക്ഷേപിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള വരുമാനം നിർദ്ധരരായ കാൻസർ രോഗികൾക്കും എംബിബിഎസ്സിനു പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്കും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യേണ്ടി വരുന ധീര ജവാൻമാരുടെ കുടുംബത്തിനുമായി വീതിച്ച് നൽകണം. പോരെ. ആകാശമാളികയിൽ മാസങ്ങൾക്കു ശേഷം മേളം തുടങ്ങി. കാർമേഘങ്ങൾ കുറ്റബോധത്തോടെ കണ്ണീർ പൊഴിച്ചു. രാത്രി മുഴുവനും നായർ വയലും വീടും പ്രക്ഷേപണം ചെയ്ത് കുട്ട്യാലിയെ ഉറക്കിയില്ല. ഇടക്കെപ്പോഴോ നാളെ മെയ് പത്തൊൻപതാണെന്നും  നായനാരുടെ പതിനാറാം ഓർമ്മ ദിനമാണെന്നും കുട്ട്യാലിയെ ഓർമ്മിപ്പിച്ചു. സുബയ് ബാങ്കിന് മുമ്പ് കുട്ട്യാലി എഴുന്നേറ്റു വീട്ടിലേക്ക് പോയി. നിസ്ക്കാരവും നോമ്പെടുക്കലും ഒക്കെ കഴിഞ്ഞ് നായനാരുടെ ഫോട്ടോയിൽ ചാർത്താനുള്ള രക്ത ഹാരവുമായി തിരിച്ചെത്തി. പിറകെ കട്ടൻ ചായയുമായി ആയിഷുമ്മയും വന്നു. നായര് ജനലിനഭിമുഖമായി ചെരിഞ്ഞ് കിടക്കുകയാണ്. നായരുടെ ദൃഷ്ടി പതിഞ്ഞു കിടക്കുന്ന ജനൽപ്പടിയിലൂടെ ഈയാം പാറ്റയുടെ ശവവും പേറി ഉറുമ്പുകൾ വരിവരിയായി ഘോഷയാത്ര നടത്തുന്നു. നായനാരുടെ ഫോട്ടോയിൽ മാല ചാർത്തിയ കുട്ട്യാലി വൈകാതെ അകത്ത് നിന്നും ആയിഷുമ്മയുടെ കരച്ചിൽ കേട്ടു. രാഘവൻ നായർ ജീവിതത്തിൽ നിന്നും അകലം പാലിച്ചിരിക്കുന്നു. കേട്ടറിഞ്ഞവർ കളപ്പുര വീടിന്റെ അകലത്തിൽ വന്നു നിന്നു. നായർക്ക് പാരമ്പര്യമായി കിട്ടിയ കുട്ട്യാലിയുടെ സ്ഥലത്ത് രണ്ട് ബംഗാളികൾ ഖബറിനുള്ള കുഴിവെട്ടി. കുട്ട്യാലി നായരുടെ ഖബറടക്കി. മണ്ണിനെ മാത്രം സ്നേഹിച്ച മനുഷ്യൻ മണ്ണോട് ചേർന്നു. ഭൂമി അതിന്റെ മൂടുപടം മാറ്റി മഹാമാരിയിൽ നിന്നും കരകയറുന്നൊരു കാലം വരും. മനുഷ്യൻ മണ്ണിനോട് മമത കാണിക്കുന്നൊരു കാലവും വരും. ആ കാലവും കാത്ത് മണ്ണിൽ മുളച്ച്  ആഴത്തിൽ വേരോടുന്ന ഒരു വൻ വൃക്ഷമായി മാറാൻ അകലം പ്രാപിക്കുകയാണ് രാഘവൻ നായർ.
 

Share :