Archives / july 2021

കുളക്കട പ്രസന്നൻ
സിനിമാ തിയേറ്ററുകൾ തുറന്നു: ജൂനിയർആർട്ടിസ്റ്റുകൾക്കും ഡ്യൂപ്പുകൾക്കും ഒരിടം

പത്തു മാസത്തോളം സിനിമാ തിയേറ്ററുകൾ അടഞ്ഞുകിടന്നു. അത് കൊവിഡ് 19 നെതിരെയുള്ള പ്രതിരോധത്തിൻ്റെ ഭാഗമായിരുന്നു. നാലാൾ കൂടുന്നിടത്ത് എല്ലാം നിയന്ത്രണം വേണ്ടി വന്നപ്പോൾ തിയേറ്റർ തുറക്കാൻ പറ്റില്ലല്ലോ ? സിനിമ വിനോദത്തിനു വേണ്ടിയാണെന്ന് നമ്മൾ പറയുമെങ്കിലും ആ കലാസൃഷ്ടിക്കു പിന്നിലെ അധ്വാനം വളരെ വലുതാണ്. ഒരു കഥ പിറവിയെടുക്കുന്നതിന് പോലും അധ്വാനമുണ്ട്. അപ്പോൾ സിനിമ അത്വധ്വാനത്തിൻ്റെ ആകെ തുകയാണ്.

നിർമാതാവ്, പ്രൊഡക്ഷൻ കൺട്രോളർ, സംവിധായകൻ, നടീനടന്മാർ, മേക്കപ്പ്മാൻ, വസ്ത്രലങ്കാരം, കലാസംവിധായകൻ, സംഗീതജ്ഞൻ, ഗാനരചയിതാവ്, ഗായകർ, സ്റ്റണ്ട് മാസ്റ്റർ, കാമറാമാൻ,  തുടങ്ങി ലൈറ്റ് ബോയി വരെ ഉൾപ്പെടുന്നവർ ഒരു സിനിമയുടെ ഭാഗമാണ്. ഈ ശൃംഖല കോർത്തിണക്കി നിർമ്മിച്ച സിനിമ നിർമാതാവിൽ നിന്നും ഒരു തുക ഉറപ്പിച്ച് വിതരണകമ്പനി ഏറ്റെടുത്ത് പത്ര-ദൃശ്യ മാധ്യമങ്ങളിൽ പരസ്യം നൽകി സിനിമ തിയേറ്ററിൽ എത്തുന്നു. തി യേറ്റർ ഉടമയും തിയേറ്റർ ജീവനക്കാരും തിയേറ്ററിനോട് ചേർന്നുള്ള കടയും ഓട്ടോസ്റ്റാൻ്റും നമ്മൾക്ക് അറിവുള്ളതാണ്. ഈ സന്ദർഭം നമ്മുടെ ഓർമ്മ ഒരു വെള്ളിത്തിരയിൽ എന്നതുപോലെ തെളിഞ്ഞു വരുമ്പോൾ സിനിമാ പോസ്റ്റർ ഒട്ടിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്.

ഇവിടെ പറഞ്ഞു വന്നത് ഒരുപാടു പേരുടെ ജീവിതം ചൂണ്ടിക്കാട്ടാനാണ്. സിനിമയിൽ നിന്നും സാമ്പത്തിക സുരക്ഷിതത്വം നേടിയവർ ചുരുക്കമാണ്. സിനിമയിൽ വലിയൊരു വിഭാഗത്തിൻ്റെയും സ്ഥിതി അതല്ല. ഇവിടെ ചിന്തിക്കേണ്ടുന്ന മറ്റൊരു വിഭാഗം ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ. ഒരു സിനിമയിൽ ആൾക്കൂട്ടത്തിനു വേണ്ടിയോ, ശവപ്പെട്ടിയിൽ കിടക്കാനോ അങ്ങനെ മുഖം പോലും സ്ക്രീനിൽ തെളിയാൻ ഭാഗ്യമില്ലാത്ത അഭിനേതാക്കൾ. അവർക്ക് അന്നത്തെ കൂലിയും ഭക്ഷണവും കിട്ടി ബോധിക്കാം. ഇവരെക്കാൾ അവഗണിക്കപ്പെട്ട ഒരു കൂട്ടരെ കുറിച്ചും എഴുതാനുണ്ട്. ഇക്കൂട്ടരെ ഡ്യൂപ്പുകൾ എന്ന് വിശേഷിപ്പിക്കും . നായകനു വേണ്ടി അടിപിടി ഘട്ടങ്ങളിൽ ഡ്യൂപ്പുകളാണ് തലക്കുത്തിമറിയുന്നതും ചെളിക്കുണ്ടിൽ വീഴുന്നതു ഒക്കെ. ഈ സാഹസിക രംഗമൊക്കെ കണ്ട് നായകനു വേണ്ടി പ്രേക്ഷകർ കയ്യടിക്കുമ്പോൾ ഡ്യൂപ്പ് കയ്യും കാലും മുറിഞ്ഞോ അതല്ലേൽ ഒടിഞ്ഞോ വല്ല ആശുപത്രി വരാന്തയിലും ആയിരിക്കും. ഇതൊക്കെ പറഞ്ഞത് നക്ഷത്ര ശോഭക്കിടയിൽ നമ്മൾ കാണാതെയോ, കേൾക്കാതെയോ പോകുന്ന സിനിമയ്ക്കു പിന്നിലെ ജീവിതങ്ങളുടെ  പ്രതിസന്ധി കൊവിഡ് 19 ൻ്റെ പ്രതിരോധ വേളയിൽ തുലനം ചെയ്യാൻ വേണ്ടിയാണ്.

കൊവിഡ് പശ്ചാത്തലത്തിൽ നരകതുല്യമായി കഴിഞ്ഞു പലരുടെയും ജീവിതം. മനുഷ്യർ ശരാശരി ജീവിതത്തിലേക്ക് എന്ന് മടങ്ങുമെന്ന് പ്രവചനാതീതമാണ്. സാമ്പത്തിക പ്രതിസന്ധി വാ പിളർന്നു നിൽക്കുന്ന കാളിയനെപ്പോലെയായി. ഈ പ്രതിസന്ധി മറികടക്കേണ്ടതുണ്ട്. അതിനു ആത്മധൈര്യവും പരിശ്രമവും വേണം. പരസ്പരം സഹായിക്കാൻ കഴിയണം. അതായത് തിയേറ്ററുകൾ തുറക്കുമ്പോൾ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെയും ഡ്യൂപ്പുകളുടെയും ജീവിതം കൂടി കണ്ടുവേണം മുന്നോട്ടു പോകാൻ. സിനിമ ഒരു വടവൃക്ഷമാകുമ്പോൾ അതിലെ വള്ളി പടർപ്പുകളാണ് ജൂനിയർ ആർട്ടിസ്റ്റുകളും ഡ്യൂപ്പുകളും എന്ന പരിഗണന വേണം.

കമൻ്റ്: കൊവിഡ് വാക്സിൻ വന്നു എന്നു കരുതി ജാഗ്രത കൈവിടരുത്. മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ നാല് ലക്ഷത്തി മുപ്പത്തി അയ്യായിരം അഞ്ഞൂറ് ഡോസ് മരുന്നെ  ആദ്യഘട്ടം എത്തിയിട്ടുള്ളു. ജാഗ്രത, ജാഗ്രത, ജാഗ്രത എന്ന്  വെള്ളിത്തിരയിലും തെളിയണം. ഇപ്പോൾ ജാഗ്രതയോളം മറ്റൊരായുധമില്ല.
 

Share :