Archives / january 2021

സന്തോഷ്‌ ശ്രീധർ
വിദേശ വിശേഷം -

ഭൂമിയിലെ സ്വർഗ്ഗം "നിയോം"
സൗദിയിൽ ഉയരുന്നു

ദമ്മാം :  ലോക വിനോദ സഞ്ചാര ഭൂപടത്തിലേക്ക് മറ്റൊരു നാമം കൂടി തുന്നി ചേർക്കപെടുന്നു, നിയോം.
  

സൗദിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ ചെങ്കടൽ തീരത്തായി 175കിലോമീറ്റർ പ്രദേശത്ത് ഉയരുന്ന വമ്പൻ പദ്ധതിയായ നിയോം സിറ്റി സമുച്ചയം സൗദിയുടെ സ്വപ്നമാണ്. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായിരിക്കും ഇത്.

'ദി ലൈൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദേശം കാർബൺ രഹിതം ആയിരിക്കും. സ്ട്രീറ്റുകളോ കാറുകളോ ഇവിടെ ഉണ്ടാവില്ല. തികച്ചും പ്രകൃതി സൗഹൃദ പ്രദേശം ആയിരിക്കും നിയോം.

കഴിഞ്ഞ ദിവസം റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോൺഫറൻസിൽ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ നിയോം പദ്ധതി പ്രഖ്യാപനം നടത്തി, നിയോം സി. ഇ. ഒ നദ്‌മി അൽ നാസ്സർ ന് രേഖകൾ കൈമാറി.

സൗദി, ജോർദാൻ, ഈജിപ്റ്റ് എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന നിയോമിൽ പത്ത് ലക്ഷം താമസ സൗകര്യം ഒരുക്കും. മൂന്ന് ലക്ഷത്തി എൺപതിനായിരം പേർക്ക് തൊഴിലവസരം സൃഷ്ടിക്കും. സ്ട്രീറ്റുകളോ കാറുകളോ ഇല്ലാത്ത ഇവിടെ കാർബൺ രഹിതമായിരിക്കും. മനുഷ്യ വിഭവ ശേഷിയേക്കാൾ കൂടുതൽ റോബോട്ടുകൾ ആയിരിക്കും ഉപയോഗ പെടുത്തുക.

ലോക ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനം ആൾക്കാർ മലിനവായുവാണ്  ശ്വസിക്കുന്നത്. ഇത്‌ വഴി പ്രതിവർഷം 15ലക്ഷം മനുഷ്യർ മരണപ്പെടുന്നുണ്ട്. റോഡപകടങ്ങൾ വഴി 10ലക്ഷം പേർക്ക് ജീവഹാനി സംഭവിക്കുന്നുണ്ടെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.നിയോം സിറ്റിയിലെ നിയമങ്ങൾ സൗദിയിലെ മറ്റു പ്രാവിശ്യാ നിയമങ്ങളിൽ നിന്നും വ്യക്ത്യസ്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാറ്റിൽ നിന്നും സൂര്യനിൽ നിന്നും ഊർജ്ജം സ്വീകരിക്കുന്ന നഗരത്തിൽ പൂർണ്ണമായും റോബോട്ട് നിയന്ത്രണം ആയിരിക്കും ഉണ്ടാവുക.

ചൈനയിലെ വൻ മതിലിനെക്കാൾ വലിയ മതിൽ സോളാർ പാനലുകൾ ഉപയോഗിച്ച് ഇവിടെ നിർമ്മിക്കും. പൈലറ്റില്ലാ വിമാനങ്ങൾ ആയിരിക്കും നിയോം പ്രദേശത്ത് ഉപയോഗിക്കുക.

ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതി ആയിരിക്കും ഇത്‌. പ്രധാനമായും മുതൽ മുടക്കുന്നത് പബ്ലിക് ഇൻവെസ്റ്റ്‌ മെന്റ് ഫണ്ട്‌ ആയിരിക്കും.

ലോക ജനസംഖ്യയിൽ 70ശതമാനം പേർക്കും 8മണിക്കൂറിനുള്ളിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും. ഏഷ്യാ ആഫ്രിക്കാ വൻ കരകളെ ബന്ധിപ്പിക്കുന്ന കിങ് സൽമാൻ കോസ് വേ കടന്നു പോകുന്നത് ഇതുവഴി ആയിരിക്കും.
വിനോദം, വിശ്രമം, വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ എന്നിവക്കായി പ്രതിവർഷം പതിനായിരം കോടി ഡോളർ സൗദി ചെലവഴിക്കുന്നുണ്ട്. ഇതെല്ലാം വിദേശ രാജ്യങ്ങളിലേക്കാണ് പോകുന്നത്. അതിന് തടയിടുക, മികച്ച കേന്ദ്രങ്ങൾ ഇവിടെ തന്നെ തുടങ്ങുക എന്നതാണ് നിയോം പദ്ധതി ലക്ഷ്യമിടുന്നത്.

വിഷൻ 2030 ന്റെ ഭാഗമായുള്ള നിയോം സിറ്റി 2025-ഓടെ പൂർണ്ണ സജ്ജമാകും.2021 മാർച്ചിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്ന നിയോം പ്രദേശത്ത് തൊഴിലാളികൾക്കുള്ള പാർപ്പിട സമൂച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചു. മുപ്പതിനായിരം തൊഴിലാളികൾ ആണ് ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉള്ളത്.

ഇതിനിടെ സൗദി ഭരണാധികാരി സൽമാൻ രാജാവ് വിശ്രമത്തിനായി നിയോമിൽ എത്തി.

നിയോമിന്റെ പ്രവേശന കവാടമായ സൗദിയുടെ വടക്കൻ പ്രദേശത്തുള്ള
ശർമ്മയിൽ നിയോം ബേ എയർപോർട്ട് പ്രവർത്തനം തുടങ്ങി. സൗദിയിലെ 28-മത്തെ എയർപോർട്ട് ആണ് ഇത്‌.3643ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 3757മീറ്റർ നീളം റൺവേയും ഉള്ള ഇവിടെ ആറു കൗണ്ടറുകൾ ഉണ്ടാവും.100കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള പാർക്കിങ് ഏരിയായും സജ്ജമാക്കിയിട്ടുണ്ട്.

നിയോം പൂർണ്ണ സജ്ജമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിനോദ, വിജ്ഞാന കേന്ദ്രമായിരിക്കും ഇവിടം. 

Share :