Archives / january 2021

ഫില്ലീസ് ജോസഫ്
മണ്ണിന്റെ മകൻ (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_16)

കഴിഞ്ഞ വ്യാഴാഴ്ച അക്കരെവീട്ടിൽ എന്റെ ആടിന് തൊട്ടാവാടിമുള്ളു തേടി ചെന്നപ്പോഴും ആ നിശബ്ദതയിൽ ഒരായിരമിടങ്ങളിൽ നിന്ന് "ലീനാമോളേ" വിളി ഞാൻ കേട്ടു. 

ജീവിതാരവങ്ങളൊഴിഞ്ഞ കായൽത്തീരങ്ങൾ, അനാഥമായ വീടുകൾ ആർക്കും വേണ്ടാത്ത പോലെ കായൽത്തിരകൾ  വേദനിച്ചു മയങ്ങുന്നു സ്വപ്നങ്ങളുടെ തീരം, ആർദ്രതയുടെ, അധ്വാനത്തിന്റെ, നേരംപോക്കുകളുടെ, സ്നേഹത്തിന്റെ തീരം. എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്.

 ആകെ തളർന്നടിഞ്ഞ് അക്കരെയപ്പച്ചനും അമ്മച്ചിയും ചിറ്റപ്പന്റെ മരണശേഷം ഈ കായൽത്തീരത്തുണ്ടായിരുന്നു.

പപ്പയുടെ അപ്പച്ചിയുടെ രണ്ട് പെൺമക്കൾ പഠനം കൊണ്ടും അധ്യാപനശൈലി കൊണ്ടും സഭയ്ക്ക് മുതൽക്കൂട്ടായ കന്യാസ്ത്രികളായിരുന്നു. അവർ പലപ്പോഴും അപ്പച്ചനും അമ്മച്ചിയ്ക്കും ആശ്വാസ വാക്കുകളുമായെത്തുമായിരുന്നു

അക്കരെയപ്പച്ചന്റെയും അമ്മച്ചിയുടെയും നിശബ്ദതയ്ക്ക് കനം കൂടി വന്നതല്ലാതെ, അക്കരെവീട് പിന്നീടൊരിക്കലും പഴയ പ്രതാപത്തിലേയ്ക്ക് തിരികെ വന്നില്ല

ആരവങ്ങളൊഴിഞ്ഞ പൂരപറമ്പ് പോലെ, അകത്തളങ്ങളിലൊഴുകുന്ന മൗനത്തിൽ തട്ടി ഒരു തലമുറയുടെ ആഹ്ളാദാരവങ്ങൾ ഉടഞ്ഞു വീണു കൊണ്ടിരുന്നു

മൂന്നാല് വർഷങ്ങൾക്ക് ശേഷം അടുത്ത ചിറ്റപ്പന്റെ കല്യാണദിവസം പോലും പഴയ കളിചിരികളൊന്നും ഉണ്ടായില്ല. പുതിയ ചിറ്റമ്മ വീട്ടിലെത്തി. എല്ലാവരും കുന്നുകയറി അവരവരുടെ വീട്ടിലേയ്ക്ക് പോയി.

മറ്റേതോ യുഗം പോലെയായിരുന്നു. അക്കരെവീട്ടിൽ അതുവരെ ഉണ്ടായിരുന്ന പരസ്പരസ്നേഹവും ആദരവുമൊക്കെ പൊടുന്നനേ എല്ലാവരും മറന്നു പോയത് പോലെ എനിക്ക് തോന്നുമായിരുന്നു

അക്കരെയപ്പച്ചന്റെ സൗമ്യഭാവത്തിൽ കോപം വന്നു കയറിക്കൂടാൻ ശ്രമിക്കും പോലെ ..... കച്ചവടം നിർത്തിയപ്പോൾ കടയിൽ നിന്ന് ബാക്കി വന്ന മുത്തുമാലകളും വളകളും പെറുക്കിയ എന്നോട് ഒരിക്കലുമില്ലാത്ത പോലെ അപ്പച്ചൻ കയർത്തു. ഈർക്കിലെടുത്ത് തല്ലുകയും ചെയ്തു

അക്കരെയപ്പച്ചന്റെ ആദ്യത്തെയും അവസാനത്തേതുമായ ശാസന.... അന്ന് വേദനിച്ചുവെങ്കിലും ഇന്നത് മറ്റ് കൊച്ചു മക്കൾക്കാർക്കും കിട്ടാത്ത ഒരു ഭാഗ്യം പോലെ കൈവെള്ളയിൽ തിളങ്ങാറുണ്ട്.

അന്ന് "അതൊക്കെ ലീനാമോൾ എടുത്തോട്ടെ ,ഇനി എന്തിനാ ?"എന്ന് ചോദിച്ച് ഇളയ അപ്പച്ചിയും ചിറ്റപ്പനും എന്നെ ആശ്വസിപ്പിച്ച് എനിക്ക് തന്നെ നൽകിയെങ്കിലും അപ്പച്ചന്റെ ക്രോധമെന്നെ അവ അവഗണിക്കാൻ പ്രാപ്തയാക്കി.

പിന്നീട് അനാഥമായ വലയും വള്ളവും തീരത്ത് കായലോളങ്ങളെ കണ്ട് കൊതിച്ച് നിന്നൊരു ദിവസം അക്കരെയപ്പച്ചന് ശരീരമാകെ വേദന കൊടുമ്പിരി കൊണ്ടു.

ചിന്നയിലയും നാപ്പയിലയും ചേർത്ത് അപ്പച്ചൻ തന്നെ കാച്ചിയെടുത്ത പച്ച നിറമുള്ള എണ്ണയിട്ട് മേലാസകം തടവിയിട്ടും വേദന വിട്ടുമാറിയതേയില്ല.

 അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച അപ്പച്ചൻ ഞങ്ങളുടെ വീട്ടിൽ വന്നു. വസ്തു വകകളാെക്കെ ഭാഗം ചെയ്ത് എല്ലാവർക്കും കൊടുക്കുന്ന കാര്യം അപ്പച്ചൻ പപ്പയോട് പറഞ്ഞു. "നീ തന്നെ എല്ലാവരോടും ഇതിനെ ക്കുറിച്ച് സംസാരിക്കണമെന്നും ഇളയവന് കുടുംബവീട് കൊടുക്കണമെന്നും" അപ്പച്ചൻ പപ്പയോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം വൈകുന്നേരം തന്നെ  പപ്പ  അക്കരെ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു

ആദ്യം ആരും ഒന്നും മിണ്ടിയില്ലെങ്കിലും പിന്നീട് ഒരോ ദിവസം കഴിയുന്തോറും അവനവന് താൽപര്യമുള്ള സ്ഥലത്തെ ക്കുറിച്ചുള്ള അഭിപ്രായങ്ങളെത്തിത്തുടങ്ങിയിരുന്നു

ആയിടെ കല്യാണം കഴിച്ചു കുടുംബത്ത് താമസിച്ചിരുന്ന ചിറ്റപ്പൻ പപ്പ കുന്നിറങ്ങി ചെല്ലുമ്പോൾ തന്നെ 'ഭാഗം വയ്ക്കാൻവരുന്നുണ്ടെന്ന്'പിറുപിറുക്കുമായിരുന്നുവെന്ന് പപ്പ വേദനയോടെ എന്നോട്പിന്നീട്പറഞ്ഞതോർക്കുന്നു

എങ്കിലും അക്കരെയപ്പച്ചൻ ഏൽപിച്ച ജോലി, ഓഹരി ആഗ്രഹിക്കാതെ പപ്പ വളരെ നന്നായി പൂർത്തീകരിച്ചു. അതിൽ ആശുപത്രിക്കിടക്കയിലും അപ്പച്ചൻ സന്തോഷം പകർന്നിരുന്നു.ആശുപത്രിവാസത്തിന് ശേഷം മക്കൾക്ക് എല്ലാം എഴുതി നൽകി അപ്പച്ചൻ വിശ്രമം തെരെഞ്ഞെടുത്തു.

ശരീരത്തിൽ എല്ലുകൾ ഉള്ളിടത്തെല്ലാം അപ്പച്ചന് വേദനിച്ചു.മക്കൾ ചുറ്റിലും മാറാതെ നിന്ന് പരിചരിച്ചു. വേദനപറയുന്നിടത്തെല്ലാം തലയിണകൾ പറന്നു നടന്നു. പിന്നീട് ഡോക്ടർമാർ േബാൺ ക്യാൻസറെന്ന് വിധിയെഴുതി വേദന സംഹാരികളിൽ തളർന്ന് മയങ്ങിയ അക്കരെയപ്പച്ചനെ അന്തോനീസ് പുണ്യാളന്റെ പെരുന്നാളിന്റെ തലേന്ന് വൈകുന്നേരത്തെ പ്രദക്ഷിണദിവസം പ്രസന്നവദനനായി കടയിലെ ചാരു കസേരയിൽ കണ്ടു

പക്ഷേ, കുറച്ചുദിവസങ്ങൾക്ക് ശേഷം അക്കരെയപ്പച്ചൻ ഇഹലോകവാസം വെടിഞ്ഞു. 

അദ്ദേഹത്തിന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും സാക്ഷി നിൽക്കെ മണ്ണിനെ സ്നേഹിച്ചവനെ, മണ്ണിൽ പൊന്ന് വിളയിച്ചവനെ, തലമുറയെ സ്വന്തം അധ്വാനത്തിലൂടെ ഭദ്രമാക്കിയവനെ മണ്ണ് സ്വന്തമാക്കി.

Share :