Archives / December 2020

രാധിക ശരത് 
കുടിയൊഴിക്കൽ

 കടുത്ത വേനലിൽ കാറ്റുപോലും പിണങ്ങി നിന്ന ഒരു ഉച്ചനേരം. പ്രളയത്തിൽ തകർന്നു പോയ ഒരു ഗ്രാമത്തിന്റെ  അവശിഷ്ടങ്ങളിലൊന്നിൽ  ആരെയോ തോൽപ്പിക്കാനെന്നോണം അയാൾ തന്റെ കുന്താലി മണ്ണിൽ തുടരെത്തുടരെ പതിപ്പിച്ചു കൊണ്ടിരുന്നു. തലയിൽ ഒരു മുഷിഞ്ഞ തോർത്ത് ചുറ്റിക്കെട്ടിയിരുന്നു, ഉടുത്തിരുന്ന കൈലിയും മണ്ണുമായി ദിനംപ്രതി സംവദിച്ച ലക്ഷണമുണ്ട്. ഒട്ടിയ കവിളുകളിൽ കൂടി കണ്ണുനീരിനെക്കാൾ ഉപ്പുള്ള  വിയർപ്പുകണങ്ങൾ വിരിയുകയും കൊഴിയുകയും ചെയ്യുന്നുണ്ട്. കൈകൾ ഉയർത്തുമ്പോൾ അയാളുടെ തോളെല്ലുകൾ  ദൃഢമായി കാണാൻ കഴിയുന്നുണ്ട്. വയറൊട്ടി വാരിയെല്ലുകൾ എണ്ണാൻ പാകത്തിന് വരിവരിയായി കാണപ്പെട്ടു, ഇടയ്ക്കൊന്നു നിർത്തി കിതപ്പടക്കുമ്പോൾ അയാൾ ദൂരേക്ക് മെല്ലെയൊന്ന് മിഴിഎറിഞ്ഞു. നോക്കെത്താദൂരത്തോളം ഉഴുതു മറിഞ്ഞു കിടക്കുന്ന തരിശുഭൂമിയല്ല, അയാൾ കണ്ടത് വിശാലമായ ഒരു ഗ്രാമത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത പച്ചപ്പ് ആയിരുന്നു. മരങ്ങളും റോഡും വീടുകളും പശുക്കളും ഒക്കെയുള്ള തന്റെ ഗ്രാമം. റോഡിൽനിന്ന് വീട്ടിലേക്ക് കയറാൻ ഒരു ഇടവഴിയേ ഉണ്ടായിരുന്നുള്ളൂ കഴിഞ്ഞകൊല്ലം ആണ് മകന് ജോലി കിട്ടിയപ്പോൾ അയാൾ വീട്ടുകാരുടെ കയ്യിൽ നിന്ന് വണ്ടി പോകാനുള്ള വഴി വാങ്ങിയത്. ആ വഴിയിൽ കൂടി മകൻ എടുത്ത പുതിയ സ്കൂട്ടറിൽ വന്നതും മകൾ ചാടി കയറിയതും അവളെ ടൗൺ അവരെ കൊണ്ടുപോയിട്ട് വന്നതും ഓർത്തപ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.

 വെയിലത്ത് പണിയെടുക്കുമ്പോൾ കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവുമായി ഭാര്യ വരാറുള്ളത് ഓർത്തു. മകന് ജോലി കിട്ടി ലീവിന് വന്നതിന്റെ നാലാം  ദിവസമായിരുന്നു ആ ചെകുത്താൻ എല്ലാം തകർത്തുവാരി പോയത്. അയാൾ ചന്തയിൽ തന്റെ കൃഷി സാധനങ്ങൾ വിൽക്കാൻ പോയതായിരുന്നു. തിരികെ എത്തിയപ്പോൾ നാടും നാട്ടുകാരെയും എല്ലാം പ്രളയവും  മണ്ണിടിച്ചിലും തകർത്തുവാരി എടുത്തുകൊണ്ട്  പോയി. വീടു നിന്നിടം കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. രക്ഷപ്പെട്ട ചിലർക്ക് വീട് തിരികെ കിട്ടി ചിലർക്ക് പുരയിടം എങ്കിലും,  ഒന്നുമില്ലാതെ അലയേണ്ടി വന്ന ഒരാൾ ഒരു പക്ഷേ അയാൾ മാത്രമായിരിക്കും. വീട് നിന്നിടം  എന്നു തോന്നിയ സ്ഥലത്ത് അയാൾ കൂലിപ്പണി ചെയ്തു കിട്ടിയ സമ്പാദ്യത്തിൽ നിന്നും വാങ്ങിയ ഒരു കുന്താലി കൊണ്ട് കിളച്ചു നികത്താൻ ശ്രമിച്ചു. ഭാര്യയും മക്കളും ഉറങ്ങുന്ന മണ്ണിൽ അയാളും  ശയിക്കുവാൻ  ആശിച്ചു. ഓർമ്മകളുടെ ഭണ്ഡാരം തുറന്നപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി. ആ തിളക്കങ്ങൾ എല്ലാം വറ്റി  വരണ്ട മണ്ണിനെ കുതിർക്കാൻ ശ്രമിച്ചു. അയാൾ വേച്ചുപോയി. ആ മണ്ണിൽ വെറുതെയിരുന്നു ആശയറ്റവനെപ്പോലെ. 

 മുന്നിൽ ആരോ വന്നു നിന്നപോലെ തോന്നി. വിയർപ്പു പൊടിഞ്ഞ നെറ്റി തലയിലെ  തോർത്ത് അഴിച്ചു തുടച്ചുകൊണ്ട് മിഴികൾ ഉയർത്തി നോക്കി. അവർ രണ്ടുമൂന്നു പേർ ഉണ്ടായിരുന്നു. ഒരാളെ കണ്ടിട്ട് ഒരു ഉദ്യോഗസ്ഥനെ പോലെ തോന്നി. ബാക്കി രണ്ടുപേർ  അയാളെ തുറിച്ചുനോക്കി.

 "നിങ്ങൾക്കിവിടെ എന്താ കാര്യം "? അവരുടെ  ചോദ്യം ആ വൃദ്ധനായ മനുഷ്യനെ നോവിച്ചു. വറ്റി വരണ്ട തൊണ്ടയിൽ കുടുങ്ങിപോയ പോലെ നേർത്ത ശബ്ദം മാത്രം പുറത്തുവന്നു. "ഇതെന്റെ മണ്ണാണ്"."

 ഇത്  നിങ്ങളുടേത് ആകുന്നതെങ്ങനെ?  രേഖകൾ വല്ലതുമുണ്ടോ?  ഇവിടം ഞങ്ങളുടേതാണ് അത് സ്ഥാപിക്കാനുള്ള രേഖകൾ ഞങ്ങളുടെ കൈവശമുണ്ട്".

 അയാൾ എഴുന്നേറ്റു നിറകണ്ണുകളോടെ വന്നവരെ നോക്കി. താൻ കിളച്ചിട്ട മണ്ണും നോക്കി. ഈ മണ്ണിന് എന്റെ  മണമാണ്. അത് അവരോട് എങ്ങനെ പറയും? ഈ മണ്ണിൽ എന്റെ എല്ലാമെല്ലാം ഇഴുകിച്ചേർന്നു പോയതാണ്. ആരു വിശ്വസിക്കും?  ഇവരോട് ജയിക്കാനുള്ള വ്യാജരേഖകൾ തയ്യാറാക്കാനുള്ള പണമോ സ്വാധീനമോ എനിക്കില്ല. "നിങ്ങൾ എന്താണ് മിണ്ടാതെ നിൽക്കുന്നത്"?  ഉദ്യോഗസ്ഥന്റെ  ചോദ്യമാണ് അയാളെ ഉണർത്തിയത്. തന്റെ  ആയുധമെടുത്തു തോളത്തു വച്ച് അയാൾ തിരിഞ്ഞു നടന്നു.

 തന്റെ കുടുംബം ലയിച്ചില്ലാതായ  മണ്ണ്. താൻ ജീവൻ കൊടുത്ത മണ്ണ്. കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ ലോകത്ത് എന്റെ വാക്കുകൾ ആരും വിശ്വസിക്കാൻ.?  എവിടേക്കാണ് പോകേണ്ടത് എന്ന് പോലും അറിയാതെ നാളുകളേറെയായുള്ള  ഈ നടത്തം പതിവുപോലെ അവസാനിച്ചത് സ്കൂളിനു മുന്നിൽ ഉള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ ആണ്. ഇരുള്  പുലരുന്നതുവരെ അയാളവിടെ കാത്തിരിക്കുന്നു. യാത്രപറയാതെ കാലം കവർന്ന തന്റെ  കുടുംബത്തെ,  അവസാനശ്വാസംവരെ തലചായ്ക്കാൻ വേണമെന്നാഗ്രഹിക്കുന്ന തന്റെ  മണ്ണിനെ,  അതിനേക്കാളുപരി നേരം  തെറ്റിവരുന്ന പഞ്ചായത്ത് പൈപ്പിലെ വെള്ളത്തെ.ദാഹം  പോലും വിരുന്നുകാരനായ അയാളുടെ ജീവിതത്തെ കുറിച്ച് ഓർത്തു കരഞ്ഞു കരഞ്ഞു വറ്റിവരണ്ട കണ്ണുകളാണ് അയാളുടെത്.  സിമന്റ് തറയിൽ പേപ്പർ കഷണങ്ങളിട്ട് കിടുക്കുമ്പോൾ അയാൾ സ്വപ്നം കാണും നിറയെ കുലച്ചു നിൽക്കുന്ന വാഴകളും സമൃദ്ധി നിറഞ്ഞ നാളീകേരവും,  കപ്പയും നിറഞ്ഞുനിന്ന അയാളുടെ മണ്ണിനെ. വൈകുന്നേരങ്ങളിൽ  സന്തോഷത്തോടെ കപ്പ  പുഴുങ്ങിയതും  മുളക് ചമ്മന്തിയും കഴിച്ച്  ഭാര്യയോടും മക്കളോടുമൊപ്പം ചിലവിട്ട  സുവർണ്ണ നിമിഷങ്ങളെ പറ്റി. അയാളുടെ ചുണ്ടിൽ ചിരി പടരും. നിലാവിന് മാത്രം കാണാൻ വേണ്ടി അയാൾ ചിരിക്കും. പിന്നീടതൊരു   തേങ്ങലായി  ഇരുട്ടിലേക്കും ലയിക്കും. അന്നയാൾക്ക് കരച്ചിൽ  വന്നില്ല, ചിരിയാണ് വന്നത്. തന്റെ പുരയിടത്തിൽ വന്നു തന്നോട് ഉടമസ്ഥാവകാശം തെളിയിക്കാൻ പറഞ്ഞ വിരോധാഭാസതെക്കുറിച്ച് ഓർത്ത് ഉറക്കെ ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചു. അന്യായമായ ഒരു കാര്യത്തിൽ ന്യായം സ്ഥാപിക്കാൻ വന്നവരെ കുറിച്ച് ഓർത്ത് പൊട്ടിച്ചിരിച്ചു. ഒരു ഭ്രാന്തനെപ്പോലെ അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു. കണ്ണുകൾ കവർന്നൊഴുകുമ്പോഴും അയാൾ പൊട്ടിച്ചിരിച്ചു. നെഞ്ചും വയറും പൊത്തിപ്പിടിച്ച് ചിരിച്ചു. ചിരിച്ചു ചിരിച്ചു ആ സിമന്റ് തറയിൽ തലചായ്ച്ചു. കാലുകൾ മഞ്ഞുപോലുറയും വരെ  അയാളുടെ മുഖത്ത് ചിരി നിറഞ്ഞു നിന്നു.ഇനി  അയാളെ ആർക്കും കുടിയൊഴിപ്പിക്കാൻ ആവില്ല. രേഖകളും സ്വാധീനവും അധീനതയിൽ ആക്കാൻ കഴിയാത്ത ഒരു ലോകത്തേക്ക് കുടുംബത്തോടൊപ്പം അയാളും യാത്രയായി....

 

 

Share :