Archives / january 2021

ഡോ. നീസാ
 ആരും അന്യരല്ല

അസ്തമയ സൂര്യൻ മറഞ്ഞതും, ഇളം ചുവപ്പ് പടർന്നതും ഈ ആശുപത്രി കിടക്കയിൽ കിടന്നു കാണാമായിരുന്നു. അടുത്തുള്ള പള്ളിയിൽ നിന്നും മഗ് രിബിന്റെ ബാങ്ക് കേട്ടിട്ട് അധിക നേരം കഴിഞ്ഞില്ല.വരാന്തയിലെ അഴികളിലൂടെ ഇളം തണുപ്പുള്ള കാറ്റ് കടന്നു വന്നു കൊണ്ടിരുന്നു.
ഇവിടെ വന്നതിന്റെ പിറ്റേ ദിവസവും ഇതു പോലെ കുറെ നേരമായി കുളിരനുഭവപ്പെടാൻ തുടങ്ങിയതായിരുന്നു. പക്ഷേ ആരോടുമത് പറയാൻ കഴിഞ്ഞില്ല. അടുത്ത കട്ടിലിൽ കിടക്കുന്ന രോഗികളുടെ ഞരക്കങ്ങൾ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
ചിലർ ആസ്തമ രോഗികളെ പോലെ ശ്വാസം എടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുകയും, ചിലർ പനി കൂടി അബോധാവസ്ഥയിൽ ഓരോന്ന് വിളിച്ച് പറയുകയും ചിലർ അമിതദേഹവേദന കാരണം ഉറക്കെ നിലവിളിക്കുന്നുമുണ്ടായിരുന്നു. ഒരു കട്ടിലിൽ നിന്നും അഞ്ച് വയസ്സുകാരന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്റെ നേരെ ഇടക്കിടെ നീളുന്നുണ്ടായിരുന്നു. ഒന്ന് തലോടാനോ ആശ്വസിപ്പിക്കാനോ മാതാപിതാക്കൾ അടുത്തില്ല. പക്ഷേ അവനെ ചേർത്ത് പിടിച്ച് കരച്ചിലടക്കാൻ ഒരു സിസ്റ്റർ പരിശ്രമിക്കുന്നുണ്ടായിരുന്നു. അവരെ പരിചരിക്കാനായി പാവം നഴ്സ് കുട്ടികൾ ആവരണങ്ങളെല്ലാമണിഞ്ഞ് ഓടി നടക്കുന്നതിനിടയിൽ എന്റെ ഈ നിസ്സാരകാര്യം അവരോട് പറയാൻ തോന്നിയില്ല. പക്ഷേ അത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയാണെന്ന് വൈകിയാണ് മനസ്സിലായത്.
ഒരാഴ്ച മുൻപ് തുടങ്ങിയ ഒരു ചെറിയ പനി ഗൗനിക്കാതിരുന്നത് കൊണ്ടാണ്
ഇവിടെ കിടക്കാൻ ഇടയായത്. ആദ്യം വെറും ജലദോഷപ്പനിയെന്നാണ് കരുതിയത്.
ഈ കോവിഡ് മഹാമാരി ഒരു പേടിസ്വപ്നമായി എങ്ങും പടരുന്നതും, അത് ബാധിച്ച രോഗികളെ ആംബുലൻസിൽ വന്ന് ഒറ്റയ്ക്ക് കൊണ്ട് പോകുന്നതും അയൽക്കാർ പറഞ്ഞു കേട്ട് ആകെ ഒരൂ ഭീതി മനസ്സിനെ കീഴടക്കിയിരുന്നു. അതിനാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോകാനോ പരിശോധിക്കാനോ മുതിരാതെ വെറും ചുക്ക് കാപ്പിയും പാരസിറ്റമോളും കഴിച്ച് ഒരാഴ്ച ചിലവഴിച്ചു.
സഹായിക്കാൻ അല്ലെങ്കിൽ ഒന്ന് സംസാരിക്കാൻ അടുത്ത് പരിചയമുള്ള ഒരാളില്ലാതെ ആശുപത്രിയിൽ കിടക്കുകയെന്നത് അന്ന് ആലോചിക്കാൻ കഴിയില്ലായിരുന്നു. അതിനാൽ വൈഷമ്യങ്ങളൊന്നും ആരോടും പങ്ക് വെച്ചില്ല.
ജോലി ചെയ്യുന്ന ആഫീസിന്റെ തൊട്ടടുത്തുള്ള വാടകവീട്ടിലാണ് താമസം.
തന്റെ അവസ്ഥ കണ്ട് അടുത്തുള്ള കേശവമാമയാണ് ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചത്. അവർ വിശദവിവരമറിഞ്ഞ് ആന്റിജൻ ടെസ്റ്റ് ചെയ്യാൻ ആരോഗ്യ കേന്ദ്രത്തിലേക്ക് കൈയോടെ കൂട്ടിക്കൊണ്ട് പോയി. ടെസ്റ്റ് പോസിറ്റിവെന്ന് കേട്ടപ്പോൾ ആകെ തളർന്നു പോയി. കോവിഡാശുപത്രിയിൽ എത്തിയപ്പോൾ മനസ്സിൽ ആകെ അങ്കലാപ്പായിരുന്നു. പക്ഷേ ഇവിടെ തന്നെക്കാൾ പ്രയാസമേറിയവരായിരുന്നു അധികവും. ആദ്യ ദിവസം രാത്രി തന്നെ ഒരു രോഗി മരണത്തോട് മല്ലിടുന്നതും, ഡോക്ടർ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലമില്ലാതാകുന്നതും കാണേണ്ടി വന്നു. എന്തും നേരിടാൻ മനസ്സിനെ പാകപ്പെടുത്താൻ കുറെയേറെ നേരമെടുത്തു. ഇവിടെ കിടക്കുന്ന ഓരോരുത്തരെയും തങ്ങളുടെ ബന്ധുക്കളാണെന്ന പോൽ പ്രാധാന്യം നൽകി, ആരോഗ്യപ്രവർത്തകർ ശുശ്രൂഷിക്കുന്നത് കണ്ടപ്പോൾ ഇവിടെ ആരും അന്യരല്ല എന്നത് മനസ്സിനൊരാശ്വാസമായി.
ശ്വാസം വലിച്ച് വിടാൻ ചെറിയ പ്രയാസം പോലെ തോന്നി. എന്നിട്ടും അരികിലൂടെ പോയ ഡോക്ടറോട് അത് പറയാൻ തുനിഞ്ഞില്ല.
എന്റെ വിഷമം കണ്ട് ഡോക്ടർ ചോദിച്ചു "എന്താ സാർ ഒരു പ്രയാസം പോലെ"
ശ്വാസം വിടാൻ ബുദ്ധിമുട്ടെന്നറിഞ്ഞാൽ തൊണ്ടയിലും മൂക്കിലും ട്യൂബൊക്കെയിട്ട് വെന്റിലേറ്ററിലാക്കുമോയെന്ന ഭീതിയായിരുന്നു മനസ്സിൽ. അത് കൊണ്ട് മറുപടി കൊടുത്തു
" ഒന്നുമില്ല ".
തൊട്ടടുത്തുള്ള കട്ടിലിലെ രോഗിയുടെ ഓക്സിജൻ നില കുറയുന്നെന്നു സിസ്റ്റർ പറയുന്നത് കേട്ട് ഡോക്ടർ പെട്ടെന്ന് അവിടേക്ക് പോയി.
സുഗതകുമാരി ടീച്ചർ, തന്റെ പ്രിയപ്പെട്ട കവയിത്രിയായിരുന്നു. കഴിഞ്ഞയാഴ്ച ടീച്ചർ കോവിഡ് വന്ന് ആദ്യം പ്രൈവറ്റ് ആശുപത്രിയിൽ കിടന്നതും പിന്നെ അസുഖം മൂർച്ഛിച്ചപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ട് വന്നു വെന്റിലേറ്ററിൽ ആക്കിയതും മരണപ്പെട്ടതുമെല്ലാം വിശദമായി പത്രത്തിൽ വായിച്ചിരുന്നത് മനസ്സിനെ വല്ലാതെ അലട്ടിയതു കാരണം,അന്ന് രണ്ടു ദിവസം ഉറങ്ങാൻ കൂടി കഴിഞ്ഞില്ല.
മൊബൈലിലെ വാട്ട്സാപ്പിലും
യൂടൂബിലും വിശേഷങ്ങൾ അറിയാവുന്നതു കൊണ്ട് ഇവിടെ ഒറ്റക്കാണെങ്കിലും ബാഹ്യലോകവുമായി സമ്പർക്കമുള്ളതു പോലെയായിരുന്നു. അനിൽ പനച്ചൂരാന്റെ കോവിഡ് മരണവും കൂടിയറിഞ്ഞപ്പോൾ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു.
ഇവിടത്തെ അസ്വസ്ഥതകൾ വീട്ടിൽ നിന്നും ഭാര്യ വിളിക്കുമ്പോൾ അറിയിക്കാമെന്ന് വിചാരിച്ചാൽ അതവൾക്കും മക്കൾക്കും കൂടുതൽ പ്രയാസമുണ്ടാക്കും.എന്നാലും രാവിലെയും വൈകിട്ടും വീഡിയോ കാൾ വിളിക്കുന്നത് കൊണ്ട് ചെറിയ ആശ്വാസമുണ്ട്.
ബാത്ത് റൂമിൽ പോയി തിരിച്ചു വന്നപ്പോഴാണ് പെട്ടെന്ന് വല്ലാതെ വെട്ടി വിയർത്ത് കണ്ണിലിരുട്ടു കയറുന്നമാതിരി തോന്നിയത്. അടുത്തു നിന്നിരുന്ന ബ്രദർ പയ്യൻ കുലുക്കി വിളിക്കുന്നതറിഞ്ഞു.പക്ഷെ മറുപടി പറയാൻ കഴിഞ്ഞില്ല.
പിന്നെ എന്താണ് സംഭവിച്ചതെറിഞ്ഞില്ല . രണ്ട് ദിവസം ബോധമില്ലായിരുന്നെന്നും വെന്റിലേറ്ററിലായിരുന്നെന്നും മിനിഞ്ഞാന്ന് സ്ഥലകാലബോധം വന്നപ്പോഴാണ് അറിഞ്ഞത്.
ഇപ്പോൾ ചെറിയ ദേഹം വേദനയുണ്ടെങ്കിലും വലിയ അരുതായ്കയില്ല. മനസ്സ് അറിയാതെ തന്നെ ചുറ്റുപാടുമായി ഇണങ്ങി ചേർന്നിരുന്നു. ഇവിടെ ആരും അന്യരല്ല.
ആരോഗ്യം മെച്ചപ്പെട്ടവർ മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നത് ചെയ്യുന്നു.
നാളെ എന്റെ സ്വാബെടുക്കുന്ന ദിവസമാണ്. നെഗറ്റിവാണെങ്കിൽ വീട്ടിൽ പോകാം. എന്നാലും അവിടെ ഒരാഴ്ച ഒറ്റക്ക് ഒരുമുറിയിൽ കഴിയണമെന്നാണ് ഉപദേശം തന്നിരിക്കുന്നത്.
ജീവിതം നമ്മെ എന്തൊക്കെ പാഠങ്ങൾ പഠിപ്പിക്കുന്നു. ഒരു കുറഞ്ഞ ശതമാനം മാത്രം നല്ല മാർക്ക് നേടി വിജയിക്കുന്നു. ചിലർ പാതി വഴിയിൽ തളർന്നു പോകുന്നു ,അല്ലെങ്കിൽ കൊഴിഞ്ഞു വീഴുന്നു. ഈ ജീവിതയാത്രയിൽ നമ്മെ സഹായിക്കാൻ അല്ലെങ്കിൽ നമുക്ക് ആശ്രയിക്കാൻ ഒരു കൂട്ട് കിട്ടുന്നത് തികച്ചും യാദൃശ്ചികമായിട്ടായിരിക്കും.

Share :